UPDATES

ട്രെന്‍ഡിങ്ങ്

കുഞ്ഞുങ്ങളുടെ പച്ചമാംസം തുളച്ചുവേണോ ദേവിയുടെ ഇഷ്ടം നടത്താന്‍? കോടതി വിധിയെ ധിക്കരിച്ച് ‘ചൂരല്‍ മുറിവ്’ നടത്തി ചെട്ടിക്കുളങ്ങര ക്ഷേത്രം

ശബരിമലയിലെ ആചാരലംഘനത്തിനെതിരെ പ്രതിഷേധമുതിര്‍ക്കുന്ന ബിജെപി ചെട്ടികുളങ്ങരയിലെ ആചാരവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്

ഐശ്വര്യ വര്‍ധനവിനായി കുഞ്ഞുങ്ങളെ ‘കുരുതി’ കൊടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഫലമുണ്ടായില്ല. ഇത്തവണയും ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ‘ചൂരല്‍ മുറിവ്’ ആഘോഷമായി നടന്നു. കോടതിയലക്ഷ്യത്തിന് പോലീസ് കേസെടുത്തു. എന്നാല്‍ പോലീസ് കേസെടുത്തതുകൊണ്ട് കുഞ്ഞുങ്ങളുടെ പച്ചമാംസത്തില്‍ സ്വര്‍ണലോഹക്കമ്പി കോര്‍ത്ത് തൂക്കിയിടുന്ന ആചാരം ഇല്ലാതാവുമോ? ഇല്ല എന്ന് പറയുന്നത് ദുരാചാരത്തെ എതിര്‍ക്കുന്നവര്‍ മാത്രമല്ല, കേസെടുത്ത പോലീസും അത് തന്നെ പറയുന്നു. ഹൈക്കോടതി ഉത്തരവ് വന്നത് കണക്കിലെടുക്കാതെ കഴിഞ്ഞ വര്‍ഷവും ആചാരം അത് പോലെ തുടര്‍ന്നിരുന്നു. അന്നും പോലീസ് കേസെടുത്തു. ക്ഷേത്ര ഭരണ സമിതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അന്വേഷണം മുന്നോട്ട് പോയില്ല.

ഇത്തവണ കേസ് എടുത്തപ്പോള്‍ തന്നെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ശബരിമലയിലെ ആചാരലംഘനത്തിനെതിരെ പ്രതിഷേധമുതിര്‍ക്കുന്ന ബിജെപി ചെട്ടികുളങ്ങരയിലെ ആചാരവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ‘ചൂരല്‍മുറിയല്‍’ നടത്തിയതിനെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് മാവേലിക്കര പോലീസ് സ്‌റ്റേഷനിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. നിയമനടപടിയും പ്രതിഷേധവും ഒരുവഴിക്ക് നീങ്ങുമ്പോള്‍ തങ്ങള്‍ ‘ചൂരല്‍ മുറിവ്’ തന്നെ നടത്തിയിട്ടില്ല എന്നാണ് ക്ഷേത്ര ഭരണ സമിതിയുടെ വാദം.

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണിയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തിന്റെ ഭാഗമായ ആചാരമാണ് ‘ചൂരല്‍ മുറിവ്’. കുടുംബത്തിന്റെ ഐശ്വര്യത്തിനായി കുട്ടികളുടെ ശരീരത്തില്‍ ലോഹനൂല്‍ തുളച്ചുകയറ്റി നടത്തിച്ച് ക്ഷേത്രത്തിലെത്തി ഈ സ്വര്‍ണ നൂല്‍ വലിച്ചെടുത്ത് ചോരപ്പാടുകളോടെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന ആചാരമാണ് ചൂരല്‍ മുറിവ്. തെക്കന്‍ കേരളത്തിലെ പല ദേവീക്ഷേത്രങ്ങളിലും നടക്കുന്ന ഈ ആചാരത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ 2016ല്‍ രംഗത്ത് വന്നിരുന്നു. ചൂരല്‍ മുറിയല്‍ എന്ന ചടങ്ങ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണെന്ന് നിരീക്ഷിച്ച കമ്മീഷന്‍ കുത്തിയോട്ടത്തിന്റെ ഭാഗമായി ചൂരല്‍ മുറിയല്‍ നടത്തരുതെന്ന് 2016 നവംബറില്‍ ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തിലെ ഭരണ സമിതി ഹൈക്കോടതിയെ സമീപിച്ചു. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു. കുട്ടികളുടെ അവകാശം ലംഘിക്കപ്പെടുന്ന ഇത്തരം ആചാരങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. 2018 ഫെബ്രുവരിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഉത്തരവ് മാനിക്കാതെ കോടതിയെ വെല്ലുവിളിച്ചുകൊണ്ട് ക്ഷേത്രത്തില്‍ ആചാരം തുടര്‍ന്നു. ഇതിനെതിരെ പോലീസ് കേസ് എടുത്തു. ഇത്തവണയും കോടതിയുടെ നിര്‍ദ്ദേശം പാലിക്കണമെന്നും ചൂരല്‍ മുറിയല്‍ നടത്തരുതെന്നും പോലീസ് കരക്കാര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. എത്ര കുട്ടികള്‍ ചൂരല്‍ മുറിയല്‍ ആചാരത്തിന് വിധേയരായി എന്ന കണക്കുകള്‍ നല്‍കാന്‍ ക്ഷേത്രം ഭാരവാഹികള്‍ തയ്യാറായില്ല.

‘ഹൈക്കോടതി പറഞ്ഞതിനപ്പുറം ഒന്നും ഇവിടെ നടക്കുന്നില്ല. കുട്ടികളുടെ അവകാശം ലംഘിക്കുന്ന തരത്തില്‍ ഒന്നും ക്ഷേത്രത്തില്‍ നടന്നിട്ടില്ല’ എന്ന് ക്ഷേത്രം ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ സെക്രട്ടറി ആര്‍ രാജേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ കോടതി വിധി ലംഘിച്ചും ആചാരം നടത്തിയതുകൊണ്ടാണ് ഇത്തവണയും കേസ് എടുത്തിട്ടുള്ളതെന്ന് മാവേലിക്കര പോലീസ് പറയുന്നു. ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നാല്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസന്വേഷണം എന്തുകൊണ്ട് മുന്നോട്ട് പോയില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല. തെളിവുകളോ സാക്ഷിയോ ഇല്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടി എന്ന ന്യായമാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പോലീസ് വിശദീകരണം ഇങ്ങനെ, ‘ബാലാവകാശ കമ്മീഷനും ഹൈക്കോടതിയും ഉത്തരവിട്ടതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പോലീസ് നല്‍കിയിരുന്നു. കഴിഞ്ഞ തവണ ആചാരം നടത്തിയത് കോടതിയലക്ഷ്യമായതിനാല്‍ കേസ് ചാര്‍ജ് ചെയ്തു. ഇത്തവണയും കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തും. പോലീസ് ഇക്കാര്യം വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. തക്കതായ നടപടികള്‍ സ്വീകരിക്കും. തെളിവുകളോ സാക്ഷിമൊഴികളോ ലഭിക്കാത്തതാണ് കഴിഞ്ഞ വര്‍ഷം കേസ് അന്വേഷണം തടസ്സപ്പെടാന്‍ കാരണം. സാക്ഷികള്‍ ആരും മൊഴി നല്‍കാന്‍ തയ്യാറാല്ല. ആരും പരാതിപ്പെടാനുമില്ല. തെളിവോ സാക്ഷികളോ ഉണ്ടെങ്കിലല്ലേ പോലീസിന് നടപടി സ്വീകരിക്കാന്‍ പറ്റൂ. സാക്ഷി പറാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാണ്. പോലീസിന് നിര്‍ബന്ധിച്ച് സാക്ഷി പറയിക്കാന്‍ കഴിയില്ലല്ലോ?’

എന്നാല്‍ പോലീസും ക്ഷേത്രഭരണ സമിതിയും ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. മനുഷ്യ ബലിയുടെ ആധുനിക രൂപമായാണ് ചൂരല്‍ മുറിയല്‍ വിശേഷിപ്പിക്കപ്പെടുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് ബാലന്‍മാരെ ദത്തെടുത്ത് ഏഴ് ദിവസം ആചാരാനുഷ്ഠാനങ്ങളില്‍ പരിശീലനം നല്‍കിയാണ് ചൂരല്‍ മുറിയലിനായി ഒരുക്കുന്നത്. ചിലര്‍ സ്വന്തം മക്കളെ തന്നെ ചൂരല്‍മുറിയലിനായി നല്‍കുമെങ്കിലും ബഹുഭൂരിപക്ഷവും ദരിദ്രകുടുംബങ്ങക്ക് ലക്ഷങ്ങള്‍ നല്‍കിയും സ്വര്‍ണവും സ്വത്തുക്കളും വാങ്ങി നല്‍കിയും കുട്ടികളെ ദത്തെടുത്ത് കുത്തിയോട്ടം നടത്താറുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ രാമചന്ദ്രന്‍ പറയുന്നത്, ‘നേര്‍ച്ചക്കോഴികളെ പൊന്നും വിലയും കൊടുത്ത് വാങ്ങുകയാണ് പലരും. മനുഷ്യക്കുരുതിയുടെ സിംബോളിക് വേര്‍ഷനാണ് ചൂരല്‍ മുറിയല്‍. പണ്ട് കാലങ്ങളില്‍ ചൂരല്‍ ചീന്തി അതായിരുന്നു ശരീരത്തില്‍ കോര്‍ക്കുന്നത്. പിന്നീട് അത് ലോഹനൂലുകളായി. മിക്കപ്പോഴും സ്വര്‍ണനൂലായിരിക്കും. ചിലരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് വെള്ളി നൂലാവും. ഒറ്റ കുത്തിയോട്ടവും ഇരട്ട കുത്തിയോട്ടവുമുണ്ട്. ഒറ്റക്കുത്തിയോട്ടത്തിന് രണ്ട് കുട്ടികളെയാണ് ‘ബലി’ കൊടുക്കുന്നതെങ്കില്‍ ഇരട്ട കുത്തിയോട്ടത്തിന് നാല് കുട്ടികളെയാണ്. പാവപ്പെട്ട വീടുകളില്‍ നിന്നാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ദത്തെടുക്കുന്നത് പോലെ തന്നെയാണ്. ചിലര്‍ വിദ്യാഭ്യാസ ചെലവ് മുഴുവന്‍ വാഗ്ദാനം ചെയ്യും. മറ്റുചിലര്‍ കുട്ടികളെ വിട്ടുകിട്ടാനായി ലക്ഷങ്ങള്‍ നല്‍കും. അല്ലെങ്കില്‍ സ്വര്‍ണമോ ഭൂമിയോ നല്‍കും. ഏഴ് ദിവസം സ്വന്തം കുടുംബത്തില്‍ നിന്ന് വഴിപാട് നടത്തുന്നയാളുടെ കുടുംബത്തോടൊപ്പമോ അല്ലെങ്കില്‍ അവര്‍ ഒരുക്കുന്നയിടങ്ങളിലോ ബാലന്‍മാര്‍ മാറി നില്‍ക്കണം. ഈ ദിവസങ്ങളില്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ പ്രത്യേക ആശാന്‍മാരുമുണ്ട്. ഇവര്‍ കഠിന പരിശീലനം നല്‍കി കുത്തിയോട്ട ചുവടടക്കം പഠിപ്പിക്കും. ഏഴാംദിവസം ലോഹ നൂല്‍ സൂചിയില്‍ കോര്‍ത്ത് ശരീരത്തില്‍ കോര്‍ത്തിടും. ഇടുപ്പിന്റെ ഇരുവശങ്ങളിലും ലോഹനൂല്‍ കുരുക്കിയിടും. ഇവരെ കിലോമീറ്ററുകള്‍ നടത്തിച്ച് ക്ഷേത്ര സന്നിധിയില്‍ എത്തിക്കും. പക്ഷെ ക്ഷേത്രത്തിനകത്ത് ഈ കുട്ടികളെ പ്രവേശിപ്പിക്കില്ല എന്നതാണ് വേറൊരു കാര്യം. അവിടെ വച്ച് ലോഹനൂല്‍ ശരീരത്തില്‍ നിന്ന് ഊരിയെടുത്ത് ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതോടെ കുരുതി പൂര്‍ത്തിയാവും. ആചാരമായി വിശ്വസിക്കുന്നതിനാല്‍ പലരും ഇതിനെ എതിര്‍ക്കില്ല. ശരീരത്തിലേക്ക് ലോഹം തുളഞ്ഞുകയറുന്ന വേദനയില്‍ ചില കുഞ്ഞുങ്ങള്‍ അലറിക്കരയും. ചിലര്‍ അടക്കിപ്പിടിക്കും. പത്ത് വയസ്സില്‍ താഴെ, സ്വന്തം അഭിപ്രായം പോലും പറയാന്‍ കഴിയാത്ത പ്രായത്തിലാണ് കുഞ്ഞുങ്ങളെ ഈ വേലയ്ക്ക് വിട്ട് കൊടുക്കന്നതെന്ന് ഓര്‍ക്കണം. വേദനിക്കുന്ന ആചാരമായതുകൊണ്ടാണ് പലരും സ്വന്തം കുഞ്ഞുങ്ങളെ ഇതിന് തിരഞ്ഞെടുക്കുന്നത്. മിക്കപ്പോഴും അവര്‍ണ സമുദായത്തില്‍ നിന്നുള്ളവരായിരിക്കും ഈ വിലകൊടുത്ത് ദത്തെടുക്കുന്ന കുഞ്ഞുങ്ങള്‍. ഇത് പണ്ട് കാലത്ത് നിലനിന്നിരുന്ന അസമത്വത്തിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്ന ഒന്നാണ്. പക്ഷെ കോടതിവിധിയുള്ളപ്പോള്‍ പോലീസിന് ഇത് നിയന്ത്രിക്കാം. ഈ ആചാരം ഇവിടെ നടക്കില്ല എന്ന് കര്‍ക്കശമായി പറയാം. അത് ചെയ്തില്ല. നോട്ടീസ് കൊടുത്തതുകൊണ്ടോ നിര്‍ദ്ദേശം കൊടുത്തതുകൊണ്ടോ ഇവിടെ ദുരാചാരം മാറുമോ? അതിനല്ലേ നിയമവും നിയമപാലകരും. തെളിവില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ്. ഇത്തവണയും ആചാരം തുടര്‍ന്നതുകൊണ്ടാണല്ലോ കേസ് ചാര്‍ജ് ചെയ്തത്. കേസ് ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് ആചാരം നടത്തുന്നത് പോലീസിന് തടയാം. അതിന് കഴിഞ്ഞില്ലെങ്കില്‍ ഫോട്ടോ എങ്കിലും എടുത്ത് കയ്യില്‍ തെളിവായി സൂക്ഷിക്കാം. ഇതൊന്നും ചെയ്യാതെ ഭരണസമിതിക്ക് കൂട്ടുനില്‍ക്കുകയാണ് പോലീസ്.’

മഹിഷാസുരന്റെ മുറിവേറ്റ ഭടന്‍മാരായാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന ബാലന്‍മാരെ കണക്കാക്കുകയെന്ന് കുത്തിയോട്ടം പരിശീലകര്‍ പറയുന്നു. ഐതിഹ്യവും ആചാരവും എല്ലാം കൂടിക്കലര്‍ന്ന ഒന്നാണ് കുത്തിയോട്ടവും ചൂരല്‍ മുറിവും. ഭഗവതിക്ക് രക്തം ഇഷ്ടമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞുങ്ങളുടെ പച്ചമാംസം തുളച്ചുവേണോ ദേവിയുടെ ഇഷ്ടം നടത്താനെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ചോദിക്കുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍