UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എരിതീയില്‍ എണ്ണ ഒഴിക്കുന്ന കത്തോലിക്കാ സഭ

Avatar

സന്ദീപ് വെള്ളാരംകുന്ന്

സാഹോദര്യവും സമത്വവുമാണ് നാളേക്ക് ആവശ്യമെന്ന സന്ദേശവുമായി കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകമെമ്പാടും മാനവരിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ കേരളത്തില്‍ സഭയിലെ ചിലര്‍ വര്‍ഗീയത പറയാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയും ഫാദര്‍ പോള്‍ തേലക്കാട്ടും കാഞ്ഞിരപ്പള്ളി രൂപതയുടെ ലെയ്റ്റി വോയ്‌സ് എന്ന പ്രസിദ്ധീകരണവുമെല്ലാം തങ്ങളുടെ മിടുക്ക് കാണിക്കാനുള്ള പുറപ്പാടിലുമാണ്.കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും ചെലവാകുന്ന വസ്തു വര്‍ഗീയതയാണെന്ന് എല്ലാവരും കരുതുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. വെള്ളാപ്പള്ളി മുതല്‍ കത്തോലിക്കാ സഭ വരെ.

തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയാണ് ആദ്യം വര്‍ഗീയ പരമാര്‍ശവുമായി രംഗത്തു വന്നത്. കത്തോലിക്കരായ സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിച്ചില്ലെന്നും തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ഇതിനെല്ലാം ഉത്തരവാദികളായ കോണ്‍ഗ്രസിനെ അടുത്ത തെരഞ്ഞെടുപ്പില്‍ കാണിച്ചു തരാമെന്നുമായിരുന്നു കത്തോലിക്കാ സഭയുടെ ഭീഷണി. ഇത്തരം പരാമര്‍ശങ്ങളോട് പോയി പണി നോക്കാന്‍ പറയുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്ന ആദര്‍ശ ധീരനും ആത്മാഭിമാനം അടിയറ വയ്ക്കാത്തയാളുമായ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ സഭയുടെ കീഴില്‍ സാഷ്ടാംഗം പ്രണമിക്കുന്നതാണ് തുടര്‍ന്ന് കേരളം കണ്ടത്. സഭ പറയുന്നവരല്ല ഭരണം നടത്തേണ്ടതെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഭരണം നടത്തേണ്ടതെന്നും പറയാന്‍ സുധീരനു കഴിഞ്ഞില്ല. ഇതിനു പിന്നാലെ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഷെവലിയാര്‍ വിസി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ലെയ്റ്റി വോയ്‌സ് കേരളത്തില്‍ താഴ്ന്ന സമുദായത്തില്‍പ്പെട്ടവര്‍ ഇപ്പോള്‍ ഉടുത്തൊരുങ്ങി നടക്കുന്നുണ്ടെങ്കില്‍ അത് തങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ സംഭാവന കൊണ്ടാണെന്നത് മറക്കരുതെന്ന് വീമ്പടിച്ചു. നിങ്ങള്‍ വലതു കൈകൊണ്ട് ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് പറഞ്ഞ ക്രിസ്തുവിന്റെ അനുയായികളാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ വന്നതുകൊണ്ടാണ് പിന്നോക്ക സമുദായങ്ങള്‍ക്ക് മേല്‍ഗതിയുണ്ടായെന്ന് വിളിച്ചു കൂവുന്നത്.

ചാവറയച്ചനും മദര്‍ തെരേസയും പിന്തുടര്‍ന്ന പാതയിലാണോ ഇന്നും സഭാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കാതെയാണ് ന്യൂനപക്ഷ സമുദായങ്ങളുടെ സംഭാവനയെപ്പറ്റി ലെയ്റ്റി വോയ്‌സ് ഊറ്റം കൊള്ളുന്നത്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ സമരങ്ങള്‍ കത്തി നിന്ന കാലത്ത് അന്നു കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് വിദേശ ഫണ്ട് കൈപ്പറ്റിയാണ് പരിസ്ഥിതി റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് എഴുതിയ ലെയ്റ്റി വോയ്‌സിന് എതിരെ ജയറാം രമേശ് കേസു കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മാപ്പു പറഞ്ഞ് തടിയൂരുകയായിരുന്നു.

കത്തോലിക്കാ സഭയില്‍ കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രം പ്രതികരിക്കുന്നയാള്‍ എന്നു പൊതു സമൂഹം കരുതുന്ന ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ വകയാണ് അടുത്ത വര്‍ഗീയ പരാമര്‍ശം. ഹിന്ദുക്കള്‍ക്കു ശ്രീലങ്കന്‍ പാരമ്പര്യമാണ് ഉള്ളതെന്നും ഏക ദൈവത്തില്‍ വിശ്വസിക്കാത്തതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഫാദര്‍ പോള്‍ തേലക്കാട്ട് ആ ലേഖനത്തിലൂടെ ഒരു സത്യം വിളിച്ചു പറഞ്ഞത് ആരും വേണ്ടത്ര മനസിലാക്കിയുമില്ല. കേരളത്തില്‍ പാവപ്പെട്ടവര്‍ക്കും പിന്നോക്ക ജാതിക്കാര്‍ക്കും കൃഷി ഭൂമി സ്വന്തമായി ലഭിച്ചതും ജീവിത നിലവാരം മാറിയതും കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ഭൂപരിഷ്‌കരണ നിയമമായിരുന്നു എന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് സമ്മതിക്കുന്നു. എക്കാലവും കമ്യൂണിസ്റ്റ് വിരുദ്ധത മുഖമുദ്രയാക്കിയിട്ടുള്ള കത്തോലിക്കാ സഭയിലെ ഒരു വൈദികന്‍ തന്നെ ചരിത്ര സത്യങ്ങള്‍ തുറന്നു സമ്മതിക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. 

ഭൂപരിഷ്‌കരണ നിയമം വന്നതോടെയാണ് കേരളത്തില്‍ അടിമകളെ പോലെ പണി ചെയ്തിരുന്നവര്‍ക്ക് സ്വന്തമായി ഭൂമി ലഭിച്ചതും അവരുടെ ജീവിത നിലവാരം മാറി മറിഞ്ഞതും. അതേ ഭൂപരിഷ്‌കരണ നിയമമാണ് ഇന്നും കേരള സര്‍ക്കാര്‍ ഹാരിസണ്‍ മലയാളം എന്ന വമ്പന്‍ പ്ലാന്റേഷന്‍ കമ്പനിക്കെതിരേ നടത്തിയ നിയമ പോരാട്ടത്തില്‍ നിര്‍ണായകമായതെന്നു കൂടി ഫാദര്‍ പോള്‍ തേലക്കാട്ട് അറിഞ്ഞിരിക്കേതുണ്ട്.

എല്ലാ വര്‍ഗീതയെയും ഇല്ലാതാക്കാന്‍ ഒരു പ്രളയത്തിനു കഴിയുമെന്നത് ചെന്നൈയിലെ പ്രളയം നമുക്കു മുന്നിലുള്ള പാഠമാണ്. സമ്പന്നനും ദരിദ്രനും ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവുമെല്ലാം താമസം ഭക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങളിലേക്ക് ചുരുങ്ങിപ്പോകുന്ന കാഴ്ചയും നാം കണ്ടു. നരേന്ദ്ര മോദി പ്രധാന മന്ത്രിയായപ്പോള്‍ മോദിയെ കര്‍ത്താവ് അയച്ചതാണെന്നും മോദി കര്‍ത്താവിന്റെ ദാസനാണെന്നും സഭാ പ്രസിദ്ധീകരണം ലേഖനമെഴുതിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസിലായതോടെ ഇപ്പോള്‍ വര്‍ഗീതയെന്ന് പറഞ്ഞ് നിലവിളിച്ചിട്ടു കാര്യമില്ലായെന്നു പോലും ലേഖനമെഴുതുന്നവര്‍ മനസിലാക്കുന്നുമില്ല. പ്രസ്താവനകള്‍ വിവാദമാകുമ്പോള്‍ സഭയുടെ നിലപാടല്ല എന്നു പറഞ്ഞ് നേതൃത്വം മുഖം രക്ഷിക്കുമ്പോള്‍ ഇത്തരക്കാരെ ആരു നിലയ്ക്കു നിര്‍ത്തുമെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍