UPDATES

ട്രെന്‍ഡിങ്ങ്

വിദേശഫണ്ട് വാങ്ങുന്നതില്‍ മുന്നില്‍ കേരള ക്രിസ്ത്യന്‍ എന്‍ജിഒ; രണ്ടാമത് ആര്‍എസ്എസ് അനുകൂല സംഘടന

2015-16 വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വിദേശഫണ്ട് സ്വീകരിച്ചിരിക്കുന്നത് അയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ എന്‍ജിഒയാണ്.

രാജ്യത്ത് ഏറ്റവുമധികം വിദേശ ഫണ്ട് സ്വീകരിക്കുന്നത് ക്രിസ്ത്യന്‍ എന്‍ജിഒകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-16 വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വിദേശഫണ്ട് സ്വീകരിച്ചിരിക്കുന്നത് അയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ എന്‍ജിഒയാണ്. 826 കോടി രൂപയാണ് 2015-2016 കാലത്ത് വിദേശത്ത് നിന്ന് അയനയ്ക്ക് ലഭിച്ചിരിക്കുന്നത്. എഫ്‌സിആര്‍എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) അഥവാ വിദേശസംഭാവന നിയന്ത്രണ ചട്ട പ്രകാരം സ്വീകരിച്ചിരിക്കുന്ന ഫണ്ടുകള്‍ സംബന്ധിച്ച കണക്കുകളാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ളത്.

അമേരിക്കന്‍ എന്‍ജിഒ ആയ ഗോസ്പല്‍ ഫോര്‍ ഏഷ്യയില്‍ നിന്നാണ് പ്രധാനമായും അയന അടക്കമുള്ള എന്‍ജിഒകള്‍ ഫണ്ട് സ്വീകരിച്ചിരിക്കുന്നത്. ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തക സാധ്വി ഋതംബരയുടെ നേതൃത്വത്തിലുള്ള പരംശക്തി പീഠ് ആണ് വിദേശഫണ്ട് വാങ്ങുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, സംഘപരിവാര്‍ അനുകൂല എന്‍ജിഒ ആയ പരംശക്തി പീഠിന് 2015-16 വര്‍ഷത്തില്‍ 417 കോടി രൂപയാണ് വിദേശഫണ്ടായി കിട്ടിയിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളത്തില്‍ നിന്ന് തന്നെയുള്ള, കെപി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ഇന്ത്യ (342 കോടി). പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് മാത്രം ബിലിവേഴ്‌സ് ചര്‍ച്ചിന് 500 കോടി രൂപ കിട്ടിയതായി പറയുന്നു. ഇങ്ങനെ മൊത്തം 842 കോടി രൂപ. നാലാം സ്ഥാനത്ത് വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന മറ്റൊരു ക്രിസ്ത്യന്‍ സംഘടന.

അമേരിക്കയിലെ ടെക്‌സാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ മറ്റൊരു പതിപ്പാണ് അയന ചാരിറ്റബിള്‍ ട്രസ്റ്റ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കാനഡയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. 94 മില്യണ്‍ ഡോളര്‍ തട്ടിയതായാണ് പരാതി. 2007നും 2014നുമിടയ്ക്ക് ഈ തുക ഇന്ത്യയിലേയ്ക്ക് അയച്ചതായി പറയുന്നുണ്ടെങ്കിലും കൃത്യമായ വിവരമോ കണക്കോ ഇല്ല. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഹോങ്കോങ് ഘടകത്തില്‍ നിന്നാണ് പണം ലഭിക്കുന്നതെന്നാണ് അയന ട്രസ്റ്റ് പറയുന്നത്.

പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെപി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ച് ഏതാനും വര്‍ഷങ്ങളായി വിദേശഫണ്ട് സ്വീകരിക്കുന്ന സംഘടനകളുടെ പട്ടികയില്‍ മുന്നിലുണ്ട്. 2013-14ല്‍ 113 കോടി രൂപയും 2014-15ല്‍ 125 കോടിയുമാണ് ബിലിവേഴ്‌സ് ചര്‍ച്ചിന് വിദേശ സംഭാവനയായി ലഭിച്ചത്. വിദേശത്തുള്ള പ്രാദേശിക സ്രോതസുകളില്‍ നിന്ന് ലഭിച്ചതായി ബിലിവേഴ്‌സ് ചര്‍ച്ച് അവകാശപ്പെടുന്ന 500 കോടി രൂപ എഫ്‌സിആര്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്ത എന്‍ജിഒകളില്‍ നിന്ന് സ്വീകരിച്ചതാണോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റേയും പ്രധാന ദാതാവ്. ഗോസ്പല്‍ ഫോര്‍ ഏഷ്യയില്‍ കെപി യോഹന്നാന് വലിയ നിയന്ത്രണമുണ്ടെന്നതാണ് മറ്റൊരു കാര്യം. യോഹന്നാന്‍ ഇപ്പോള്‍ ടെക്‌സാസിലാണുള്ളത്. ബ്രൂസ് മോറിസണ്‍ എന്ന നോവ സ്‌കോട്ടിയ പുരോഹിതന്‍ പറയുന്നത് കെപി യോഹന്നാന്‍ കോടിക്കണക്കിന് ഡോളര്‍ അമേരിക്കയടക്കുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് സമാഹരിച്ച് കേരളത്തില്‍ വലിയ തോതില്‍ ഭൂസ്വത്തായും ഇന്ത്യന്‍ ബാങ്കുകളില്‍ പണമായും നിക്ഷേപിച്ചിട്ടുണ്ടെന്നാണ്.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വിഷന്‍ ഇന്ത്യയ്ക്ക് 319 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം കിട്ടിയിരിക്കുന്നത്. കെയര്‍ ഇന്ത്യ സൊലൂഷന്‍സ് ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ്, റൂറല്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ്, കിരണ്‍ നദര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ദ ഹാന്‍സ് ഫൗണ്ടേഷന്‍ ആന്‍ഡ് ബക് രക്ഷ ട്രസ്റ്റ് എന്നിവയാണ് വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

അമേരിക്കന്‍ എന്‍ജിഒ ആയ കംപാഷന്‍ ഇന്റര്‍നാഷണലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപാഷന്‍ ഈസ്റ്റ് ഇന്ത്യക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും തുടര്‍ന്ന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കംപാഷന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 2014-15 വര്‍ഷത്തില്‍ കേരളത്തിലെ ആതുര സേവന സംഘടനകളും എന്‍ജിഒകളും സ്വീകരിക്കുന്ന പണത്തിന്റെ അളവില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കക്കുകള്‍ വ്യക്തമാക്കുന്നത്. 2013-14ല്‍ സംസ്ഥാനത്ത് എത്തിയ വിദേശ ഫണ്ട് 966 കോടി രൂപയായിരുന്നെങ്കില്‍ 2014-15ല്‍ ഇത് 2509 കോടി രൂപയായി കുത്തനെ ഉയര്‍ന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍