സര്‍ക്കാരിന് കൈമാറണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസ്
ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സിറ്റിറ്റിയൂഷന്‍സ് ബില്‍ സര്‍ക്കാരിന് കൈമാറണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസ്. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചതിന് ശേഷമാവും കമ്മീഷന്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുക എന്നും കെ ടി തോമസ് അഴിമുഖത്തോട് പറഞ്ഞു. ചര്‍ച്ച് ആക്ട് കരട് ബില്ല് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചു. വ്യാഴം, വെള്ളി (മാര്‍ച്ച് ഏഴ്, എട്ട്) ദിവസങ്ങളില്‍ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിനായി സിറ്റിങ് നടത്തുമെന്ന് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സിറ്റിങ് നടന്നിരുന്നില്ല. സിറ്റിങ് മാറ്റി വച്ചതായും മറ്റൊരു തീയതി ഇതിനായി കണ്ടെത്തുമെന്നും ചെയര്‍മാന്‍ കെ ടി തോമസ് അറിയിച്ചു. പബ്ലിക് ഹിയറിങ് ആണെന്ന് തെറ്റിദ്ധരിച്ച് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായവര്‍ സിറ്റിങ് നടത്താനുദ്ദേശിച്ച സ്ഥലത്തേക്ക് തള്ളിക്കയറാന്‍ സാധ്യതയുള്ളതിനാലാണ് സിറ്റിങ് മാറ്റിവച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം പബ്ലിക് ഹിയറിങ് നടത്തേണ്ടതില്ല. മറിച്ച് കരട് ബില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം കമ്മീഷന് ലഭിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് തീരുമാനത്തിലെത്തുക മാത്രമാണ് ചെയ്യേണ്ടത്. എന്നാല്‍ രണ്ട് ദിവസങ്ങളില്‍ സിറ്റിങ് നടക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൊതുജനം എത്തുമെന്ന ആശങ്കയിലാണ് സിറ്റിങ് മാറ്റി വച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.
കരട് ബില്‍ പ്രസിദ്ധീകരിച്ച് അഭിപ്രായം അറിയിക്കേണ്ട സമയം കഴിഞ്ഞതിനാല്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്നും കരട് ബില്‍ പിന്‍വലിച്ചിരുന്നു. ക്രിസ്തീയ സഭകള്‍ ഉയര്‍ത്തിയ പ്രതിഷേധം ഭയന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ബില്‍ പിന്‍വലിച്ചതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ കരട് ബില്ലും സര്‍ക്കാരും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും കമ്മീഷന്‍ സൈറ്റില്‍ കരട് ബില്‍ പ്രസിദ്ധീകരിച്ചത് സര്‍ക്കാര്‍ അറിഞ്ഞിട്ടുപോലുമില്ലെന്നും ചെയര്‍മാന്‍ പറയുന്നു. ‘മറ്റൊരു ദിവസം സിറ്റിങ് നടത്തി കമ്മീഷന് ലഭിച്ച് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചിട്ടേ ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തൂ. കരട് ബില്‍ പ്രസിദ്ധീകരിച്ചത് സര്‍ക്കാരിന്റെ അറിവോടെയല്ല. ഞങ്ങള്‍ ബില്ല് സര്‍ക്കാരിന് കൈമാറിയിട്ടുമില്ല. അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മാത്രമാണ് കരട് ബില്‍ പ്രസിദ്ധീകരിച്ചത്. അതും സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. കിട്ടിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷം മാത്രമേ ബില്ല് സര്‍ക്കാരിന് കൈമാറണമോ വേണ്ടയോ എന്ന് പോലും തീരുമാനിക്കുകയുള്ളൂ. വിശ്വാസികള്‍ ഭൂരിഭാഗവും അനുകൂലമായ അഭിപ്രായങ്ങളാണ് അറിയിച്ചിരിക്കുന്നത്. മെത്രാന്‍ സഭക്കാരും മറ്റ് സഭകളും സഭാ സ്ഥാപനങ്ങളുമാണ് എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. ഏതാണ് ഭൂരിപക്ഷമെന്ന് അവ പരിശോധിച്ച ശേഷം തീരുമാനിക്കും. ബില്ല് സമര്‍പ്പിക്കണോ, സമര്‍പ്പിക്കുകയാണെങ്കില്‍ അത് ഏത് രൂപത്തിലായിരിക്കണം, എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം തുടങ്ങി നിരവധി കാര്യങ്ങളില്‍ തീരുമാനമെടുക്കാനുണ്ട്. ബില്‍ സമര്‍പ്പിക്കുകയാണെങ്കില്‍, അത് കഴിഞ്ഞ് അത് സ്വീകരിക്കണോ തള്ളിക്കളയണോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ഞങ്ങള്‍ പോലും അക്കാര്യത്തില്‍ ഒരു തീരുമാനമെത്താത്ത സ്ഥിതിക്ക് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ എന്തിനെന്ന് മനസ്സിലാവുന്നില്ല.’ ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.
അതേസമയം ബില്ലിനെതിരെ പ്രതിഷേധം തുടരുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ സമ്മേളനം ചര്‍ച്ച് ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ചര്‍ച്ച് ആക്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെസിബിസി ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ഇടയലേഖനം വായിക്കുകയും ചില സഭകള്‍ കരിദിനമാചരിക്കുകയും ചെയ്തിരുന്നു. വ്യക്തിഗത, സംഘടനാതല പ്രതിഷേധങ്ങള്‍ ഓരോ ദിവസവും ഉയര്‍ത്തി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സഭകളുടെ തന്ത്രം. എന്നാല്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ അജണ്ടയിലേ ഇല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ നിലപാടറിയിച്ചു. എന്നിട്ടും പ്രതിഷേധം അടങ്ങിയിട്ടില്ല.
2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനായിരിക്കെ സര്‍ക്കാരിന് ചര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് ബില്‍ സമര്‍പ്പിച്ചിരുന്നു. അന്നും ക്രിസ്തീയ സഭകളില്‍ നിന്നും സഭാ അധ്യക്ഷന്‍മാരില്‍ നിന്നും ഏറെ എതിര്‍പ്പുകളുയര്‍ന്നിരുന്നു. അന്നത്തെ വിഎസ് സര്‍ക്കാരും പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അത് ഫ്രീസറിലാക്കി. ജസ്റ്റിസ് കെ ടി തോമസ് ചെയര്‍മാനായ സംസ്ഥാന നിയമ പരിഷ്‌ക്കരണ കമ്മീഷനാണ് ചര്‍ച്ച് ആക്ട് കരട് ബില്ല് വീണ്ടും കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
പള്ളികളുടെ ഭരണത്തില്‍ വിശ്വാസികള്‍ക്കും കൂടി പങ്കാളിത്തം ഉറപ്പ് വരുത്തുന്നതാണ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍. സഭാസ്വത്ത് കൈകാര്യം ചെയ്യുന്നതിലും കൈമാറ്റം ചെയ്യുന്നതിലുമടക്കം പള്ളികള്‍ക്കും സഭകള്‍ക്കും പിഴവുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ഇവ നിയന്ത്രിക്കുന്നതിന് ഒരു നിയമം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 26(ഡി) അനുഛേദ പ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമാനുസൃതം വസ്തുവകകള്‍ കൈകാര്യം ചെയ്യാന്‍ അവകാശമുണ്ട്. നിലവില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ വസ്തുവകകള്‍ കൈാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. കേരളത്തിലെ ക്രൈസ്തവ സഭകള്‍ കാലകാലങ്ങളായി ആര്‍ജിച്ചിരിക്കുന്ന സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകളും മറ്റുമില്ലാതെ വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും പണയപ്പെടുത്തിയും ദേവാലയങ്ങള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വിശ്വാസികകളുടെ മനോവീര്യത്തെ തകര്‍ക്കുന്നു. നിലവില്‍ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അത്തരത്തില്‍ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നതുകൊണ്ടാണ് ഈ കരട് ബില്‍ അവതരിപ്പിക്കുന്നത് എന്ന് സര്‍ക്കാര്‍ അതില്‍ വ്യക്തമാക്കുന്നു. കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും പള്ളികളും സഭകളും ബില്ലിന്റെ പരിധിയില്‍ വരും.
ക്രൈസ്തവ സഭകളുടേയും വിവിധ ക്രൈസ്ത വിഭാഗങ്ങളുടെയും മുഴുവന്‍ സ്ഥാവര-ജംഗമ സ്വത്തുക്കളും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബില്‍. വരവ് ചെലവ് കണക്കുകള്‍ വര്‍ഷാവര്‍ഷം സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെയായിരിക്കണം ഇത് സമര്‍പ്പിക്കേണ്ടത്. ക്രൈസ്തവ സഭകളുടേയും മറ്റ് വിഭാഗങ്ങളുടേയും മുഴുവന്‍ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യും. ഇടവക തലം മുതല്‍ ഇത് നടപ്പാക്കും. ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് കൈമാറുകയും ഈ ഉദ്യോഗസ്ഥന്‍ സഭയുടേയോ ഇതരവിഭാഗങ്ങളുടേയോ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും. സഭയുടെ മുഴുവന്‍ സ്വത്തുക്കളുടേയും കണക്കുകള്‍ സര്‍ക്കാരില്‍ ബോധിപ്പിക്കണം. മെമ്പര്‍ഷിപ്പ് തുക, സംഭാവനകള്‍, വിശ്വാസികള്‍ നല്‍കുന്ന സംഭാവനകള്‍, സേവനപ്രവര്‍ത്തനങ്ങളും ശുശ്രൂഷകളും നടത്തുന്നതിനുള്ള ഫണ്ട് എന്നിങ്ങനെ എല്ലാ വരവുചെലവ് കണക്കുകളും സര്‍ക്കാരില്‍ ബോധിപ്പിക്കണം. എപ്പിസ്‌കോപ്പിക്കല്‍ സഭകളും പെന്തക്കോസ്ത് വിഭാഗങ്ങളുമുള്‍പ്പെടെ കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിയമം ബാധകമാവും.
സഭാസ്വത്ത് ഭരണത്തിലോ വ്യവഹാരങ്ങളിലോ വിനിയോഗത്തിലോ തര്‍ക്കമുണ്ടായാല്‍ അത് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ക്രൈസ്തവ സഭയിലോ ഇതരവിഭാഗങ്ങളിലോ ഉള്ള ആര്‍ക്കും ഫണ്ട് വിനിയോഗമോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്നയാളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലാ ജഡ്ജി ആവാന്‍ യോഗ്യതയുള്ള രണ്ട് പേരും ഉള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലോ ആണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പ് എട്ട് പ്രകാരമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ഈ ട്രൈബ്യൂണല്‍ നിലവില്‍ വരിക. ഭരണകാര്യങ്ങളിലും കാര്യമായ മാറ്റം ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സഭയുടെ വസ്തുവകകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ഡിനോമിനേഷനുകള്‍ക്കായിരിക്കും. വരിസംഖ്യ, സംഭാവന, നേര്‍ച്ചകളായി ലഭിക്കുന്ന തുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കുന്ന ഫണ്ട് തുടങ്ങി എല്ലാ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഈ ഡിനോമിനേഷന് അധികാരമുണ്ടാവും. തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെട്ട ഇടവകകളുടെ ഭരണചുമതലയും ഡിനോമിനേഷനാവും. ചര്‍ച്ച് കമ്മിഷണറുമുണ്ടാവും. ഇടവക മുതല്‍ രൂപതവരെയുള്ള കമ്മിറ്റികളില്‍ വിശ്വാസികള്‍ക്കും ഇടവകക്കാര്‍ക്കും പങ്കാളിത്തമുണ്ടാവും. ബില്‍ നിയമമാവുന്ന അന്ന് മുതല്‍ ഇതെല്ലാം നടപ്പില്‍ വരും. എന്നിങ്ങനെയാണ് കരട് ബില്ലിലെ വ്യവസ്ഥകള്‍.