UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റു വാങ്ങിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി സമര്‍പ്പിച്ചു. ഇന്ന് രാവിലെ 10.30-ഓടെയാണ് ഗവര്‍ണറെ സന്ദര്‍ശിച്ച് രാജി സമര്‍പ്പിച്ചത്. പുതുപ്പള്ളിയില്‍ നിന്ന് അദ്ദേഹം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ എ ഗ്രൂപ്പിനും നഷ്ടമുണ്ടായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഐ ഗ്രൂപ്പിനാണ് എണ്ണം കൂടുതല്‍. ഇതൊക്കെ കാരണമാണ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാത്തതെന്ന് കരുതുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ അദ്ദേഹം കാവല്‍ മുഖ്യമന്ത്രിയായി തുടരും.

സിപിഐഎമ്മിലേക്കാണ് വോട്ടു ചോര്‍ച്ചയുണ്ടായതെന്നും ബിജെപിയിലേക്ക് വോട്ടു പോയിട്ടില്ലെന്നും രാജി സമര്‍പ്പിച്ച ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ലോകസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുവിഹിതത്തില്‍ ബിജെപി വര്‍ദ്ധവ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും തോല്‍വി താല്‍ക്കാലികം മാത്രമാണെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തെറ്റായ പ്രചരണങ്ങളാലും യു. ഡി. എഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലും പരാജയം നേരിട്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വീഴ്ച പറ്റി. ജനവിധി മാനിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളാണ് അവസാന വാക്ക്.

യു. ഡി.എഫ് ഗവണ്മെന്റ് വികസന രംഗത്ത് തുടങ്ങി വെച്ച കേരളത്തിന്റെ സ്വപ്ന പദ്ധതികളായ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി സ്മാര്‍ട്ട് സിറ്റി എന്നിവയെല്ലാം പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതെല്ലം സമയബന്ധിതമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ പുതിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമൂഹത്തിന്റെ താങ്ങും തണലും ആവശ്യമുള്ള ജനങ്ങള്‍ക്ക് യു. ഡി. എഫ് ഗവണ്മെന്റ് നിരവധി ക്ഷേമ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. അതെല്ലാം തുടര്‍ന്നും കാര്യക്ഷമതയോടു കൂടി മുന്നോട്ടു കൊണ്ട് പോകും എന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. അടിയൊഴുക്കുകള്‍ ഉണ്ടായത് തിരിച്ചറിയാനായില്ലെന്നും നേമത്ത് കോണ്‍ഗ്രസിന്റെ വോട്ട് എല്‍ഡിഎഫിനാണ് ലഭിച്ചതെന്നും ഉമ്മന്‍ചാണ്ടി. നാല് മന്ത്രിമാരുടെ തോല്‍വി മാത്രം ചര്‍ച്ച ചെയ്യുന്നു. ജനങ്ങള്‍ എതിരാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍