UPDATES

ബാലാവകാശ കമ്മിഷന്‍; മന്ത്രി ശൈലജയുടെ രാജിക്ക് പ്രതിപക്ഷം; ചെയ്തതില്‍ തെറ്റില്ലെന്ന് മന്ത്രിയും സര്‍ക്കാരും

മന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. അതേസമയം തന്നെ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നതിന്റെ തെളിവുകളും പുറത്തുവരുന്നു. ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനത്തിനു വിധേയയാകേണ്ടി വന്നെങ്കിലും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് പ്രതിപക്ഷം തങ്ങളുടെ പ്രതിഷേധം കൂടുതലായി പ്രകടിപ്പിക്കുന്നത്. ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച നിയമസഭയിലും മന്ത്രിയുടെ രാജി ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയിരുന്നു.

മന്ത്രിക്കെതിരേ പ്രതിപക്ഷം ശക്തമായി നീങ്ങുന്നതിനിടയിലാണ് ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായി ഇഷ്ടക്കാരെ നിയമിക്കാന്‍ സാമൂഹികനീതി വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ടതിനു തെളിവുണ്ടെന്ന് വാര്‍ത്തയും വരുന്നത്. മനോരമയാണ് ഇങ്ങനെയൊരു കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീയതി നീട്ടുന്നതിനുള്ള കാരണം പോലും വ്യക്തമാക്കാതെ മന്ത്രി രേഖാമൂലം നിര്‍ദേശം നല്‍കിയത് പുറത്തു വന്നിരിക്കുകയാണ്. മന്ത്രി തന്റെ ഉത്തരവില്‍ പറയുന്ന കാര്യങ്ങളായി രേഖ സഹിതം മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെയാണ്; സംസ്ഥാന ബാലാവകാശ കമ്മിഷന്റെ വെബ്‌സൈറ്റ് അടക്കം സൂചിപ്പിച്ച് അപേക്ഷ തീയതി ജനുവരി 20 വരെ ദീര്‍ഘിപ്പിക്കുന്നതിനു പത്രപ്പരസ്യം നല്‍കുക, ജനുവരി 25-ന് അകം കിട്ടിയ അപേക്ഷകളെല്ലാം പരിശോധിച്ചു ചുരുക്കപ്പട്ടിക തയ്യാറാക്കി സമര്‍പ്പിക്കുക. ഫെബ്രുവരി ഏഴിന് അഭിമുഖം നടത്താനുള്ള നടപടി സ്വീകരിക്കുക.

എന്നാല്‍ തീയതി നീട്ടി നല്‍കാന്‍ ഉള്ള മന്ത്രിയുടെ രേഖാമൂലമുള്ള ഈ നിര്‍ദേശമാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

</p

മന്ത്രിയുടെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നതിനു മറ്റൊരു തെളിവായി പറയുന്നത് സുപ്രീം കോടതിയില്‍ നിന്നും സര്‍ക്കാരിന് നേരിടേണ്ടി വന്ന തിരിച്ചടിയാണ്. ആദ്യത്തെ വിജ്ഞാപനം അനുസരിച്ച് നിയമനം നടത്താതിരുന്നതിന് അരലക്ഷം രൂപയാണ് സുപ്രീം കോടതി സംസ്ഥാനത്തിന് പിഴയിട്ടത്. എന്നാല്‍ ഇങ്ങനെയൊരു പിഴ അടയ്‌ക്കേണ്ടി വന്ന കാര്യം സര്‍ക്കാര്‍ മറച്ചുവച്ചു. പിന്നീടിത് സുപ്രീം കോടതി രേഖകളിലൂടെയാണ് പുറത്തുവന്നത്. ഇക്കാര്യം മറച്ചുവച്ച് വീണ്ടും തീയതി നീട്ടി നല്‍കി ഹൈക്കോടതിയുടെ വക വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്ന മന്ത്രിക്ക് തത്സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.

എന്നാല്‍ മന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോഴും തങ്ങളുടെ ഭാഗത്ത് തെറ്റില്ല എന്ന നിലപാടില്‍ തുടരുകയാണ്. ഹൈക്കോടതിയില്‍ നിന്നും മന്ത്രിക്കെതിരേ ഉണ്ടായ വിമര്‍ശനത്തിന് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. മന്ത്രി കേസില്‍ കക്ഷിയായിരുന്നില്ലെന്നും മന്ത്രിയുടെ വിശദീകരണം കേള്‍ക്കാതെയുള്ള പ്രതികൂല പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുമെന്നുമാണ് അപ്പീലില്‍ പറയുന്നത്. കേസ് തീര്‍പ്പാക്കുന്നതിന് മന്ത്രിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ അനിവാര്യമായിരുന്നില്ല എന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ നടപടി ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കെ.കെ ഷൈലജയും ന്യായീകരിച്ചു. മുന്‍ യു.ഡി.എഫ് സര്‍ക്കാരും ഇത്തരത്തില്‍ നിയമനത്തിനായി തീയതി നീട്ടി നല്‍കിയിട്ടുണ്ടെന്നും മികച്ച അപേക്ഷകള്‍ ലഭിച്ചില്ലെങ്കില്‍ അങ്ങനെ ചെയ്യുന്നത് പുതിയ കാര്യമല്ല എന്നുമാണ് അവര്‍ വ്യക്തമാക്കിയത്. പിന്നോക്ക ജില്ലകളായ കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളില്‍ നിന്നു കൂടി അംഗങ്ങളെ നിയമിക്കുന്നത് ആ മേഖലകള്‍ക്ക് സഹായകമാകും. എന്നാല്‍ കാസര്‍ഗോഡ്‌ നിന്ന് അപേക്ഷയൊന്നും ലഭിച്ചില്ല. വയനാട് നിന്ന് ഒരപേക്ഷ മാത്രമേ ലഭിച്ചുള്ളൂ. അവര്‍ ഏതെങ്കിലും കേസില്‍ പ്രതിയല്ല, അനുഭവസമ്പത്തുമുണ്ട്. ഇക്കാര്യങ്ങള്‍ നിയമപരമായി അന്വേഷിച്ച ശേഷമാണ് നിയമനവുമായി മുന്നോട്ട് പോയത് എന്നും അവര്‍ വ്യക്തമാക്കി.

ഹൈക്കോടതി സംഗിള്‍ ബഞ്ച് റദ്ദാക്കിയ ടി ബി സുരേഷ്, ശ്യാമളാദേവി എന്നിവരുടെ നിയമനം നടത്തിയതിലും അപാകതയില്ലെന്നു സര്‍ക്കാര്‍ പറയുന്നു. സുതാര്യമായ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അംഗങ്ങളെ നിയമിച്ചതെന്നും ടി.ബി സുരേഷിന്റെ പേരില്‍ നിയമനത്തിന് തടസ്സമാവുന്ന കേസുകള്‍ ഒന്നും ഇല്ലെന്നും ഇക്കാര്യത്തില്‍ നിയമവകുപ്പിന്റെ ഉപദേശവും വിജിലന്‍സിന്റെയും ആഭ്യന്തര വകുപ്പിന്റെയും റിപ്പോര്‍ട്ടുകളും പരിഗണിച്ചിരുന്നതായും മന്ത്രി ശൈലജ ഇന്നലെ നിയമസഭയില്‍ പ്രതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍