UPDATES

കാറിനും കയറിനും ഇടയിലെ വയനാടൻ കർഷകരുടെ ജീവിതങ്ങൾ

കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടയിൽ വയനാട്ടിൽ നിന്ന് വന്നിട്ടുള്ള രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും ശ്രദ്ധ നേടിയ വ്യക്തിയാണ് സി.കെ ജാനു

ഒരു സംഭവചരിത്രത്തിൽ നിന്ന് തുടങ്ങാം.

വയനാട്ടിൽ ഒരുപാട് ചെറുകിട കാപ്പിക്കച്ചവടക്കാർ ഉണ്ടായിരുന്നു/ഉണ്ട്. മിക്കവാറും മുസ്‌ലിം ചെറുപ്പക്കാർ. കർഷകരുടെ അടുത്തുനിന്ന് കാപ്പി വാങ്ങി മൊത്തവ്യാപരികൾക്ക് നൽകലാണ് ഇവരുടെ പണി. കാപ്പിയുടെ വില ഓരോ ദിവസവും മാറും. അതുകൊണ്ട് രാവിലെ കർഷകരുടെ അടുത്ത് വിലപേശലിന് പോകുന്നതിന് മുൻപ് അന്നത്തെ അങ്ങാടി നിലവാരം അറിയേണ്ടതുണ്ട്. അതിന് മൊത്തവ്യാപാരിയെ വിളിക്കണം. ഇങ്ങനെ രാവിലെ വിളിക്കുന്ന ഒരു ചെറുപ്പക്കാരൻ ആദ്യം ചോദിക്കുന്നത് “ബ്രസീലിൽ ഇന്ന് മഞ്ഞ് വീണിക്കോ” എന്നാണ്. എന്താണ് ഇയാൾ ഇങ്ങനെ ചോദിക്കുന്നത്? ബ്രസീലിൽ മഞ്ഞു വീഴ്ച ഉണ്ടായാൽ അവിടുത്തെ കാപ്പി ഉത്പാദനം കുറയും. ബ്രസീലിൽ കാപ്പി ഉത്പാദനം കുറഞ്ഞാൽ വയനാട്ടിൽ കാപ്പിക്ക് വില കൂടും. ഇതാണ് സംഭവം. ഇങ്ങനെ എല്ലാ ദിവസവും ഒരേ ചോദ്യം കേട്ട് മടുത്ത വ്യാപാരി ഒരു ദിവസം മറുപടി പറഞ്ഞത് ഇങ്ങനെയാണ്, “ബ്രസീലിൽ മഞ്ഞ് വീണിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒമാനിൽ ഒരു വിമാനം വീണീക്കി “. ഇത് പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്യുന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞ് വീണ്ടും ഫോൺ ചെയ്തിട്ട് പയ്യൻ ചോദിക്കുന്നു, “അല്ല, ഈ വിമാനം വീണത് ആടത്തെ കാപ്പിത്തോട്ടത്തിന്റെ മീതെയാ?”

സംഭവം വയനാടൻ ഭാഷയിൽ പറഞ്ഞാൽ ചളി അടിക്കൽ ആണെങ്കിലും ഈ കഥയിൽ കാര്യമുണ്ട്.

അത് പിറകെ നോക്കാം .

കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടയിൽ വയനാട്ടിൽ നിന്ന് വന്നിട്ടുള്ള രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും ശ്രദ്ധ നേടിയ വ്യക്തി സി.കെ ജാനു ആണെന്ന് എനിക്കു തോന്നുന്നു. അതിന് പല കാര്യങ്ങൾ ഉണ്ടാകാം. എന്നിരുന്നാലും വയനാട്ടിലെ തദ്ദേശീയ ജനവിഭാഗത്തിൽ നിന്നും രാഷ്ട്രീയ നേതൃത്വത്തിലേക്ക് വന്ന വനിത എന്ന നിലയിലും, വ്യവസ്ഥാപിത ഇടത്-വലത് പക്ഷങ്ങളുടെ ഭാഗമല്ലാത്ത ഒരു ഓട്ടോണോമസ് സ്പേസിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ കുറച്ചുകാലത്തേക്കെങ്കിലും കഴിഞ്ഞു എന്ന കാരണത്താലും അവർക്ക് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉണ്ട് എന്ന് ഞാൻ കരുതുന്നു. ഈ വിധത്തിലുള്ള സവിശേഷ രാഷ്ട്രീയ പദവിയെ ഏത് രീതിയിലാണ് അവർ വിനിയോഗിച്ചതെന്നോ, അതിൻ്റെ ആത്യന്തിക ഫലം എന്തായിരുന്നു എന്നോ ഉള്ള ചോദ്യങ്ങൾ പ്രസക്തമാണെങ്കിൽ തന്നെയും ആ ചോദ്യം ഇവിടെ ഉന്നയിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. പകരം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ താഹ മാടായിയുമായി അവർ നടത്തിയ ദീർഘ സംഭാഷണത്തിൽ നടത്തിയ ഒന്ന് രണ്ട് പരാമർശങ്ങൾ പരിശോധിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമേ ഈ കുറിപ്പിനുള്ളു.

അതിലേക്ക് കടക്കുന്നതിന് മുൻപ് ഒരു കാര്യം വ്യക്തമാക്കണമെന്ന് തോന്നുന്നു. ഒന്നാമതായി ശ്രീമതി ജാനുവിന് നേരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് ജാതീയബോധം കാരണമാണ് എന്ന വാദം എനിക്കില്ല. അതേസമയം അങ്ങനെ അല്ല എന്ന് തീർത്ത് പറയാൻ സാധിക്കുകയും ഇല്ല. കേരളത്തിലെ കാര്യം നോക്കുകയാണെകിൽ ഇ.കെ നായനാരുടെ മകന്റെ വിവാഹം ആഡംബരപൂർവം നടത്തിയത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എം.എം ലോറൻസ് സമാനമായ കാര്യത്തിന് പാർട്ടി നടപടി നേരിട്ടിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മകൻ്റെ വിവാഹത്തിലെ ആഡംബരം ചർച്ചയായിരുന്നു. കെ.എം മാണി മുതൽ ഇപ്പോൾ ഗീത ഗോപി വരെ ഉള്ളവർ ഈ വിധത്തിൽ സോഷ്യൽ ഓഡിറ്റിന് വിധേയമായിട്ടുണ്ട്. ഈ വ്യക്‌തികളുടെ എല്ലാം കാര്യത്തിൽ ബാധകമാക്കിയ മോറൽ സ്റ്റാൻഡേർഡ് ജാനുവിന്റെ കാര്യത്തിൽ മാറ്റിപ്പിടിക്കുന്നതിൽ ഒരു പ്രശ്നം ഉണ്ടെന്ന് തോന്നുന്നു.

നാം നമ്മെപ്പോലുള്ളവരെ വിലയിരുത്താൻ ഉപയോഗിക്കുന്ന എത്തിക്കൽ സ്റ്റാൻഡേർഡുകൾ  ജാനുവിന്റെ കാര്യത്തിൽ ഉപയോഗിക്കുക ഇല്ല എന്നാണല്ലോ അതിന്റെ അർഥം. അതായത് അവരെക്കുറിച്ച് കുറഞ്ഞ ethical expectations മാത്രമേ നമുക്കുള്ളൂ എന്നർത്ഥം . അത് ഒരു തരത്തിലുള്ള ബൗദ്ധിക വംശീയത ആണെന്ന് എനിക്ക് തോന്നുന്നു. നാം നമ്മെ അളക്കാൻ ഉപയോഗിക്കുന്ന അളവുകോൽ വെച്ച് ജാനുവിനെ അളക്കാൻ വിസമ്മതിക്കുക വഴി, അവരിൽ നിന്ന് നാം നമ്മുടെ ഒപ്പം ‘ഉയർന്ന’ ethical standards പ്രതീക്ഷിക്കുന്നില്ല എന്ന് പറയാതെ പറയുകയാണ്.

രണ്ടാമതായി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യം അവർ പുതിയ കാർ വാങ്ങിയതോ, നല്ല വീട് വാങ്ങിയതോ ചർച്ച ചെയ്യാൻ ഇവിടെ ഞാൻ ഉദ്ദേശിക്കുന്നില്ല. വ്യക്‌തികൾക്ക് കേരള സമൂഹത്തിൽ സാധ്യമായിട്ടുള്ള എല്ലാ സാമൂഹിക ഉന്നമനങ്ങളും ജാനുവിനും പ്രാപ്യമാകേണ്ടതാണ്. ശരാശരി മലയാളികൾ നല്ല വീടുകളും വാഹനങ്ങളും വാങ്ങി ഉപയോഗിക്കുമ്പോൾ ഇല്ലാത്ത പ്രശ്നം ജാനുവിന്റെ കാര്യത്തിൽ ഉണ്ടാകേണ്ട കാര്യമില്ല. അതേസമയം അവർ ഒരു പൊതുപ്രവർത്തക ആയതിനാൽ അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അതിനുപിറകിലെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റി ആളുകൾ ചോദിക്കുന്നത് പലപ്പോഴും ഒഴിവാക്കാനും  ആവില്ല. പ്രത്യേകിച്ചും ദാരിദ്ര്യം, രാഷ്ട്രീയ പ്രവർത്തകരെ സംബന്ധിച്ച് ഒരു പോസിറ്റിവ് മൂല്യം ആയികാണുന്ന നമ്മുടെ പോലുള്ള സമൂഹങ്ങളിൽ; എങ്കിലും.

ചില മറുപടികൾ നമ്മെ മറ്റുചില കാര്യങ്ങൾ ഓർമിപ്പിക്കും. ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന രണ്ട് മന്ത്രിമാർ പറയുന്നത് കേൾക്കൂ:

1. കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ച ആയിരക്കണക്കിന്  കർഷക ആത്‌മഹത്യകൾക്ക് കാരണമായി കേന്ദ്ര കൃഷിവകുപ്പ് മന്ത്രി രാധാ മോഹന്‍ സിംഗ് രാജ്യസഭയിൽ നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു.

“According to the National Crime Records Bureau, causes of (farmer) suicides include family problems, illness, drugs… dowry, love affairs and impotency”.

സംഗതി അടിപൊളിയല്ലേ? കർഷകർക്ക് പ്രണയങ്ങൾ ഉണ്ടാവില്ലേ? പ്രണയങ്ങൾ ഉണ്ടായാൽ അത് തകരുന്നത് സ്വാഭാവികമല്ലേ? ലൈംഗിക ശേഷിക്കുറവിന്റെ കാര്യമാണെങ്കിൽ പറയാനുമില്ല. കെട്ടിത്തൂങ്ങി ചാവുകയല്ലാതെ വേറെ വഴിയില്ല.

2. കേന്ദ്ര അർബൻ ഡെവലപ്മെന്റ് മിനിസ്റ്റർ ആയ വെങ്കയ്യ നായിഡുവിന്റെ അഭിപ്രായത്തിൽ  ‘loan waivers have become fashion now” എന്നാണ്.

ഏത്? കൊല്ലം തോറും ഇന്ത്യൻ കുത്തകൾക്ക് ബജറ്റ് വക കോടിക്കണക്കിന് രൂപ നികുതി ഇളവ് കൊടുക്കുന്ന രാജ്യമാണ് ഇതെന്ന് ഓർക്കണം. നൂറുകണക്കിന് കോടി രൂപ ബാങ്കുകൾക്ക് കിട്ടാക്കടം ഉള്ള രാജ്യമാണ്. അത്തരം ഒരു രാജ്യത്ത് ഏതാനം ആയിരങ്ങൾ വരുന്ന കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നത് ഫാഷന്‍ ആണെന്ന്.

ഈ പ്രസ്താവനകളുടെ തുടർച്ചയായാണ് എൻഡിഎയുടെ ഘടക കക്ഷിയായി പ്രവർത്തിക്കുകയും അവരുടെ നിയമസഭാ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്ത സി.കെ ജാനുവിന്റെ പ്രസ്താവനയെ കാണേണ്ടത്. എന്തുകൊണ്ട് വയനാട്ടിൽ കർഷകർ ആത്‍മഹത്യ ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടിയായി “ഇതെങ്ങനെ സംഭവിക്കുന്നു എന്ന് എനിക്ക് ശരിക്കും അറിഞ്ഞു കൂട” എന്ന് മറുപടി നൽകുന്നു. കൃഷി വലിയ ബാധ്യത അല്ല എന്നും നഷ്ടം സംഭവിക്കുന്നില്ല എന്നും അവർ പറയുന്നുണ്ട്. ഇതിന് പുറമെ “കൃഷിരീതിയേക്കാള്‍ വലിയ പദ്ധതികൾ പ്ലാനിടുമ്പോഴാണ് പ്രശ്നമാകുന്നത് എന്നെനിക്ക് തോന്നുന്നു” എന്നും പറയുന്നുണ്ട്.

എന്താണിതിന്റെ നിജസ്ഥിതി? ഒരു ദീർഘമായ അഭിമുഖ സംഭാഷണത്തിലെ ചില പരാമർശങ്ങൾ എന്നതിനുപരിയായ പ്രാധാന്യം ഇതിനുണ്ട് എന്ന് ഞാൻ കരുതുന്നു. വയനാട്ടിലേതുപോലുള്ള കുടിയേറ്റ സമൂഹങ്ങളോടുള്ള മുഖ്യധാരാ കേരളത്തിന്റെ പൊതുമനോഭാവം ഇതിൽ നിഴലിക്കുന്നു എന്നതാണ് ഞാൻ കാണുന്ന പ്രശ്നം. കർഷകർ ആത്മഹത്യ ചെയ്യുന്നത് കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നം കൊണ്ടല്ല, മറിച്ച് അവർ വീട് നിർമ്മിക്കുക, മക്കളെ വിവാഹം കഴിച്ച് അയയ്ക്കുക, കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്ത് അയയ്ക്കുക തുടങ്ങിയ തെറ്റായ, നീചവും പൈശാചികവുമായ കാര്യങ്ങൾ ചെയ്തത് കൊണ്ടാണ്. കുടിയേറ്റം എന്നത് വലിയ തോതിൽ കേരളത്തിനും അതിന്റെ പരിസ്ഥിതിക്കും വലിയ കോട്ടം വരുത്തിയ സംഗതിയാണ്.കേരളത്തിൽ കുടിയേറ്റം സംഭവിക്കുന്നതിന് പ്രത്യേകിച്ച് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങൾ ഒന്നും ഇല്ലായിരുന്നു. കോട്ടയത്തും മറ്റുമുള്ള കുറെ മനുഷ്യർ ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോൾ മലബാറിലെ വിവിധ ജില്ലകളിൽ മലമ്പ്രദേശങ്ങളോട് ചേർന്നു കിടക്കുന്ന ഭൂമി ചുമ്മാ വന്ന് കയ്യേറിയതാണ്. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ കുറഞ്ഞതോ കൂടിയതോ ആയ അളവിൽ പൊതുബോധത്തിന്റെ ഭാഗമാണ്. ഈയൊരു ചിന്താഗതിയെ ശക്തിപ്പെടുത്തുക കൂടിയാണ് ജാനു ഈ അഭിമുഖത്തിൽ നടത്തുന്ന പരാമര്‍ശങ്ങളിലൂടെ. കുടിയേറ്റക്കാരിൽ ഒരു പ്രബല വിഭാഗം ക്രിസ്ത്യാനികൾ ആയതിനാൽ ഈ പരാമര്‍ശങ്ങള്‍ അവരുടെ പുതിയ രാഷ്ട്രീയ താവളത്തിലെ സ്ഥിരം താമസക്കാർക്ക് സുഖിക്കുകയും ചെയ്യും. (ചുരുക്കി പറഞ്ഞാൽ പുതുവൈപ്പിനിലെ മലയാളികൾക്ക് ഭരണകൂടത്തിനെതിരെ പ്രതികരിക്കാൻ അവകാശം ഉണ്ട്. എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ പ്രതികരിക്കാൻ മലയോര കർഷകർക്ക് അവകാശം ഇല്ല എന്ന മട്ടിലാണ് പൊതുബോധം പ്രവർത്തിക്കുന്നത്).

വയനാട്ടിലേക്ക് വ്യാപകമായ കുടിയേറ്റം ആരംഭിക്കാനുള്ള ഒരു കാരണം പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ തേയില, കാപ്പി, ഏലം തുടങ്ങിയവ കൃഷി ചെയ്യാനായി വൻകിട തോട്ടങ്ങൾ ആരംഭിച്ചതോടെയാണ്. ഈ തോട്ടങ്ങളിൽ പ്രവർത്തിക്കാനായി ആയിരക്കണക്കിന് ആളുകളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും കൊണ്ടു വരികയുണ്ടായി. ലോകമഹായുദ്ധങ്ങൾ സൃഷ്ഠിച്ച ക്ഷാമം തിരുവിതാംകൂറിൽ നിന്ന് വ്യാപകമായ കുടിയേറ്റത്തിന് കാരണമായിട്ടുണ്ട്. 1940 മുതൽ 1960-കൾ വരെയുള്ള കാലഘട്ടത്തിൽ വയനാട്ടിലെ ജനസംഖ്യ വൻതോതിൽ ഉയർന്നു. ഇതിന്റെ ഫലമായാണ് വയനാട്ടിൽ ആദിവാസികൾ ന്യൂനപക്ഷമാകുന്നതും ജനസംഖ്യയിൽ കുടിയേറ്റക്കാർ ഭൂരിപക്ഷം ആയി മാറുകയും ചെയ്യുന്നത്. കുടിയേറ്റത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പ്രധാനമായും ഭക്ഷ്യവിളകളാണ് കൃഷി ചെയ്യപ്പെട്ടതെങ്കിലും പിന്നീട് നാണ്യവിളകൾക്ക് പ്രാധാന്യം നൽകിത്തുടങ്ങി. ഇതിന്റെ പിന്നിലെ രഹസ്യം പൂർണമായും സാമ്പത്തികമാണ്. നാണ്യവിളകൾക്ക് താരതമ്യേന മെച്ചപ്പെട്ട വില ലഭിച്ചിരുന്നു. അതിന് പുറമെ ആദ്യഘട്ടത്തിൽ മാത്രമേ നാണ്യവിളകൾക്ക് വൻതോതിൽ കായിക അധ്വാനം ആവശ്യം വരുന്നുള്ളു. കാപ്പി, കുരുമുളക്, അടയ്ക്ക, തേങ്ങ എന്നിവയൊക്കെ താരതമ്യേന കുറഞ്ഞ മനുഷ്യ അധ്വാനത്തിൽ മുന്നോട്ട് കൊണ്ടുപോകാവുന്ന വിളകളാണ്. ഈ രീതിയിൽ ഭക്ഷ്യവിളകളിൽ നിന്ന് വ്യാപകമായി നാണ്യവിളകളിലേക്ക് തിരിഞ്ഞത് പിൻക്കാലത്ത് കർഷകർക്ക് തിരിച്ചടി ആവുന്നുണ്ട്.

നാം മനസിലാക്കേണ്ടത് വയനാട്ടിലെ കർഷകരിൽ മഹാഭൂരിപക്ഷവും ചെറുകിട കർഷകരാണ്. അവരിൽ ഭൂരിഭാഗവും കൃഷി ചെയ്യുന്നത് കാപ്പിയും കുരുമുളകുമാണ്. ഈ രണ്ടു വിളകളും സ്വന്തം ഉപഭോഗം മുന്‍നിര്‍ത്തിയുള്ളതല്ല. അതുകൊണ്ട് തന്നെ ഈ രണ്ട് വിളകളുടെയും വിലനിലവാരം അന്താരാഷ്ട്ര മാർക്കറ്റിനെ ആശ്രയിച്ചാണ് നിൽക്കുന്നത്. കേരളത്തിൽ ആകെ ഉത്പ്പാദിപ്പിക്കുന്ന കാപ്പിയുടെ ഏകദേശം 80 ശതമാനവും വയനാട്ടിൽ നിന്ന് വരുന്നതാണ്. ഇത് മുഴുവനായും തന്നെ കയറ്റുമതി ലക്ഷ്യം വച്ചുള്ളതാണ്. ഈ മാർക്കറ്റ് നിയന്ത്രിക്കുന്നതിൽ യാതൊരു പങ്കും ഉത്പ്പാദകർക്കില്ല.

1995 -ൽ ആണെന്ന് തോന്നുന്നു, കാപ്പിക്കുരു ശേഖരിക്കുന്നതിൽ കോഫി ബോര്‍ഡിന് ഉണ്ടായിരുന്ന കുത്തകാധികാരം ഗവൺമെൻറ് എടുത്തുകളഞ്ഞു. അതോടെ കാപ്പിയുടെ വിലനിലവാരം സ്വകാര്യ കുത്തകകളുടെ കയ്യിലായി. അതുകൊണ്ട് ഓരോ വർഷവും കർഷകർക്ക് കിട്ടുന്ന വിലയിൽ വലിയ അന്തരം വരാൻ തുടങ്ങി. അവിടെയാണ് തുടക്കത്തിൽ പറഞ്ഞ ബ്രസീലിലെ മഞ്ഞുവീഴ്ചയുടെ പ്രസക്തി. കാപ്പി ഉത്പ്പാദകരായ മറ്റുരാജ്യങ്ങളിൽ ഏതെങ്കിലും കാരണത്താൽ വിളവ് കുറയുന്ന വർഷങ്ങളിൽ മാത്രമേ കർഷകർക്ക് മെച്ചമായ വില ലഭിക്കുകയുള്ളൂ. അതേസമയം കാപ്പിയുടെ വിപണത്തിൽ ആഗോള കുത്തക നിലനിർത്തുന്ന നെസ്‌ലെ, ബ്രുക് ബോണ്ട് തുടങ്ങിയ കമ്പനികളുടെ ലാഭം പതിന്മടങ്ങ് വർധിക്കുകയും ചെയ്തു. കാപ്പിക്കുരുവിന് ഭീമമായ വിലയിടിവുണ്ടായ ഏതെങ്കിലും വർഷങ്ങളിൽ നിങ്ങൾ കുടിച്ച നെസ് കഫേ കാപ്പിക്ക് വിലകുറഞ്ഞത് നിങ്ങൾക്ക് ഓർമ്മയുണ്ടോ? ഒരിക്കലും സംഭവിക്കാത്ത കാര്യമാണത്.

കുരുമുളകിന്റെ കാര്യത്തിൽ ഇത് കുറച്ചുകൂടി വ്യക്തമാണ്. വയനാട്ടിലെ പുൽപ്പള്ളി, മുള്ളൻകൊല്ലിയെയൊക്കെ താരതമ്യേന സമ്പന്നമാക്കിയത് കുരുമുളകിന്റെ ഉയർന്ന വിലയാണ്. പക്ഷെ ഏകവിളയയായി കുരുമുളക് കൃഷി ചെയ്തിരുന്ന ഈ പ്രദേശങ്ങളിൽ ദ്രുതവാട്ടത്തിന്റെ ഫലമായി ഒന്നു രണ്ടു വർഷം കൊണ്ട് കുരുമുളക് കൃഷി മുഴുവൻ നശിച്ചു പോയി. വയനാട്ടിലെ ഏറ്റവും സമ്പന്നമായ പ്രദേശത്തെ കർഷകർ സാമ്പത്തികമായി തകർന്നത് അങ്ങനെയാണ്. ഇതിനു പുറമേയാണ് സാർക് രാജ്യങ്ങളുമായി ഒപ്പുവെച്ച വാണിജ്യ കരാർ. ഇത് പ്രകാരം ഗുണനിലവാരം കുറഞ്ഞ, കുറഞ്ഞ വിലയുള്ള കുരുമുളക് ശ്രീലങ്ക വഴി കേരളത്തിൽ എത്തി. ഇത് മറ്റൊരു തിരിച്ചടി കൂടിയായി. മൊത്തത്തിൽ നോക്കുകയാണെങ്കിൽ ഒരുതരത്തിലും ചെറുകിട കർഷകരുടെ നിയന്ത്രണത്തിൽ നിൽക്കാത്ത പല ഘടകങ്ങൾ ഒരുമിച്ച് ചേർന്നാണ് വയനാടിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തത്.

പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി എടുക്കപെടുന്ന തീരുമാനങ്ങൾ എല്ലാം തന്നെ ചെറുകിട കർഷകരുടെ താല്പര്യങ്ങളെ ഹനിക്കുന്നതായിരുന്നു. സ്വതന്ത്ര വ്യാപാരകരാറുകൾ ഉത്പാദനച്ചെലവ് കൂടുതലുള്ള ഉത്പാദന സമൂഹങ്ങൾക്ക് ഒട്ടും ഗുണകരമല്ല. വളത്തിനും കാർഷിക ഉത്പന്നങ്ങൾക്കും കിട്ടുന്ന സബ്‌സിഡി വര്‍ഷങ്ങളായി കുറഞ്ഞുവരികയും ഇല്ലാതാവുകയും ചെയ്യുന്നു. ലോകവ്യാപകമായി തന്നെ ചെറുകിട കർഷകരുടെ അസ്തിത്വം ഇല്ലാതാവുകയാണ്. കൃഷി ഏതാണ്ട് പൂർണമായും കോർപ്പറേറ്റ് ഫാമിങ്ങ് ആയി തീർന്നിരിക്കുന്നു. ഇതിനു പുറമെയാണ് കാർഷികവൃത്തിക്ക് ആവശ്യമായ മൂലധന ചെലവുകളിൽ വരുന്ന വർധന. വളം, വിത്ത്, വേതനം എന്നിവ വർഷം തോറും ചെലവ് കൂടിയതാവുന്നു. ഉത്പ്പന്നങ്ങളുടെ വില നിലവാരം പ്രവചനാധീതവും മിക്കവാറും സമയങ്ങളിൽ ഉത്പ്പാദന ചിലവിനേക്കാൾ കുറഞ്ഞും ഇരിക്കുന്നു. മറ്റുപലജോലികളിൽ നിന്നും വ്യത്യസ്തമായി ചെറുകിട കർഷക കുടുംബങ്ങൾക്ക് അവരുടെ ജീവിത ചിലവുകൾ മുഴുവൻ കാർഷിക വരുമാനത്തിൽ നിന്ന് നിർവഹിക്കേണ്ടതുണ്ട്. നിത്യച്ചിലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ആരോഗ്യ ചിലവുകൾ എന്നിങ്ങനെയുള്ള ചെലവുകൾ ഇതിൽ പെടുന്നു.

നിരന്തരമായി കുറഞ്ഞുകൊണ്ടിരിക്കുന്ന കാർഷിക വരുമാനത്തിൽ നിന്ന് ഇക്കാര്യങ്ങൾ നടന്നുപോകാൻ ബുദ്ധിമുട്ടാണെന്നത് വ്യക്തമാണല്ലോ. വിലത്തകർച്ച വേറൊരു വിധത്തിലും കർഷകരെ ബാധിക്കുന്നുണ്ട്. മിക്കവാറും എല്ലാ കർഷകരും കടത്തിന്റെ ലഭ്യതയെ അനുസരിച്ചാണ് ഓരോ വർഷവും കൃഷി മുന്നോട്ട് കൊണ്ട് പോകുന്നത്. കൃഷി തുടങ്ങാൻ ആവശ്യമായ മൂലധന ചിലവുകൾ വേറൊരു വിധത്തിലും അവർക്ക് കണ്ടെത്താൻ സാധ്യമല്ല. എല്ലാവർഷവും ലോൺ എടുക്കലും അതിന്റെ തിരിച്ചടവും ചാക്രികമായി നടന്നുപോകുന്നു. പക്ഷെ ഏതെങ്കിലും ഒരു വർഷം വിലത്തകർച്ച മൂലമോ, കാലാവസ്ഥ വ്യതിയാനം മൂലമോ കൃഷി നഷ്ടത്തിൽ ആയാൽ ഈ സൈക്കിൾ തകരും. ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ പിന്നെ ബാങ്കുകളിൽ നിന്ന് ലോൺ കിട്ടില്ല. ഇന്ത്യൻ ബാങ്കുകളുടെ പ്രത്യേകത തന്നെ കാർ ലോൺ ഒറ്റദിവസം കൊണ്ട് കുറഞ്ഞ പലിശയിൽ കിട്ടും എന്നതും എന്നാൽ കാർഷിക ആവശ്യത്തിനുള്ള ലോൺ അത്ര എളുപ്പത്തിൽ കിട്ടുകയില്ല എന്നതുമാണ്. പിന്നീട് പ്രാദേശിക പണമിടപാടുകാരെ ആശ്രയിക്കാതെ നിവർത്തിയില്ലാതാവും. ഒരിക്കൽ ഇത്തരം കൊള്ളപ്പലിശക്കാരിൽ നിന്ന് കടം വാങ്ങിയാൽ നാം കടക്കെണിയിൽ പെട്ടു. പിന്നീട് അതിൽ നിന്ന് പുറത്തുകടക്കല്‍ അസാധ്യമാണ്. കർഷക ആത്മഹത്യകളിൽ നല്ലൊരു വിഭാഗം ഈ രീതിയിൽ കടക്കെണിയിൽ ആയവരാണ്.

വയനാടിനെ സംബന്ധിച്ചിടത്തോളം കാർഷിക പ്രതിസന്ധിയുണ്ടാക്കുന്ന മറ്റുഘടകങ്ങൾ കാലാവസ്ഥ വ്യതിയാനങ്ങൾ, വരൾച്ച, ജലക്ഷാമം, കാര്‍ഷികരോഗങ്ങൾ എന്നിവയൊക്കെയാണ്. കാപ്പിയും കുരുമുളകും കൃത്യമായും മഴയെ ആശ്രയിച്ചു മാത്രം ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളകളാണ്. എന്തെങ്കിലും തരത്തിൽ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാൽ വൻ ഉത്പാദനക്കുറവാണ് സംഭവിക്കുക. വയനാട്ടിലെ കുരുമുളക് കൃഷിയുടെ നാല്പത് – അൻപത് ശതമാനം കാർഷിക രോഗങ്ങൾ മൂലം ഇല്ലാതായി. ഉത്പാദനത്തിൽ വന്ന കുറവ് നികത്താൻ അമിതമായ രാസവള-കീടനാശിനി പ്രയോഗങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ഇത്തരം സാഹചര്യങ്ങൾ എങ്ങനെയൊക്കെയാണ് കർഷകരെ ബാധിക്കുന്നത്? ഒരേ ഒരു വരുമാനമായി, കാർഷിക വരുമാനത്തിൽ ഉണ്ടാകുന്ന കുറവ് വലിയ പ്രത്യാഘതങ്ങളാണ് കാർഷിക സമൂഹങ്ങളിൽ ഉണ്ടാക്കുന്നത്. അവരുടെ ജീവിത നിലവാരത്തിൽ വലിയ ഇടിച്ചിൽ ഇതുമൂലം ഉണ്ടാകുന്നു. ഇത് പലതരത്തിലുള്ള വ്യക്തിപരവും സാമൂഹികവുമായ സമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു. കടക്കെണിയിൽ കുടുങ്ങിയ കർഷകൻ ബാങ്കുകളുടെയും പലിശക്കാരുടെയും നോട്ടപ്പുള്ളിയാണ്. ഇങ്ങനെ തികഞ്ഞ നിരാശയുടെ അന്തരീക്ഷമാണ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. സായ്‌നാഥ് ഇതിനെപ്പറ്റി ഇങ്ങനെ എഴുതുന്നു:

“I am indebted. My son drops out of college. I am unable to get my daughter married and I am humiliated by the money lender every day when I go to the market. My crops collapses and the bank refuses to give me a loan. I go home getting drunk. I fight with my wife and then commit suicide. The next day, it get recorded that the reason for the suicide is that he had a fight with his wife and so, he killed himself. The last cause gets recorded.”

“ In the 700(suicide-hit) households that I have gone to and seen over the years, the most hurting thing is that when you are leaving the household, when you make eye contact with the lady of the house or the eldest daughter, you know-do not ask me how I know-that she is also planning to take her life. You know that for all your boastfulness about the might of the Press and the power of the pen, I cannot do a damn thing to stop them because that is how we are today as a society. That is the most painful thing for me.I have started avoiding that eye contact because I do not want to see in the person’s eyes that she is also going to take her life. When a young widow takes her life, she might kill her girl child also because she does not want that child forced into prostitution”.

പൂണ്ണമായും കാർഷിക സമ്പദ് വ്യവസ്ഥയായ വയനാട് നേരിടുന്ന പ്രതിസന്ധികൾ വലിയതോതിൽ ജനശ്രദ്ധ നേടിയിട്ടില്ല. പ്രധാന കാർഷിക ഉതപ്പന്നങ്ങളായ കാപ്പിക്കും കുരുമുളകിനും യാതൊരു വില സ്ഥിരതയും ഇല്ല. മെച്ചപ്പെട്ട വില ലഭിക്കുന്ന വർഷങ്ങളിൽ പോലും, കുറഞ്ഞ ഉത്പാദനക്ഷമത മൂലം വിലവർദ്ധനവിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി ഇഞ്ചി, വാഴ തുടങ്ങിയ കൃഷികളിലേക്ക് മാറാൻ നിർബന്ധിതമായി. ഉയർന്ന തോതിലുള്ള രാസവള-കീടനാശിനി ഉപയോഗം മൂലം അപകടകരമായ കളിയായി മാറിയിരിക്കുകയാണ് ഇഞ്ചി-വാഴ കൃഷി. ഇതിൽ തന്നെ ഇഞ്ചിക്കൃഷി ഏതാണ്ട് ആളുകൾ ഉപേക്ഷിച്ചു തുടങ്ങി. യഥാർത്ഥത്തിൽ വയനാട്ടിലെ കർഷകരുടെ ദയനീയാവസ്ഥ മനസിലാക്കാൻ അവർ ഇടക്കാലത്ത് നടത്തിയ വാനില കൃഷി ഓർത്താൽ മതി. ഏറ്റവും കൂടുതൽ വാനില കൃഷി നടക്കുന്നത് മഡഗാസ്കറിൽ ആണ്. അവിടെ കീടബാധയെ തുടർന്ന് വാനില കൃഷി നശിക്കുന്നു. അപ്പോഴാണ് വയനാടൻ കർഷകരോട് മുഴുവൻ വാനില നട്ടോ; ഒടുക്കത്തെ ലാഭമാണ് എന്നാരോ പറഞ്ഞത്. അവര്‍, കണ്ട മരത്തിന്റെ മുകളിൽ മുഴുവൻ വാനില വള്ളി കയറ്റി. വാനിലയിൽ പരാഗണം നടത്തുന്ന ഷഡ്‌പദം കേരളത്തിൽ ഇല്ലാത്തതിനാൽ കൃത്രിമ പരാഗണം നടത്തേണ്ടി വന്നു. അതുപോട്ടെന്നു വെക്കാം. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ മഡഗാസ്കറിൽ വാനില കൃഷി പൂർവാധികം ശക്തിയായി തിരിച്ച് വന്നു. വാനില കൃഷി തുടങ്ങിയ വയനാടൻ കർഷകർ ശശിയായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇപ്പോഴും വയനാട്ടിലെ വീടുകളിൽ ഉണങ്ങിയ വാനില ഇട്ടുതിളപ്പിച്ച കാപ്പി കിട്ടാറുണ്ട്.

ഈ കാർഷിക സമൂഹത്തെ സംബന്ധിച്ചിടത്തോളം അഭിവൃദ്ധി എന്നത് സ്ഥായിയായി നിലനിന്നിട്ടുള്ള ഒരനുഭവം അല്ല. അവരുടെ ആദ്യ തലമുറ നാല്പതുകളിലോ അൻപതുകളിലോ കുടിയേറി വന്നു. അതിൽ കുറേപ്പേർ മലമ്പനി വന്നും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിലും ചത്തുപോയി. ആ തലമുറയ്ക്കോ അതിന്റെ തൊട്ടുപിന്നിലുള്ള തലമുറയ്ക്കോ വിദ്യാഭ്യാസത്തിലൂടെ നേടാമായിരുന്ന അഭിവൃദ്ധി അപ്രാപ്യമായിരുന്നു. നാണ്യവിളകൾ അവർക്ക് പരിമിതമായ സാമ്പത്തിക സുരക്ഷിതത്വം നൽകി. ആ തലമുറ നല്ല വീടുകൾ നിർമിക്കാനും മക്കളെ കർണാടകത്തിലെ കോളേജുകളിൽ അയച്ച് നേഴ്സും എഞ്ചിനീയറും ആക്കാൻ ശ്രമിച്ചു. അപ്പോഴേക്കും കാപ്പിയും കുരുമുളകും തകർന്ന് തുടങ്ങി. വീട് പണി പാതിയിൽ നിന്നു. കുട്ടികൾ ഫീസും പഠനച്ചിലവുകളും താങ്ങാൻ കഴിയാതെ വീട്ടിലേക്ക് മടങ്ങിവന്നു. പെൺകുട്ടികളെ വിവാഹം കഴിച്ചയയ്ക്കാൻ കഴിയാതായി. വിവാഹം കഴിക്കാതെ പുരനിറഞ്ഞു നിൽക്കുന്ന പെൺകുട്ടികൾ. ബാങ്കിൽ നിന്ന് ലോൺ എടുത്താണെങ്കിലും വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയാണ് എങ്കിലും അവരെ വിവാഹം കഴിച്ച് അയയ്ക്കേണ്ടതുണ്ട്. അതോടെ ആകെയുള്ള ഭൂമിയുടെ ആധാരം എന്നെന്നേക്കുമായി ബാങ്കിലോ പലിശക്കാരന്റെ കയ്യിലോ ആകുന്നു. ആകെയുള്ള ഭൂമി ചെണ്ടകൊട്ടി നാട് നീളെ അറിയിച്ച് ജപ്തി ചെയ്തു കൊണ്ട് പോകുന്നു. വയനാട്ടിലെ ഏത് സ്ഥലത്തുനിന്നും കുറച്ച് മണിക്കൂർ യാത്ര ചെയ്താൽ കർണാടകത്തിൽ പ്രവേശിക്കാം. അവിടെ കുറഞ്ഞ വിലയ്ക്ക് പാക്കറ്റ് ചാരായം ലഭ്യമാണ്. അവിടുന്ന് ആത്‍മഹത്യ ചെയ്യണോ – ജീവിക്കണോ എന്ന തീരുമാനത്തിലേക്ക് കുറഞ്ഞ ദൂരമേ ഉള്ളൂ.

മൊത്തത്തിൽ കാർഷിക മേഖലയെ ബാധിച്ച ഈ തകർച്ച വയനാട്ടിലെ തദ്ദേശീയ ജനവിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. വയനാട്ടിലെ ആദിവാസികൾ പല വിഭാഗങ്ങളിൽ പെട്ടവരാണ്. ഇതിൽ കുറിച്യര്‍, മുള്ളകുറുമ തുടങ്ങിയ വിഭാഗങ്ങൾ പരമ്പരാഗതമായി ഭൂസ്വത്ത്, കന്നുകാലി സമ്പത്ത് ഉള്ളവരും അതുകൊണ്ട് തന്നെ താരതമ്യേന സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചുപോരുന്നവരും ആണ്. എന്നാൽ ഇതല്ല അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളുടെ സ്ഥിതി. അടിയ – പണിയ വിഭാഗങ്ങൾ പൂർണമായും തന്നെ കർഷകത്തൊഴിലാളികളാണ്. അവരിൽ സ്വന്തമായി കാർഷിക വൃത്തിയിൽ ഏർപ്പെടാൻ മാത്രം ഭൂമി, സ്വന്തമായി ഉള്ളവർ തീരെ കുറവാണ്. ഇല്ല എന്ന് തന്നെ പറയാം. ഈ വിഭാഗത്തിൽ പെട്ടവരാണ് മുഖ്യമായും വയനാട്ടിലെ കാർഷിക മേഖലയിലെ തൊഴിലാളികൾ. വയനാട്ടിലെ കാർഷിക തകർച്ച ഏറ്റവും രൂക്ഷമായി ഇവരെ ബാധിച്ചിട്ടുണ്ട്. വയനാട്ടിൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞതിനാൽ തൊട്ടടുത്ത കർണാടകയിലെ കൂർഗ് മേഖലയിലാണ് ഈ വിഭാഗത്തിൽ ഉള്ളവർ ജോലിക്ക് പോകുന്നത്. ഇതിന് പുറമെ മലയാളികൾ പാട്ടത്തിന് ഭൂമി എടുത്ത് ഇഞ്ചി കൃഷി ചെയ്യുന്ന സ്ഥലങ്ങളിലും മുഖ്യ തൊഴിലാളികൾ ഇവരാണ്. അത്യന്തം മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളാണ് ഈ തൊഴിലിടങ്ങളിൽ നിലനിൽക്കുന്നത്. കേരളത്തിൽ ലഭിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെക്കുറഞ്ഞ കൂലി മാത്രമേ ഈ പണിയിടങ്ങളിൽ ലഭിക്കുകയുള്ളൂ. വൃത്തിഹീനമായ സാഹചര്യത്തിൽ വേണം അവിടെ ജീവിക്കാൻ. അതിന് പുറമെ കുറഞ്ഞ ചിലവിൽ നിലവാരം കുറഞ്ഞ മദ്യം ലഭിക്കാൻ ധാരാളം സാഹചര്യമുണ്ടുതാനും. ഇതുമൂലം നിരവധി ആദിവാസികൾ രോഗങ്ങൾക്ക് അടിപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വയനാട്ടിൽ കർഷകൻ മാത്രമല്ല നാം ചർച്ച ചെയ്യുന്ന കാലയളവിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്. കാർഷിക പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്ന 2000 -2005 കാലയളവിൽ അടിയ -പണിയ വിഭാഗങ്ങളിൽ നിന്ന് ധാരാളം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത് കൃത്യമായും കാർഷിക പ്രതിസന്ധി സൃഷ്‌ടിച്ച സാമൂഹിക ദുരന്തം തന്നെയാണ്.

സ്വന്തം അധ്വാനത്താൽ സാമ്പത്തിക സുരക്ഷിതത്വം നേടാൻ കഴിയും എന്നതും കാർ വാങ്ങാൻ കഴിയും എന്നതും സത്യമാണ്. അതൊരു നല്ല കാര്യവുമാണ്. പക്ഷെ വ്യക്തിയുടെ അധ്വാനശീലത്തിലും പരിശ്രമത്തിലും ഊന്നിക്കൊണ്ട് എത്രമാത്രം നമുക്ക് വികസിക്കാൻ കഴിയും? ഇത് ഒരു അമേരിക്കൻ ദർശനം ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ കൂടുതൽ സമകാലീനമായ ഒരു ശൈലി കടമെടുത്താൽ ഇതൊരു മുരളി തുമ്മാരുകുടിയൻ ലോജിക് ആണ്. വ്യക്തിയുടെയും കമ്മ്യൂണിറ്റിയുടെയും വളർച്ചയിൽ സാമൂഹിക – രാഷ്ട്രീയ സാഹചര്യങ്ങൾക്ക് ഉള്ള നിർണായക പങ്ക് നാം എങ്ങനെ മനസിലാക്കും? ജാനു ജീവിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിൽ എന്തുകൊണ്ടാണ് മറ്റൊരു ആദിവാസി വിഭാഗത്തിൽപ്പെട്ട വ്യക്തിക്ക് കാർ ഇല്ലാതെ പോകുന്നത് എന്ന് ചോദിക്കുന്നത്, ഏതോ വിധത്തിൽ സ്വന്തം പരിശ്രമത്തിലുള്ള അമിത ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുണ്ട് എന്ന് കരുതുന്നു.

നിയോ ലിബറൽ സാമ്പത്തിക നയങ്ങൾ ഏതു തരത്തിലാണ് കാർഷിക സമൂഹങ്ങളെ ബാധിച്ചത് എന്നതാണ് സുപ്രധാന ചോദ്യം. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് മനുഷ്യർ ആത്മഹത്യ ചെയ്തിരിക്കുന്നു കഴിഞ്ഞ 20 -25 വർഷങ്ങള്‍ക്കുള്ളിൽ. എന്താണ് അതിന്റെ കാരണങ്ങൾ? ചെറുകിട കർഷകർ, കർഷക തൊഴിലാളികൾ, ദളിത്, ആദിവാസി വിഭാഗങ്ങൾ എന്നിവരുടെ താത്പര്യങ്ങൾ നിരന്തരമായി ഹനിക്കുന്ന സാമ്പത്തിക നയങ്ങളാണ് ഭരണകൂടം ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൃഷി കോർപറേറ്റ് ഫാമിങ്ങ് ആയി മാറുന്നു. വളം, വൈദ്യുതി എന്നിവയുടെ സബ്‌സിഡി എടുത്തു കളയുന്നു. കർഷക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ആഗോള കരാറുകളിൽ ഒപ്പ് വെക്കുന്നു. പ്രാദേശിക ഉത്പന്നങ്ങളെയും വിപണികളെയും തകർക്കുന്ന ഇറക്കുമതി നയങ്ങൾ സ്വീകരിക്കുന്നു.

ഈ നയങ്ങൾ എല്ലാം തന്നെ നേരിട്ട് ബാധിക്കുന്ന ഒരു ജില്ലയാണ് വയനാട്. ഇവിടുത്തെ സമ്പദ് വ്യവസ്ഥ അത്രമാത്രം ആഗോള വിപണിയുമായി ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഇവിടുത്തെ ഉത്പന്നങ്ങളുടെ വിലനിലവാരം ആഗോള വിപണിയുടെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. ഇത് മിക്കവാറും അല്ലങ്കിൽ എല്ലായ്പ്പോഴും ചെറുകിട ഉത്പാദകരുടെ താൽപര്യങ്ങൾക്ക് എതിരും ആയിരിക്കും. ഈ വിധത്തിൽ വിപണി ബന്ധിതമായ സാമ്പത്തിക വ്യവസ്ഥയുടെ അടിമകൾ എന്ന നിലയ്ക്ക് വേണം ഈ കർഷക ആത്മഹത്യകളെ കാണാൻ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജയറാം ജനാര്‍ദ്ദനന്‍

ജയറാം ജനാര്‍ദ്ദനന്‍

അധ്യാപകന്‍, സാമൂഹിക വിമര്‍ശകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍