UPDATES

‘തീവ്രസ്വഭാവമുള്ള’ ആര്‍പ്പോ ആര്‍ത്തവ സംഘാടകര്‍ കഴിഞ്ഞ പത്തുമുപ്പത് വര്‍ഷമായി പൊതുരംഗത്തുള്ളവര്‍; നടക്കുന്നത് പുതിയ രാഷ്ട്രീയ ഐക്യത്തെ തകര്‍ക്കാനുള്ള പ്രചരണം

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമെ മുഖ്യമന്ത്രിയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കും അറിയൂ എന്ന് സംഘാടകര്‍

ആര്‍ത്തവത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനെതിരെ ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ കൊച്ചി മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍വാങ്ങിയതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഔദ്യോഗിക വിശദീകരണം ഒന്നും ലഭിച്ചിട്ടില്ലെന്ന് ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍. മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്ന കാര്യം മാധ്യമ വാര്‍ത്തകളിലൂടെ മാത്രമാണ് തങ്ങളും അറിഞ്ഞതെന്നും എന്നാല്‍ മുഖ്യമന്ത്രി വരുമോ ഇല്ലയോ എന്നകാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ വിശദീകരണം കിട്ടിയിട്ടില്ലെന്നും ആര്‍പ്പോ ആര്‍ത്തവം സംഘാടകരായ അഡ്വ. മായ കൃഷ്ണന്‍, കെ കെ ഷാഹിന എന്നിവര്‍ പറയുന്നു.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമെ മുഖ്യമന്ത്രിയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കും അറിയൂ എന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനു കാരണമായി പറയുന്ന, സംഘാടകരിലെ തീവ്രസ്വഭാവം ചിലര്‍ മനഃപൂര്‍വം സൃഷ്ടിച്ചെടുത്ത പ്രചാരണമാണെന്നു സംഘാടകര്‍ കുറ്റപ്പെടുത്തുന്നു. ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകരായിട്ടുള്ളവര്‍ കഴിഞ്ഞ പത്തുമുപ്പത് വര്‍ഷങ്ങളായി കേരളത്തിന്റെ പൊതുസമൂഹ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു വരുന്നവരാണ്. ഇതിലാരാണ്, എവിടെയാണ് തീവ്രവാദ സ്വഭാവമുള്ള ആളുകള്‍ ഉള്ളതെന്നു മനസിലാകുന്നില്ല; കെ കെ ഷാഹിന പറയുന്നു.

ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കെതിരേ ആരോപണങ്ങള്‍ വരുന്നതില്‍ അത്ഭുതമില്ലെന്നും സ്റ്റേറ്റ് മിക്കവാറും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ഷാഹിന പറയുന്നു. ഇവിടെ മുഖ്യമന്ത്രി എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്നതിന് കൃത്യമായൊരു മറുപടി നമുക്ക് കിട്ടിയിട്ടില്ല. അതേസമയം ഇത്തരത്തിലൊരു രാഷ്ട്രീയ ഐക്യം ഉണ്ടായി വരുന്നത് തടസപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ നിര്‍മിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നു കരുതാം; ഷാഹിന കൂട്ടിച്ചേര്‍ക്കുന്നു.

പൊലീസ് മുഖ്യമന്ത്രിയോട് ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ മാത്രമെ അദ്ദേഹത്തിന് സാധിക്കൂ എന്നാണ് സംഘാടകരും ചൂണ്ടിക്കാണിക്കുന്നത്. പൊലീസ് മുഖ്യമന്ത്രിയോട് അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഞങ്ങള്‍ക്കറിയില്ല. നമുക്കിതുവരെ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും കിട്ടിയിട്ടില്ല. പങ്കെടുക്കരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയില്ല. അത് പ്രോട്ടോക്കോളിന്റെ ഭാഗമാണ്. പ്രൊട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് അദ്ദേഹത്തിനൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല.പക്ഷേ, ഇവിടെ കാണേണ്ട മറ്റൊരു കാര്യം, ഫാസിസത്തിനെതിരായി ഒരു രാഷ്ട്രീയ മുന്നണി ഉണ്ടായി വരുന്നത് തടസപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവരുടെ ഇടപെടല്‍ ഇതിനകത്ത് ഉണ്ടായിട്ടുണ്ടെന്നു കരുതേണ്ടി വരും; ഷാഹിന വ്യക്തമാക്കുന്നു.

ആര്‍പ്പോ ആര്‍ത്തവം പരിപാടിയ്ക്ക് സിപിഎമ്മിന്റെ പിന്തുണയുണ്ടായിരുന്നു. പാര്‍ട്ടി ഭാരവാഹികളാണ് സംഘാടര്‍ക്ക് മുഖ്യമന്ത്രിയുടെ പങ്കാളിത്തം ഉറപ്പാക്കി കൊടുത്തതും. എന്നാല്‍ അവസാന നിമിഷം മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാതെ നിലപാട് മാറ്റിയതില്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നും ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍ക്ക് വിശദീകരണങ്ങളോ അറിയിപ്പോ കിട്ടിയിട്ടില്ല. സിപിഎമ്മും മുഖ്യമന്ത്രി പങ്കെടുക്കാതിരിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി വഴിയാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നത്. പാര്‍ട്ടി ഔദ്യോഗിക ഭാരവാഹികള്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ പങ്കാളിത്തം ഉറപ്പാക്കിയതും. മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെങ്കില്‍ അതെന്തുകൊണ്ടായിരിക്കുമെന്നു പാര്‍ട്ടി വിശദീകരിക്കുമായിരിക്കും എന്നു കരുതുന്നു. ഇതുവരെ അത്തരം വിശദീകരണങ്ങളോ അറിയിപ്പോ കിട്ടിയിട്ടില്ല; സംഘാടകര്‍ അറിയിക്കുന്നു.

ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവമുള്ളവരാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്നും ഒഴിഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ കെ ശൈലജയും പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഉറപ്പ് നല്‍കിയ പ്രകാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച്ച രാവിലെയാണ് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന വാര്‍ത്തകള്‍ വരുന്നത്. ഈ വിവരം സംഘാടകരെ അറിയിച്ചുകൊണ്ടല്ല പുറത്തു വന്നതും. മാധ്യമ വാര്‍ത്തകളിലൂടെയാണ് സംഘാടകര്‍ക്ക് വിവരം കിട്ടുന്നതും. ചുംബന സമരത്തില്‍ പങ്കെടുത്തവരും ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടനത്തില്‍ ഉണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നതായി മാധ്യമങ്ങള്‍ എഴുതുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന സമയത്ത് നടക്കുന്ന ചുംബന സമരത്തെ എതിര്‍ത്തു സംസാരിച്ചിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് ബിജെപി നേരത്തെ രംഗത്തു വന്നിരുന്നു. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വായിച്ചതിനുശേഷം വേണം മുഖ്യമന്ത്രി ആര്‍പ്പോ ആര്‍ത്തവത്തിനു പോകാനെന്നായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വിമര്‍ശനം. ചുംബന സമര സംഘാടകരെക്കുറിച്ച് സ്വന്തം പൊലീസിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഒന്നു പൊടിതട്ടി വായിച്ചു നോക്കണം, എന്നിട്ട് ആര്‍പ്പോ ആര്‍ത്തവത്തിന് പോകുന്നതിയാരിക്കും പിണറായി വിജയന് നല്ലത്. പോയി വന്നതിനുശേഷം ബാക്കി പറയാമെന്നും കെ സുരേന്ദ്രന്‍ പരിഹാസത്തോടെ തന്റെ ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നു.

അതേസമയം മുഖ്യമന്ത്രി പങ്കെടുത്തോ ഇല്ലയോ എന്നത് ഒരു ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ വിജയത്തെ അതൊട്ടും ബാധിക്കുന്നില്ലെന്നുമാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ പ്രതികരണം. ആര്‍ത്തവത്തെ കുറിച്ച് പറയാനും ചര്‍ച്ച ചെയ്യാനും വലിയൊരു ജനപങ്കാളിത്തത്തോടെ ഒരു വേദിയുണ്ടായി എന്നതു തന്നെ വലിയ കാര്യമാണെന്നും ഈ കൂട്ടായ്മയുടെ വിജയം കേരളത്തിന്റെ ഭാവിയില്‍ ഏറെ പ്രതിഫലനം സൃഷ്ടിക്കുമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. വലിയൊരു പോരാട്ടത്തിന് ശക്തരാണ് തങ്ങളെന്നു തെളിയിക്കാന്‍ സ്ത്രീകള്‍ക്ക് ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലൂടെ കഴിഞ്ഞെന്നും മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ എത്തിയവര്‍ ഉറപ്പിച്ചു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍