UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം മുഖം തിരിക്കുകയാണ്; അര്‍ഹതപ്പെട്ടത് പോലും ഇതുവരെ ലഭിച്ചിട്ടില്ല: പിണറായി

സംസ്ഥാനം സഹകരിച്ച് മുന്നോട്ട് പോകുമ്പോഴും കേന്ദ്രം മുഖം തിരിക്കുകയാണ്. സഹായിക്കാന്‍ എത്തിയവരെ മാനിച്ചതുമില്ല.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായം അനുവദിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ പറയുന്നത്. യഥാര്‍ത്ഥ നഷ്ടം ഇതിലുമധികമാണ്. കേന്ദ്രം അനുവദിച്ചത് 600 കോടി മാത്രമാണ്. പ്രളയസമയത്ത് അനുവദിച്ച അരിയും മണ്ണണ്ണയും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഫലത്തില്‍ 336 കോടി മാത്രമാണ് കേന്ദ്രസഹായമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ഐക്യം തകര്‍ക്കുന്നവരെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനര്‍നിര്‍മ്മാണത്തിന് നല്ല കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അര്‍ഹതപ്പെട്ടത് ഇതുവരെ ലഭിച്ചിട്ടില്ല. സഹായിക്കാന്‍ വന്ന യുഎഇ പോലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനും സാധിച്ചില്ല. സംസ്ഥാനം സഹകരിച്ച് മുന്നോട്ട് പോകുമ്പോഴും കേന്ദ്രം മുഖം തിരിക്കുകയാണ്. സഹായിക്കാന്‍ എത്തിയവരെ മാനിച്ചതുമില്ല.

വിദേശരാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന ധനസഹായം സ്വീകരിക്കാമെന്നാണ് നിയമം. നമ്മുടെ സഹോദരങ്ങളായ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഫണ്ട് സമാഹരിക്കാനുള്ള മന്ത്രിമാരുടെ യാത്ര പോലും തടഞ്ഞു. കേരളം ചോദിച്ചതും അര്‍ഹതയുള്ളതും മുഴുവന്‍ കിട്ടിയാലും ബാക്കി 26,000 കോടി സമാഹരിക്കേണ്ട അവസ്ഥയാണ്.

സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്താതെ ഇത് സമാഹരിക്കാനാകില്ല. നബാര്‍ഡില്‍ നിന്നും 2500 കോടി അനുവദിക്കണം. ലോകബാങ്ക്, എഡിബി എന്നീ സാമ്പത്തിക ഏജന്‍സികളില്‍ നിന്നും ധനസാഹയം ലഭ്യമാക്കണം. സെസ് ഏര്‍പ്പെടുത്തി സഹായിക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി കൗണ്‍സില്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ അതിനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍