UPDATES

ട്രെന്‍ഡിങ്ങ്

ഒരു പട്ടാള മേധാവിയെ ഓര്‍മിപ്പിക്കുന്ന ഭരണാധികാരിയെ അല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്

എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ഇല്ലാത്ത എന്തു സുരക്ഷാ പ്രശ്‌നമാണ് ഇപ്പോള്‍ അവിടെയുള്ളത്?

ഷാഹിന കെകെ

ഷാഹിന കെകെ

ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം എന്നത് ജനങ്ങളോട് സെന്‍സിറ്റീവ് ആയി പ്രതികരിക്കാനുള്ള ശേഷിയില്ലായ്മയാണ്. എത്രത്തോളം സെന്‍സിറ്റീവാണ് കാര്യങ്ങള്‍ എന്നു മനസിലാക്കുന്നതില്‍ ഈ സര്‍ക്കാരും പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും സമ്പൂര്‍ണ പരാജയമാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായിട്ടുള്ള നിരവധി ഉദാഹരണങ്ങള്‍ ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അതിലൊന്നാണ് അതിരപ്പള്ളി പദ്ധതിയെക്കുറിച്ചുള്ളത്. തുലാവര്‍ഷവും കാലവര്‍ഷവും നഷ്ടപ്പെട്ട്, വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയാണ് എന്ന് സാധാരണ മനുഷ്യര്‍ മുഴുവന്‍ ആശങ്കപ്പെട്ടിരുന്ന സമയത്താണ് അതിരപ്പള്ളി പദ്ധതി നടപ്പാക്കും എന്നു പ്രഖ്യാപിക്കുന്നത്. രണ്ടു മണ്‍സൂണ്‍ ഇല്ലാതെ, കേരളത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള വരള്‍ച്ചയെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു ജനത്തിന്റെ മുന്നിലേക്കാണ് ആ വാക്കുകള്‍ വന്നു വീഴുന്നത് എന്നോര്‍ക്കണം.

ജനങ്ങളുടെ ഇത്തരം ആശങ്കകളൊക്കെ മനസിലാക്കുകയും അതിനോട് സഹാനുഭൂതിയോടു കൂടി പെരുമാറുകയും ചെയ്യുമ്പോഴാണ് നല്ല ഭരണാധികാരികള്‍ ഉണ്ടാകുന്നത്. സര്‍ക്കാര്‍ അവരുടേതു കൂടിയാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്നത്. ആ വികാരം മനസിലാക്കാന്‍ കഴിയാത്ത ഒരു ഭരണാധികാരിയും ഇതുവരെ വിജയിച്ചിട്ടില്ല. എല്ലാം ഫയലില്‍ എഴുതി വച്ചു മാത്രം നടപ്പാക്കേണ്ട കാര്യങ്ങളല്ല. ആ ഫയലുകള്‍ക്കപ്പുറത്തും ജീവിതമുണ്ടെന്ന്, ജനങ്ങളുടെ ആശങ്കകളും അവരുടെ വികാരങ്ങളുമൊക്കെയുണ്ടെന്ന് മനസിലാക്കുകയും അതിനെ അഡ്രസ് ചെയ്യാനും പറ്റണം.

Also Read: ‘എന്റെ മോന്‍ കൊല്ലപ്പെട്ടിട്ട് 90 ദിവസം കഴിഞ്ഞു’; നിസംഗ കേരളമേ കേള്‍ക്കൂ, ഈ അമ്മയുടെ വാക്കുകള്‍

മറ്റൊന്നായിരുന്നു ജയില്‍ ശിക്ഷ ഇളവ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്റ കാലത്താണോ ഈ സര്‍ക്കാരിന്റെ കാലത്താണോ പട്ടിക ഉണ്ടാക്കിയത് എന്നതൊന്നുമല്ല ജനങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. സമീപ കാലത്ത് കേരള സമൂഹത്തെ വളരെയധികം ആഴത്തില്‍ ബാധിച്ച രണ്ടു കൊലപാതകങ്ങളായിരുന്നു ടി.പി ചന്ദ്രശേഖരന്റെതും സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിന്റെതും. ഇതിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് കിട്ടാനുള്ള നിയമപരമായ യാതൊരു സാഹചര്യവുമില്ല. ശിക്ഷ വിധിച്ച് മൂന്നു മാസം മാത്രമായപ്പോഴാണ് നിസാം ഈ ലിസ്റ്റില്‍ കയറിക്കൂടിയത്.

ഈ പ്രതികളുടെ പേര് എങ്ങനെ ആ ലിസ്റ്റില്‍ കയറിക്കൂടി എന്ന് അന്വേഷിക്കുമെന്നും അതിന് ഉത്തരാവാദികള്‍ക്കായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒരു വാക്ക് പിണറായി പറഞ്ഞിട്ടില്ല. ആ ലിസ്റ്റ്, ഈ ലിസ്റ്റ് എന്നിങ്ങനെയൊന്നുമുള്ള സാങ്കേതിക പ്രശ്‌നങ്ങളല്ല ജനങ്ങള്‍ നോക്കുന്നത്. തങ്ങളല്ല ആ ലിസ്റ്റ് തയാറാക്കിയതെങ്കില്‍ ആ പേരുകള്‍ എങ്ങനെ കടന്നുകൂടിയെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഒറ്റ വാക്ക് മതിയായിരുന്നു ഈ പ്രശ്‌നത്തെ അഡ്രസ് ചെയ്യാന്‍. അതു പക്ഷേ പിണറായിയിലെ ഭരണാധികാരിയില്‍ നിന്നുണ്ടായില്ല.

Also Read: പൊലീസിനു മുന്നില്‍ തോറ്റുപോയ പിണറായി വിജയന്‍

അതുപോലെ തന്നെയാണ് ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിഷയവും. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം എന്തുകൊണ്ട് തടയാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള രേഖ ഹാജരാക്കിയാണ് മുന്‍കൂര്‍ ജാമ്യം നേടിയത്. ആ കേസില്‍ വേണ്ടത്ര ഗൃഹപാഠം ചെയ്ത് അതിനെ തടയാന്‍ വേണ്ടത്ര ശ്രമം നടത്തിയില്ല എന്ന വസ്തുത അവിടെ നില്‍ക്കുന്നുണ്ട്. അത് കിട്ടിക്കഴിഞ്ഞിട്ട് അതിനെതിരെ സുപ്രീം കോടതി വരെ പോയിട്ടും കാര്യമൊന്നുമില്ല. മറ്റൊന്ന് ജിഷ്ണുവിന്റെ കേസില്‍ തുടക്കം മുതല്‍ ഈ സര്‍ക്കാരിന് വീഴ്ചയാണ് പറ്റിയിട്ടുള്ളത്. ജിഷ്ണുവിന്റെ വീട്ടില്‍ പോകാനോ ആ അച്ഛനമ്മമാരെ കാണാനോ മുഖ്യമന്ത്രി തയാറായില്ല. അവരുടെ വീടിന്റെ തൊട്ടടുത്ത് നടന്ന പൊതു പരിപാടിയില്‍ പങ്കെടുത്തപ്പോഴും ആ വീട്ടിലേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായിക്ക് തോന്നിയില്ല. പടച്ചട്ടയണിഞ്ഞ ഒരു പട്ടാള മേധാവിയെ ഓര്‍മിപ്പിക്കുന്ന ഭരണാധികാരിയെ അല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്.

Also Read: പിണറായി, ഇനി താങ്കളുടെ പോലീസ് ഈ അമ്മയെ നിലത്തിട്ട് ചവിട്ടുക കൂടി ചെയ്യട്ടെ

പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയാല്‍ എന്താണ് പ്രശ്‌നം? അവിടേക്ക് മാര്‍ച്ച് നടത്തുന്നത് ആദ്യമായല്ല. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ അവിടേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ഇല്ലാത്ത എന്തു സുരക്ഷാ പ്രശ്‌നമാണ് ഇപ്പോള്‍ അവിടെയുള്ളത്?

ഇപ്പോള്‍ നിങ്ങള്‍ ആരെയാണ് വലിച്ചിഴച്ചത് എന്നോര്‍ക്കണം. 19 വയസുള്ള മകന്‍ നഷ്ടപ്പെട്ട ഒരമ്മയെയാണ്. അത് ഈ ജനങ്ങള്‍ മുഴുവന്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അതു മാത്രം മതി ജനങ്ങളുടെ വികാരങ്ങളോട് എങ്ങനെയാണ് ഈ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതികരിക്കുന്നത് എന്നു മനസിലാക്കാന്‍.

വി.എസ് അച്യുതാനന്ദന്റെ വിജയം ജനങ്ങളുടെ ഈ വികാരം മനസിലാക്കാന്‍ സാധിച്ചിരുന്നു എന്നതായിരുന്നു. പെമ്പിളൈ ഒരുമൈ സമരത്തിന് മൂന്നാറിലെത്തിയ വി.എസിനെ അവര്‍ സ്വീകരിച്ചു. മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനേയും അവര്‍ അടുപ്പിച്ചില്ല. എന്തുകൊണ്ടാണ് വി.എസിനെ സ്വീകരിച്ചത് എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇന്നും എനിക്ക് ഓര്‍മയുണ്ട്. വി.എസ് ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന നേതാവാണ് എന്നായിരുന്നു അത്. ആ തോന്നല്‍ ജനങ്ങള്‍ക്കുണ്ടാക്കുമ്പോഴാണ് അവരെ നയിക്കാന്‍ ഓരോ ഭരണാധികാരിയും യോഗ്യരാവുന്നത്.

Also Read: സ: ഷംസീറേ… തിരക്കാണെന്നറിയാം, കഴിയുമെങ്കില്‍ മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’ ഒന്നു വായിക്കണം

നിസഹായരായ മനുഷ്യരെ കേള്‍ക്കാന്‍ തയാറാവുന്ന, അവരുടെ കണ്ണീരിനും രോഷപ്രകടനങ്ങള്‍ക്കും മുന്നില്‍ ക്ഷമയോടെ നില്‍ക്കാന്‍ ശേഷിയും കരുത്തുമുള്ള ഒരു മുഖ്യമന്ത്രി ഉണ്ടാകും എന്ന് പ്രതീക്ഷിച്ചാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. എന്നാല്‍ അത് സമ്പൂര്‍ണ പരാജയത്തിലാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കഴിഞ്ഞു.

(ഷാഹിനയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷാഹിന കെകെ

ഷാഹിന കെകെ

അസി. എഡിറ്റര്‍, ഓപ്പന്‍ മാഗസിന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍