UPDATES

ട്രെന്‍ഡിങ്ങ്

ചിതറ കൊലപാതകത്തില്‍ മാധ്യമങ്ങള്‍ വ്യാജ പ്രചരണം നടത്തുന്നു; ഇന്നേവരെ ഒരു ചുവന്ന കൊടി പിടിച്ചതിന്റെ ചരിത്രം പ്രതി ഷാജഹാനില്ലെന്ന് സിപിഎം

കൊല്ലം ചിതറ വളവുപച്ചയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസിലെ പ്രതി സിപിഎമ്മുകാരന്‍ ആണെന്ന പ്രചാരണം അസംബന്ധമാണെന്ന് പാര്‍ട്ടി. പ്രതി ഷാജഹാന്‍ കോണ്‍ഗ്രസുകാരന്‍ ആണെന്നും കോണ്‍ഗ്രസിനു വേണ്ടി ഗൂണ്ട പ്രവര്‍ത്തനം നടത്തിയിരുന്നയാളാണെന്നുമാണ് സിപിഎം നേതാവ്‌ കെ എന്‍ ബാലഗോപാല്‍ അഴിമുഖത്തോട് പറയുന്നത്. സിപിഎമ്മുമായി ഒരു തരത്തിലും ബന്ധമില്ലാത്തയാളാണ് ഷാജഹാന്‍. ഇയാളുടെ മക്കള്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഷാജഹാനെതിരേ നിരവധി പരാതികളും കേസുകളുണ്ട്. ഇയാള്‍ കോണ്‍ഗ്രസിന്റെ ആളാണെന്ന കാര്യത്തില്‍ ഇതുവരെ ആരും എതിര്‍ത്തു പറഞ്ഞിരുന്നില്ല. കോണ്‍ഗ്രസുകാര്‍ തന്നെ അയാളെ തങ്ങളുടെ പാര്‍ട്ടിക്കാരനായിട്ടാണ് പറഞ്ഞിരുന്നത്. പെട്ടെന്ന് ഷാജഹാന്‍ സിപിഎമ്മുകാരനായെങ്കില്‍ അതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വ്യക്തം; ബാലഗോപാല്‍ പറയുന്നു.

സഹോദരന്‍ സുലൈമാന്റെ വെളിപ്പെടുത്തലായിട്ടാണ് മാധ്യമങ്ങള്‍ പ്രതി ഷാജഹാന്‍ സിപിഎമ്മുകാരനാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായി സിപിഎം അനുഭാവികളാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് ഷാജഹാനെ കോണ്‍ഗ്രസുകാരന്‍ ആക്കുന്നതെന്നുമായിരുന്നു സുലൈമാന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും സുലൈമാന്‍ പറയുന്നുണ്ട്.

ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണെന്നാണ് സിപിഎം പറയുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പുറത്ത് നടന്ന കൊലപാതകത്തെ കേവലം വാക്കുതര്‍ക്കത്തിന്റെ പേരിലുള്ള അക്രമമാക്കി ചുരുക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ പ്രതിയെ സിപിഎമ്മുകാരനാക്കുന്നതെന്നും പാര്‍ട്ടി പ്രാദേശിക ഘടകം വിമര്‍ശിക്കുന്നു.

പ്രതി കോണ്‍ഗ്രസിന്റെ വര്‍ഷങ്ങളായുള്ള സജീവ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസിന്റെ പ്രതാപ കാലഘട്ടത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകരെ അക്രമിക്കുകയും പരിക്കേല്‍പ്പിക്കയും ചെയ്യുകയും ഇതിന്റെ പേരില്‍ പല കേസുകളും ഉള്ള ആളാണ് ഷാജഹാന്‍. കുടുംബശ്രീ, തൊഴിലുറപ്പ് മേഖലകളിലെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളൊക്കെ ഷാജഹനുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അയല്‍ക്കാരിയായ സ്ത്രീയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതിനും അയാള്‍ക്കെതിരേ കേസ് ഉള്ളതാണ്. സ്വന്തം സഹോദരനെ തന്നെ പ്രതി കുത്തി പരിക്കേല്‍പപ്പിച്ചിട്ടുണ്ട്. ആക്രമണ സ്വഭാവം വര്‍ഷങ്ങളായി ഷാജഹാന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസുകളില്‍ കുടുങ്ങുമ്പോള്‍ ഇയാളെ രക്ഷിച്ചെടുക്കുന്നത് കോണ്‍ഗ്രസുകാരായിരുന്നു. ഗ്രാമസഭകളില്‍ പോയി വിഷയം ഉണ്ടാക്കുക, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക തുടങ്ങി കോണ്‍ഗ്രസനിു വേണ്ടി ഇയാള്‍ പലതിനും തയ്യാറാകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഷാജഹാനെ സംരക്ഷിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ താത്പര്യം കാണിച്ചിരുന്നതും; മഠത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മഠത്തര അനില്‍ പറയുന്നു.

ഒരു സമയത്തു പോലും സിപിഎമ്മിന്റെയോ മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയോ ഭാഗമായതിന്റെയോ, ഇന്നേവരെ ഒരു ചുവന്ന കൊടി പിടിച്ചതിന്റെയോ ചരിത്രം ഷാജഹാനെ കുറിച്ചില്ലെന്നും, അത് പാര്‍ട്ടി പറയുന്ന കാര്യം മാത്രമല്ല, ഈ പ്രദേശത്തെ ജനങ്ങളോടു ചോദിച്ചാല്‍ മനസിലാകുമെന്നും സിപിഎം നേതാക്കള്‍ പറയുന്നുണ്ട്.

കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തില്‍പ്പെട്ട പലരും തന്നെ കോണ്‍ഗ്രസും എസ്ഡിപിഐക്കാരും ആണെന്നും ബഷീറിന്റെ ചില ബന്ധുക്കള്‍ക്ക് ഷാജഹാനുമായും ബന്ധമുണ്ടെന്നും അതുകൊണ്ട് തന്നെ ഷാജഹാനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ടെന്നും സിപിഎം പരാതി ഉയര്‍ത്തുന്നു.

ബഷീറിനെ ഷാജഹാന്‍ ഇരട്ടപ്പേര് വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രചാരണം കോണ്‍ഗ്രസിനെ ആ കൊലപാതക്കുറ്റത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. കങ്കാണി എന്ന പേര് ബഷീറിന് വര്‍ഷങ്ങളായി ഉള്ളതാണ്. കൂപ്പുമായി ബന്ധപ്പെട്ട് കങ്കാണിയായിരുന്നു സഖാവ് ബഷീര്‍. അത് കഴിഞ്ഞാണ് മരച്ചീനി കച്ചവടത്തിലേക്ക് മാറുന്നത്. കങ്കാണി എന്നത് അദ്ദേഹത്തിന്റെ ഇരട്ടപ്പേര് അല്ലായിരുന്നു. കുഞ്ഞുകുട്ടികള്‍ തൊട്ട് എല്ലാവരും അദ്ദേഹത്തെ ആ പേര് വിളിക്കുമായിരുന്നു. അങ്ങനെ വിളിച്ചു കേള്‍ക്കുന്നതില്‍ യാതൊരു പരാതിയും ഇല്ലായിരുന്നു. കങ്കാണി എന്നു വിളിച്ചതിന്റെ പേരില്‍ ഇതുവരെ ആരോടും വഴക്കിനോ തല്ലിനോ പോയിട്ടില്ലാത്തൊരാളാണ്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ മെനഞ്ഞാല്‍, അതീ നാട്ടുകാര്‍ ആരും തന്നെ വിശ്വസിക്കില്ല. ഇരട്ടപ്പേര് വിളിച്ചതില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പറയുന്നത് ചില മാധ്യമങ്ങളും കോണ്‍ഗ്രസുകാരും എല്ലാം ചേര്‍ന്ന് കെട്ടിച്ചമച്ചിരിക്കുന്ന കഥയാണ്; അനില്‍ പറയുന്നു.

ബഷീര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ലായിരുന്നുവെന്നും മരച്ചീനി കച്ചവടക്കാരന് സാമൂഹ്യപ്രവര്‍ത്തനത്തിന് സമയം എവിടെയാണെന്നുമുള്ള ആക്ഷേപങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ബഷീര്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ലായിരുന്നുവെന്ന് മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പ്രചാരണങ്ങളെയും ആക്ഷേപങ്ങളെയും സിപിഎം നേതാക്കള്‍ തള്ളിക്കളയുകയാണ്. കോണ്‍ഗ്രസ് അല്ല സിപിഎം. ഈ പാര്‍ട്ടിക്ക് കൃത്യമായൊരു ചിട്ടയുണ്ട്. ബഷീര്‍ ആരാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി ബന്ധം എന്താണെന്നും ആരുടെ മുന്നിലും തെളിയിക്കാന്‍ സിപിഎമ്മിന് കള്ളക്കഥകള്‍ ഉണ്ടാക്കേണ്ട കാര്യമില്ല. പാര്‍ട്ടി മെംബര്‍ഷിപ്പിന്റെ വര്‍ഷങ്ങളായുള്ള ഫയലുകള്‍ ഞങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ പോലെ തട്ടിക്കൂട്ട് സംവിധാനമല്ല സിപിഎമ്മിനുള്ളത്. ലിഖിതമായൊരു ഘടന ഈ പാര്‍ട്ടിക്കുണ്ട്. ബഷീര്‍ എന്ന സഖാവ് എത്ര കാലമായി പാര്‍ട്ടി മെംബര്‍ഷിപ്പില്‍ ഉണ്ടെന്നതടക്കമുള്ള കൃത്യമായ വിവരങ്ങള്‍ തരാം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലഘട്ടം മുതല്‍ ഈ പ്രദേശത്ത് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം വഹിച്ചവരില്‍ ഒരാളാണ് സഖാവ് ബഷീര്‍. കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ജയിലില്‍ അടക്കുകയും ചെയ്തിരുന്ന കാലത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രയത്‌നിച്ച സഖാവ് ആയിരുന്നു ബഷീര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടി ചരിത്രം ഒന്നന്വേഷിക്കുകപോലും ചെയ്യാതെ നുണകള്‍ എഴുതിപ്പിടിപ്പിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ പറയുന്നത് മാത്രം കേട്ട് വാര്‍ത്തകള്‍ എഴുതുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ അന്വേഷിക്കാമല്ലോ; സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ചോദ്യമാണ്.

പകല് കോണ്‍ഗ്രസും രാത്രി എസ്ഡിപി ഐയും എന്ന രീതിയിലാണ് ഇവിടെ കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം. ഭീകരവാദ രാഷ്ട്രീയം നടത്തുന്നവര്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നത് കോണ്‍ഗ്രസുകാരാണ്. ഇത്തരത്തില്‍ പല മുഖങ്ങള്‍ കൊണ്ടു നടക്കുന്ന കോണ്‍ഗ്രസുകാരാണ് ഈ കൊലപാതകം മരച്ചിനി കച്ചവടവും ഇരട്ടപ്പേര് വിളിയുമൊക്കെയായി വഴിമാറ്റി പ്രതിയെ രക്ഷിച്ചെടുക്കാന്‍ നോക്കുന്നത്. പ്രതി ഷാജഹാന്‍ നിരന്തരം സിപിഎമ്മിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ചീത്ത വിളിക്കുന്നയാളായിരുന്നു. മദ്യപിച്ചിട്ട് പറഞ്ഞതാണെന്നു പിന്നീടതിനെ ന്യായീകരിക്കും. മദ്യപിച്ചിട്ട് എന്നത് വെറും മറയാണ്. കോണ്‍ഗ്രസിനു വേണ്ടി കരുതിക്കൂട്ടി തന്നെ നടത്തുന്നതാണ്. അതീ നാട്ടിലുള്ളവര്‍ക്ക് അറിയാവുന്ന കാര്യവുമാണ്. ചിതറയും വളവുപച്ചയും എല്ലാം കോണ്‍ഗ്രസിന് ആധിപത്യം ഉണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു ഒരുകാലം വരെ. അവിടെ നിന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനം ഉറപ്പിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുകയായിരുന്നു. അതിനുവേണ്ടി നിര്‍ണായക പങ്കുവഹിച്ച സഖാവായിരുന്നു ബഷീര്‍. അതുകൊണ്ട് തന്നെ ബഷീറിനോട് കോണ്‍ഗ്രസുകാര്‍ വൈരാഗ്യവുമുണ്ട്. കോണ്‍ഗ്രസിന് ശക്തിയുണ്ടായിരുന്ന ഒരു പ്രദേശത്ത് പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ട് വന്ന് മുന്നില്‍ എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചൊരാളെന്ന നിലയില്‍ ബഷീര്‍ സഖാവ് എന്നും കോണ്‍ഗ്രസുകാരുടെ കണ്ണിലെ കരടായിരുന്നു. നാലഞ്ച് പതിറ്റാണ്ടായി ഈ പ്രദേശത്ത് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിവരുന്നൊരാളായിരുന്നു ബഷീര്‍. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോ ഏരിയ കമ്മിറ്റി സെക്രട്ടറിയോ ആയിരുന്നോ എന്നല്ല നോക്കേണ്ടത്. താന്‍ പിടിച്ച കൊടി മരിക്കുംവരം കൂടെ ചേര്‍ത്തു പിടിച്ചിരുന്ന കമ്യൂണിസ്റ്റുകാരനായിരുന്നു സഖാവ് ബഷീര്‍. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓരോരുത്തരോടും സഖാവ് എങ്ങനെയായിരുന്നു ഇടപെട്ടിരുന്നതെന്ന് ഈ നാട്ടില്‍ വന്നു തിരിക്കിയാല്‍ മനസിലാകും. അങ്ങനെയുള്ളൊരാളെയാണ് വെറും മരച്ചീനി കച്ചവടക്കാരനാക്കി അവഗണിക്കാന്‍ മാധ്യമങ്ങള്‍ പോലും തയ്യാറാകുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നു പറഞ്ഞാല്‍, അത് ഈ പ്രദേശത്ത് ബീഷര്‍ ആണ്. ബഷീര്‍ സഖാവ് കഴിഞ്ഞിട്ടേ ഈ വളവുപച്ച പ്രദേശത്ത് മറ്റൊരു കമ്യൂണിസ്റ്റുകാരന്‍ ഉള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം; അനില്‍ വിശദീകരിക്കുന്നു.

ബഷീര്‍ വിവാഹതിനല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ചില അകന്ന ബന്ധുക്കളെ ഉപയോഗിച്ചാണ് ബഷീറിന്റെ കുടുംബം എന്ന നിലയില്‍ പല വാര്‍ത്തകളും പ്രചരിപ്പിക്കുന്നതെന്നും സിപിഎം പരാതി പറയുന്നു. മാധ്യമങ്ങള്‍ ബഷീറിന്റെ അടുത്ത ബന്ധുക്കള്‍ എന്ന പേരില്‍ അവതരിപ്പിക്കുന്നവരില്‍ പലരും കോണ്‍ഗ്രസുകാരും എസ്ഡിപിഐക്കാരുമൊക്കെയാണ്. അവരൊക്കെ ഈ കൊലപാതകം വഴിതിരിച്ചു വിടാന്‍ ശ്രമിക്കും. ജനങ്ങള്‍ക്കു മുന്നില്‍ സഖാവ് ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകം അല്ലാതാക്കി തീര്‍ക്കാനും കോണ്‍ഗ്രസിന് ഈ അരുംകൊലയില്‍ പങ്കില്ലെന്നു വരുത്തി തീര്‍ക്കാനും പല കളികളും നടക്കുന്നുണ്ട്. ഒരു വിഭാഗം മാധ്യമങ്ങളും അതിനു കൂട്ട് നില്‍ക്കുകയാണ്. സഖാവ് ബഷീറിനെ കമ്യൂണിസ്റ്റുകാരനല്ലാതാക്കിയും പ്രതി ഷാജഹാനെ കമ്യൂണിസ്റ്റുകാരനാക്കിയും നടത്തുന്ന ഈ കുപ്രചരണങ്ങള്‍ അഅതിന്റെ ഭാഗമാണെന്നും സിപിഎം ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍