UPDATES

ട്രെന്‍ഡിങ്ങ്

പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

പള്ളിയിലും ഇടവകയിലും ഞാന്‍ ഇത്രനാളും ചെയ്തു പോന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി തുടരേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനല്ലേ വിലക്ക് എന്നു പറയുന്നത്!

“ഒരു കന്യാസ്ത്രീ പരിമിതികള്‍ ഉള്ളവളാണോ, എല്ലാവര്‍ക്കും വിധേയപ്പെട്ട് നില്‍ക്കേണ്ടവളാണോ? ഇത്തരം ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ പലരും ഉന്നയിക്കുകയും ചര്‍ച്ച ചെയ്യുകയുമൊക്കെ ഉണ്ടായി. കന്യാസ്ത്രീ ജീവിതത്തെ സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഞാനിപ്പോള്‍ നേരിട്ട ഈ അനുഭവം. എല്ലാവര്‍ക്കുമത് വ്യക്തമായി മനസിലായിക്കാണുമല്ലോ!” സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വാക്കുകള്‍.

മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗ്രേഷനിലെ അംഗമായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തില്‍, ഇരയായ കന്യാസ്ത്രീക്ക് തന്റെ പരസ്യ പിന്തുണ പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയ സിസ്റ്റര്‍ ലൂസിയെ ഇടവക ശുശ്രൂഷകളില്‍ നിന്നെല്ലാം വിലക്കിയിരിക്കുകയാണ്. മിഷണറീസ് ഓഫ് ജീസസിലെ അഞ്ച് കന്യാസ്ത്രീമാര്‍ 14 ദിവസം എറണാകുളത്ത് നടത്തി വന്ന സമരത്തില്‍ പങ്കെടുത്തതും സമരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കാളിയായതും കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായതുമൊക്കയാണ് എഫ് സി സി സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരേയുള്ള കുറ്റങ്ങള്‍!

“ഞായറാഴ്ച രാവിലെ അഞ്ചരയ്ക്കാണ് എറണാകുളത്തു നിന്നും മഠത്തില്‍ എത്തുന്നത്. വാതില്‍ തുറന്ന് അകത്തു കയറ്റിയ മദര്‍ എന്നോട്, സിസ്റ്റര്‍ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. ഞാനൊന്നു ഫ്രഷ് ആയിട്ട് വരാമെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ പറഞ്ഞു, മദര്‍ പറഞ്ഞോളൂ എന്ന്. എനിക്ക് പറയാന്‍ വിഷമുണ്ടെന്നാണ് മദര്‍ ആദ്യം പറഞ്ഞത്, അത് കുഴപ്പമില്ല എന്താണെന്നു വച്ചാല്‍ പറഞ്ഞോളൂ എന്നു ഞാന്‍ പറഞ്ഞപ്പോഴാണ് എന്നെ ഇടവക ശുശ്രൂഷകളില്‍ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനം ഉണ്ടെന്ന് മദര്‍ അറിയിക്കുന്നത്. പള്ളിയില്‍ ഞാന്‍ ചെയ്‌തോണ്ടിരുന്ന ശുശ്രൂഷകളുണ്ട്, ഇടവകയിലെ കുടുംബ യൂണിറ്റ്, പ്രാര്‍ത്ഥന കൂട്ടായ്മകള്‍, കുടുംബ സന്ദര്‍ശനം, വേദപാഠം പഠിപ്പിക്കല്‍, വിശുദ്ധ കുര്‍ബാന നല്‍കല്‍, കെ സി വൈ എമ്മിന്റെ ചാര്‍ജ് ഇങ്ങനെയുള്ള ഇടവകയിലെ എല്ലാ പ്രവര്‍ത്തത്തനങ്ങളിലും സജീവ പ്രവര്‍ത്തകയായിരുന്നു ഞാന്‍. ഇനി ഇതൊന്നും ഞാന്‍ ചെയ്യേണ്ടതില്ലെന്നായിരുന്നു അറിയിപ്പ്. ഇടവകയിലെ അച്ചനാണ് ഇക്കാര്യം പറഞ്ഞതെന്നാണ് മദര്‍ അറിയിച്ചത്. അച്ചന്‍ കഴിഞ്ഞ രണ്ടു മാസമായി ഇവിടെയില്ലായിരുന്നു. കഴിഞ്ഞ ദിവസമാണ് എത്തിയത്. എന്നോട് ഈ കാര്യം നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും ഇടവക ചാര്‍ജ്ജുകാരുടെ സംഘത്തിന്റെതായിരിക്കണം ഈ തീരുമാനം എന്നാണ് കരതുന്നത്.

ഒരു മഹാസ്ഥാനത്തിരുന്ന വ്യക്തി അബലയായ ഒരു കന്യാസ്ത്രീയെ പതിമൂന്നു തവണ ബലാത്സംഗം ചെയ്തിട്ട് അതിനെതിരേ ശബ്ദമുയര്‍ത്താന്‍ സഭയ്ക്ക് കഴിഞ്ഞിട്ടില്ല. ആജീവനാന്തം മുറിവേറ്റ കന്യാസ്ത്രീയുടെ, സഭയില്‍ നിന്നും ആരും പിന്തുണയ്ക്കാനില്ലാത്ത അബലയായ ആ കന്യാസ്ത്രീയുടെ അടുത്ത് ചെല്ലാനും അവര്‍ക്ക് പിന്തുണ കൊടുക്കണമെന്നും എനിക്കു തോന്നി. അതിനു പിന്നാലെ ചാനലുകളിലെ ചര്‍ച്ചകളിലും പങ്കെടുക്കേണ്ടി വന്നു. പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി ശബ്ദമുയര്‍ത്താത്തവര്‍ എന്റെ പേരില്‍ എത്ര വേഗമാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ എല്ലാവരും പറയുകയും ചോദിക്കുകയുമൊക്കെ ഉണ്ടായതാണ്; കന്യാസ്ത്രീക്ക് പരമിതികളുണ്ടോ? എല്ലാവര്‍ക്കും വിധേയപ്പെട്ട് നില്‍ക്കേണ്ടവളാണോ എന്നൊക്കെ. ഇതിനൊക്കെയുള്ള വ്യക്തമായ മറുപടി ഞാന്‍ നേരിട്ട ഈ അനുഭവത്തിലൂടെ എല്ലാവര്‍ക്കും മനസിലാകും. എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഒഴിവാക്കുന്നതെന്ന് മനസിലാക്കി തന്നിട്ട് ഒഴിവാക്കുകയാണെങ്കില്‍ അത് സന്തോഷം. ഇതുവരെ സജീവമായി എന്റെ കടമകള്‍ ചെയ്തു പോന്നിരുന്നൊരാളാണ് ഞാന്‍. എന്റെ ഉത്തരവാദിത്വങ്ങളില്‍ ഒരു ഉഴപ്പും ഞാനിതുവരെ കാണിച്ചിട്ടില്ല. മുഖമുള്ള പുസ്തകമാണ് ഫേസ്ബുക്ക്. അതില്‍ മുഖമില്ലാത്തവരായിട്ടുള്ള ചിലരാണ് ഞാന്‍ സഭാനിയമങ്ങളൊക്കെ തെറ്റിച്ചെന്ന് ആരോപണം ഉന്നയിക്കുന്നത്. ആ ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി പറയുന്നില്ല”; തനിക്കെതിരേയുള്ള നടപടിയുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ പ്രതികരണമാണിത്.

സിസ്റ്റര്‍ ലൂസിക്കെതിരേ സഭ നടപടികള്‍ ഉണ്ടായെന്ന വാര്‍ത്ത കന്യാസ്ത്രീ സമരത്തിന്റെയും ഫ്രാങ്കോയുടെ അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ വിവാദമായതോടെ സിസ്റ്റര്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് കാരക്കാമല സെന്റ്. മേരീസ് ചര്‍ച്ചിലെ വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പ്രസ്താവനയിറക്കുകയുണ്ടായി. ഇതില്‍ പറയുന്നത് സിസ്റ്റര്‍ ലൂസിക്കെതിരേ നടപടികള്‍ സ്വീകരിച്ചു എന്ന വാര്‍ത്ത വ്യാജമാണെന്നാണ്. രൂപതയ്ക്ക് സി. ലൂസിക്കെതിരേ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരമില്ലെന്നും ഇടവക വികാരിയെന്ന നിലയില്‍ തനിക്കും യാതൊരു നടപടികള്‍ സ്വീകരിക്കാനുള്ള അധികാരമില്ലെന്നും അതേസമയം ഇടവകക്കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വും ഉറപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തി എന്ന നിലയില്‍ ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ അവരുടെ സുപ്പീരിയര്‍ വഴി പ്രസ്തുത വ്യക്തിയുടെ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നുമാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പ്രസ്താവനയില്‍ പറയുന്നത്.

നടപടികളൊന്നും സിസ്റ്റര്‍ ലൂസിക്കെതിരേ എടുത്തിട്ടില്ലെന്നു പറയുമ്പോഴും സൂസിക്കെതിരായ ‘കുറ്റങ്ങള്‍’ ഈ പ്രസ്താവനയില്‍ പൊതിഞ്ഞു പറയുന്നുണ്ട്. ഇടവകയില്‍ വിശ്വാസ പരിശീലനത്തിനും വിശുദ്ധ കുര്‍ബാന നല്‍കുന്നതിനും സേവനം ചെയ്തിരുന്ന സിസ്റ്റര്‍ ലൂസി അടുത്തിടെയായി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളില്‍ സന്നിഹിതയായും നടത്തിയ പരാമര്‍ശങ്ങള്‍ ഇടവകയിലെ വിശ്വാസ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാതെ വന്നുവെന്നും ഇതിലുള്ള പരാതികള്‍ നേരിട്ടും അല്ലാതെയും ഇടവക വികാരിയായ തന്നെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പറയുന്നത്. സിസ്റ്റര്‍ ലൂസിയെ പോലെ സഭാ വിശ്വാസങ്ങള്‍ക്കെതിരായ ആശയഗതി ഉള്ളവരില്‍ നിന്നും കുര്‍ബാന സ്വീകരിക്കുന്നതിലും വിശ്വാസ പരിശീലനത്തിന് കുട്ടികളെ അയയ്ക്കുന്നതിലും തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെന്നും ഇടവക ആലോചന സമിതിയില്‍ സംസരമുണ്ടായെന്നും ഇക്കാര്യം എഫ് സിസി കാരക്കാമല സന്ന്യാസ സമൂഹത്തിന്റെ സൂപ്പീരിയറെ അറിയിക്കുകയും അവര്‍ ഈ വിവരം സിസ്റ്റര്‍ ലൂസിയെ ധരിപ്പിച്ചിരുന്നുവെന്നും ഫാ. സ്റ്റീഫന്‍ പറയുന്നു.

സിസ്റ്റര്‍ ലൂസിക്കെതിരേയുള്ള നടപടിയെ സഭാ നിയമം അനുസരിച്ച് ന്യായീകരിക്കാനുള്ള ശ്രമവും ഫാ. സ്റ്റീഫന്റെ പ്രസ്താവനയിലുണ്ട്. ഇടവക വികാരിയുടെ നിര്‍ദ്ദേശാനുസരണം മാത്രമാണ് സാധാരണ ശ്രുശ്രൂഷകരായ വൈദികര്‍ക്കും ഡീക്കന്മാര്‍ക്കും പുറമെ അസാധാരണ ശുശ്രൂഷകരെ നിയമിക്കുന്നതെന്നും വിശുദ്ധ കുര്‍ബാന നല്‍കാനും വിശ്വാസ പരിശീലനം നല്‍കാനും ഇത്തരത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ ഇടവക സമൂഹത്തിനു സമ്മതരും സഭയുടെ നടപടിക്രമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരും ആയിരിക്കണമെന്ന് സഭ നിയമപ്രകാരം നിര്‍ബന്ധമുള്ള കാര്യമാണെന്നും ഫാ. സ്റ്റീഫന്‍ പറയുന്നതില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ വിലക്കിയതിന് ഉള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നാണ് പരോക്ഷമായി ചൂണ്ടിക്കാണിക്കുന്നത്.

Also Read: അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

എന്നാല്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലിന്റെ ഈ പ്രസ്താവന യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര അഴിമുഖത്തോട് പറഞ്ഞത്. കന്യാസ്ത്രീകള്‍ പരിമിതികള്‍ ഉള്ളവരും വിധേയപ്പെട്ടു നില്‍ക്കേണ്ടവരും ആയിത്തീരുന്നത് ഇത്തരക്കാരുടെ ഇടപെടലുകള്‍ മൂലമാണെന്നാണ് ലൂസി പറയുന്നത്. “വിലക്ക് വന്നതിനു പിന്നാലെ ഞാന്‍ മാധ്യമങ്ങളെ കണ്ട് സംസാരിച്ചത് മൊത്തം സഭയ്‌ക്കെതിരെയായിരുന്നില്ല. ഏതാനും പേരുടെ സ്വാര്‍ത്ഥതയ്ക്ക് കൂട്ടുനില്‍ക്കുന്ന വൈദികര്‍ക്കെതിരെയാണ് സംസാരിച്ചത്. ഈ ഇടവകയില്‍ ഒരുപാട് പേര്‍ എനിക്ക് പിന്തുണയുമായി ഇപ്പോഴുമുണ്ട്. ഭൂരിഭാഗവും എന്നെ പിന്തുണയ്ക്കുമ്പോള്‍ തന്നെയാണ് എനിക്കെതിരേ നടപടി ഉണ്ടായിരിക്കുന്നതും. അതിനു പിന്നില്‍ ചിലരുടെ താത്പര്യമാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് എനിക്ക് പറയാനാകും. ഇതിനു മുമ്പ് ഉണ്ടായിട്ടുള്ള ചില അനുഭവങ്ങളില്‍ നിന്നുകൂടിയാണ് ഞാനിങ്ങനെ പറയുന്നത്.

സഭാപരമായി എനിക്കെതിരേ ഒരു നടപടിയും എടുത്തിട്ടില്ലെന്നത് ശരിയായിരിക്കും. പക്ഷേ, പള്ളിയിലും ഇടവകയിലും ഞാന്‍ ഇത്രനാളും ചെയ്തു പോന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി തുടരേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനല്ലേ വിലക്ക് എന്നു പറയുന്നത്! ഇടവക വികാരിയുടെ പ്രസ്താവനയില്‍ യാതൊരു അടിസ്ഥാനവുമില്ല. ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ലെന്നു പറയുന്നത് വെറുതെയാണ്. ഇടവക പ്രാര്‍ത്ഥനയില്‍ പോലും എന്നെ പങ്കെടുപ്പിക്കുന്നില്ലെങ്കില്‍ ആ കാരണത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കേണ്ടതാണ്. സഭ വിശ്വാസികള്‍ എനിക്കെതിരേ പരാതി പറഞ്ഞു എന്ന് പ്രസ്താവനയില്‍ പറയുന്നത് വെറുതെയാണ്. പരാതി പറഞ്ഞവര്‍ എനിക്കെതിരേ മുമ്പ് തന്നെ എഴുതിയവരും എഴുതിച്ചവരും തന്നെയാണ്. ഞാന്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായതൊക്കെ സഭ വിരുദ്ധപ്രവര്‍ത്തനമായി പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ്? മാധ്യമങ്ങളിലൂടെ സുവിശേഷ പ്രഘോഷണം നല്‍കുന്നതിന് മുഖ്യ പരിഗണന കൊടുക്കുന്നുണ്ട് സഭ. എല്ലാ മാധ്യമങ്ങളും ഉപയോഗിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. മാധ്യമങ്ങളുടെ പിറകിലേ നില്‍ക്കാവൂ എന്ന് ഒരു സഭയും പറയുന്നില്ല. അതുകൊണ്ടൊക്കെ ഇപ്പോള്‍ എനിക്കെതിരേ പറയുന്ന ആരോപണങ്ങള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ല.

ഫ്രാങ്കോ തെറ്റ് ചെയ്യുന്നത് നമ്മളാരും കണ്ടിട്ടില്ല. പക്ഷേ, പൊലീസ് അന്വേഷണം കഴിയുന്നതിനു മുന്നേ നമുക്ക് മനസിലായതല്ലേ അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെന്ന്. എനിക്കത് വ്യക്തമായി മനസിലായ കാര്യമാണ്. അതുകൊണ്ടാണ് ഇത്ര ധൈര്യത്തോടെ ഞാന്‍ നീതിക്കുവേണ്ടി പോരാടുന്നവര്‍ക്കൊപ്പം നിന്നത്. തെറ്റും ശരിയും നമുക്ക് സ്വയം മനസിലാക്കാന്‍ കഴിയണം. ഇടവക വികാരിയുടെ പ്രസ്താവനയിലെ ശരി തെറ്റുകളും എനിക്ക് മനസിലാക്കാന്‍ കഴിയും. വിശ്വാസികളുടെ നിര്‍ദേശം ഇടവക വികാരി സൂപ്പീരിയറെ അറിയിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്. നിര്‍ദേശമല്ല, തീരുമാനാണ് അറിയിച്ചത്. വിശ്വാസികള്‍ക്ക് ഒരിക്കലും തീരുമാനം എടുക്കാന്‍ കഴിയില്ല. തീരുമാനം എടുത്തിരിക്കുന്നത് വികാരിയച്ചനോ സൂപ്പീരിയറോ ആയിരിക്കാം. ഇവരില്‍ ഒരാളുടെ തീരുമാനമാണ് എന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതാരാണെന്ന് അവര്‍ വ്യക്തമാക്കേണ്ടതുമുണ്ട്.

എനിക്ക് വിലക്കാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടും അവരെന്തിനാണ് യാതൊരു പ്രതികാര നടപടിയും എടുത്തിട്ടില്ലെന്നു പറയുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്. ഈ ഇടവകയില്‍ ഞാന്‍ വന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷവും ഞാന്‍ ചെയ്‌തോണ്ടിരുന്ന കാര്യങ്ങള്‍ ഇനി ചെയ്യേണ്ടെന്നു പറഞ്ഞിട്ട് എനിക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നു പറയുന്നതിലെ യുക്തി എന്താണ്? വിലക്ക് വന്ന ഞായറാഴ്ച ഞാന്‍ കുര്‍ബാനയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. വേദപാഠം പഠിപ്പിക്കാന്‍ എനിക്ക് പോകാന്‍ പറ്റിയില്ല, എന്നോട് പോകേണ്ടെന്നു പറഞ്ഞു. വിശുദ്ധ കുര്‍ബാന കൊടുക്കേണ്ടതായിരുന്നു, അതിനും കഴിഞ്ഞില്ല. ഞാനായിരുന്നു കുര്‍ബാന സ്വീകരിക്കാന്‍ പരിശീലനം നല്‍കിയിരുന്നത്, അതിനും എനിക്ക് പറ്റിയില്ല. വചന പ്രഘോഷണത്തിന് നേതൃത്വം നല്‍കിയിരുന്നതും ഞാനായിരുന്നു, അതിനും എനിക്ക് പറ്റിയില്ല. എനിക്ക് പള്ളിയില്‍ തന്നെ പോയി ശുശ്രൂഷകള്‍ ചെയ്യണമെന്നില്ല. ഏതെങ്കിലും പാവപ്പെട്ട വീട്ടില്‍ പോയാലും ഞാന്‍ അതിലും നന്നായി വിശ്വാസ പ്രഘോഷണം നടത്തും. എന്നോട് ഇങ്ങനെ ചെയ്തവരോടൊന്നും യാതൊരു വെറുപ്പും ഇല്ല, എല്ലാവരേയും ഞാനിപ്പോഴും സ്‌നേഹിക്കുകയാണ്. എല്ലാവരേയും സ്‌നേഹിക്കാനാണ് ജീവിതത്തില്‍ ഇതുവരെ ഞാന്‍ ശീലിച്ചു പോന്നത്. ഇനിയും അങ്ങനെയായിരിക്കും. പക്ഷേ, എന്റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചു തന്നെ നില്‍ക്കും. പേടിച്ച് ഞാന്‍ തളര്‍ന്നുപോകില്ല”; സിസ്റ്റര്‍ ലൂസി പറഞ്ഞു നിര്‍ത്തുന്നു.

‘ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

ഫ്രാങ്കോയുടെ അറസ്റ്റ്; ‘പഴുതടച്ചുള്ള’ അന്വേഷണത്തിന്റെ ആഘോഷം ഇപ്പോള്‍ വേണോ? ജാമ്യം തടയാന്‍ പോലും പൊലീസിന് കഴിയുമോയെന്ന് നോക്കണ്ടേ!

‘തോല്‍ക്കുന്ന സമരങ്ങളിലെ പോരാളികള്‍’ ജയിക്കുമ്പോള്‍

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

‘സ്ഥലത്തെ പ്രധാന കോഴി’; ഡോ. ഫ്രാങ്കോ അറസ്റ്റില്‍; ട്രോളില്‍ നിലതെറ്റി ദീപിക

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍