UPDATES

ട്രെന്‍ഡിങ്ങ്

കഠിനാധ്വാനത്തിന്റെ വിജയം; വയനാടിന്റെ ശ്രീ, കേരളത്തിന്റെ ധന്യം

അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് തന്റെ വിശ്വാസം എന്നും ശ്രീധന്യയുടെ പറയുന്നു.

തോറ്റ് മടങ്ങാൻ തയ്യാറല്ലായിരുന്നു, രണ്ട് തവണ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം പോലും കടക്കാതെ പുറത്തായിട്ടും പിൻമാറാതെ പരിശ്രമിച്ചു. പിന്നീട് അടുക്കും ചിട്ടയും നിറഞ്ഞ പഠന രീതിയിലൂടെ നേട്ടത്തിലേക്ക് അടുക്കുകയായിരുന്നു വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ. സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് സ്വന്തമാക്കിയ ശ്രീ ധന്യ തെളിയിക്കുന്നത് കഠിനാധ്വാനത്തിലൂടെ ഏത് സ്വപ്നങ്ങളും എത്തിപ്പിടിക്കാനാവുമെന്നാണ്.

തീർത്തും സാധാരണമായ കുടുംബ പശ്ചാത്തലത്തിൽ നിന്നുമാണ് ശ്രീധന്യയുടെ നേട്ടം എന്നതാണ് ആ വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്. കൂലിപ്പണിക്കാരാണ് വയനാട്ടിലെ കുറിച്യ ആദിവാസി വിഭാഗത്തിൽപെട്ട അച്ഛൻ സുരേഷും അമ്മ കമലയും, പക്ഷേ മക്കള്‍ക്ക് മികച്ച വിദ്യഭ്യാസമാണ് അവർ നൽകിയത്. ഇതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ശ്രീധന്യയുടെ സിവിൽ സർവീസ് നേട്ടം.

കൽപ്പറ്റ തരിയോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാര്‍ത്ഥിയാണ്  ശ്രീധന്യ. പിന്നീട് കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ നിന്നും സുവോളജിയില്‍  ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷമാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിന് പിറകെ ശ്രീധന്യ യാത്ര ആരംഭിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലെ പഠന സമയത്ത് കെ.എസ്.യു പാനലില്‍ മത്സരിച്ചിട്ടുമുണ്ട് ശ്രീധന്യ. പിജിക്ക് ശേഷം ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഉൾപ്പെടെ വിവിധയിടങ്ങളിൽ താത്ക്കാലിക ജോലികള്‍ ചെയ്ത് വരുന്നതിനിടെയായിരുന്നു ശ്രീധന്യ പഠനത്തിന് സമയം കണ്ടെത്തിയിരുന്നത്.

പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്ത് വരവെ 2016ല്‍ ഉണ്ടായ അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന് ആഗ്രഹത്തിലേക്ക് ശ്രീ ധന്യയെ വീണ്ടും എത്തിച്ചത്. അന്നത്തെ വയനാട് സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് തന്റെ സ്വപ്നത്തെ വീണ്ടും ഉണർത്തിയതെന്നാണ് ശ്രീധന്യയുടെ പ്രതികരണം.  അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് തന്റെ വിശ്വാസം എന്നും ശ്രീധന്യയുടെ പറയുന്നു. മലയാളമായിരുന്നു ഐശ്ചിക വിഷയം. അഭിമുഖം കഴിഞ്ഞപ്പോൾ തന്നെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെന്നും ശ്രീധന്യ വാർത്തകൾക്ക് പിറകെ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിവിൽ സർവീസിനെ ഗൗരവരമായി എടുത്തതിന് പിന്നാലെ കഠിനമായി പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി തിരുവനന്തപുരത്ത് സർക്കാർ വക പരിശീലന സൗകര്യങ്ങളും സ്വകാര്യ മേഖലയിലെ അക്കാദമികളെയും ഉപയോഗപ്പെടുത്തി. ഇതിനിടെ പോലീസ് കോൺസ്റ്റബിളായി ജോലി കിട്ടിയെങ്കിലും അത് വേണ്ടെന്ന് വച്ചായിരുന്നു ശ്രീധന്യ സ്വപ്നത്തിലേക്ക് അടുത്തത്.

പൊഴുതനയിലെ ഇടിയംവയൽ അമ്പലക്കൊല്ലി കോളനിക്ക് ദേശീയ തലത്തിൽ ശ്രദ്ധ നൽകാന്‍ കൂടിയാണ് ഈ നേട്ടത്തിലൂടെ ശ്രീധന്യക്കായത്. ജില്ലയിലെ സ്കുളുകളിൽ നിന്ന് ഗോത്ര വിഭാഗക്കാരായ വിദ്യാർത്ഥികളുടെ കൊഴി‌ഞ്ഞുപോക്ക് വാർത്തയല്ലാതായി മാറിയ ഘട്ടത്തിൽ കൂടിയാണ് ഈ വിഭാഗത്തിൽ നിന്നുള്ള ശ്രീധന്യയുടെ ചരിത്രപരമായ നേട്ടം. ഒരു സഹോദരനും സഹോദരിയുമാണ് ശ്രീധന്യക്ക്. മുത്ത സഹോദരി സുഷിത സുരേഷ് ഒറ്റപ്പാലം കോടതിയിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റാണ്. സഹോദരൻ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്നിക്കിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

വിജയ വാര്‍ത്തയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ അഭിനന്ദനങ്ങളും ശ്രീധന്യയെ തേടിയെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍