UPDATES

കേരളം

ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു; അരുണ്‍ കുടുങ്ങിയതിങ്ങനെ

കുട്ടിയോട് ക്രൂരത കാണിച്ചത് അരുണ്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ കാരണായത് ഈ സംശയങ്ങളാണ്

ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴു വയസുകാരനെയും കൊണ്ട് ആശുപത്രിയില്‍ വന്നപ്പോഴും പ്രതി അരുണ്‍ വളരെ കൂള്‍ ആയിരുന്നു. കുട്ടിക്ക് എന്തെങ്കിലും ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങാമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ, എല്ലാം പിഴച്ചു. യുവതി കുട്ടിയുമായി ആശുപത്രിയിലേക്ക് പോയപ്പോള്‍ അരുണ്‍ പുറത്ത് കാറില്‍ തന്നെ സിഗററ്റ് വലിച്ച് ഇരിക്കുകയായിരുന്നു. അതും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍. ഇതു തന്നെ അയാളുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തി. അരുണും കുട്ടിയുടെ അമ്മയും എന്താണ് സംഭവിച്ചതെന്ന് ആശുപത്രിയധികൃതരോട് പറഞ്ഞിടത്ത് ഇവരുടെ കുരുക്ക് മുറുകി. കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റതാണെന്ന് അരുണ്‍ പറഞ്ഞപ്പോള്‍ യുവതി പറഞ്ഞത് കട്ടിലില്‍ നിന്നു വീണതാണെന്ന്. കുട്ടിയുടെ അവസ്ഥയും ശരീരത്തിലെ മര്‍ദ്ദനങ്ങളുടെ പാടുകളും നേരത്തെ തന്നെ സംശയം ജനിപ്പിച്ചിരുന്ന ആശുപത്രിയധികൃതര്‍ക്ക് വ്യത്യസ്തമായ മൊഴികള്‍ കൂടുതല്‍ സംശയങ്ങളുണ്ടാക്കി. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തവരുത്താന്‍ വേണ്ടി യുവതിയോട് സംസാരിച്ചപ്പോള്‍ അവര്‍ കയര്‍ത്തു സംസാരിക്കുകയാണുണ്ടത്. മാത്രമല്ല, യുവതിയുടെ മുഖത്ത് അടിയേറ്റ പാടും ചുണ്ടുകളില്‍ മുറിവും ഉണ്ടായിരുന്നു. ഇതോടെ പൊലീസിലേക്ക് വിവരം പോയി.

പൊലീസ് എത്തിയപ്പോള്‍ തന്നെ സുരക്ഷ ജീവനക്കാര്‍ അരുണിന്റെ പെരുമാറ്റത്തെ കുറിച്ച് വിവരം പറഞ്ഞു. ഇത്ര ഗുരുതരമായ അവസ്ഥയില്‍ കുട്ടി ഉള്ളപ്പോഴും കാറില്‍ പുകവലിച്ചിരിക്കുകയായിരുന്നു അയാളെന്നു കേട്ടതോടെ പൊലീസിനും സംശയമേറി. പിന്നീട് പൊലീസ് അയാളോട് ഒരു ചോദ്യം ചോദിക്കുക കൂടി ചെയ്‌തോടെ പലതും ഉറപ്പിക്കാന്‍ കഴിഞ്ഞു. കുട്ടിയുടെ പേര് എന്താണെന്നായിരുന്നു പൊലീസ് ചോദിച്ചത്. അപ്പു എന്നാണ് വീട്ടില്‍ വിളിക്കുന്നതെന്നും യഥാര്‍ത്ഥ പേര് ഓര്‍മയില്ലെന്നുമായിരുന്നു അതിനുള്ള അരുണിന്റെ മറുപടി. കുട്ടിയുടെ രക്ഷിതാക്കളാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. എന്നിട്ടും കുട്ടിയുടെ പേര് അറിയില്ലെന്നു വന്നതോടെ അരുണിന്റെ കാര്യത്തില്‍ പൊലീസ് ഒരു തീരുമാനത്തില്‍ എത്തുകയായിരുന്നു.

ഈ സമയം കുട്ടിയുടെ നില കൂടുതല്‍ ഗുരുതരമാവുകയും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. കുട്ടിയേയും കൊണ്ടു പോകാനുള്ള ആംബുലന്‍സില്‍ യുവതി കയറിയെങ്കിലും അരുണ്‍ കയറാന്‍ കൂട്ടാക്കിയില്ല. പൊലീസ് ആവശ്യപ്പെട്ടപ്പോള്‍, താന്‍ പിന്നാലെ കാറില്‍ വന്നോളാമെന്നായിരുന്നു അരുണിന്റെ മറുപടി. ഇതിന്റെ പേരില്‍ പൊലീസുമായി ഇയാള്‍ തര്‍ക്കിക്കുകയുമുണ്ടായി. ഇതോടെ പൊലീസ് കാറിന്റെ കീ ഊരിയെടുക്കുകയും അരുണിനെ ആംബുലന്‍സിന്റെ മുന്‍ സീറ്റില്‍ കൊണ്ടുപോയി ഇരുത്തുകയുമായിരുന്നു. അരുണിന്റെ കാര്‍ പരിശോധിച്ച പൊലീസിനി കിട്ടിയത് മദ്യകുപ്പിയാണ്. ഇതിനു പിന്നാലെ പൊലീസ് സംഘം നേരെ പോയത് കുമാരമംഗലത്തെ ആ വാടക വീട്ടിലേക്കായിരുന്നു. വീട് പൂട്ടാതെയായിരുന്നു കുട്ടിയേയും കൊണ്ട് അരുണും യുവതിയും ആശുപത്രിയില്‍ എത്തിയത്. വീടിനകത്ത് കയറിയ പൊലീസിന് തറയില്‍ രക്തം കാണാനായി. ഇതോടെ കുട്ടിക്ക് മര്‍ദ്ദനമേറ്റാണ് പരിക്കുണ്ടായിരിക്കുന്നതെന്നു ബോധ്യമാവുകയും ആരുണിനെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഇളയകുട്ടിയില്‍ നിന്നും നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞതോടെ ഇത്രവലിയ ക്രൂരത നടത്തിയത് അരുണ്‍ തന്നെയാണെന്നു ഉറപ്പിക്കാന്‍ കഴിഞ്ഞു. യുവതിക്കും അരുണിന്റെ ക്രൂരതകള്‍ പൊലീസിനോട് സമ്മതിക്കേണ്ടി വന്നു.

പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ചോദ്യം ചെയ്തപ്പോള്‍ ഒന്നും ഓര്‍മയില്ലെന്നായിരുന്നു അരുണിന്റെ മറുപടി. സ്റ്റേഷനിലും അയാള്‍ യാതൊരുവിധ കുറ്റബോധമോ ഭയമോ പ്രകടിപ്പിക്കാതെ സാധാരണ നിലയിലായിരുന്നു. പൊലീസിനെ അനുസരിച്ചും വാങ്ങിക്കൊടുത്ത ഭക്ഷണം കഴിച്ചുമൊക്കെ ചെയ്ത കുറ്റത്തില്‍ യാതൊരു കുലുക്കവുമില്ലെന്ന മട്ടില്‍ സെല്ലില്‍ ഇരുന്നു. പക്ഷേ അധികം നേരം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ താന്‍ ചെയ്ത കാര്യങ്ങളെല്ലാം അയാള്‍ സമ്മതിച്ചു. ഇതാദ്യമായല്ല താന്‍ കുട്ടിയെ മര്‍ദ്ദിക്കുന്നതുള്‍പ്പെടെ അരുണ്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍