UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടുത്ത ദാരിദ്ര്യവും പട്ടിണിയും, രക്ഷപ്പെടാന്‍ കണ്ടെത്തിയ വഴി മന്ത്രവാദം; മലപ്പുറത്ത് കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ദയനീയ കഥകള്‍

കുട്ടികളെയും മാതാവിനെയും അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്‌

മലപ്പുറം നിലമ്പൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നാലു കുട്ടികളെയും അവരുടെ മാതാവിനെയും അഭയകേന്ദ്രത്തിലേക്ക് മാറ്റിയ സംഭവത്തില്‍ കുടുംബത്തെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ ദയനീയം. കാളികാവ് പൂങ്ങോട് കോളനിയില്‍ താമസിച്ചു വന്നിരുന്ന കുടുംബത്തിലെ കുട്ടികളെയും അമ്മയേയുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അന്വേഷിച്ചെത്തി രക്ഷപ്പെടുത്തിയത്. ഭക്ഷണം കിട്ടാതെ ആരോഗ്യം ക്ഷയിച്ചു തീര്‍ത്തും പരിതാപകരമായ അവസ്ഥയിലായിരുന്നു ഒമ്പത്, ആറ്, മൂന്ന്, രണ്ട് വയസ് പ്രായത്തിലുള്ള കുട്ടികള്‍. കുട്ടികള്‍ക്ക് അസുഖം വന്നാല്‍ ചികിത്സയ്ക്ക് കൊണ്ടു പോകില്ലായിരുന്നു. പകരം മന്ത്രവാദികളെ കാണിക്കുകയും ഏലസ് ധരിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. വിദ്യാഭ്യാസവും നല്‍കിയിരുന്നില്ല. കുട്ടികളുടെ അമ്മയുടെ മാതാവ് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

അന്ധവിശ്വാസങ്ങളിലേക്ക് ഈ കുടുംബം തിരിഞ്ഞത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. സ്വന്തമായി വീടുപോലമില്ലാത്ത ഇവര്‍ കോളനിയില്‍ പ്ലാസ്റ്റിക് കൊണ്ട് മറച്ചൊരു ഷെഡില്‍ ആണ് താമസം. കടുത്ത ദാരിദ്ര്യമായിരുന്നു ഇവര്‍ അനുഭവിച്ചിരുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനോ ചികിത്സ കൊടുക്കാനോ സ്‌കൂളില്‍ വിടാനോ ഒള്ള സാമ്പത്തികം ഇവരുടെ കൈയില്‍ ഇല്ലായിരുന്നു. ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ മന്ത്രവാദം സഹായിക്കുമെന്നും യുവതിയുടെ അമ്മ വിശ്വസിച്ചിരുന്നു. യുവതിയുടെ അച്ഛനായിരുന്നു ഏക വരുമാന ആശ്രയം. അതും ഭിക്ഷ യാചിച്ചും മാറ്റുമായിരുന്നുവത്രേ പിതാവ് കുടുംബം നോക്കിയിരുന്നത്. എന്നാല്‍ ശാരീരികാവശതകള്‍ മൂലം പിതാവ് കിടപ്പിലായതോടെ ഇവരുടെ എല്ലാ വഴികളും അടഞ്ഞു.

കരുവാരക്കുണ്ട് കേമ്പിന്‍കുന്നില്‍ ആയിരുന്നു ഈ കുടുംബം ആദ്യം താമസിച്ചിരുന്നത്. യുവതിയുടെ കല്യാണത്തെ തുടര്‍ന്നാണ് ഈ വീട് വില്‍ക്കേണ്ടി വന്നത്. കല്യാണ ചെലവിന് വന്ന കടം വീട്ടാനാണ് സ്വന്തമായി ഉണ്ടായിരുന്ന വീടും പറമ്പും വിറ്റത്. പിന്നീട് മറ്റൊരു വീട് ഉണ്ടാക്കാനോ സ്ഥലം വാങ്ങാനോ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ ഒരു കുട്ടിയുണ്ടായതിനു പിന്നാലെ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. അതോടെ യുവതിയും കുഞ്ഞും വീണ്ടും മാതാപിതാക്കള്‍ക്കൊപ്പമായി. പലയിടങ്ങളിലായി ഇവര്‍ വാടകയ്ക്കാണ് താമസിച്ചു പോന്നത്. ചെമ്പ്രശ്ശേരി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുമ്പോള്‍ യുവതി മറ്റൊരാളുമായി അടുപ്പത്തിലാവുകയും ആ ബന്ധത്തില്‍ മൂന്നു കുട്ടികള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ അയാളും യുവതിയെ ഉപേക്ഷിച്ചു. ഇതോടെ നാലു കുട്ടികളും ഉള്‍പ്പെടുന്ന കുടംബം വലിയ ദുരിതത്തിലായി. പിതാവും കിടപ്പിലായതോടെ മറ്റൊരു വരുമാനവും ഇല്ലാതായതോടെയാണ് പട്ടിണിയും ദാരിദ്ര്യവും പിടിമുറുക്കിയത്. സന്നദ്ധപ്രവര്‍ത്തകര്‍ ഇടയ്ക്ക് ഭക്ഷണം എത്തിച്ചു നല്‍കുമായിരുന്നെങ്കിലും കുടുംബത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ആരും മനസിലാക്കിയിരുന്നില്ല. പിന്നീട് കുട്ടികളുടെ ശാരീകവാസ്ഥ കണ്ടറിഞ്ഞതോടെയാണ് വിവരം അധികൃതരില്‍ എത്തുന്നത്.

കഴിഞ്ഞ ദിവസം വേദനകൊണ്ട് പുളയുന്ന മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ടാണ് അയല്‍വാസികള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. തിങ്കളാഴ്ച സ്ഥലത്ത് എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടേയും മാതാവിന്റെയും ആരോഗ്യസ്ഥിതി അപകടമാണെന്ന് കണ്ട് അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ മാതാവ് എതിര്‍ത്തെങ്കിലും പോലീസ് ഇടപെട്ട് അഞ്ചുപേരെയും ചൈല്‍ഡ് ലൈനിനെ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടികളില്‍ മൂന്നു വയസ്സുകാരിയുടെ അവസ്ഥ പരിതാപകരമാണ്. വേണ്ട സംരക്ഷണവും പോഷകാഹാരവും ലഭിക്കാത്തതിനാല്‍ ആരോഗ്യനില അങ്ങേയറ്റം ദയനീയമാണ്.

കൈകാലുകള്‍ ശോഷിച്ച നിലയിലുള്ള കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. മാസം തികയാതെയാണ് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു ഈ കുട്ടിയെ യുവതി പ്രസവിച്ചത്. തിരിച്ച് വീട്ടില്‍ എത്തിയശേഷം കുട്ടിയെ പിന്നീട് ഒരിക്കല്‍ പോലും ആശുപത്രിയില്‍ കാണിക്കാന്‍ അനുവദിച്ചിട്ടില്ല.

കുട്ടികളെയും മാതാവിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള മൈലപ്പുറം അഭയ കേന്ദ്രത്തിലേക്കാണ് മാറ്റിയിട്ടുള്ളത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ശരണ്യ, രാജു കൃഷ്ണ, കാളികാവ് എ എസ് ഐ കെ രമേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് വെണ്ണീറിങ്ങല്‍, വിജയന്‍, കെ സുവര്‍ണ, പി കെ ശ്രീജ എന്നിവരുടെ ഇടപെടലോടെയാണ് ഇവരെ രക്ഷിക്കാന്‍ സാധിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍