UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരുണാകരന്റെ വഴിയിലൂടെ ഉമ്മന്‍ചാണ്ടി എന്ന കാവ്യനീതി

Avatar

കെ എ ആന്റണി

കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടി ഇന്നിപ്പോള്‍ വല്ലാത്തൊരു അവസ്ഥയിലാണ്. സത്യം പറഞ്ഞാല്‍ ഒരു പതനത്തിന്റെ വക്കില്‍. അതും അതിദാരുണമായ പതനം. കെ കരുണാകരന്റെ രാഷ്ട്രീയ പതനത്തിന് ശേഷം കരുണാകരനെ വീഴ്ത്തിയ ആള്‍ തന്നെ അത്തരം ഒരു അവസ്ഥയില്‍ എത്തിച്ചേരുന്നതില്‍ തീര്‍ച്ചയായും ഒരു കാവ്യനീതിയുണ്ട്. കരുണാകരനെ വീഴ്ത്തിയത് ഐ എസ് ആര്‍ ഒ ചാരക്കേസായിരുന്നു. അവിടേയും പണമിടപാടും ചാര വനിതകളും സെക്‌സും ഒക്കെ ഉണ്ടായിരുന്നു. കരുണാകരനില്‍ നിന്നും ചാണ്ടിയിലേക്ക് എത്തുമ്പോള്‍ സരിത പറയുന്ന സോളാര്‍ കഥയിലും ചാരക്കഥയൊഴിച്ച് മറ്റെല്ലാമുണ്ട്. ചേരുവകള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ ആശാന് കൊടുത്തത് തന്നെ ശിഷ്യന് തിരിച്ചു കിട്ടുന്നു വേണം കരുതാന്‍.

ചാരക്കഥയിലെ ഗ്ലാമര്‍ ഗേള്‍ മറിയം റഷീദയായിരുന്നുവെങ്കില്‍ സോളാര്‍ കഥയിലെ നായിക സരിത എസ് നായരാണ്. സരിതയുടെ വായില്‍ നിന്നും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് എന്ന് പലരും വേവലാതി പറയുന്നുണ്ട്. അക്കൂട്ടത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ നിന്നും കുറ്റവാളിയെന്ന അവസ്ഥയിലേക്ക് എത്തിച്ചേരേണ്ടി വന്ന ഒരു പൊതു പ്രവര്‍ത്തകന്റെ അതിദയനീയമായ വിലാപവുമുണ്ട്. –മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി, മുന്തിരച്ചാറ് ഒരുക്കി വച്ചു ഏവം എന്നെ കുരിശിലേറ്റുവാന്‍ അപരാധം എന്തു ഞാന്‍ ചെയ്തു- എന്ന പുത്തന്‍പാനയിലെ യേശുവിന്റെ വിലാപവുമായി വേണമെങ്കില്‍ ഇതിനെ തുലനം ചെയ്യാവുന്നതേയുള്ളൂ.

സത്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുകയാണ്. നാടു നീളെ ഓടിയെത്തി തന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുണാകരന് എതിരെ കുറ്റപത്രവുമായി നാടുനീളെ പ്രസംഗിച്ചു നടന്നിരുന്ന ഉമ്മന്‍ചാണ്ടി ഇവിടെയാണ് നായക സ്ഥാനത്തു നിന്നും പ്രതിസ്ഥാനത്ത് എത്തിയ അവസ്ഥ. പഴയ റോമാക്കാരെ പോലെ നാട്ടുകൂട്ടം കൈയടിച്ചേക്കാം. എല്ലാ പ്രസംഗങ്ങള്‍ക്കും കൈയടിക്കാന്‍ വിധിക്കപ്പെട്ടവരുടെ പാവം ജന്‍മം എന്നല്ലാതെ എന്ത് പറയാന്‍. യാഥാര്‍ത്ഥ്യം പക്ഷേ ചൊല്‍പ്പാവ കൂത്ത് കളിയല്ലല്ലോ. ഇവിടെ ചരടിനും പാവയ്ക്കും പ്രസക്തിയില്ല. ആളുകള്‍ പലതും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.

സരിത നല്‍കിയെന്ന് പറയുന്ന കോഴ ഉമ്മന്‍ചാണ്ടി കൈപ്പറ്റിയെന്ന് പറയുന്നതില്‍ പലര്‍ക്കും സംശയം ഉണ്ടാകാം. അത് തികച്ചും സ്വാഭാവികം. അങ്ങനെയൊന്ന് നടന്നിരിക്കാനുമിടയില്ല. എങ്കിലും പറയുന്നത് സരിതയാണ്. സരിത ഇത്രകാലവും മുഖ്യമന്ത്രിയുടെ നല്ല പുസ്തകത്തില്‍ ഉണ്ടായിരുന്നു. ബിജു രാധാകൃഷ്ണനും അങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെയാകണമല്ലോ സരിതയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിച്ചതും.

എറണാകുളം ഗസ്റ്റ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ഇരുന്ന ബിജു രാധാകൃഷ്ണന്‍ നടത്തിയ കുമ്പസാര രഹസ്യം മുഖ്യമന്ത്രി തുറന്നു പറയാത്തതും. പൊതു ജനങ്ങളുടെ സംശയം ഇവിടേയും അവസാനിക്കുന്നില്ല. തന്റെ നല്ല സഹായിയെന്ന് ഒരിക്കല്‍ മുഖ്യമന്ത്രി വിശേഷിപ്പിച്ച ആളാണ് തോമസ് കുരുവിള. കരുണാകരന്റെ പാവം പയ്യനെ പോലെ ദല്‍ഹിയില്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നയാള്‍. കുരുവിളയുമായി ബിസിനസ് ബന്ധങ്ങള്‍ ഒന്നുമില്ലെന്ന് പറയുമ്പോഴും കുരുവിളയിലെ ദല്‍ഹിയിലെ ഏര്‍പ്പാടുകള്‍ സംശയം ജനിപ്പിക്കുന്നവയാണ്. തന്നെയുമല്ല നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ സരിത പറഞ്ഞത് പണം ഇടപാടിലെ മുഖ്യകണ്ണി കുരുവിളയായിരുന്നുവെന്നാണ്. ഇനിയെങ്കിലും ചാണ്ടി സാര്‍ ഒരു കാര്യം മനസിലാക്കുന്നത് നല്ലതാണ്. ദില്ലിയിലെ മലയാളി ഇടപാടുകാരെ നമ്പാന്‍ കൊള്ളില്ല.


താന്‍ രാജിവയ്ക്കില്ലെന്നും എന്തിനാണ് രാജിവയ്ക്കുന്നത് എന്നുമൊക്കെ നമ്മുടെ ചാണ്ടി സാര്‍ പുലമ്പുന്നുണ്ട്. പോരെങ്കില്‍ കെ ബാബുവിന് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്ക് ഹൈക്കോടതിയില്‍ നിന്നും സ്റ്റേയും ലഭിച്ചിട്ടുണ്ട്. അതേ വിജിലന്‍സ് കോടതി തന്നയല്ലേ തനിക്കും ആര്യാടനും എതിരെ എഫ് ഐ ആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്, ചാണ്ടി സാര്‍ ചോദിക്കുന്നുണ്ട്. വേണമെങ്കില്‍ അധികം വൈകാതെ ഒരു സ്റ്റേ തരപ്പെടുത്താം എന്ന ധൈര്യം തന്നെയാകണം ഇത്തരം ഒരു ചോദ്യത്തിന് പിന്നില്‍.

എന്തുതന്നെയായാലും കാര്യങ്ങള്‍ കൈവിട്ടു പോകുകയാണ്. ദില്ലിയിലും കിട്ടിയിട്ടുണ്ട് ഒരു പണി. സരിത പറയുന്ന സാമ്പത്തിക ഇടപാട് ദില്ലി ചാന്ദിനി ചൗക്കില്‍ നടന്നതാകയാല്‍ അവിടത്തെ പൊലീസ് ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നുവെന്നാണ് വിവരം. കേന്ദ്രം ഭരിക്കുന്നത് ഇപ്പോള്‍ കോണ്‍ഗ്രസല്ല. എഐഐസിസിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് കരുതി ചാന്ദിനി ചൗക്ക് പൊലീസിന്റെ കേസില്‍ നിന്ന് തലയൂരാന്‍ പറ്റുമെന്ന് കരുതേണ്ടതില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ രാഷ്ട്രീയത്തിന് അടുത്ത കാലത്തായി വന്ന് ഭവിച്ചിട്ടുള്ള വലിയൊരു അപചയത്തിലേക്കാണ് സോളാര്‍ കേസും വിരല്‍ ചൂണ്ടുന്നത്. കുറച്ചുകാലമായി ഇടതു വലതു പക്ഷ ഭേദമെന്യേ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ സ്വകാര്യ പങ്കാളിത്തത്തെ പുതിയ വികസന അജണ്ടയായി പര്‍വതീകരിച്ച് കാണിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പരിണാമഗുപ്തിയായി തന്നെ വേണം ഈ കേസിനേയും കാണാന്‍. ഭരണവിഭാഗത്തിനെ കാര്യങ്ങള്‍ ഏല്‍പ്പിക്കാതെ സ്വന്തം കൈപ്പിടിയില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കാട്ടുന്ന അമിതാവേശവും വിനയായി തീരുമെന്ന് ലാവ്‌ലിന്‍ കേസ് നമ്മളെ പഠിപ്പിച്ചതാണ്. അതിന്റെ ഒരു തുടര്‍ച്ചയായി തന്നെ വേണം സോളാര്‍ കേസിനേയും കാണാന്‍. അമിതമായ പരിഗണന ലഭിക്കുന്നവര്‍ അവര്‍ ആരുതന്നെയായിക്കൊള്ളട്ടേ അതെങ്ങനെ വിനിയോഗിക്കുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കാതിരുന്നാല്‍ സംഭവിക്കാവുന്ന ഗുരുതരമായ വീഴ്ചകള്‍ പലപ്പോഴും സംസ്ഥാന ഖജനാവിനെ കൊള്ളയടിക്കുക മാത്രമല്ല സോളാറില്‍ സംഭവിച്ചതുപോലെ നാട്ടുകാരെ കുത്തിപ്പിഴിയാനുള്ള ആയുധമായും ചിലരുടെ കൈയില്‍ എത്തിച്ചേരുന്നു. അവസാനം പറഞ്ഞ കാര്യങ്ങള്‍ ഇനി വരുന്ന സര്‍ക്കാര്‍ എങ്കിലും ശ്രദ്ധിക്കേണ്ടതാണ് എന്നതു കൊണ്ട് ആവര്‍ത്തിക്കുന്നു. ഭരണം എന്നാല്‍ മൊത്തം കാര്യങ്ങള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യലോ തല്‍പര കക്ഷികളെ സംരക്ഷിക്കലോ അല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍