ഇത് പറയുമ്പോഴും കേരളം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ടത് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറത്ത് മഞ്ചേരിയിലുള്ള ചൈല്‍ഡ് ലൈനിന്റെ ഓഫീസിലേക്ക് ഒരു പതിനേഴുകാരി ഒരു പരാതിയുമായി ഒറ്റയ്ക്ക് കടന്നുവരുന്നത്. ഓഫീസുമായി ബന്ധപ്പെട്ട് സഹായമാവശ്യപ്പെട്ട ശേഷം നേരിട്ട് സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ ആവശ്യം, തന്റെ വിവാഹം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തടയണമെന്നായിരുന്നു. പെണ്‍കുട്ടിയുടെ ആവശ്യമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും, വിശദമായി കുട്ടിയോട് സംസാരിക്കുകയും നടപടികളിലേക്ക് നീങ്ങുകയും ചെയ്തു. തനിക്ക് പഠിക്കണമെന്നും, വിവാഹം ഇപ്പോള്‍ നടന്നാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിപ്പോകുമെന്നും കാണിച്ച് പരാതിപ്പെടാന്‍ പെണ്‍കുട്ടി കാണിച്ച ധൈര്യമായിരുന്നു ആ ദിവസങ്ങളില്‍ മാധ്യമങ്ങളിലെ പ്രധാന റിപ്പോര്‍ട്ടുകളിലൊന്ന്. ശൈശവവിവാഹത്തിന്റെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന തെറ്റായ ലേബലുള്ള മലപ്പുറം ജില്ലയില്‍ ഇത്തരത്തില്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞിട്ടുള്ള അനേകം ബാലവിവാഹങ്ങളിലൊന്നാണ് പാണ്ടിക്കാട്ടു നിന്നുള്ള ഈ പതിനേഴുകാരിയുടേത്.
അച്ഛന്‍ മരിച്ചുപോകുകയും അമ്മ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത ശേഷം അമ്മൂമ്മയുടെയും അമ്മയുടെ സഹോദരിയുടെയും ഒപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇത്രനാള്‍ യത്തീംഖാനയില്‍ നിന്നു പഠിച്ചിരുന്ന കുട്ടിയെ, അമ്മയുടെ അമ്മാവന്മാരും നാട്ടുകാരുമെല്ലാം സഹകരിച്ചാണ് വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. തങ്ങള്‍ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും ചെയ്തുകൊടുക്കുന്ന സഹായമായാണ് ഇവര്‍ ഈ വിവാഹത്തെ കണ്ടിരുന്നതെന്നും, അത്തരത്തില്‍ സഹാനുഭൂതിയോടെ നാട്ടുകാര്‍ ചെയ്തുകൊടുക്കാനിരുന്ന വിവാഹം വേണ്ടെന്ന് തുറന്നടിച്ചാല്‍ തന്നെ അഹങ്കാരിയും നിഷേധിയുമായി കണക്കാക്കുമോ എന്ന ഭയം വിദ്യാര്‍ത്ഥിനിയ്ക്കുണ്ടായിരുന്നതായും കുട്ടിയോടു സംസാരിച്ച ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നു. അരക്ഷിതമായ കുടുംബ പശ്ചാത്തലം തന്നെയാണ് വിദ്യാര്‍ത്ഥിനിയെ പെട്ടന്നുള്ള വിവാഹത്തിന്റെ വക്കിലെത്തിച്ചതെന്നാണ് ഇവരുടെ നിരീക്ഷണം. നിക്കാഹ് നേരത്തേ കഴിഞ്ഞിരുന്നു. വിവാഹം കൂടി കഴിയുന്നതോടെ അത് പഠനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക കാരണമാണ് പെണ്‍കുട്ടി ആദ്യം പോലീസിനെ സമീപിക്കുന്നത്. സഹായമാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ കുട്ടിയെ പോലീസുദ്യോഗസ്ഥരാണ് ചൈല്‍ഡ് ലൈനിലേക്ക് പറഞ്ഞയയ്ക്കുന്നത്.
“കുട്ടിയോട് വിശദമായി സംസാരിച്ചിരുന്നു. ഇവിടെയുള്ള സൈക്കോളജിസ്റ്റ് കുട്ടിയെ കണ്ട് കൗണ്‍സലിംഗും കൊടുത്തു. കുട്ടിയുടെ സ്റ്റാന്റ് വ്യക്തമാണെന്നു കണ്ടതോടെയാണ് നമ്മള്‍ മുന്നോട്ടു പോകാമെന്നും, ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാമെന്നും തീരുമാനിക്കുന്നത്. പ്ലസ് വണ്ണിലാണ് കുട്ടി പഠിക്കുന്നത്. സ്വന്തമായി ഒരു ജോലി വേണം, നല്ല നിലയിലെത്തണം എന്ന് ആഗ്രഹമുള്ള കുട്ടിയാണ്. പഠിച്ച് അഭിഭാഷകയാകണമെന്ന കൃത്യമായ ലക്ഷ്യമൊക്കെയുണ്ട്. കാര്യമറിഞ്ഞപ്പോള്‍ വീട്ടുകാരെ വിളിപ്പിച്ച് സംസാരിച്ചു. നിക്കാഹ് കഴിഞ്ഞിട്ടില്ല എന്നായിരുന്നു അവരുടെ നിലപാട്. കഴിഞ്ഞു എന്ന് കുട്ടി പറയുന്നുമുണ്ട്. വീട്ടുകാരെ കാര്യം പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. പലയിടത്തും ഇത്തരത്തില്‍ വിദ്യാര്‍ത്ഥിനികളുടെ നിക്കാഹ് കഴിഞ്ഞിട്ടുള്ള കാര്യം തിരിച്ചറിയാന്‍ സാധിക്കില്ല. പതിനെട്ടു വയസ്സു കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുമ്പോഴേ അറിയാനാകൂ. നിക്കാഹ് കഴിപ്പിക്കാന്‍ പോകുന്നു എന്ന വിവരം കിട്ടുമ്പോള്‍ത്തന്നെ ചൈല്‍ഡ് ലൈന്‍ അതില്‍ ഇടപെടാറുണ്ട്. അങ്ങിനെ ധാരാളം നിക്കാഹുകള്‍ തടഞ്ഞിട്ടുമുണ്ട്. വിവാഹം നടന്നിട്ട് തടയുന്നതിന്റെ കണക്കുകളാണ് റെക്കോര്‍ഡുകളില്‍ ഉണ്ടാകുക. അതെത്രയോ കുറവായിരിക്കും. അതിലുമധികം കേസുകളില്‍ ചൈല്‍ഡ് ലൈന്‍ വ്യക്തമായി ഇടപെടുന്നുണ്ട്. പഠനത്തിലെ മികവൊന്നും വിവാഹം കഴിപ്പിക്കുന്നതിലെ മാനദണ്ഡമാകുന്നില്ല എന്നതാണ് നിരീക്ഷണം. പഠിക്കാന്‍ വിട്ടാല്‍ മറ്റു കൂട്ടുകെട്ടുകളില്‍ അകപ്പെടുമോ എന്ന ഭീതി കൊണ്ട് അതിനു മുന്നേ വിവാഹം കഴിപ്പിച്ച് ഉത്തരവാദിത്തം തീര്‍ക്കുന്നവരുമുണ്ട്” വിദ്യാര്‍ത്ഥിനിയോട് സംസാരിച്ച ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറയുന്നതിങ്ങനെ.
മലപ്പുറം ജില്ലയെ ശൈശവവിവാഹങ്ങളുടെ കേന്ദ്രമായി ചിത്രീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും കഥകളും ധാരാളമായി പ്രചരിക്കുന്ന പ്രവണതയ്ക്ക് നാളിതുവരെയായിട്ടും കുറവൊന്നുമുണ്ടായിട്ടില്ല. വിദ്യാര്‍ത്ഥിനി നേരിട്ടെത്തി വിവാഹത്തെക്കുറിച്ച് വിവരം കൊടുത്ത വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും, അതിനൊപ്പം പ്രചരിക്കുന്ന പശ്ചാത്തല വിശദീകരണവും ഏതാണ്ട് ഇതേ തരത്തിലാണ്. മലപ്പുറത്ത് ഇപ്പോഴും ശൈശവവിവാഹങ്ങള്‍ക്ക് കുറവില്ല എന്നല്ല, മറിച്ച് മലപ്പുറത്തെ വിദ്യാര്‍ത്ഥിനികള്‍ അഭ്യസ്തവിദ്യരാണെന്നും, ബാലാവകാശങ്ങള്‍ക്കായി അധികൃതരെ സമീപിക്കാനുള്ള സാധ്യത തങ്ങള്‍ക്കു മുന്നിലുണ്ടെന്ന് തിരിച്ചറിയുന്നുണ്ടെന്നുമാണ് ഈ സംഭവത്തില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നാണ് ബാലാവകാശ പ്രവര്‍ത്തകരുടെ പക്ഷം. നേരത്തേ തന്നെ, ചൈല്‍ഡ് ലൈനിന്റെ ഹൈല്‍പ് ലൈന്‍ നമ്പറുകള്‍ വഴിയും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും വിവാഹം തടയാന്‍ സഹായമാവശ്യപ്പെട്ട് എത്തുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളോ, അവരുടെ അറിവോടെ അവരുടെ തന്നെ സുഹൃത്തുക്കളായ മറ്റു പെണ്‍കുട്ടികളോ ആണെന്നാണ് ഇവരുടെയെല്ലാം അനുഭവം. മിക്ക കേസുകളും ഇത്തരത്തില്‍ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് അറിയിക്കാറെന്നും, താനാണ് അറിയിച്ചതെന്ന വിവരം രഹസ്യമാക്കി വയ്ക്കണം എന്ന ആമുഖത്തോടെയാണ് പലരും കാര്യം പറയാറെന്നും മഹിളാ സമഖ്യ ഡയറക്ടറായിരുന്ന പി ഇ ഉഷ പറയുന്നുണ്ട്. മറ്റു സോഴ്‌സുകളില്‍ നിന്നും അറിഞ്ഞതെന്ന മട്ടിലെത്തിയാണ് ഇത്തരം കേസുകളില്‍ ഇടപെടുന്നതും. അടുത്ത കൂട്ടുകാരികള്‍ വിളിച്ചറിയിക്കുന്ന സംഭവങ്ങളും സാധാരണമാണെന്നും നിലമ്പൂരില്‍ നിന്നെല്ലാം ഇത്തരം കേസുകള്‍ വന്നിട്ടുണ്ടെന്നും ഉഷ വിശദീകരിക്കുന്നു. പെണ്‍കുട്ടികള്‍ നേരിട്ട് വിവരമറിയിക്കുന്ന സംഭവങ്ങള്‍ വലിയ മാറ്റം തന്നെയാണെന്നാണ് ഉഷയടക്കമുള്ളവരുടെ പക്ഷം.
“മലപ്പുറത്തടക്കം കുട്ടികളില്‍ വലിയ ഉണര്‍വുണ്ടായിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുട്ടികള്‍ കൂടുതലായി പഠിക്കുന്നു, സമൂഹത്തില്‍ ഇടപെടുന്നു, ടൂവീലറുകളില്‍ സഞ്ചരിക്കുന്നു. അവകാശങ്ങളെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ട്. എങ്കിലും അവര്‍ അര്‍ഹിക്കുന്ന സാഹചര്യം ഒരുക്കിക്കൊടുക്കാന്‍ നമുക്കു സാധിക്കാറില്ല. പതിനെട്ട് വയസ്സില്‍ വിവാഹം കഴിക്കാതെ പഠിച്ചാല്‍, ഇരുപത്തിമൂന്നു വയസ്സാകുമ്പോള്‍ ഞങ്ങളെ ആരു വിവാഹം കഴിക്കും എന്ന് ചോദിക്കുന്നവരുമുണ്ട്. എങ്കിലും, ജോലി നേടാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. പതിനെട്ടു വയസ്സു തികഞ്ഞയുടനെ വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുണ്ട് എന്നതാണ് കണക്കിലെടുക്കേണ്ട കാര്യം. യഥാര്‍ത്ഥത്തില്‍ അതാണ് ശൈശവവിവാഹത്തിനേക്കാള്‍ വലിയ പ്രശ്‌നം. കുട്ടികള്‍ക്ക് ഇതിനെതിരെ യുദ്ധം ചെയ്ത് ഒറ്റയ്ക്ക് നില്‍ക്കുക എന്നതൊന്നും പലപ്പോഴും പ്രായോഗികമായ കാര്യമല്ലല്ലോ. പതിനെട്ടു തികഞ്ഞയുടനെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ മുതിര്‍ന്നാല്‍ നമുക്കൊന്നും ചെയ്യാനില്ല. നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയില്‍ പതിനെട്ട് ഒരു പ്രധാനപ്പെട്ട പ്രായവുമല്ലല്ലോ. ഡിഗ്രിയൊന്നും കൈയിലുണ്ടാവില്ല. ഇനി അഡ്രസ് ചെയ്യേണ്ടത് ഈ പ്രശ്‌നം കൂടിയാണ്. നിയമപരമായി വിവാഹിതരാകാനുള്ള പ്രായമായ പതിനെട്ടു വയസ്സ് തികഞ്ഞാലുടനെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നതും വലിയ ഏറ്റക്കുറച്ചിലില്ലാത്ത പ്രശ്‌നങ്ങള്‍ തന്നെ സൃഷ്ടിക്കും. വിവാഹം കഴിഞ്ഞാലും ഗര്‍ഭധാരണം തടയാന്‍ പലര്‍ക്കും വഴികളില്ലല്ലോ”, വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് പി.ഇ ഉഷ മുന്നോട്ടുവയ്ക്കുന്നത്. ബാലാവകാശപ്രവര്‍ത്തകരെയും സംഘടനകളെയും ഭയന്ന് പെണ്‍മക്കള്‍ക്ക് പതിനെട്ടു തികയാനും അപ്പോള്‍ തന്നെ വിവാഹം കഴിപ്പിക്കാനും കാത്തിരിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്കു കൊടുക്കുന്നത് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായുമുള്ള വലിയ കെടുതികള്‍ തന്നെയാണ്.
മലപ്പുറം ജില്ലയല്ല, മറിച്ച് തെക്കന്‍ ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നിവിടങ്ങളാണ് ശൈശവവിവാഹനിരത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം പുറത്തു വന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഈ കണക്കുകളെ ശരിവയ്ക്കുന്നതാണ് ബാലാവകാശ പ്രവര്‍ത്തകരുടെ അനുഭവങ്ങളും. തെക്കന്‍ കേരളത്തിലെ ഹിന്ദു, ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ശൈശവവിവാഹത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് വളരെയധികമാണ്. ഗോത്രവര്‍ഗ്ഗങ്ങളില്‍ നടക്കുന്ന ആചാരപരമായ ശൈശവവിവാഹത്തെ മാറ്റിനിര്‍ത്തിയാല്‍പ്പോലും, പതിനെട്ടു തികയുന്നതിനു മുന്‍പ് ഇവിടങ്ങളില്‍ വിവാഹജീവിതത്തിലേക്ക് തള്ളിവിടപ്പെടുന്നത് അനവധി പെണ്‍കുട്ടികളാണ്. മുസ്ലിം ജനസംഖ്യ മുന്നിട്ടു നില്‍ക്കുന്ന മലപ്പുറം ജില്ലയെപ്പോലെ സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയരാകാത്തതു കാരണം കൃത്യമായ കണക്കുകളും ഇവിടങ്ങളിലില്ല. മറ്റൊരു വിഷയം, തെക്കന്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവാഹങ്ങള്‍ പോലും പെണ്‍കുട്ടികള്‍ മുന്‍കൈയെടുത്ത് അധികൃതരെ അറിയിക്കുന്നതല്ല എന്ന നിരീക്ഷണമാണ്. മലപ്പുറമടക്കമുള്ളയിടങ്ങളില്‍ ഈ ഇടപെടല്‍ കുറച്ചുകൂടി ഭേദപ്പെട്ട രീതിയില്‍ നടക്കുന്നുണ്ട് താനും. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസുകാരുണ്ടായത് മലപ്പുറത്തു നിന്നുമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മലപ്പുറത്തെ പെണ്‍കുട്ടികള്‍ കൃത്യമായിത്തന്നെ തിരിച്ചറിയുന്നുണ്ടെന്ന് സാരം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുന്‍കൈയില്‍ നടന്ന കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് 2001 മുതല്‍ 2011 വരെയുള്ള സമയങ്ങളില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ്. 78.3%, 64.1%, 65.3% എന്നിങ്ങനെയാണ് ഈ വളര്‍ച്ചയുടെ തോത്. അതെ സമയം, മലപ്പുറത്ത് ഈ സമയത്തുള്ള ശൈശവ വിവാഹ വളര്‍ച്ച നിരക്ക് 0.03% ശതമാനം മാത്രമാണ്. “മുസ്ലിങ്ങള്‍ പെണ്‍മക്കളെ നേരത്തെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നു എന്നങ്ങു സ്ഥാപിക്കാന്‍ വേണ്ടിയാണ് മലപ്പുറത്തിന്റെ മേല്‍ ഇത്തരം നറേറ്റീവുകള്‍ കൊണ്ടുവന്നു വയ്ക്കുന്നത്. തെക്കന്‍ ജില്ലകളിലാണ് ശൈശവവിവാഹം കൂടുതല്‍ എന്നതിന് പഠന റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും, കുടുംബത്തിന്റെ അരക്ഷിതാവസ്ഥ മലപ്പുറത്തെ ബാലവിവാഹങ്ങളുടെ ഒരു വലിയ കാരണമാണെന്നു തോന്നുന്നു. പണമില്ലായ്മ, കുട്ടികള്‍ അതിക്രമത്തിന് ഇരയാകാനുള്ള സാധ്യത എന്നിങ്ങനെ പല ഘടകങ്ങളും ഭീതികളും ഇതിനു പുറകിലുണ്ടാകാം. തെക്കന്‍ കേരളത്തില്‍ ഇതല്ല അവസ്ഥ. നേരത്തേ വിവാഹം കഴിച്ചാല്‍ സ്ത്രീധനത്തില്‍ കുറവുണ്ടാകും എന്നതടക്കമുള്ള കാര്യങ്ങള്‍ അവിടെ വര്‍ക്കാവുന്നുണ്ട്”, പി.ഇ ഉഷയുടെ നിരീക്ഷണം ഇങ്ങനെയാണ്.
മലപ്പുറം ജില്ലയില്‍ സമൂലമായൊരു മാറ്റം വന്നുകഴിഞ്ഞെന്നാണ് അന്‍വറിന്റെയും അഭിപ്രായം. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി, ചൈല്‍ഡ് ലൈന്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി കൂടുതല്‍ കേസുകള്‍ മലപ്പുറത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന അവസ്ഥയിലത്തിക്കഴിഞ്ഞെന്നും, അത് നല്ലൊരു മാറ്റമാണെന്നും അന്‍വര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റം ഇനിയുമല്‍പ്പം ഫലപ്രദമാക്കാന്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളും അധ്യാപകരും ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ, അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന മാതൃക ഇതാണ്: “യഥാര്‍ത്ഥത്തില്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്രവേശനം നേടുമ്പോള്‍ത്തന്നെ, ഇടയ്ക്കു വച്ച് കോഴ്‌സ് നിര്‍ത്തിപ്പോകരുതെന്ന് സ്‌കൂളുകള്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്യേണ്ടത്. ഒരു കുട്ടിയുടെ സീറ്റാണ് നഷ്ടപ്പെടുന്നത് എന്നുകാണിച്ച് വേണമെങ്കില്‍ ഒരു ബോണ്ടു പോലെത്തന്നെ വയ്ക്കാം. നല്ല ഒരു കാര്യത്തിനു വേണ്ടിയല്ലേ. സര്‍ക്കാര്‍ സൗജന്യമായി പഠിപ്പിക്കുന്നതാണ്, സീറ്റുകള്‍ ഒഴിച്ചിടാനാകില്ല എന്ന കാരണം കാണിച്ച് സ്‌കൂളുകള്‍ ഇങ്ങനെ കര്‍ശന നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യം വരണം. അങ്ങനെയാകുമ്പോള്‍ അധ്യാപകര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ പെട്ടന്ന് തിരിച്ചറിഞ്ഞ് ഇടപെടാനും വിവരം കൈമാറാനും സാധിക്കും. യഥാര്‍ത്ഥത്തില്‍ ക്ലാസ് ടീച്ചര്‍മാര്‍ക്കൊക്കെ ഇപ്പോഴും ഇത്തരം വിവാഹങ്ങളുടെയും ഡ്രോപ്പൗട്ടുകളുടെയും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്, പക്ഷേ ആരും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നു മാത്രം. മലപ്പുറത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ല. മലപ്പുറത്തു നടക്കുന്നവയുടെ കഥകള്‍ കൂടുതലായും പുറത്തുവരുന്നു എന്നേയുള്ളൂ. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇവിടത്തെ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയോളം അധികമാണ്. സ്വാഭാവികമായിട്ടും മറ്റിടങ്ങളിലേക്കാള്‍ എണ്ണം ഇവിടെയുണ്ടെന്നു തോന്നുന്നതിന്റെ ഒരു കാരണമിതാണ്. യഥാര്‍ത്ഥത്തില്‍ തെക്കന്‍ ജില്ലകളിലാണ് ഇത്തരം കേസുകള്‍ കൂടുതലായുമുള്ളത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റായാലും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയായാലും എല്ലാവരും ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കുന്നുണ്ടിവിടെ. അതുകൊണ്ട് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ്. പ്രശ്‌നത്തിന്റെ കാഠിന്യം കുറയുന്നു എന്നാണ് അതിര്‍ത്ഥം. അതു പോസിറ്റീവായൊരു ചേഞ്ചാണ്”.
ഇത് പറയുമ്പോഴും കേരളം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ടത് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017 മുതല്‍ 2019 വരെയുള്ള സമയത്ത് 19 താഴെയുള്ള 22,552 അമ്മമാരാണ് കേരളത്തില്‍ ഉള്ളത് എന്നാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാന Economic and Statistics Department പുറത്തിറക്കിയ കണക്കുകള്‍ പറയുന്നത്.
ഇതില്‍ തന്നെ 2017-ല്‍ ഉണ്ടായിട്ടുള്ള 4.48 ശതമാനം പ്രസവങ്ങള്‍ 15 വയസിനും 19 വയസിനും ഇടയിലുള്ളതാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. നഗര മേഖലകളില്‍ 19 വയസില്‍ താഴെയുള്ള 16,639 അമ്മമാരും ഗ്രാമീണ മേഖലയില്‍ 5,913 അമ്മമാരും ഉണ്ട്. ഇതില്‍ തന്നെ നഗരമേഖലയില്‍ 19 വയസിനുള്ളില്‍ 298 പെണ്‍കുട്ടികളുടെത് രണ്ടാമത്തെ പ്രസവം ആണന്നും 19 വയസിനുള്ളില്‍ തന്നെ 21 പെണ്‍കുട്ടികള്‍ മൂന്നാമതും പ്രസവിച്ചു എന്നും കണക്കുകള്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ 137 അമ്മമാര്‍ 19 വയസിനുള്ളില്‍ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചപ്പോള്‍ 48 പെണ്‍കുട്ടികള്‍ മൂന്നാമതും 37 പേര്‍ നാലാമതും ഈ പ്രായത്തിനുള്ളില്‍ അമ്മമാരായി.
മുസ്ലീം സമുദായത്തില്‍ തന്നെയാണ് ഈ വര്‍ഷങ്ങളില്‍ 15-19 വയസിനിടയിലുള്ള ഏറ്റവും കൂടുതല്‍ അമ്മമാര്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്- 17,082. ഹിന്ദു സമുദായത്തില്‍ 4,734 പേരും 702 പേര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുമാണ്.
Also Read: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു