UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാതിരിമാരുടെ രാഷ്ട്രീയ സുവിശേഷം (തെരഞ്ഞെടുപ്പ് സ്പെഷ്യല്‍)

Avatar

കെ എ ആന്റണി

കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമുള്ളതല്ല. മത മേലധ്യക്ഷന്‍മാര്‍ക്കും ജാതി മത സംഘടന നേതാക്കള്‍ക്കും കൂടിയുള്ളതാണ്. മഴക്കാറ് കണ്ടാല്‍ പീലി വിരിച്ചാടുന്ന മൈലിനെ പോലെ അവരും കളം നിറഞ്ഞാടുന്ന കാലം. തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥികള്‍ ആകണമെന്നും ആരൊക്കെ ജയിക്കണം തോല്‍ക്കണം എന്നൊക്കെ തീരുമാനിക്കുന്ന ജോലിയില്‍ കര്‍ദിനാള്‍ മുതല്‍ പാതിരിമാര്‍ വരെ വ്യാപൃതരാകുന്ന കൊയ്ത്തുത്സവമായി കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ മാറി കഴിഞ്ഞിരിക്കുന്നു.

നിലവില്‍ ഇറങ്ങിയ കെ സി ബി സി തീരുമാനങ്ങള്‍ക്കും അപ്പുറം ഓരോ സഭകളുടേയും മേലദ്ധ്യക്ഷന്‍മാര്‍ ചമയ്ക്കുന്ന ഇടയലേഖനങ്ങളുടെ കാലം കൂടിയാണ് തെരഞ്ഞെടുപ്പ് കാലം. ആയതിനാല്‍ ഇത്തരം രാഷ്ട്രീയം കലര്‍ന്ന സുവിശേഷങ്ങള്‍ക്കായി നമുക്ക് ഇനിയും കാതോര്‍ത്തിരിക്കാം.

സത്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ ജാതി, മത മേലധ്യക്ഷന്‍മാര്‍ ഇടപെടുന്ന ഏര്‍പ്പാട് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലെങ്കിലും വളരെ പ്രകടമായ രീതിയില്‍ കേരള സമൂഹം അത്തരത്തില്‍ ഒരു ഇടപെടല്‍ കണ്ടത് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയിലാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേര് പറഞ്ഞ് ഉടക്കിയ ഇടുക്കി ബിഷപ്പിനെ ഭയന്ന് ഇടുക്കിയിലെ സിറ്റിംഗ് എംപി പി ടി തോമസിന് സീറ്റ് നിഷേധിക്കുക മാത്രമല്ല ഊരു വിലക്കും കല്‍പിച്ചു കോണ്‍ഗ്രസ് നേതൃത്വം. ഇടുക്കിക്ക് പകരം സീറ്റ് ചോദിച്ച് തൃശൂരിലെത്തിയ പി ടിയെ അവിടെ നില്‍ക്കാനും സഭാ നേതൃത്വം അനുവദിച്ചില്ല. ഒടുവില്‍ കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട പിടി ഹൃദയ നൊമ്പരം മൂലം തൃശൂരിലെ ഒരു ആശുപത്രിയിലും തുടര്‍ന്ന് പട്ടിക്കാട്ടെ സുഹൃത്തിന്റെ വീട്ടില്‍ വിശ്രമത്തിലുമായി. പി ടി ഇപ്പോഴും ഒരു ടിക്കറ്റ് പ്രതീക്ഷിച്ച് തൃശൂരിലും ഇടുക്കിയിലും ഒക്കെയായി കറങ്ങി നടക്കുന്നുണ്ട്. ഭാര്യ പട്ടത്തിയായതിനാല്‍ രണ്ട് ബിഷപ്പുമാരും പി ടിയോട് കനിയാന്‍ ഇടയില്ല. ബിഷപ്പുമാരെ പിണക്കി പി ടിയെ സഹായിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും തയ്യാറാകുമെന്ന് തോന്നുന്നില്ല.

തിരുവമ്പാടി കത്തിജ്ജ്വലിക്കാന്‍ തുടങ്ങിട്ട് കുറച്ചു കാലമായി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും തിരുവമ്പാടി ബിഷപ്പും മലയോര വികസന സമിതിയും ഒരു പാട് ഗീര്‍വാണങ്ങളുമായി രംഗത്ത് വന്നിരുന്നു. എന്നിട്ടും തിരുവമ്പാടി ഉള്‍പ്പെടുന്ന വയനാട് ലോകസഭാ സീറ്റില്‍ നിന്നും കോണ്‍ഗ്രസിലെ എം ഐ ഷാനവാസ് തന്നെ വിജയിച്ചു. പക്ഷേ, ഭൂരിപക്ഷം കുറവായിരുന്നു.

ഇക്കുറി കോണ്‍ഗ്രസിന്റെ പഴയ മണ്ഡലം എന്ന് പറഞ്ഞു തന്നെയാണ് മെത്രാനും പരിവാരങ്ങളും രംഗത്ത് ഇറങ്ങിയിട്ടുള്ളത്. തങ്ങള്‍ക്ക് കൂടി അഭികാമ്യനായ ഒരു സ്ഥാനാര്‍ത്ഥിയെ വേണമെന്ന ശക്തമായ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അവര്‍. ഒരു മുഴം മുമ്പേയെറിഞ്ഞ മുസ്ലിം ലീഗ് സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന്റെ പേരില്‍ ഇപ്പോള്‍ ഗതികെട്ട അവസ്ഥയിലാണ്. ഈ മണ്ഡലം തന്റെ മലബാറിലെ വലംകൈയായ പി ടി ജോസിന് നല്‍കണമെന്ന വാദവുമായി കെ എം മാണിയും രംഗത്തുണ്ട്.

തിരുവമ്പാടിയില്‍ വിജയം മണത്ത സിപിഐഎമ്മിന് മാണിയുടെ പുതിയ നീക്കം പാരയായി കൂടായ്കയില്ല. അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളിയറിയൂ എന്ന് പറഞ്ഞത് പോലെ മാണി സംഘം വന്നാല്‍ പട്ടക്കാര്‍ സിപിഐഎമ്മിനെ കൈയൊഴിയും. ഇത് കോണ്‍ഗ്രസിനും ലീഗിനും നന്നായി അറിയാം എന്നതിനാല്‍ ആ നിലയ്ക്കുള്ള ഒരു നീക്കുപോക്കിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

തിരുവമ്പാടിയില്‍ പള്ളിക്ക് എതിരെ വിശ്വാസികളില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. യേശുവിലാണെന്‍ വിശ്വാസം കീശയിലാണെന്‍ ആശ്വാസം എന്ന കുഞ്ഞുണ്ണി കവിതയാണ് ഒരു സംഘം വിശ്വാസികള്‍ തിരുവമ്പാടി മെത്രാനും മലയോര വികസന സമിതിക്കും എതിരെ പോസ്റ്റര്‍, നോട്ടീസ് രൂപേണ മണ്ഡലത്തിലാകെ പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നില്‍ മുസ്ലിംലീഗാണ് എന്ന് പറഞ്ഞ് കൈകഴുകാനുള്ള ചില നീക്കങ്ങള്‍ സഭയുടേയും മലയോര വികസന സമിതിയുടേയും ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്.

ഇതാദ്യമായല്ല ക്രൈസ്തവ സഭകളും എന്‍ എസ് എസും മുസ്ലിം മത സംഘടനകളും കേരള രാഷ്ട്രീയത്തില്‍ കടന്നുകയറുന്നത്. ഭരണത്തെ അട്ടിമറിക്കുകയോ ചെയ്യുന്നത്. 1957-ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ് മന്ത്രിസഭയെ തൊട്ടടുത്ത വര്‍ഷം താഴെയിറക്കിക്കൊണ്ടായിരുന്നു ഇവരുടെയൊക്കെ രാഷ്ട്രീയ സുവിശേഷ പ്രചാരണ വേല ആരംഭിച്ചത്. 1958-ലെ വിമോചന സമരം സിഐഎ സ്‌പോണ്‍സര്‍ ചെയ്ത ഒന്നായിരുന്നുവെന്ന ധാരണ ബലപ്പെട്ടിട്ടുണ്ട് എങ്കിലും ക്രൈസ്തവ സഭകളും എന്‍ എസ് എസും മുസ്ലിം സംഘടനകളും ഒക്കെ ഈ സമരത്തില്‍ വഹിച്ച പങ്കിനെ എഴുതിതള്ളാന്‍ കഴിയില്ല. വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലും ഭൂപരിഷ്‌കരണ ബില്ലും ഒക്കെയാണ് ജാതി മത മേലധ്യക്ഷന്‍മാരെ അന്ന് ചൊടിപ്പിച്ചത്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന യേശുക്രിസ്തുവിന്റെ വചനം മറി കടന്ന് സീസറിനെ അധികാരമായി കണ്ട് ദൈവമെന്ന ആത്മാവിനെ മറക്കുന്ന കാഴ്ചയാണ് അന്ന് കേരളം കണ്ടത്.അങ്കമാലിയില്‍ നടന്ന വെടിവയ്പ്പു കൂടിയായപ്പോള്‍ ഇഎംഎസിനും പ്രൊഫസര്‍ ജോസഫ് മുണ്ടശേരിക്കും ഒക്കെ താഴെയിറങ്ങാനായിരുന്നു യോഗം.

ഈ സമരങ്ങള്‍ നിര്‍ണായക പങ്കുവഹിച്ച ഒരാളുണ്ടായിരുന്നു. പേര് ഫാദര്‍ ജോസഫ് വടക്കന്‍. 26-ാം വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്ന വടക്കന്‍ മുന്‍പ് സ്‌കൂള്‍ അധ്യാപകനായും ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ചെറിയ തോതില്‍ കോണ്‍ഗ്രസ് ബന്ധം ഉറപ്പിച്ച ആളുകൂടിയായിരുന്നു ഫാദര്‍ വടക്കന്‍. 1951-ല്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പാര്‍ട്ടി രൂപീകരിച്ച ഫാദര്‍ വടക്കന്‍ തൊഴിലാളിയെന്ന പേരില്‍ ഒരു വാരികയും ആരംഭിച്ചു. ഇത് പിന്നീട് പത്രമായി മാറി. 58-ലെ വിമോചന സമര കാലത്ത് വടക്കന്റെ പത്രമായിരുന്നു സമരാനുകൂലികളെ വിജൃംഭിതരാക്കുന്നതില്‍ ഏറെ സഹായകരമായത്. എന്നാല്‍ പിന്നീട് കമ്മ്യൂണിസ്റ്റ് നേതാവായ എ കെ ഗോപാലനുമായി സഹകരിച്ച് കുടിയിറക്ക് വിരുദ്ധ സമരം ഉള്‍പ്പെടെയുള്ള ജനകീയ സമരങ്ങളിലേക്ക് തിരിഞ്ഞതോടെ ഫാദര്‍ വടക്കനെ തൃശൂര്‍ രൂപത എട്ടു വര്‍ഷത്തേക്ക് കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും വിലക്കി. ഇതേതുടര്‍ന്ന് 1971-ല്‍ തേക്കിന്‍കാട് മൈതാനിയില്‍ പരസ്യ കുര്‍ബാന അര്‍പ്പിച്ച ഫാദര്‍ വടക്കനെ പൂര്‍ണ കമ്മ്യൂണിസ്റ്റുകാരനായി തൃശൂര്‍ രൂപത എഴുതി തള്ളാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തെ തിരിച്ചെടുക്കേണ്ടി വന്നു.

ഒരു പക്ഷേ കേരളം കണ്ട ആദ്യത്തെ പാതിരി രാഷ്ട്രീയക്കാരന്‍ ആകണം ഫാദര്‍ വടക്കന്‍. അദ്ദേഹത്തിന് പിന്നീട് ഒരു പിന്‍ഗാമിയുണ്ടായത് 1996-ല്‍ കണ്ണൂര്‍ ജില്ലയില്‍പ്പെട്ട പയ്യാവൂരില്‍ നിന്നാണ്. ഫാദര്‍ ജോസ് മാണിപ്പാറ എന്ന പുരോഹിതനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് തലശേരി അതിരൂപതയ്ക്ക് മുന്നില്‍ ഇടവകാംഗങ്ങള്‍ നടത്തിയ സമരത്തിന് ഒടുവില്‍ ഫാദര്‍ മാണിപ്പാറയെ സഭ പൂര്‍ണമായും കൈവെടിഞ്ഞു. ഇദ്ദേഹത്തെ മാറ്റാനുണ്ടായ കാരണം വളരെ രസകരമാണ്. ഇക്കാലത്ത് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പയ്യാവൂരില്‍ നിന്ന് ദേശീയ കര്‍ഷക രക്ഷാ സമിതിയെന്ന ഒരു സ്വതന്ത്ര സംഘടനയുടെ ആളായി ഫാദര്‍ മാണിപ്പാറ മത്സരിച്ചു. ആ മല്‍സരത്തില്‍ മലയോര കുടിയേറ്റ മേഖലയായ പയ്യാവൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച മാണിപ്പാറ അച്ചന് 25,000-ത്തിലേറെ വോട്ട് കിട്ടിയതിന്റെ ബലത്തില്‍ സഭയുടെ തലശേരി രൂപതയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന വക്കീലും നിലവില്‍ പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫ് തോറ്റു പോയി. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള പയ്യാവൂര്‍ ഡിവിഷനില്‍ നിന്ന് ജയിച്ചതാകട്ടെ സിപിഐഎം സ്ഥാനാര്‍ത്ഥി നിലവില്‍ തളിപ്പറമ്പ് എംഎല്‍എയായ ജയിംസ് മാത്യുവാണ്.

സഭ കൈയൊഴിഞ്ഞുവെങ്കിലും സ്വതന്ത്ര വൈദികനായി തന്നെ ശിഷ്ടകാലം ഫാദര്‍ മാണിപ്പാറ തുടര്‍ന്നു. മാണിപ്പാറയെ പോലെ തന്നെ സഭയോട് കലഹിച്ച് പിരിഞ്ഞവര്‍ വേറെയുമുണ്ട്. മത്സ്യ തൊഴിലാളികള്‍ക്കുവേണ്ടി സമരം നയിച്ച സിസ്റ്റര്‍ ആലീസും ഫാദര്‍ തോമസ് കോച്ചേരിയും സിസ്റ്റര്‍ ജെസ്മിയുമൊക്കെ. അവരുടേത് ക്ഷോഭിക്കുന്നവരുടെ സുവിശേഷം ആയിരുന്നുവെങ്കില്‍ ഈ തെരഞ്ഞെടുപ്പു കാലത്തും സഭ പ്രചരിപ്പിക്കുന്ന സുവിശേഷം കടുത്ത രാഷ്ട്രീയത്തിന്റേതാണ്. അതാകട്ടെ തങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ മാത്രമല്ല വിദ്യാഭ്യാസ കച്ചവടം നിലനിര്‍ത്തുന്നതിനുള്ള ശ്രമം കൂടിയാണ്. അതിന് അവര്‍ പാവം മലയോര കര്‍ഷകരെ ബലിയാട് ആക്കുന്നുവെന്ന് മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍