UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിക്ഷീണന്‍ ഈ ഉമ്മന്‍ചാണ്ടി

Avatar

ജെ. ബിന്ദുരാജ് 

ജനസമ്പര്‍ക്ക പരിപാടി എന്ന പി ആര്‍ ഉത്സവകാലത്തൊക്കെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതിരാവിലെ മുതല്‍ അര്‍ധരാത്രി വരെ ജനങ്ങളുടെ പരാതി സ്വീകരിച്ച് ചാനലുകളുടേയും പത്രങ്ങളുടേയും ജനനായകനായി മാറ്റപ്പെടുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. പ്രാര്‍ത്ഥിക്കുന്ന പ്രാണി പോലെ ജലപാനം പോലുമില്ലാതെയായിരുന്നു പലപ്പോഴും അദ്ദേഹം നാട്ടുകാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. അര്‍ധരാത്രിയോടടുക്കുമ്പോഴും ഈ ശാരീരിക അധ്വാനം നാളെ വോട്ടായി പരിണമിക്കുമെന്നതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞുകണ്ടിരുന്നു. പക്ഷേ ഇക്കഴിഞ്ഞ ദിവസം സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ രാവിലെ 11 മണി മുതല്‍ രാത്രി 12.45 വരെ 14 മണിക്കൂറുകളോളം വിസ്താര കസേരയിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം പരിക്ഷീണമായിരുന്നു. 45 മിനിറ്റ് നീണ്ട ഉച്ചഭക്ഷണസമയവും പത്തുമിനിറ്റു നീണ്ട വൈകുന്നേരത്തെ ചായ സമയവും മാത്രമാണ് കുറച്ചെങ്കിലും അദ്ദേഹത്തിന് ആശ്വാസം നല്‍കിയത്. പറഞ്ഞ കല്ലുവച്ച നുണകള്‍ പലതും വിസ്താരത്തിനിടയില്‍ പൊട്ടിത്തകരുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. നുണ പരിശോധനയ്ക്ക് തയാറാണോയെന്ന ബിജു രാധാകൃഷണന്റെ അഭിഭാഷകന്റെ ചോദ്യത്തിന് അല്ലെന്നായിരുന്നു ദയനീയനിലയില്‍ കാണപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി. വീണിടത്ത് കിടന്ന് ഉരുളാന്‍ നോക്കിയപ്പോഴെല്ലാം കമ്മീഷനും കമ്മീഷന്റെ അഭിഭാഷകരും തന്നെ അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചപ്പോള്‍ വീണിടം കുഴിയുന്നതുപോലെ തോന്നി പലപ്പോഴും. മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടന്‍കളിക്കുന്നതുപോലെയല്ല ജുഡീഷ്യല്‍ കമ്മീഷന്റെ വിസ്താരത്തെ നേരിടേണ്ടതെന്ന് അങ്കലാപ്പോടെ എഴുപത്തിരണ്ടുകാരന്‍ മനസ്സിലാക്കി. സ്വതസിദ്ധശൈലിയിലുള്ള ബബബ വര്‍ത്തമാനമൊന്നും കമ്മീഷനു മുന്നില്‍ നടപ്പില്ലല്ലോ. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായി ഒരു മുഖ്യമന്ത്രി ജുഡീഷ്യല്‍ കമ്മീഷനു മുന്നിലിരുന്നു വിയര്‍ത്തു!

ആദ്യം കമ്മീഷനു മുന്നില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തന്നെ തുടങ്ങുന്നു ചാണ്ടിയുടെ പഴയ പൊട്ടന്‍കളികളുടെ ചീറ്റിത്തുടങ്ങല്‍. 2013 ഡിസംബര്‍ 27-ന് ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന യോഗത്തില്‍ സരിത എസ് നായര്‍ ചാണ്ടിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നുവെന്നും തോമസ് കുരുവിള എന്ന കോട്ടയംകാരനായ ദല്‍ഹിയിലെ ചാണ്ടിയുടെ വിശ്വസ്തനൊപ്പം സരിതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചിരുന്നതാണ്. എന്നാല്‍ നിയമസഭയില്‍ ഈ ആരോപണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി തട്ടിവിട്ട പെരുംനുണകളിലൊന്ന് താന്‍ ദല്‍ഹിയിലുണ്ടായിരുന്നത് ഡിസംബര്‍ 29-നാണെന്നാണ്. എന്നാല്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ കുരുവിള മൊഴി നല്‍കിയപ്പോള്‍ സരിത നായര്‍ ഡിസംബര്‍ 27-ന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നുവെന്ന് വ്യക്തമാക്കി. അതേ തുടര്‍ന്നാണ് നിയമസഭയില്‍ പറഞ്ഞ തീയതിയില്‍ പിഴവു പറ്റിയെന്നും താന്‍ ഡിസംബര്‍ 27ന് തന്നെയാണ് ദല്‍ഹിയില്‍ പോയതെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചത്. പക്ഷേ അന്നേ ദിവസം സരിത ദല്‍ഹിയിലുണ്ടായിരുന്നുവെന്നതിന് കമ്മീഷന്റെ കൈയില്‍ തെളിവുകളുള്ളതിനാല്‍ സരിതയെ അവിടെ വച്ചു കണ്ടിട്ടില്ലെന്ന് പറയാതെ മുഖ്യമന്ത്രിക്ക് മറ്റൊരു വഴി വേറെയില്ല.


കമ്മീഷന് മുഖ്യമന്ത്രിയുടെ മൊഴി സരിതയെ ജീവിതത്തില്‍ മൂന്നു തവണയേ കണ്ടിട്ടുള്ളുവെന്നാണ്. മല്ലേലില്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം സെക്രട്ടറിയേറ്റില്‍ വച്ച് സരിതയെ കണ്ടിട്ടേയില്ലെന്ന നിലപാടില്‍ ചാണ്ടി ഉറച്ചുനില്‍ക്കുകയും ചെയ്തു. പക്ഷേ സെക്രട്ടറിയേറ്റിലെ സി സി ടി വി ക്യാമറയില്‍ നിന്നും ആ ദൃശ്യങ്ങള്‍ കണ്ടെത്താനാവില്ലെന്ന റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് ചാണ്ടിയുടെ ആ മൊഴി. സരിതയും തത്ത പറയുന്നതു പോലെ ഇതേ മൊഴി തന്നെയാണ് കാലങ്ങളായി മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതെങ്കിലും വരുന്ന ജനുവരി 27-ന് കമ്മീഷനു മുന്നില്‍ മാത്രമേ അതിനെപ്പറ്റി താനിനി പറയൂ എന്നു പറഞ്ഞ് ഇന്നലെ തന്നെ സരിത പുതിയ വിലപേശലിന് തുടക്കമിട്ടിട്ടുമുണ്ട്. സോളാര്‍ കുംഭകോണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയ സമയത്തു തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും സരിത എസ് നായര്‍ എന്ന തട്ടിപ്പുകാരിക്ക് ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ ആദ്യമൊന്നും സരിത എസ് നായര്‍ എന്നയാളെ കണ്ടുപരിചയം പോലും തനിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം തനിക്ക് സരിതയെ അറിയാമെന്നും പക്ഷേ അത് ലക്ഷമി നായര്‍ എന്ന പേരിലാണെന്ന് പറയുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും സരിത നായരുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് ആരോപണം ഉയര്‍ന്ന സമയമായിരുന്നു അത്. പക്ഷേ സരിതയെ ലക്ഷ്മി നായര്‍ എന്ന പേരില്‍ തനിക്കറിയാം എന്നു പറഞ്ഞതിനപ്പുറം എത്രത്തോളം അടുപ്പം തനിക്ക് അവരുമായി ഉണ്ടെന്നും അത് ഏതെല്ലാം കാര്യങ്ങളിലായിരുന്നുവെന്നും മുഖ്യമന്ത്രി അന്ന് വെളിപ്പെടുത്തുകയുണ്ടായില്ല. മല്ലേലില്‍ ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുമായുള്ള സെക്രട്ടറിയേറ്റില്‍ വച്ചുള്ള അപ്പോയിന്റ്‌മെന്റ് വിഷയം ഇമെയിലിലൂടെ അറിയിക്കാനാകുംവിധമുള്ള പരിചയം സരിതയ്ക്ക് ചാണ്ടിയോടുണ്ടായിരുന്നുവോ. 2014 മാര്‍ച്ച് 27-ന് ഇന്ത്യാ ടുഡേ കൊച്ചി ഓഫീസിലെത്തി സരിത നായര്‍ ഈ ലേഖകനോട് സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രിയുമായി സരിതയ്ക്ക് എത്രത്തോളം അടുപ്പമുണ്ടെന്നും അത് ഏതൊക്കെ രീതിയിലായിരുന്നുവെന്നും അറിയാനുള്ള ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതാ അതിലെ ചോദ്യങ്ങളും അതിന് സരിത നല്‍കിയ മറുപടികളും ഒന്നു നോക്കൂ.

ചോദ്യം: പറയപ്പെടുന്നതുപോലെ മുഖ്യമന്ത്രിയോട് അത്ര അടുപ്പമുണ്ടോ സരിതയ്ക്ക്? മുഖ്യമന്ത്രിയുടെ ചെവിട്ടില്‍ താങ്കള്‍ മന്ത്രിക്കുന്നതുപോലെുള്ള ചിത്രങ്ങള്‍ പോലും പ്രത്യക്ഷപ്പെട്ടു. എന്താണ് വേദിയിലിരുന്ന അദ്ദേഹത്തിന്റെ ചെവിട്ടില്‍ മന്ത്രിച്ചത്?

ഉത്തരം: ബിജു രാധാകൃഷ്ണനും ഞാനുമായുള്ള പ്രശ്‌നങ്ങള്‍ അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന സമയത്തായിരുന്നു അത്. എത്രയോ സ്ത്രീകള്‍ അവരുടെ കുടുംബ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കുന്നുണ്ട്. ബിജു രാധാകൃഷ്ണന്‍ ടീം സോളാറില്‍ നിന്നും പലരില്‍ നിന്നും പണം പറ്റി മുങ്ങിനടക്കുന്നതിനെ തുടര്‍ന്ന് പല കേസ്സുകളും പൊലീസ് സ്റ്റേഷനുകളില്‍ വന്നു. എന്തെങ്കിലും സാര്‍ ഇതില്‍ ഇടപെട്ട് ചെയ്യണം എന്നാണ് ഞാന്‍ അന്ന് വേദിയിലെത്തി അഭ്യര്‍ത്ഥിച്ചത്.


ചോദ്യം: പക്ഷേ വേദിയില്‍ കൊണ്ടു ചെന്ന് ഇത്തരമൊരു നിവേദനം നല്‍കിയത് കുടുംബപ്രശ്‌നത്തെക്കുറിച്ചുള്ളതാണെന്ന് വിശ്വസിക്കുക പ്രയാസമാണ്.

ഉത്തരം: എത്രയോ പേര്‍ സാറിന് അത്തരത്തില്‍ നിവേദനം നല്‍കുന്നു. അദ്ദേഹം വേദിക്കു മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ നിവേദനം കൊടുക്കാനൊരുങ്ങിയതാണ്. പക്ഷേ അപ്പോള്‍ ഞാന്‍ പറയുന്നതെന്താണെന്ന് ചാണ്ടി സാറിന് മനസ്സിലായില്ല. ഞാന്‍ മാത്രമല്ല ഒത്തിരിപ്പേര്‍ അന്ന് വേദിയില്‍ ചെന്ന് അദ്ദേഹത്തിന് നിവേദനം നല്‍കിയിരുന്നു. സ്ഥലം എം എല്‍ എയാണ് അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് സംസാരിക്കാന്‍ എന്നോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് വേദിയില്‍ ആരെങ്കിലും വന്നുവെന്ന് പറഞ്ഞ് സദസ്സില്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കാനാവില്ലല്ലോ.

ചോദ്യം: ജയിലില്‍ കിടന്നപ്പോഴോ അല്ലാതെ മറ്റേതെങ്കിലും സമയത്തോ മുഖ്യമന്ത്രി താങ്കളുമായി ബന്ധപ്പെട്ടിരുന്നുവോ? സരിത എന്നെ കുളത്തിലാക്കിയത് എന്തിനാണെന്ന് അദ്ദേഹം എപ്പോഴെങ്കിലും പറഞ്ഞുവോ?

ഉത്തരം: ഇല്ല. ഒരിക്കലും പറഞ്ഞിട്ടില്ല. ഞാന്‍ അദ്ദേഹത്തോട് അങ്ങനെ സംസാരിക്കാന്‍ പോയിട്ടില്ല.

ചോദ്യം: മുഖ്യമന്ത്രി പോലും താങ്കളെ അറിഞ്ഞിരുന്നത് ലക്ഷ്മി നായര്‍ എന്ന പേരിലാണെന്ന് പറഞ്ഞിരുന്നു.

ഉത്തരം: എന്റെ വീട്ടില്‍ വിളിക്കുന്ന പേരാണ് ലക്ഷ്മി. ആളുകളുമായി ഞാന്‍ സംസാരിച്ചിരുന്നത് ലക്ഷ്മി എന്ന പേരിലാണ്.

ചോദ്യം: മുഖ്യമന്ത്രിക്ക് സരിത എന്ന താങ്കളുടെ പേര് അറിയില്ലായിരുന്നോ?

ഉത്തരം: അദ്ദേഹത്തിനറിയാം. ഞാനും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന മട്ടില്‍ വാര്‍ത്തകള്‍ വരുന്ന സമയമാണത്. എന്നേക്കാള്‍ അധികം ആ സമയത്ത് സമ്മര്‍ദ്ദത്തിലായത് യു ഡി എഫ് ആയിരുന്നു. അവരുടെ അടുത്തേക്ക് ഞാന്‍ ഒരു തട്ടിപ്പുകാരിയായിട്ടല്ല ചെന്നത്. ആ സമയത്ത് ഞാന്‍ തട്ടിപ്പുകാരിയല്ല. എന്റെ കമ്പനിക്ക് ഇത്രയും പ്രശ്‌നങ്ങളില്ല. ഞാന്‍ ഇത്രയും പ്രശ്‌നങ്ങളില്‍ കുടുങ്ങിയ ആളാണെന്നറിഞ്ഞപ്പോള്‍ ഞാനുമായുള്ള ബന്ധം സമ്മതിക്കണോ വേണ്ടയോ എന്ന സമ്മര്‍ദ്ദം ഉണ്ടായ സമയത്താകാം അദ്ദേഹം അങ്ങനെ പറഞ്ഞത്. ബിജു രാധാകൃഷ്ണന്‍ എന്ന ഭര്‍ത്താവ് എന്ന തലത്തില്‍ നിന്ന വ്യക്തി എങ്ങനെ എന്നെ വഞ്ചിച്ചുവെന്നതിനെപ്പറ്റി ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ചോദ്യം: ജിക്കു, ജോപ്പന്‍, സലിംരാജ് എന്നിവരെ ആ സമയത്ത് സരിത വിളിച്ചത് അപ്പോള്‍ സ്വാഭാവികമായും മുഖ്യമന്ത്രിയുമായി ബന്ധപ്പെടാനായിരിക്കും (അന്ന് മുഖ്യമന്ത്രിക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ല).

ഉത്തരം: ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലാണ് ജോപ്പനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത്. ജോപ്പന്റെ ഭാര്യ ജൂലിക്ക് അസുഖമായിരിക്കുന്ന സമയത്താണ് ഞാനും ജൂലിയും സൗഹൃദത്തിലാകുന്നത്. ഞാന്‍ അവരുടെ ഒരു കുടുംബസുഹൃത്തായിരുന്നു. ജോപ്പന്‍ പൈസ വാങ്ങിക്കുന്ന ഒരാളാണെന്ന് എനിക്ക് തോന്നുന്നില്ല. ഇന്നേ വരെ എന്റെ കൈയില്‍ നിന്നും ഒരു രൂപ പോലും ജോപ്പന്‍ വാങ്ങിയിട്ടില്ല. ഞാന്‍ ജോപ്പന് പൈസ കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ജോപ്പനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ആരെയോ തൃപ്തിപ്പെടുത്താനായിരുന്നു അറസ്റ്റ്. രണ്ടു ലക്ഷം രൂപ ഞാന്‍ ജോപ്പന് നല്‍കിയതെന്നതിന് പൊലീസിന്റെ കൈയില്‍ തെളിവു പോലുമില്ല. ഇന്നയിന്ന ആള്‍ക്കാര്‍ക്ക് ഞാന്‍ പൈസ കൊടുത്തുവെന്ന് ഞാന്‍ പറയുന്നപക്ഷം അവരെയൊക്കെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുമോ?


ഈ ചോദ്യങ്ങളും ഉത്തരങ്ങളും പരിശോധിക്കുമ്പോള്‍ തന്നെ സരിത മനപ്പൂര്‍വം പല ചോദ്യങ്ങളില്‍ നിന്നും ഒളിഞ്ഞുമാറുന്നത് വ്യക്തം. ജിക്കു, ജോപ്പന്‍, സലിംരാജ് എന്നിവരുടെ ഫോണുകളിലൂടെ മുഖ്യമന്ത്രിയുമായി താന്‍ സംസാരിച്ചുണ്ടോയെന്ന കാര്യം സരിത വെളിപ്പെടുത്തുന്നില്ല. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിന് തലേന്ന് സരിത സലിംരാജിന്റെ ഫോണിലേക്ക് വിളിച്ചിരുന്നതിന് തെളിവുണ്ട്. സലിം രാജ് ഇക്കാര്യം നേരത്തെ സമ്മതിച്ചിരുന്നതുമാണ്. സലിംരാജിന്റെ ടെലിഫോണ്‍ ശബ്ദരേഖ പിടിച്ചെടുക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നപ്പോള്‍ സലിംരാജിന്റെ ശബ്ദരേഖ പിടിച്ചെടുക്കുന്നതിന് സ്റ്റേ വാങ്ങാന്‍ ആദ്യം ഹൈക്കോടതിയിലേക്ക് പാഞ്ഞത് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയായിരുന്നുവെന്ന കാര്യം സ്മരണീയം. സലിംരാജിന്റെ ശബ്ദരേഖയില്‍ എന്താണ് ദണ്ഡപാണിക്കു കാര്യമെന്ന് ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും സലിം രാജിന്റെ ശബ്ദത്തിനു പുറമേ മുഖ്യമന്ത്രിയുടെ ശബ്ദവും അതിലുണ്ടാകുമെന്നതു തന്നെയാണ് ആ സവിശേഷ താല്‍പര്യത്തിന് അടിസ്ഥാനമെന്ന് ആര്‍ക്കാണ് സംശയം. പക്ഷേ മുഖ്യമന്ത്രി എല്ലാം പഴിയും തന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മേല്‍ ചാരി രക്ഷപ്പെടാനാണ് കമ്മീഷനു മുന്നിലും ശ്രമിച്ചത്. സോളാര്‍ കേസ്സിന്റെ പേരിലാണ് സലിം രാജിനെ നീക്കം ചെയ്തതെന്നു പോലും തട്ടിവിട്ടു. സലിം രാജിനെ മുഖ്യമന്ത്രി നീക്കം ചെയ്യാന്‍ തീരുമാനമെടുത്തത് കളമശ്ശേരി ഭൂമി തട്ടിപ്പുകേസ്സില്‍ എ കെ നാസറിന്റെ പരാതി ലഭിച്ച അക്കൗണ്ടിലായിരുന്നുവെന്നാണ് പക്ഷേ ഈ ലേഖകന്‍ മനസ്സിലാക്കുന്നത് അത് സോളാര്‍ അക്കൗണ്ടിലേക്ക് പിന്നീട് മാറ്റപ്പെട്ടുവെങ്കിലും!

ക്രഷര്‍ ഉടമ മല്ലേലില്‍ ശ്രീധരന്‍ നായരെ ക്വാറി ഉടമകളുടെ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ മാത്രമേ സെക്രട്ടറിയേറ്റില്‍ വച്ചു കണ്ടിട്ടുള്ളുവെന്നാണ് മുഖ്യമന്ത്രിയുടെ കമ്മീഷനു മുന്നിലുള്ള നിലപാട്. 2013 ജൂലൈ ഒമ്പതിനായിരുന്നു അത്. സരിതയ്‌ക്കൊപ്പം കണ്ടിട്ടേയില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. റാന്നി കോടതിയില്‍ ഇതു സംബന്ധിച്ച് ശ്രീധരന്‍ നായര്‍ നല്‍കിയ പരാതി കളവാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ അന്നേ ദിവസം സരിത സെക്രട്ടറിയേറ്റില്‍ ഉണ്ടോയെന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. അന്നേ ദിവസം സരിതയും സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവ് ഉണ്ടെന്നതാണ് വാസ്തവം. ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ നല്‍കിയ രണ്ടു ലക്ഷം രൂപയ്ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി തന്റെ ലെറ്റര്‍ഹെഡില്‍ ഡോക്ടര്‍ ആര്‍ ബി നായര്‍ (ബിജു രാധാകൃഷ്ണന്‍) , സിഇഒ ടീം സോളാറിനെ അഭിസംബോധന ചെയ്ത് കത്ത് നല്‍കിയിട്ടുള്ളത് അന്നു തന്നെയാണ്. പോരാത്തതിന് എ ഡി ജി പി ഹേമചന്ദ്രന്റെ റിേപ്പാര്‍ട്ടിലും സരിതയുടെ സന്ദര്‍ശന വിവരം സ്ഥിരീകരിക്കുന്നുണ്ട്. സരിതയെ കണ്ട കാര്യത്തില്‍ ആദ്യം തന്നെ സ്വതസിദ്ധമായ പൊട്ടന്‍കളി നടത്താന്‍ തുടങ്ങിയ മുഖ്യമന്ത്രി പിന്നീട് ചുവടുമാറ്റിയാണ് മൂന്നു തവണ കണ്ടിട്ടുണ്ടാകാമെന്നു പറഞ്ഞത് അതിന് കാരണമായി പറഞ്ഞതാകട്ടെ ബിജു രാധാകൃഷ്ണന്‍ ആലുവ ഗസ്റ്റ് ഹൗസില്‍ വച്ച് ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞ കാര്യങ്ങളും! ബിസിനസ് സംബന്ധമായി നിവേദനം നല്‍കാന്‍ വന്നപ്പോഴും കടപ്ലാമറ്റത്ത് ജലനിധിയുടെ ചടങ്ങില്‍ പങ്കെടുത്തപ്പോഴും ദുരിതാശ്വാസനിധിയില്‍ സംഭാവന നല്‍കാന്‍ വന്നപ്പോഴുമായിരിക്കും അതെന്നാണ് ചാണ്ടി പറയുന്നത്. പക്ഷേ ഇക്കാര്യങ്ങള്‍ ബിജു രാധാകൃഷ്ണന്‍ എങ്ങനെ ഓര്‍മ്മപ്പെടുത്തുമെന്നത് വേറെ കാര്യം. പ്രത്യേകിച്ചും ബിജു രാധാകൃഷ്ണനെതിരെ പരാതി പറയാനാണ് കടപ്ലാമറ്റത്തെ ചടങ്ങില്‍ താന്‍ പോയതെന്ന് സരിത പറയുന്ന അവസ്ഥയില്‍! പക്ഷേ ബിജു രാധാകൃഷ്ണനുമായി മന്ത്രിച്ച പേഴ്‌സണല്‍ കാര്യം എന്താണെന്ന് വെളിപ്പെടുത്താന്‍ കമ്മീഷനു മുന്നില്‍ പോലും മുഖ്യമന്ത്രി തയാറായില്ല. എം ഐ ഷാനവാസ് പറഞ്ഞതു പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന പതിവു വാദത്തില്‍ തന്നെയാണ് മുഖ്യമന്ത്രി നിലകൊള്ളുന്നത്. ബിജു രാധാകൃഷ്ണന്‍ തട്ടിപ്പുകേസ്സിനു പുറമേ, കൊലപാതകക്കേസ്സിലും കുടുങ്ങി അകത്തു കിടക്കുമ്പോഴും ബിജു പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ചാണ്ടി മടിക്കുന്നതെന്തിനാണ്?

തോമസ് കുരുവിളയും മകന്‍ ചാണ്ടി ഉമ്മനുമായും ബിസിനസ് ബന്ധങ്ങളൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മൊഴി. കുരുവിളയുടെ സാമ്പത്തിക വളര്‍ച്ച ശ്രദ്ധയില്‍പെട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു. പക്ഷേ അതിനേക്കാളൊക്കെ പ്രധാനം ടീം സോളാര്‍ എന്ന കമ്പനി പോലും തനിക്കറിയില്ലെന്നും അവര്‍ നടത്തിയ തട്ടിപ്പിലൂടെ ഖജനാവിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ പലതും കൈക്കലാക്കാന്‍ ടീം സോളാര്‍ ശ്രമിച്ചുവെന്നും അനര്‍ട്ടിന്റെ സബ്‌സിഡി അവര്‍ സുരാന വെന്‍ച്വേഴ്‌സ് എന്ന കമ്പനിയിലൂടെ സ്വന്തമാക്കിയെന്നും സി ഡിറ്റിന്റേതടക്കമുള്ള പല പദ്ധതികളും പൈപ്പ് ലൈനിലായിരുന്നുവെന്നുമുള്ള ആരോപണങ്ങളും വാസ്തവങ്ങളും നിലനില്‍ക്കേയാണ് മുഖ്യമന്ത്രിയുടെ ഈ വാദങ്ങള്‍. പല ജനപ്രതിനിധികളും 2013-ല്‍ മുന്‍കൈയെടുത്ത് നടപ്പാക്കാനിരുന്ന പല സോളാര്‍ പദ്ധതികള്‍ക്കും പിന്നില്‍ വാസ്തവത്തില്‍ ടീം സോളാറായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സോളാര്‍ വിഷയത്തില്‍ പൊതു താല്‍പര്യം പരിഗണിച്ചുള്ള അന്വേഷണം ഉണ്ടായിട്ടില്ലെന്നും പരാതികള്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നുമുള്ള കമ്മീഷന്റെ കണ്ടെത്തല്‍ ശ്രദ്ധേയമാണ്. വലിയ ഇടപാടുകളിലേക്കൊന്നും അന്വേഷണത്തെ തിരിച്ചുവിടാതെ, സോളാര്‍ കേസ്സില്‍ പണം നഷ്ടപ്പെട്ടവരുടെ പരാതിയിലുള്ള അന്വേഷണം മാത്രമാണ് പൊലീസ് നടത്തിയിട്ടുള്ളതെന്ന് വെളിവാക്കുന്ന ആ പരാമര്‍ശനത്തിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്. ഭരണതലത്തിലുള്ള ഇടപാടുകളിലേക്കൊന്നും പോകാതെ വെറുമൊരു തട്ടിപ്പുകേസ്സു മാത്രമായി സോളാര്‍ അന്വേഷണം ചുരുങ്ങാന്‍ അതിടയാക്കിയെന്ന് വ്യക്തം. നിക്ഷ്പക്ഷമായി സി ബി ഐയെപ്പോലൊരു കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയാണെങ്കില്‍ സോളാറില്‍ പുറത്തുവരുന്ന രഹസ്യങ്ങള്‍ ഒരുപക്ഷേ ഭരണവര്‍ഗക്കാര്‍ സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ വമ്പന്‍ ഇടപാടുകള്‍ നടത്തി പണമുണ്ടാക്കുന്നതിന്റെ യഥാര്‍ത്ഥ ചിത്രമാകും വെളിവാക്കുക.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍