UPDATES

ട്രെന്‍ഡിങ്ങ്

ഇടുക്കിയിലെ ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍; പുറംലോകം മനസിലാക്കാത്ത കാര്യങ്ങള്‍

ആദിവാസികള്‍ക്കിടയിലെ ശൈശവ വിവാഹവും ലൈംഗിക ചൂഷണവും; വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും എന്താണ്-ഭാഗം 1

ഇടുക്കി വട്ടവട പഞ്ചായത്തിലെ സ്വാമിയാര്‍കുടിയില്‍ ആത്മഹത്യ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആദിവസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ശൈശവ വിവാഹത്തിന്റെ ഇരയായാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. മാതാപിതാക്കളാല്‍ നിര്‍ബന്ധിതരായി പ്രായപൂര്‍ത്തിയാകുന്നതിനു മുന്നേ വിവാഹജീവിതത്തിലേക്ക് കടക്കേണ്ടി വരുന്ന ആദിവാസി പെണ്‍കുട്ടികളുടെ എണ്ണം കൂടുകയാണെന്നാണ് ഈ വാര്‍ത്തയോടൊപ്പം പറയുന്നത്. ആദിവാസി സമൂഹത്തിനു മേല്‍ പൊതുസമൂഹത്തിനുള്ള ഈ ‘ഉത്കണ്ഠ’ യാഥാര്‍ത്ഥ്യങ്ങളും സാഹചര്യങ്ങളും മനസിലാക്കി കൊണ്ടുള്ളതല്ലെന്നും ചില മുന്‍വിധികളും നാം ഇപ്പോഴും ആ ജനവിഭാഗത്തിനോടു പുലര്‍ത്തുന്ന മനോഭാവത്തില്‍ നിന്നും ഉടലെടുക്കുന്ന പൊതുധാരണകളുടെ പ്രചാരണമാണെന്നും പറയേണ്ടതുണ്ട്.

പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് വരാം. യഥാര്‍ത്ഥത്തില്‍ എന്താണ് ആ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചത്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് തയ്യാറാകേണ്ടി വന്ന കുട്ടിയല്ലത്. മറിച്ച് ആ വിവാഹം ആ പെണ്‍കുട്ടിയുടെ തന്നെ തെരഞ്ഞെടുപ്പായിരുന്നു. ബൈസണ്‍വാലിയില്‍ നിന്നുള്ള ആ പെണ്‍കുട്ടിക്ക് 16 വയസും വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവാവിന് 25 ഉം ആണ് പ്രായം. ഇരുവരും ഒരേ ആദിവാസി സമുദായത്തില്‍ നിന്നുള്ളവര്‍. ഇരുവരുടേയും ഇഷ്ടം വീട്ടുകാരോട് പറയുകയും അവര്‍ വിവാഹത്തിന് അനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍ ഈ വിവരം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് വിവാഹം മുടങ്ങിയത്. എന്നാല്‍ പെണ്‍കുട്ടി നിര്‍ബന്ധിക്കപ്പെട്ട് വിവാഹത്തിന് തയ്യാറായതോ മറ്റോ അല്ലാത്തതിനാലും ആര്‍ക്കും പരാതി ഇല്ലാത്തതിനാലും കേസുകള്‍ ഒന്നും തന്നെ ചാര്‍ജ് ചെയ്തിരുന്നുമില്ല. വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ സാധിച്ചില്ലെങ്കിലും പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള ബന്ധം തുടര്‍ന്നിരുന്നു. സ്വാമിയാര്‍കുടിയില്‍ താമസിക്കുന്ന യുവാവിനെ കാണാന്‍ രണ്ടാം തീയതി പെണ്‍കുട്ടി അയാളുടെ വീട്ടിലേക്കു ചെല്ലുന്നു. യുവാവിന്റെ അമ്മയാണ് പെണ്‍കുട്ടിയെ സ്‌നേഹപൂര്‍വം വീട്ടിലേക്ക് സ്വീകരിക്കുന്നത്. ഈ സമയം യുവാവ് അവിടെ ഇല്ലായിരുന്നു. അയാള്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് യഥാര്‍ത്ഥത്തില്‍ പോയിരുന്നതെങ്കിലും മറ്റു ചിലരാല്‍ പെണ്‍കുട്ടി കേള്‍ക്കുന്നത് താനുമായി നിശ്ചയിച്ച വിവാഹത്തിന്റെ പേരില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ്. ഇതില്‍ മനംനൊന്തായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യ എന്നാണ് സ്വാമിയാര്‍കുടിയില്‍ നിന്നും അറിയുന്ന വിവരം. സ്വാമിയാര്‍ കുടിക്കു താഴെയുള്ള മറ്റൊരു ഊരായ വത്സപ്പെട്ടി കുടിയില്‍ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വീട്ടിലാണ് മൃതദേഹം അടക്കിയത്.

തോട്ടം മേഖലയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു; ബോധവത്ക്കരണങ്ങള്‍ ഫലം കാണുന്നില്ല

ആദിവാസി സമൂഹത്തിനിടയില്‍ ആണും പെണ്ണും പ്രായപൂര്‍ത്തിയാകുന്നതിനു മുന്നെ തുടങ്ങുന്ന ഒരുമിച്ചുള്ള ജീവിതവും സന്താനോത്പാദനവും അതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും മറ്റ് അരക്ഷിതാവസ്ഥകളും ഒരു യാഥാര്‍ത്ഥ്യം തന്നെയാണെങ്കിലും ഇക്കാര്യത്തില്‍ പൂര്‍ണമായി അവരെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് ഭരണകൂടത്തിന്റെ പരാജയവും കൂടി എടുത്തു പറഞ്ഞുവേണം വാര്‍ത്തകളും ചര്‍ച്ചകളും ഉണ്ടാക്കേണ്ടത്. ഒരു പ്രാന്തവത്കൃത സമൂഹത്തില്‍ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ നടക്കുന്നുണ്ടെന്നു മനസിലാക്കിയാല്‍ ഭരണകൂടം ഇടപെടണം. ആദിവാസിക്ക് തങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും നിലനിര്‍ത്തിപ്പോകാന്‍ ഇന്ത്യന്‍ ഭരണഘടന പ്രത്യേകം അവകാശം കൊടുക്കുന്നുണ്ട്. ആ അവകാശം ഉപയോഗിച്ചല്ല, എങ്കിലും തങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും തുടരാനാണ് ഇന്നും കേരളത്തിലെ ആദിവാസി സമുദായങ്ങള്‍ താത്പര്യം കാണിക്കുന്നത്. അതിനിടയില്‍ സ്റ്റേറ്റിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും അവര്‍ കാര്യമാക്കുന്നില്ല, അല്ലെങ്കില്‍ മനസിലാക്കുന്നില്ല. അവിടെയാണ് പോക്‌സോ പോലുള്ള നിയമങ്ങള്‍ ആദിവാസികള്‍ക്കുമേല്‍ നിന്തരം ചുമത്തപ്പെടുന്നിന് ഇടവരുന്നത്. ഭരണകൂടം ഇവിടെ ചെയ്യേണ്ടത്, ആദിവാസികളുടെ സാംസ്‌കാരിക വ്യക്തിത്വത്തെ പിന്തുണച്ചു കൊണ്ടും എന്നാല്‍ അതിനിടയില്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തൊട്ട് എന്തൊക്കെ അവകാശങ്ങളാണോ നഷ്ടപ്പെടുന്നത് അതില്‍ ഇടപെടല്‍ നടത്തുകയാണ്. അതിന് നിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടു മാത്രം കാര്യമല്ല. ശൈശവ വിവാഹം തടയാന്‍ പൊലീസിനെ ഉപയോഗിച്ച് കേസുകള്‍ എടുപ്പിച്ചതുകൊണ്ട് മാത്രവും കാര്യമില്ല. യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും അതിനോടൊപ്പം ആദിവാസി സമൂഹത്തിന്റെ സംസ്‌കാരവും ജീവിതപശ്ചാത്തലവും കൂടി മനസിലാക്കാന്‍ തയ്യാറാകണം.

കുട്ടിക്കളിയാകുന്ന കല്യാണം; ഇടുക്കിയില്‍ നിന്ന് ശൈശവ വിവാഹ വാര്‍ത്തകള്‍

മാതാപിതാക്കളാല്‍ നിര്‍ബന്ധിക്കപ്പെട്ട് ഉണ്ടാകുന്ന ശൈശവ വിവാഹങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ കൂടുന്നുണ്ട് എന്ന വാര്‍ത്തകള്‍ അവാസ്തവമാണ്. അതേസമയം പ്രായപൂര്‍ത്തിയാകുന്നതിനു മുന്നേ ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്ന പ്രവണത നിലനില്‍ക്കുന്നുമുണ്ട്. പോക്‌സോ നിയമം ആദിവാസികള്‍ക്കു മേല്‍ കൂടുതല്‍ ആയി ചുമത്തപ്പെടുന്നതിനു കാരണവും അതാണ്. നിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവരുടെ ഒരുമിച്ചുള്ള ജീവിതം തെറ്റാണ്. എന്നാല്‍ ഇത്തരം നിയമങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവില്ല. യുവാക്കള്‍ ജയിലില്‍ ആവുകയും പെണ്‍കുട്ടികള്‍ നിര്‍ഭയ പോലുള്ള ഷെല്‍റ്റര്‍ ഹോമുകളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതോടെ ഇപ്പോള്‍ അവര്‍ ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ ഭയം നിയമം അനുസരിക്കുന്നതിലേക്കല്ല, മറിച്ച് നിയമങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ രീതികളെ, സംസ്‌കാരത്തെ തച്ചുടയ്ക്കുകയാണെന്ന തോന്നലാണ് അവരില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ വികാരം തിരിച്ചറിഞ്ഞ് ആദിവാസികള്‍ക്കിടയില്‍ പോക്‌സോ വകുപ്പ് ചുമത്തുന്നതില്‍ ചില ഇളവുകള്‍ ഏര്‍പ്പെടുത്തി വരുന്നുണ്ട്. പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ മാത്രം കേസ് എടുത്താല്‍ മതിയെന്ന തീരുമാനമൊക്കെ എടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ഇളവുകള്‍ കൊണ്ട് മാത്രം കാര്യമല്ല.

ആദിവാസികളോട് സംസാരിക്കുമ്പോള്‍ മനസിലാകുന്ന കാര്യം അവരെക്കുറിച്ച് വരുന്ന വാര്‍ത്തകളില്‍ (ശൈശവ വിവാഹം, പോക്‌സോ കേസുകള്‍) എല്ലാം തന്നെ അവരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നുണ്ടെന്നാണ്. “ഞങ്ങള്‍ പരസ്പരം ബലാത്സംഗം ചെയ്യാറില്ല, സ്ത്രീകളെയോ കുട്ടികളെയോ ഉപദ്രവിക്കാറില്ല, നിങ്ങള്‍ക്കിടയില്‍ ഉളളപോലെ കപട സദാചരങ്ങളും ഞങ്ങള്‍ക്കിടയില്‍ ഇല്ല. സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും സമുദായത്തിനിടയില്‍ മുഖ്യസ്ഥാനവും നല്‍കുന്നവരാണ് ഞങ്ങള്‍. എന്നാല്‍ നിങ്ങള്‍ എഴുതുന്ന വാര്‍ത്തകളില്‍ ആദിവാസികള്‍ ബാല വിവാഹം കഴിക്കുന്നവരും സ്ത്രീകളെ പീഡിപ്പിക്കുന്നരുമൊക്കെയാണ്. നിങ്ങള്‍ക്കിടയില്‍ നടക്കുന്ന പീഡനങ്ങളുടെ ഒരംശപോലും ഞങ്ങള്‍ക്കിടയില്‍ ഇല്ല. എന്നാല്‍ പീഡനത്തിനെതിരേയുള്ള പോക്‌സോ ഏറ്റവും കൂടുതല്‍ ചുമത്തുന്നത് ആദിവാസികള്‍ക്കുമേലും. അതു കേള്‍ക്കുമ്പോള്‍ എന്താ ഞങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ ധരിക്കുക? ഈ തെറ്റിദ്ധാരണകള്‍ കാലങ്ങളായി നിങ്ങള്‍ പുലര്‍ത്തി പോരുന്നുണ്ട്. അത് മനഃപൂര്‍വമാണ്. കാരണം, ആ ധാരണകള്‍ നിലനിര്‍ത്തിയാല്‍ മാത്രമാണ് ആദിവാസികളെ നിങ്ങള്‍ക്ക് ഇരുണ്ട ജനതയായി മാറ്റി നിര്‍ത്താന്‍ പറ്റൂ; അട്ടപ്പാടിയിലെ കാരറ ഊരില്‍ ജീവിക്കുന്ന ആദിവാസി യുവാവ് രമേശിന്റെ ഈ ചോദ്യങ്ങള്‍ക്കുമേല്‍ നിന്നുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്…

(തുടരും; അവരുടെ രീതികള്‍ ആദ്യം നാം മനസിലാക്കണം….)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍