UPDATES

ബിജുവിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി

അഴിമുഖം പ്രതിനിധി

ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജു ഉന്നയിച്ച വിഷയങ്ങളില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഒരു ശതമാനമെങ്കിലും തെളിവുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് മാന്യതയുള്ളതിനാല്‍ ഗസ്റ്റ് ഹൗസില്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്ത് പറയുന്നില്ല. സംസാരിച്ചത് രഹസ്യ സ്വഭാവമുള്ള കാര്യമാണ്. എംഐ ഷാനവാസ് പറഞ്ഞത് അനുസരിച്ചാണ് ബിജുവിനെ കണ്ടത്. തന്റെ അടുപ്പക്കാരനാണെങ്കില്‍ ഷാനവാസ് പറയണമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഇതുവരെ പറയാത്ത കാര്യങ്ങളാണ് ബിജു പറയുന്നത്. ആരെങ്കിലും രക്ഷിക്കുമെന്ന് ബിജു കരുതിയിരുന്നിരിക്കാം. ബിജുവിനെ ജയില്‍ അടക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജു തന്നെ കണ്ടുവെന്ന് പറയുന്ന ദിവസം ബിജുവിന്റെ ഫോണ്‍ കേരളത്തിലേ ഉണ്ടായിരുന്നില്ലെന്ന് ഫോണ്‍ വിളി രേഖകള്‍ തെളിയിക്കുന്നു. തെളിവുണ്ടെങ്കില്‍ സിഡി ഹാജരാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബ്ലാക്ക്‌മെയിലിംഗിന് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഓഫീസില്‍ നിന്നും ഒരു ലെറ്റര്‍ പാഡ് പോലും ബിജുവിന് ലഭിച്ചില്ല. അത് വ്യാജമായി നിര്‍മ്മിച്ചതാണെന്നും മുഖ്യമന്ത്രി. ബിജു സിഡി ഹാജരാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങളെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
 മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍