UPDATES

കേരളം

പരാതി പറയാനെത്തിയ യുവതിയെ കൂടെക്കിടക്കാന്‍ ഭീഷണിപ്പെടുത്തുന്ന സി.ഐ; ഇത്രയ്ക്ക് മനോവീര്യം വേണോ പൊലീസിന്?

വഴങ്ങിയില്ലെങ്കില്‍ അവിഹിതമുണ്ടെന്നു ഭര്‍ത്താവിനെ അറിയിക്കും, ജീവിതം നശിപ്പിക്കും; സര്‍ക്കിളിന്റെ ഭീഷണിയാണ്‌

പരാതിയുമായി സ്‌റ്റേഷനിലെത്തിയ യുവതിക്ക് പൊലീസില്‍ നിന്നു തന്നെ ഉപദ്രവം സഹിക്കേണ്ട ഗതികേട്. പാലക്കാട് ടൗണ്‍ സ്‌റ്റേഷനിലെത്തിയ യുവതിക്കാണ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍ നിന്ന് ദുരിതം നേരിടേണ്ടി വന്നത്. തനിക്ക് വരുന്ന അനാവശ്യ ഫോണ്‍കോളുകളുമായി ബന്ധപ്പെട്ടാണ് പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി സ്വീകരിച്ച് നടപടിയെടുക്കേണ്ടതിനു പകരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന്‍ തന്നോട് മോശമായി പെരുമാറുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങാത്ത പക്ഷം മറ്റൊരു ജില്ലയില്‍ ജോലി ചെയ്യുന്ന ഇവരുടെ ഭര്‍ത്താവിനോട് യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് പറയുമെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നാണ് ഈ യുവതി അഴിമുഖത്തോട് പറഞ്ഞത്‌.

ഈ വര്‍ഷം ഫെബ്രുവരിയില്‍ യുവതി നല്‍കിയ ഒരു പരാതിയിലുള്ള കേസിന്റെ അന്വേഷണ ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന് ആയിരുന്നു. അങ്ങനെയാണ് ഇയാള്‍ യുവതിയുമായി പരിചയപ്പെടുന്നത്. കേസില്‍ നീതി കിട്ടണമെങ്കില്‍ തനിക്കൊപ്പം ഊട്ടിയില്‍ വരണമെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നുമായിരുന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ആവശ്യം. തന്റെ ആവശ്യം നിറവേറ്റിയില്ലെങ്കില്‍ കേസില്‍ കോടതിയില്‍ മൊഴി മാറ്റി നല്‍കുമെന്നും കേസ് അട്ടിമറിക്കുമെന്നും ഭീഷണി മുഴക്കി.

“തുടക്കത്തില്‍ കേസിന്റെ വിവരങ്ങള്‍ പറയാനെന്ന പോലെ ഫോണില്‍ വിളിച്ച് തുടങ്ങിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സംസാരം പിന്നീട് ലൈംഗിക ചുവയുള്ളതായി മാറുകയായിരുന്നു. ഇത്തരത്തിലുള്ള പെരുമാറ്റത്തില്‍ തനിക്കുള്ള അനിഷ്ടം സര്‍ക്കിളിനെ അറിയിച്ചെങ്കിലും അയാള്‍ തുടര്‍ച്ചയായി വിളിച്ച് ഭഷണിപെടുത്തുകയും അയാള്‍ പറയുന്ന സ്ഥലങ്ങളിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ഞാനും മകനും താമസിക്കുന്ന വീടിന്റെ പരിസരത്ത് സ്ഥിരമായി ചിലപ്പോള്‍ സ്വന്തം കാറിലും മറ്റ് ചിലപ്പോള്‍ പോലീസ് വാഹനത്തിലും റോന്ത് ചുറ്റുകയും,  ഞാന്‍ എവിടെ പേയാലും പിന്തുടരുകയും ചെയ്യും. എന്നെ ശല്യപ്പെടുത്തുന്ന കാര്യം വീട്ടില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ അയാളുടെ ഭീഷണി, ഈ വിവരം പുറത്തറിഞ്ഞാല്‍ നിന്നെയും നിന്റെ പതിമൂന്നു വയസുള്ള മകനെയും ഒരു പാഠം പഠിപ്പിക്കുമെന്നും ഭര്‍ത്താവിനോട് എന്നെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ പറഞ്ഞുകൊടുത്ത് എന്റെ ജീവിതം തകര്‍ക്കുമെന്നുമായിരുന്നു; യുവതി പറയുന്നു.

പേടി കാരണം മനസമാധാനത്തോടെ പുറത്തിറങ്ങാനോ, ജോലിക്ക് പോകാനോ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. തന്റെ മൊബൈല്‍ ഫോണിലേക്ക് മാത്രമല്ല, ജോലി സ്ഥലത്തെ ലാന്‍ഡ് ലൈന്‍
നമ്പറിലേക്കും വിളിച്ച് ഭിഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പരിധി വരെ ഇക്കാര്യം ആരോടും പറയാതെ പിടിച്ചു നിന്നെങ്കിലും ശല്യവും ഭീഷണിയും സഹിക്കാതെ വന്നതിനെ തുടര്‍ന്ന് സുഹൃത്തും സാമൂഹിക പ്രവര്‍ത്തകനും പി.സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള യുവജനപക്ഷം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ അന്‍സാറിനോട് യുവതി വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട അന്‍സാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവശങ്കരനെ ഫോണില്‍ വിളിച്ച് കാര്യമന്വേഷിച്ചു. “ഞാന്‍ വിളിച്ചപ്പോള്‍ അയാള്‍ എന്നെ തെറി പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്”; അന്‍സാര്‍ പറയുന്നു. പെരുന്നാള്‍ ദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ പോലീസുകാര്‍ വണ്ടിയില്‍ ചവിട്ടി മറിച്ചിട്ടതായും അന്‍സാര്‍ പറയുന്നു. പിന്നിടും പലപ്പോഴായി തനിക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍ നിന്നും ഭീഷണി ഉണ്ടായതായും അന്‍സാര്‍ അരോപിക്കുന്നു.

“ഞാനും എന്റെ പതിമൂന്ന്  വയസ്സുള്ള മകനും ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത്. ഞങ്ങള്‍ക്ക് സമാധാനമായി ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍. ഓഫീസില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ ഇറങ്ങിയാല്‍ പോലും ഇയാള്‍ വന്ന് ശല്യപ്പെടുത്തുകയാണ്. എന്റെ സൂഹൃത്തുക്കളെ വിളിച്ചും ഭിഷണിപ്പെടുത്തുന്നുണ്ട്. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു. ഒടുവിലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. പക്ഷേ, പോലീസുകാരനെതിരേയാണ് പരാതി. പോലീസുകാര്‍ക്ക് കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ എളുപ്പമായത് കൊണ്ട് ഇപ്പോഴും പേടിച്ചാണ് ജീവിക്കുന്നത്”; യുവതി പറയുന്നു.

തന്നെ ശല്യപ്പെടുത്തുന്ന കാര്യം ജനപ്രതിനിധികളെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കളില്‍ നിന്നുണ്ടായ ഭീഷണി ഇപ്രകാരമായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു; “നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമില്‍ തൊണ്ടി മുതലായി പിടിച്ചെടുത്ത കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉണ്ട്. അത് എടുത്ത് നിന്റെ വീട്ടിലോ സ്ഥാപനത്തിലോ നിന്നെ സപ്പോര്‍ട്ട് ചെയ്യുന്ന കൂട്ടുകാരുടെ വീടുകളിലോ വച്ച് നിന്നെ അടുത്ത കാലത്തൊന്നും പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ കേസില്‍ പെടുത്തും…”

ഈ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ അവര്‍ തന്നെ അശ്ലീലവാക്കുകള്‍ പറഞ്ഞ് അപമാനിക്കുകയാണ് ഉണ്ടായത് എന്നും പിന്നീട് മറ്റു ചിലര്‍ ഫോണില്‍ വിളിച്ച് ദേഷ്യപ്പെട്ട് സംസാരിക്കുകയും ഉണ്ടായതായി യുവതി പറയുന്നു. തങ്ങളുടെ വീട്ടില്‍ ജോലിക്ക് വന്ന ഒരു യുവാവിനെയും തന്നെയും ചേര്‍ത്ത് അപവാദങ്ങള്‍ പറയുകയും ഈ കാര്യം എന്റെ ഭര്‍ത്താവിനെ അറിയിച്ച് തനിക്ക് അവിഹിതബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഭര്‍ത്താവിനെ കൊണ്ട് ഡിവോഴ്‌സ് ചെയ്യിപ്പിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭീഷണിപ്പെടുത്തുകയുണ്ടായതായും യുവതി പരാതിയില്‍ പറയുന്നു.

പാലക്കാട് എസ് പിക്കും മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മീഷനുമടക്കം പരാതി നല്‍കി നടപടിക്കായി കാത്ത് നില്‍ക്കുകയാണിവര്‍. ഡിവെഎസ്പി ഇവരുടെ മൊഴി എടുത്തിട്ടുണ്ട്. ശക്തമായ നടപടിയെടുക്കുമെന്ന് ഡിവൈഎസ്പി ഉറപ്പ് നല്‍കിയതിന്റെ വിശ്വാസത്തിലാണ് ഇവര്‍.

ഈ വിഷയുവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇതാണ്; പരാതി ലഭിച്ചിട്ടുണ്ട്, അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. യുവതിയുടെ പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകും. അതേ സമയം പരാതി കൊടുത്തതിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന്‍ ഇപ്പോള്‍ അനുരഞ്ജനത്തിന് പല രീതിയിലും ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതിനൊന്നും തയ്യാറല്ലെന്നും അയാള്‍ക്കെതിരേ നടപടി ഉണ്ടായി കാണണം എന്നും ഉറച്ച നിലപാടിലാണ് യുവതി.

യുവതിയുടെ പരാതി

"</p "</p "</p "</p

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

 

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍