UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദനിക്ക് സുരക്ഷയൊരുക്കാന്‍ കേരളം; മുഖ്യമന്ത്രി കത്തയച്ചു

മുഖ്യമന്ത്രിയില്‍ നിന്നും ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയതായി പിഡിപി നേതാക്കള്‍

മദനിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നു. സുപ്രീം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിട്ടും കേരളത്തിലേക്കുള്ള പിഡിപി ചെയര്‍മാന്റെ യാത്ര അനിശ്ചിതത്വത്തില്‍ ആയതോടെയാണു സര്‍ക്കാര്‍ ഇടപെടുന്നത്. കേരളത്തില്‍ മദനിക്ക് സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കര്‍ണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാമെന്ന ഉറപ്പ് നല്‍കിയെന്ന് പിഡിപി നേതാവ് പൂന്തറ സിറാജ് നേരത്തെ അറിയിരിച്ചിരുന്നു.

നേരത്തെ മദനിയുടെ സുരക്ഷ ചെലവ് അദ്ദേഹം തന്നെ വഹിക്കാമെന്ന് അറിയിച്ചതോടെയായിരുന്നു സുപ്രിം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. എന്നാല്‍ സുരക്ഷ ചെലവിനും മറ്റുമായി 14.80 ലക്ഷം രൂപ മദനി കര്‍ണടാക സര്‍ക്കാരിന് നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ ഭാരിച്ച ഈ ചെലവ് താങ്ങാനാകില്ലെന്നു കാണിച്ചു മദനി യാത്ര റദ്ദ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈയവസരത്തിലാണ് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചത്. മദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അതിനാല്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്‍കണമെന്നും സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ പിണറായി അഭ്യര്‍ഥിച്ചു.

രോഗിയായ മാതാവിനെ കാണാനാണ് ഈ മാസം ഒന്നു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാന്‍ മദനിക്ക് അനുമതി ലഭിച്ചിരുന്നത്. ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ വിവാഹം. കേരളത്തില്‍ ഈ മാസം 20 വരെ തങ്ങാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം കര്‍ണാടക എന്‍ ഐ എ കോടതി തള്ളിയതോടെയാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ കോടതി തയ്യാറായത്.

മാനുഷിക പരിഗണനയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് ഇതു സംബന്ധിച്ച് കര്‍ണാടക പൊലീസ് ഏര്‍പ്പെടുത്തിയത് എന്ന് പിണറായി വിജയന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു. മദനി കേരളം സന്ദര്‍ശിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കണം. 2013-നും 2016-നും ഇടയ്ക്ക് മൂന്നു തവണ മദനി വിചാരണത്തടവുകാരനായി കേരളം സന്ദര്‍ശിച്ചിരുന്നു. ആദ്യ രണ്ടു തവണയും മദനിയില്‍ നിന്നും പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോള്‍ ചോദിക്കുന്ന തുക വളരെ കൂടിയതും മദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണ്. കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന് അധികം ചെലവു വരില്ല. അതിനാല്‍ ബംഗ്ളൂരു പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ട തുക കുറച്ചു നല്‍കണമെന്നും സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് മദനിക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍