UPDATES

പ്രളയം 2019

ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി; നാളെ വരെ അതിതീവ്ര മഴ, ആഗസ്റ്റ് 15നും കനത്ത മഴയ്ക്ക് സാധ്യത

“കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യം എന്ന പേര് നേടിയെടുത്തിരുന്നു. ഓരോരുത്തരും അവരവർക്കാകും വിധം സഹായങ്ങൾ ചെയ്യണം. “

അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകും. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളെ കഴിഞ്ഞാൽ തീവ്രത കുറയാനിടയുണ്ടെന്നാണ് പ്രവചനം. ആഗസ്റ്റ് 15ന് വീണ്ടും മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. തീരദേശങ്ങളും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യോമസേന തയ്യാറാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ കാലാവസ്ഥ മോശമായതിനാൽ അവർക്ക് സജീവമാകാൻ സാധിച്ചിട്ടില്ല.

ആകെ 315 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 22165 പേർ ഈ ക്യാമ്പുകളിലുണ്ട്. വയനാടാണ് ഏറ്റവും കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യ സൗകര്യം ഒരുക്കുന്നതിനുള്ള ഏകോപനം ജില്ലാ കളക്ടർമാർ നിർവ്വഹിക്കുന്നുണ്ട്. വസ്ത്രം, ബെഡ്ഷീറ്റ്, കുടിവെള്ളം തുടങ്ങിയവ ശേഖരിക്കാനുള്ള പ്രത്യേക സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. ശുദ്ധമായ വെള്ളം എല്ലായിടത്തും ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരുടെ സേവനവും ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

തകർന്ന ആശയവിനിമയ സംവിധാനങ്ങൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളിൽ ചെറിയ മൊബൈൽ ടവർ സംവിധാനങ്ങൾ സ്ഥാപിക്കും.

അധികൃതരുമായി ബന്ധപ്പെട്ട് വേണം സന്നദ്ധസേവനങ്ങളിൽ ഏർപ്പെടാൻ. ഇന്നലെ 24 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. മലയോരമേഖലകളിൽ ഇത് ഇനിയും തുടരുമെന്നാണ് വിവരം. വയനാട്ടിലെ മേപ്പാടിയിലാണ് ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായത്. ഒരു കുന്ന് പൂർണമായും ഒലിച്ചു പോകുകയാണുണ്ടായത്. എയർഫോഴ്സിന്റെ സേവനം ഇന്നലെത്തന്നെ അഭ്യർത്ഥിച്ചിരുന്നു. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, വനം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥർ വയനാട്ടിലുണ്ട്. കാനന പാതകളിലൂടെയാണ് അവിടെ എത്തിപ്പെട്ടിരിക്കുന്നത്. യന്ത്രോപകരണങ്ങളുടെ ലഭ്യതയില്ലായ്മ അവിടെയുണ്ട്. ഒറ്റപ്പെട്ടു പോയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലും പ്രശ്നങ്ങളുണ്ട്. ചാലക്കുടിപ്പുഴയിലും വെള്ളം ഉയരാൻ സാധ്യതയുണ്ട്. ഇന്ന് രാവിലെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഒരു റിവ്യൂ യോഗം നടന്നു. കഴിഞ്ഞ വർ‌ഷവും ഇതേ സമയത്തിലാണ് പ്രളയം വന്നത്. അതിന്റെ പ്രത്യാഘാതത്തെ നേരിടുന്നതിനിടയിലാണ് വീണ്ടും പ്രളയം വന്നത്. എന്നാൽ കഴിഞ്ഞ വർഷത്തേതു പോലുള്ള പ്രളയസ്ഥിതി ഇത്തവണയില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ പറയുന്നത്. എന്നുവെച്ച് ജാഗ്രത കുറയ്ക്കേണ്ടതില്ല. പ്രളയബാധിത ജില്ലകളിലേക്ക് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.

അണക്കെട്ടുകളിലെ ജലനിരപ്പ് കൃത്യമായി നീരീക്ഷിക്കുന്നുണ്ട്. കുറ്റ്യാടിയും പെരിങ്ങൽക്കുത്തുമാണ് ഇപ്പോൾ തുറന്നത്. ബാണാസുരസാഗർ ചിലപ്പോൾ ഉടനെത്തന്നെ തുറക്കേണ്ടി വന്നേക്കും. ഡാമുകൾ തുറക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്നറിയിപ്പ് നൽകും. തമിഴ്നാട്ടിലുള്ള ഒരു കനാൽ തകർന്നിട്ടുള്ളതിനാൽ ചാലക്കുടിപ്പുഴയിലേക്ക് കൂടുതൽ വെള്ളമെത്തിയേക്കും. പെരിയാർ നിറഞ്ഞൊഴുകുകയാണ്. ആലുവയിലും മറ്റും താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ജല കണക്ഷനുകൾ താറുമാറായിട്ടുണ്ട്. ഇതിനാൽ ടാങ്കറിൽ വെള്ളമെത്തിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. തകർന്ന ഗതാഗത സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ എൻജിനീയറിങ് ടാസ്ക് ഫോഴ്സിന്റെ സഹായം തേടും.

ഭക്ഷണവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് നിർബന്ധമായും ആളുകൾ മാറുക തന്നെ വേണം. രക്ഷാപ്രവർത്തകരുമായി എല്ലാവരും സഹകരിക്കണം. മലയോര മേഖലകളിൽ വിനോദ സഞ്ചാരത്തിന് പോകുന്നത് തൽക്കാലം ഒഴിവാക്കണം.

സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും ജാഗ്രതയോടെ രക്ഷാപ്രവർത്തനങ്ങളിലേർപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചിയിൽ വിമാനത്താവളം അടച്ചിരിക്കുകയാണ്. ഇവർക്ക് തിരുവനന്തപുരത്ത് ഇറങ്ങാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഇവിടെ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് കെഎസ്ആർടിസി യാത്രാസൗകര്യം നൽകും.

റെയിൽ ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ നിന്നും കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. ട്രാക്കുകളിൽ മരം വീണാൽ പെട്ടെന്ന് നീക്കാൻ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത്തരമൊരു സംഭവം ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് പ്രത്യേകമായി അഭ്യർത്ഥിക്കുന്നതെന്നും അദ്ദേഹ പറഞ്ഞു.

ഏത് സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഇടപെടൽ കൊണ്ടു മാത്രം സാധ്യമായ ഒന്നല്ല രക്ഷാപ്രവർത്തനം. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യം എന്ന പേര് നേടിയെടുത്തിരുന്നു. ഓരോരുത്തരും അവരവർക്കാകും വിധം സഹായങ്ങൾ ചെയ്യണം. പ്രളയദൃശ്യങ്ങളും മറ്റും കഴിഞ്ഞ വർഷത്തേത് നൽകാതിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രട്ടേറിയറ്റിൽ ഒരു മിനി കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പുറത്തൊരു കെട്ടിടത്തിൽ സ്റ്റേറ്റ് എമർജൻസി റൂമുമുണ്ട്. 2331639, 2333198 എന്നീ നമ്പരുകളിൽ ഇവിടേക്ക് കണക്ട് ചെയ്യാം.

അപായസാധ്യതയുള്ള മേഖലകളിൽ രക്ഷാപ്രവർത്തകർ ആവശ്യപ്പെടുമ്പോൾ മാറിപ്പോകാൻ സംശയിക്കരുത്. പരിഭ്രാന്തരാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വലിയ മഴ പെയ്യുമ്പോൾ പല ജലസംഭരണികളും തുറക്കേണ്ടതായി വരും. മുന്നറിയിപ്പുകൾ അതുകൊണ്ടു തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

നാളെ ആലപ്പുഴയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബോട്ട് റേസ് മാറ്റിവെക്കാൻ നിശ്ചയിച്ചതായും പിണറായി വിജയൻ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍