ജോലി ലഭിക്കുമെന്ന് വാഗ്ദാനം ലഭിച്ച 22 പേരില്‍ 6 പേര്‍ മാത്രമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ജോലി നോക്കുന്നത്
പന്തലായനിയിലും പരിസരത്തും വച്ച് വിനോദിന് ഇപ്പോള്‍ സ്ഥിരമായി നേരിടേണ്ടിവരുന്നത് ‘ഇന്ന് ജോലിക്കു പോയില്ലേ’ എന്ന ചോദ്യമാണ്. തിരിച്ചെന്തു പറയണമെന്നറിയാതെ ആ ചോദ്യത്തിനു നേരെ ചിരിച്ചുകൊണ്ട് വിനോദ് തിരിഞ്ഞു നടക്കാറാണ് പതിവ്. നാട്ടുകാരുടെ കണ്ണില്‍ വിനോദ് നിപ്പ കാലത്തെ ഹീറോയാണ്. പത്രങ്ങളിലും ചാനലുകളിലും ചര്‍ച്ച ചെയ്യപ്പെട്ട, പലയിടങ്ങളില്‍ നിന്നും ആദരവുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള ആരോഗ്യപ്രവര്‍ത്തകന്‍. വാഗ്ദാനം ചെയ്ത ജോലി നഷ്ടപ്പെട്ടപ്പോള്‍, തെരുവിലിറങ്ങി സമരം ചെയ്ത് അവകാശം തിരിച്ചുപിടിച്ച നാല്‍പ്പതു പേരിലൊരാള്‍. നിപ്പ കാലത്ത് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നവരെ കാലാവധി കഴിഞ്ഞെന്ന പേരില്‍ പുറത്താക്കിയപ്പോള്‍ അതില്‍ വിനോദും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നിരാഹാരം വരെ നീണ്ട സമരത്തിനൊടുവില്‍ ജനപ്രതിനിധികളും മെഡിക്കല്‍ കോളേജ് അധികൃതരും ഇടപെട്ട് നിപ്പ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കും എന്ന് രേഖാമൂലം ഉറപ്പും നല്‍കിയിരുന്നു. അതിനു ശേഷം വിനോദ് അടക്കമുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥിരജോലി ലഭിച്ചുവെന്നാണ് മറ്റെല്ലാവരേയും പോലെ പന്തലായനിക്കാരുടെയും കണക്കുകൂട്ടല്‍. ജോലി സമയങ്ങളിലും വിനോദിനെ അങ്ങാടിയില്‍ കാണുമ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നു, ‘ഇന്നു ജോലിക്കു പോയില്ലേ’യെന്ന്.
നിപ്പ വാര്‍ഡില്‍ ജോലി നോക്കിയിരുന്നവര്‍ നഷ്ടപ്പെട്ട ജോലി സംരക്ഷിക്കാനായി പുതുവര്‍ഷാരംഭത്തില്‍ തുടങ്ങിയ സമരം 2019 ജനുവരി ഇരുപതിന് ഒത്തുതീര്‍പ്പാക്കിയതുവരെയുള്ള കഥകളേ മാധ്യമങ്ങളിലൂടെ പൊതുജനം അറിഞ്ഞിട്ടുള്ളൂ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ ജോലിയില്‍ പ്രവേശിച്ചെന്നും, തൊഴില്‍ നഷ്ടപ്പെടാത്ത തരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നുമാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, ഈ വാഗ്ദാനത്തില്‍ വിശ്വസിച്ച് ജോലിക്കു കയറിയ 22 പേരില്‍ വിനോദടക്കം 16 പേര്‍ക്ക് കഴിഞ്ഞ ഒരുമാസമായി ജോലിയില്ല. സ്ഥിരജോലി നല്‍കാന്‍ സാധിക്കില്ല എന്ന അധികൃതരുടെ വാദത്തിന്റെ നിയമവശം മനസ്സിലാക്കി ഒത്തുതീര്‍പ്പിനു തയ്യാറായവരാണ് 18 ശുചീകരണത്തൊഴിലാളികളും 4 നഴ്സിംഗ് അസിസ്റ്റന്റുമാരുമടക്കമുള്ള ജീവനക്കാര്‍. സ്ഥിരജോലി ലഭിക്കില്ലെങ്കിലും, കരാര്‍ കാലാവധി പുതുക്കി നല്‍കി, സ്ഥിരമായി ജോലിയുള്ള സാഹചര്യം ഇവര്‍ക്കായി സൃഷ്ടിക്കാമെന്നായിരുന്നു വാഗ്ദാനം. നിയമക്കുരുക്കുകള്‍ തിരിച്ചറിഞ്ഞ് ഈ വാഗ്ദാനം ഇവര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. സ്ഥിരജോലി ലഭിച്ചില്ലെങ്കിലും, ജീവിതം മുന്നോട്ടു നീക്കാന്‍ എല്ലായ്പ്പോഴും ഒരു ജോലി കൈയിലുള്ള അവസ്ഥ മതിയായിരുന്നു ഇവരില്‍ പലര്‍ക്കും. എന്നാല്‍, മൂന്നു മാസത്തെ ആദ്യത്തെ കാലാവധി കഴിഞ്ഞ് നാലോ അഞ്ചോ ദിവസത്തെ ഇടവേളയില്‍ വീണ്ടും അടുത്ത ഘട്ടത്തില്‍ ജോലിക്കു കയറാമെന്നു പ്രതീക്ഷിച്ച ഈ 16 പേരും ഒരു മാസമായി മെഡിക്കല്‍ കോളേജിനു പുറത്താണ്.
എപ്പോള്‍ കണ്ട് സംസാരിച്ചാലും തങ്ങളെ സംരക്ഷിക്കും എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന ആരോഗ്യമന്ത്രിയെ തങ്ങള്‍ക്ക് വിശ്വാസമാണെന്നും, വാഗ്ദാനം ചെയ്യപ്പെട്ട ജോലി തങ്ങള്‍ക്ക് ലഭിക്കാതെ പോകാന്‍ മറ്റു പല കാരണങ്ങളുമുള്ളതായി സംശയമുണ്ടെന്നും ശുചീകരണത്തൊഴിലാളിയായി ജോലിനോക്കിയിരുന്ന വിനോദ് പറയുന്നു. ‘മന്ത്രിയൊക്കെ ഇടപെട്ട് വാക്കു തന്ന് സമരം ഒത്തു തീര്‍പ്പാക്കിയതിനു ശേഷം ഞങ്ങള്‍ കുറച്ചു പേരെ പതിവിലും കുറഞ്ഞ ശമ്പളത്തിനാണ് മെഡിക്കല്‍ കോളജിലെ പല സെന്ററുകളിലേക്കായി നിയമിക്കുന്നത്. മാതൃശിശു കേന്ദ്രം, ഡെന്റല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ഹെല്‍ത്ത് മിഷന്‍ എന്നിവിടങ്ങളിലേക്കായിരുന്നു നിയമിച്ചത്. മൂന്നൂറു രൂപ ദിവസക്കൂലിയില്‍ അറുപതു ദിവസത്തേക്കായിരുന്നു നിയമനം. അറുപതു ദിവസമെന്നു പറഞ്ഞാല്‍ കലണ്ടറിലെ ദിവസങ്ങളെണ്ണുമ്പോള്‍ അവധി കഴിഞ്ഞ് മാസം ഇരുപതു ദിവസമൊക്കെയാണ് ജോലിയുണ്ടാവുക. ആ കാലാവധി കഴിഞ്ഞ ശേഷം ഇപ്പോള്‍ ഒരു മാസക്കാലമായി ജോലിയൊന്നുമില്ലാതെ നില്‍ക്കുകയാണ് ഞങ്ങളെല്ലാം. വാക്കു തന്നിരുന്നതു പോലെ ജോലി നീട്ടിത്തന്നില്ലെന്നു മാത്രമല്ല, ഇനി തരുമോ എന്ന കാര്യത്തിലും സംസാരിച്ചപ്പോള്‍ വലിയ ഉറപ്പൊന്നും തന്നിട്ടില്ല. ഇനി ജോലി പ്രതീക്ഷിക്കണ്ട എന്ന് ഉറപ്പിച്ചു പറഞ്ഞാല്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്ന് ഭയന്നിട്ടാണോ എന്നറിയില്ല, അങ്ങനെ ഏതായാലും പറഞ്ഞിട്ടില്ല. പക്ഷേ, എനിക്കൊപ്പം ജോലി നഷ്ടപ്പെട്ടവര്‍ കാര്യമന്വേഷിക്കാന്‍ പോയപ്പോഴെല്ലാം വലിയ പ്രതീക്ഷയുള്ള സമീപനമല്ല ഉണ്ടായിട്ടുള്ളത്. എല്ലാവര്‍ക്കും ജോലി ലഭിക്കുമെന്നും, ഒഴിവു വരുന്ന മുറയ്ക്ക് വിളിക്കുമെന്നുമാണ് സമരം അവസാനിപ്പിക്കുന്ന സമയത്ത് ലഭിച്ച വാഗ്ദാനം. സമരം ഒത്തുതീര്‍പ്പാക്കിയപ്പോഴേക്കും കാര്യങ്ങളാകെ മാറിപ്പോയി. നിപ്പ വാര്‍ഡില്‍ ജോലി ചെയ്തവര്‍ യഥാര്‍ത്ഥത്തില്‍ 42 പേരാണ്. അവരില്‍ത്തന്നെ മേയ് 31 എന്ന കാലാവധി വച്ച് 22 പേരെ ആറ്റിക്കുറുക്കിയെടുത്താണ് ജോലി വാഗ്ദാനം തന്നത്. സ്ഥിരപ്പെടുത്തും എന്നു തന്നെയാണ് മന്ത്രി ആദ്യം പറഞ്ഞിരുന്നത്. അത് സാധിക്കാതെ വന്നപ്പോഴാണ്, കരാര്‍ കാലാവധിയ്ക്കിടയില്‍ നാലോ അഞ്ചോ ദിവസത്തെ ഇടവേളയിട്ട് എല്ലായ്പ്പോഴും ജോലിയുണ്ടാകുന്ന അവസ്ഥ ഉണ്ടാക്കാമെന്ന തീരുമാനമായത്. അതായത് സ്ഥിരജോലിയല്ല, സ്ഥിരമായി ജോലി. അതിനു ഞങ്ങള്‍ക്ക് സമ്മതവുമായിരുന്നു. മന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നെങ്കിലും, കോളേജില്‍ പോയപ്പോള്‍ കാര്യങ്ങളാകെ മാറി. കോളേജിലെ ഒരു ലോബിയാണ് ഞങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് എന്നാണ് സംശയം. യൂണിയന്റെ ചില ആളുകള്‍ തന്നെയാണ് ഇതിനു പുറകില്‍. ആരോഗ്യമന്ത്രിയെ എപ്പോള്‍ കണ്ടാലും 22 ആളുകളുടെ ജോലി സംരക്ഷിക്കും എന്നു തന്നെയാണ് പറയുന്നത്. പക്ഷേ, കോളേജില്‍ അതല്ല അവസ്ഥ. നിപ്പ വാര്‍ഡില്‍ ജോലി ചെയ്തവരുടെ ലിസ്റ്റില്‍ യൂണിയന്റെ ആളുകള്‍ അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാന്‍ ശ്രമിച്ചിരുന്നു. അതിനെ ഞങ്ങളില്‍ ചിലര്‍ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനുള്ള പ്രതികാരനടപടിയാണോ ഞങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്നതെന്നും സംശയമുണ്ട്.’
ജോലി ലഭിക്കുമെന്ന് വാഗ്ദാനം ലഭിച്ച 22 പേരില്‍ 6 പേര്‍ മാത്രമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ജോലി നോക്കുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഈ ആറു പേര്‍ക്കും ജോലി. തെരഞ്ഞെടുപ്പു തിരക്കുകള്‍ പ്രമാണിച്ച് ഇവര്‍ക്ക് ജൂണ്‍ വരെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ടെന്നും, അതിനു ശേഷം ഇവരും ഇറങ്ങേണ്ടി വരുമോ എന്നറിയില്ലെന്നും ജീവനക്കാര്‍ പറയുന്നു. നിപ്പ വാര്‍ഡില്‍ ജോലി ചെയ്തവരെയെല്ലാം ജൂണ്‍ ഒന്നോടു കൂടി പുതിയ ബാച്ചില്‍ നിയമിക്കുമെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നുണ്ടെന്നും, അക്കാര്യത്തില്‍ യാതൊരു ഉറപ്പില്ലെങ്കില്‍ക്കൂടി ഇത്രനാള്‍ കാത്ത തങ്ങള്‍ക്ക് ജൂണ്‍ ഒന്നു വരെ കാക്കാനും മടിയില്ലെന്നുമാണ് ജീവനക്കാരുടെ പക്ഷം. തങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, യൂണിയനിലെ ചിലര്‍ തന്നെ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാമെങ്കിലും, അടുത്ത മാസം ജോലി ലഭിക്കുമെന്ന് വിശ്വസിക്കാന്‍ തന്നെയാണ് ഇവര്‍ക്കിഷ്ടം. അല്പം കാത്തിരുന്നാലെങ്കിലും ജോലി ലഭിച്ചാല്‍ മതി എന്ന് കരുതാനാകുന്നത്ര ബാധ്യതകളാണ് നിപ്പ വാര്‍ഡിലെ ഓരോ ജീവനക്കാരനുമുള്ളത്. ‘ജോലിയില്ലാതെ പുറത്തു നില്‍ക്കുന്നവരെല്ലാം കഷ്ടപ്പെടുകയാണ്. എല്ലാവരെയും ജോലിക്കെടുക്കാമെന്നു പറഞ്ഞ് ഞങ്ങളെ പറ്റിച്ചു. ഹെല്‍ത്ത് മിഷനിലൊക്കെ മുന്നൂറു രൂപ ദിവസക്കൂലിയ്ക്ക് ജോലിയ്ക്ക് അയച്ചവരൊക്കെ ഒന്നും തിരിച്ചു ചോദിക്കാതെ പറയുന്ന പണി ചെയ്തത്, ഇപ്പോള്‍ ഈ ജോലി ചെയ്തില്ലെങ്കില്‍ എന്നെന്നേക്കുമായി പുറത്തുനില്‍ക്കേണ്ടി വരുമോ എന്ന് ഭയന്നിട്ടാണ്. അങ്ങനെയുള്ളവരെയാണ് ഒരു മാസമായി പുറത്തുനിര്‍ത്തിയിരിക്കുന്നത്. ഈ 22 പേരും പ്രാരാബ്ധവും ബാധ്യതകളുമുള്ള സാധാരണക്കാരാണ്. ഈയൊരു ജോലി എല്ലാ കാലത്തുമുണ്ടെങ്കില്‍ ബാധ്യതകള്‍ വീട്ടാമെന്നാണ് എല്ലാവരുടെയും ചിന്ത. ‘ഇത്രയും കഷ്ടപ്പാടുകള്‍ വച്ച് നിപ്പാക്കാലത്ത് വാര്‍ഡില്‍ വന്ന് പണിയെടുത്തവരാണ്. ജൂണ്‍ ഒന്നു വരെ നോക്കിയിട്ട് പരിഹാരമുണ്ടായില്ലങ്കില്‍ എല്ലാവരും ചേര്‍ന്ന് വീണ്ടും സമരത്തിനിറങ്ങും.’ നിപ്പ വാര്‍ഡില്‍ ജോലി ചെയ്ത 22 പേരില്‍ നിലവില്‍ തുടര്‍ന്നും ജോലി ചെയ്യുന്ന 6 പേരിലൊരാളായ നഴ്സിംഗ് അസിസ്റ്റന്റ് മിനി പറയുന്നു.
.
നിപ്പ വാര്‍ഡിലെ ജോലിക്കാര്‍ക്കെല്ലാമുള്ളതുപോലെ, വിനോദിനും ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. ഏതു നിമിഷവും വീടും സ്ഥലവും ജപ്തിയില്‍ നഷ്ടപ്പെടാവുന്ന തരത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുകയാണ് വിനോദ്. കെ.ഡി.സി ബാങ്കില്‍ നിന്നും 2013ല്‍ എടുത്ത മൂന്നു ലക്ഷം രൂപയുടെ വായ്പ ഇപ്പോള്‍ പലിശ പെരുകി അഞ്ചു ലക്ഷം രൂപയായി നില്‍ക്കുകയാണ്. തുച്ഛമായ ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് വായ്പത്തുക തിരിച്ചടയ്ക്കാനുള്ള നെട്ടോട്ടത്തിനിടെയാണ് വിനോദിന് മെഡിക്കല്‍ കോളേജിലെ ജോലിയും നഷ്ടപ്പെടുന്നത്. ദിവസവും ലഭിച്ചിരുന്ന മുന്നൂറു രൂപയില്‍ നിന്നും യാത്രാക്കൂലി കിഴിച്ചാല്‍ ഒന്നുമുണ്ടാകില്ല എന്ന അവസ്ഥയിലും, എങ്ങിനെയും കടം വീട്ടാം എന്ന പ്രതീക്ഷ വിനോദിനുണ്ടായിരുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും പോയതോടെ, മുന്നോട്ടുള്ള വഴി കാണാതെ പകച്ചു നില്‍ക്കുകയാണ് വിനോദ്. ‘സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുത്തു എന്നു കാണിക്കുന്ന കടലാസ്സും തപാലില്‍ വന്നു. പക്ഷേ, ജപ്തി നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല. ഏതു നിമിഷവും അതുമുണ്ടാകാം. അദാലത്ത് പോലുള്ള പരിപാടികള്‍ അതിനിടയില്‍ നടക്കുന്നുണ്ട്. ഇടയ്ക്ക് നടന്ന അദാലത്തില്‍ അഞ്ചു ലക്ഷവും ചില്ലറയുമാണ് ഒറ്റത്തവണയായി അടയ്ക്കാന്‍ നിര്‍ദ്ദേശം വന്നത്. ഒറ്റയടിക്ക് അത്രയും തുക സ്വപ്നം കാണാന്‍ വയ്യാത്തതിനാല്‍ അങ്ങോട്ടു പോയതേയില്ല.’
നിര്‍മാണത്തൊഴില്‍ ചെയ്തിരുന്ന വിനോദ്, ഇടക്കാലത്ത് സിമന്‍റ് അലര്‍ജി വന്നതോടെയാണ് ആ ജോലി നിര്‍ത്തി മറ്റു വഴികള്‍ അന്വേഷിക്കുന്നത്. ഇടക്കാലത്ത് പെട്ടിക്കടയിട്ടു നോക്കിയെങ്കിലും വിജയിച്ചില്ല. അതിനിടെയാണ് മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജോലി ലഭിക്കുന്നത്. നിപ്പ പടര്‍ന്നു പിടിച്ച കാലത്ത് ആത്മസംയമനത്തോടെ ജോലി നോക്കിയതിനു പകരമായി അഭിനന്ദനങ്ങള്‍ക്കൊപ്പം സ്ഥിരജോലി എന്ന വാക്കുകൂടി എത്തിയതോടെ, പ്രതിസന്ധികളൊഴിഞ്ഞു എന്ന ചിന്തയിലായിരുന്നു വിനോദും ഭാര്യയും മക്കളും. താന്‍ മാത്രമല്ല, ഇത്തരത്തില്‍ പല ബാധ്യതകള്‍ കൊണ്ട് പ്രയാസപ്പെടുന്നവരാണ് തന്റെ സഹപ്രവര്‍ത്തകരെല്ലാം എന്ന് വിനോദ് വിശദീകരിക്കുന്നുണ്ട്. നിപ്പ വാര്‍ഡില്‍ ജോലി ചെയ്തിരുന്നവരില്‍ സ്ത്രീകളാണ് എണ്ണത്തില്‍ കൂടുതല്‍. അക്കാലത്ത് ജോലി നോക്കിയാല്‍ അധിക തുക ലഭിക്കും എന്നതിനാല്‍ ജീവന്‍ പണയം വച്ചും കുടുംബത്തിനായി ഐസൊലേഷന്‍ വാര്‍ഡ് ശുചിയാക്കാനെത്തിയവരും ഇവരിലുണ്ട്. രോഗികളായ ഭര്‍ത്താക്കന്മാരുള്ളവരും, പഠിക്കുന്ന മക്കളുള്ളവരുമായി പല സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. എന്തു ന്യായത്തിന്റെ പേരിലായാലും ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ച് പുറത്താക്കിയിരിക്കുന്നത് ഇവരേക്കൂടിയാണ്.
നിപ്പയുടെ കാലത്ത് വീട്ടില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ പോലും വകവയ്ക്കാതെയാണ് വിനോദ് ജോലിക്കു പോയിരുന്നത്. നിപ്പ എന്ന വാക്കുപോലും ഭീതിയോടെ മാത്രം ഉച്ചരിക്കപ്പെട്ട, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് അബദ്ധത്തില്‍പ്പോലും പോകാതെ നോക്കിയ നാട്ടുകാരോട്, നിര്‍മാണത്തൊഴിലിനു പോകുന്നു എന്നു കള്ളം പറഞ്ഞാണ് വിനോദ് ദിവസവും ഐസൊലേഷന്‍ വാര്‍ഡിലെ ജോലിക്കെത്തിയിരുന്നത്. സത്യമറിഞ്ഞാല്‍ താനും തന്റെ കുടുംബവും നേരിടാന്‍ പോകുന്ന സാമൂഹിക ബഹിഷ്‌കരണത്തെക്കുറിച്ച് വിനോദിന് ബോധ്യമുണ്ടായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടും ആശങ്കകള്‍ സഹിച്ചും ജോലി ചെയ്തതിനു പ്രതിഫലമായി കിട്ടിയ സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് വിനോദിന് ഇന്ന് കൈമുതലായുള്ളത്. അതും കൈയിലെടുത്ത് താമസിക്കുന്ന വീട്ടില്‍ നിന്നും എന്ന് ഇറങ്ങേണ്ടിവരുമെന്നും വിനോദിനറിയില്ല. ജൂണ്‍ വരെ കാത്തിട്ടും പരിഹാരമുണ്ടായില്ലെങ്കില്‍, സമരമല്ലാതെ മറ്റൊരു വഴിയും ഈ 22 പേരുടെയും മുന്നിലില്ല.