UPDATES

ട്രെന്‍ഡിങ്ങ്

‘പരിസ്ഥിതി ഗുണ്ടകള്‍’ സൂക്ഷിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട്, ഗുണ്ടാനിയമം പിന്നാലെയും

മോദിയുടെ നോട്ട് നിരോധനമടക്കമുള്ള പരിപാടികളേയും നിയോലിബറല്‍ സാമ്പത്തിക നയങ്ങളേയും ശക്തമായി അനുകൂലിക്കുന്ന മേരി ജോര്‍ജ്, സഖാവ് പിണറായി വിജയനെ ഉറച്ച വിശ്വാസമുണ്ട് എന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ പോലുള്ളവരാണ് ഞങ്ങളുടെ കരുത്ത് എന്നായിരുന്നു പിണറായി വിജയന്റെ ചരിത്രപരമായ മറുപടി.

‘പരിസ്ഥിതി തീവ്രവാദി’കളോടും ‘വികസനവിരോധി’കളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കുരിശ് യുദ്ധം വിഖ്യാതമാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ വിപ്ലവ പോരാട്ടം. 1996ല്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ തുടങ്ങിയതാണ് ഇതെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്, ന്യൂസ് 18 കേരള ചാനല്‍ നടത്തിയ ‘റൈസിംഗ് കേരള’ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റെ ‘വികസന സ്വപനങ്ങള്‍’ ആണ് പരിപാടി ചര്‍ച്ച ചെയ്തത്. നല്ലളം ഡീസല്‍ പ്ലാന്റിനെതിരായ എതിര്‍പ്പും സമരവുമാണ് പിണറായി ചൂണ്ടിക്കാട്ടിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടായിരുന്നു ആ പ്രശ്‌നം. ആ പ്രശ്‌നം താന്‍ മന്ത്രിയെന്ന നിലയില്‍ അതിമനോഹരമായി കൈകാര്യം ചെയ്തതെങ്ങനെ എന്ന് അദ്ദേഹം വിശദീകരിച്ചു. “ഞാന്‍ അവിടെ ചെന്ന് അവരോട് അപ്പുറത്തേക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു. ദാ, ആ ഭൂമി നിങ്ങള്‍ക്ക് എടുക്കാം. അങ്ങനെ അവര്‍ ആ ഭൂമി വിട്ടുതരികയും നല്ലളം പ്ലാന്റ് യാഥാര്‍ത്ഥ്യമാവുകയും ചെയ്തു”. അപ്പൊ തന്നെ ആളുകള്‍ ഒഴിഞ്ഞുപോകാന്‍ സമ്മതിച്ചു എന്നാണ് പറയുന്നത്. ധാരാവിയിലെ ഒരു ചേരി ഒറ്റ ദിവസം കൊണ്ട് ഞാന്‍ ഒഴിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്ന നായകനെയാണ് ആദ്യം ഓര്‍മ്മ വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. നന്നായി കയ്യടിച്ചു. പക്ഷെ പിന്നെ ഓര്‍മ്മ വന്ന രംഗം മറ്റൊന്നാണ്. “അപ്പോ തന്നെ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വിളിച്ച് ഒരു അവാര്‍ഡ് തന്നു” എന്ന് സുലൈമാന്‍ പറഞ്ഞത്. എല്ലാം വളരെ പെട്ടെന്നായിരുന്നു. പിണറായി കൈ ചൂണ്ടി ഭൂമി കാണിച്ചുകൊടുത്തപ്പോഴേക്കും ആളുകളെല്ലാം ഭൂമി വിട്ടുകൊടുത്ത് സര്‍ക്കാരിനോട് സഹകരിച്ചു എന്നാണ് പറയുന്നത്. ഭയങ്കരം തന്നെ.

അന്ന് ധാരാവി ഡയലോഗിന് തീയറ്ററില്‍ കയ്യടിച്ച ചേരിയിലെ പാവങ്ങള്‍ക്ക് 20 വര്‍ഷം കഴിഞ്ഞിട്ടും നായകന്‍ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത് തങ്ങളെ പോലുള്ളവരെ ആയിരുന്നു എന്ന് മനസിലായിട്ടില്ല. നായകന്‍ പറയുന്ന നാടിന്‍റെ നന്മക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ എക്കാലത്തും ഭാഗ്യം ലഭിച്ചിട്ടുള്ളത് ഇക്കൂട്ടര്‍ക്കാണ്. എല്ലാം നാടിന്‍റെ നന്മക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോള്‍ സമാധാനം. ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം കിട്ടുക എന്നത് തന്നെ പലപ്പോഴും ഭാഗ്യമാണ്. ജീവിക്കാന്‍ കൊള്ളാവുന്ന ഭൂമിയിലേക്കുള്ള പുനരധിവാസം അപൂര്‍വ സംഭവവും. അതുകൊണ്ട് ചോദിക്കാനും പറയാനും ആളും കരുത്തുമുള്ളവരുടെ ഭൂമികളിലേക്ക് സാധാരണയായി വികസനം എത്തിനോക്കാന്‍ പോലും ധൈര്യപ്പെടാറില്ല. അരുണാചല്‍പ്രദേശില്‍ ഇന്ത്യ – ചൈന യുദ്ധ കാലത്ത്, അതായത് 1962ല്‍ ഏറ്റെടുത്ത ഭൂമിക്ക് ഈ വര്‍ഷമാണ്‌ എന്തോ തുക സര്‍ക്കാര്‍ കൊടുത്തത്. കേരളത്തില്‍ പിന്നെ അത്തരം പ്രശ്നങ്ങള്‍ ഇല്ലാത്തത് കൊണ്ടും പിണറായി വിജയന്‍ മുഖ്യമന്ത്രി ആയത് കൊണ്ടും ഒന്നും പേടിക്കാനില്ല. എല്ലാം ശരിയാകും. പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുമെന്നും ആവശ്യമെങ്കില്‍ പുനരധിവാസം നല്‍കും എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. വന്‍കിട പദ്ധതികള്‍ കൊണ്ടുവന്ന് കുടിയൊഴിപ്പിക്കുന്നവരെയെല്ലാം പുനരധിവസിപ്പിക്കാന്‍ മാത്രം ഭൂമി കേരളത്തിലുണ്ട് എന്നതാണ് ഒരു ആശ്വാസം. 2020 എന്നൊരു വര്‍ഷമുണ്ടെങ്കില്‍ ദേശീയ ജലപാത വരും എന്നാണ് അദ്ദേഹം പറയുന്നത്. നല്ല കാര്യം. 2020 എന്നൊരു വര്‍ഷം ഉണ്ടാവാതിരിക്കാന്‍ തരമില്ലാത്തത് കൊണ്ട് തന്നെ പിണറായി സര്‍ക്കാരിന് അതിന് സാധിക്കട്ടെ എന്ന് ആശംസിക്കാം. പക്ഷെ ഒട്ടും നിഷ്‌കളങ്കമല്ലാത്തതും ദുസൂചനകള്‍ ഉള്‍ക്കൊള്ളുന്നതുമായ ചില കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. അതിലേക്ക് വരാം.

റൈസിംഗ് കേരള പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു – പ്രസംഗവും സംഭാഷണവും

വ്യവസായ പദ്ധതികള്‍ക്കെതിരെ പരാതികളുമായി വിജിലന്‍സിനേയും കോടതികളേയും സമീപിക്കുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് പിണറായി പറഞ്ഞത്. ദോഷം പറയരുതല്ലോ പിണറായി വിരോധികള്‍ ആരോപിക്കുന്ന തരത്തിലുള്ള യാതൊരു ധാര്‍ഷ്ട്യവും ആ സമയത്ത് അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല. നിറഞ്ഞ ചിരിയും ഉയര്‍ന്ന നര്‍മ്മബോധവുമാണുണ്ടായിരുന്നത്. ഇത്തരം ‘മാന്യന്മാരായ ഗൂണ്ടകളെ’ സര്‍ക്കാര്‍ നേരിടുമെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതുകേട്ട് സദസിലുണ്ടായിരുന്നവര്‍ ചിരിച്ചുകൊണ്ട് തന്നെ കയ്യടിച്ചു. ഇടക്ക് മയപ്പെടുത്തി സമവായത്തിന്റേയും ചര്‍ച്ചാസന്നദ്ധതയുടേയും സൂചനകള്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുന്നുണ്ടെങ്കിലും ഭീഷണിയുടെ സ്വരമാണ് പൊതുവെ മുഖ്യമന്ത്രിയുടെ മഹത്തായ ന്യൂസ് 18 പ്രസംഗത്തിലുണ്ടായിരുന്നത് എന്ന് ചില വികസനവിരോധികള്‍ സോഷ്യല്‍ മീഡിയ വൃത്തങ്ങളില്‍ പറയുന്നതായി കാണുന്നു. മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ മുതല്‍ ശീമാട്ടി ഉടമ ബീന കണ്ണന്‍ വരെ കണ്ണുനിറച്ചു. അവര്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ആവേശം കൊണ്ട് ഇന്റര്‍നാഷണല്‍ ആലപിച്ചുകളയും എന്ന് വരെ തോന്നി.

പിണറായിയുടെ വിജയരഹസ്യം, അദ്ദേഹത്തിന്റെ ഈ ഹീറോയിസം, ഈ ഇരട്ടച്ചങ്ക്, അതേസമയം ഇതൊന്നും പുറത്തുകാണിക്കാതെ ഒതുക്കിവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ വിനയവും എളിമയും, എന്നാല്‍ വീണ്ടും വീണ്ടും ചോദിച്ച് അദ്ദേഹത്തെ നാണിപ്പിക്കുന്ന അവതാരകന്‍ – അങ്ങനെ എല്ലാം കൂടി രസമുള്ള കാഴ്ചയായിരുന്നു കേരളത്തെ ‘പൊക്കിക്കൊണ്ടു’വരാനുള്ള ഈ ചര്‍ച്ച. ഏതായാലും മലയാള മനോരമയ്ക്ക് കേരളത്തില്‍ ശക്തനായ ഒരു എതിരാളിയുണ്ടായിരിക്കുന്നു. കേരളത്തിന്‍റെ വികസന ചര്‍ച്ച ഇനി നിങ്ങളുടെ കുത്തകയല്ല. കേരളത്തിന്റെ വികസനത്തെ ചിലര്‍ മുടക്കാന്‍ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണം. ആരൊക്കെയാണ് ഇക്കൂട്ടരില്‍ പെടുന്നത് എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറുമല്ല. അതാണ് പ്രശ്‌നവും. അപ്പോ അതേക്കുറിച്ച് വിശദീകരിച്ചില്ലെങ്കില്‍ ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടാകും. വ്യവസായങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് പിണറായി സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ വലിയൊരു അപകടമായി കിടപ്പുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പുതിയ മുന്നറിയിപ്പുകള്‍. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് പൊലീസ് ഇടപെടാന്‍ തുടങ്ങി എന്നാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യന്റെ അഭിമാനപൂര്‍വമുള്ള മറുപടി.

തൊഴിലാളികള്‍ക്കിടയില്‍, പ്രത്യേകിച്ച് തൊഴിലാളി യൂണിയനുകള്‍ക്കിടയിലുണ്ടായിരുന്ന തെറ്റായ പ്രവണതകള്‍ ഇല്ലാതായിട്ടുണ്ടെന്നും കേരളത്തില്‍ തൊഴില്‍ സംസ്‌കാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ പിണറായി, സ്ഥാപനം ഉണ്ടെങ്കിലെ തൊഴിലാളികള്‍ ഉണ്ടാകൂ എന്ന തിരിച്ചറിവ് തൊഴിലാളികള്‍ക്കുണ്ടായതായും പിണറായി പറയുന്നു. തൊഴിലാളികള്‍ ഉള്ളതുകൊണ്ടാണ് സ്ഥാപനം ഉണ്ടാകുന്നതെന്നും അവരുടെ അദ്ധ്വാനത്തിലൂടെയാണ് ഉല്‍പ്പാദനവും വ്യവസായവും ഉണ്ടാകുന്നതെമുള്ള മാര്‍ക്‌സിസ്റ്റ് പാഠം പിണറായി വിജയന്‍ എന്ന് മുതലാണ് മറന്നുതുടങ്ങിയത്? ന്യൂസ് 18 വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. എന്ത് വാഗ്ദാനമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ന്യൂസ് 18 മുന്നോട്ട് വച്ചിരുന്നത് എന്ന് മനസിലായിട്ടില്ല. എന്ത് വാഗ്ദാനമാണ് അവര്‍ നടപ്പാക്കിയതെന്നും. തോന്നുമ്പോള്‍ തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാമെന്നും മാനസിക പീഡനം നടത്താമെന്നും തൊഴില്‍ പീഡനങ്ങള്‍ പ്രോത്സാഹിപ്പിക്കാം എന്നുമൊക്കെയാണോ അവര്‍ മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനം? ഇതാണോ പിണറായി വിജയന്‍ കേരളത്തിലെ തൊഴില്‍ സംസ്‌കാരം മെച്ചപ്പെട്ടു എന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചത്?

‘പരിസ്ഥിതി തീവ്രവാദം’ എന്നോ ‘പരിസ്ഥിതി ഗുണ്ടായിസം’ എന്നോ ഒന്നും ന്യൂസ് 18 പരിപാടിയില്‍ പിണറായി പറഞ്ഞിട്ടില്ല. പകരം എവിടെയും തൊടാതെ അവ്യക്തമായാണ് അദ്ദേഹം ഈ കാര്യം പറയുന്നത്. പരിപാടിയുടെ അവതാരകനായ മാധ്യമപ്രവര്‍ത്തകന്‍ ആവേശം വാരിവിതറുകയും സദസിലുണ്ടായിരുന്നവര്‍ പിണറായിയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആരെക്കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന് നിങ്ങള്‍ക്കറിയാം എന്നാണ് സദസിലുണ്ടായിരുന്ന വ്യവസായികള്‍ അടക്കമുള്ളവരോട് പിണറായി പറയുന്നത്. ആരെ കുറിച്ചാണ് ഈ പറയുന്നത് എന്ന് വ്യവസായികള്‍ മാത്രം മനസിലാക്കിയാല്‍ മതി. ബാക്കിയുള്ളവര്‍ അറിയണ്ട കാര്യമല്ല. ഒരു കാര്യം മാത്രം മനസിലാക്കുക, കേരളത്തെ വികസിപ്പിക്കാതെ, ഒരു നിലയിലെത്തിക്കാതെ വെറുതെ വിടാന്‍ പിണറായി വിജയന്‍ ഒരുക്കമല്ല. എതിര്‍ക്കുന്നവര്‍ക്ക് വേണമെങ്കില്‍ കുരക്കാം, ഓരിയിടാം. സര്‍ക്കാര്‍ ഒപ്പമുണ്ടാവില്ല. ഏതായാലും ഒരു ‘പരിസ്ഥിതി ഗുണ്ടയെ’ ഒരു സംഘം വികസന വിപ്ലവകാരികള്‍ ടിപ്പര്‍ കയറ്റി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതായുള്ള വാര്‍ത്ത കാണുന്നു. എന്തോ പരാതി കൊടുത്തതിനായിരുന്നു ഇത്.

എല്ലാ അനുമതിയും ലഭിച്ച വ്യവസായങ്ങളെ മുടക്കാന്‍ ശ്രമിക്കുന്നു. വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടാനും ബ്ലാക് മെയില്‍ ചെയ്യാനും ശ്രമിക്കുന്നു എന്നൊക്കെയുള്ള മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കേരളത്തില്‍ എല്ലാ വ്യവസായങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുന്നത് കൃത്യമായ പരിസ്ഥിതി മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചാണോ? അങ്ങനെയുള്ള പദ്ധതികളെ വെറുതെ വികസനം മുടക്കാനുള്ള ത്വര കൊണ്ടും അസൂയ കൊണ്ടും ചൊറിച്ചില്‍ കൊണ്ടും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാം എന്ന കുരുട്ടുബുദ്ധി കൊണ്ടും – വിജിലന്‍സിനെയോ കോടതിയേയോ സമീപിച്ച് ഇത്തരത്തില്‍ ഏത് തരത്തില്‍ തടയാന്‍ ശ്രമിച്ചാലും ശരി, എങ്ങനെയാണ് അവര്‍ക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുക്കാന്‍ കഴിയുക എന്ന് ഇത്ര ആലോചിട്ടും മനസിലാകുന്നില്ല. എന്താണ് ഈ ഗുണ്ടാ നിയമം? ക്രിമിനല്‍ കേസില്‍ പ്രതികളായി ഇരിക്കുമ്പോള്‍ ജാമ്യത്തിലിറങ്ങി വീണ്ടും ക്രിമിനല്‍ കേസുകളില്‍ പ്രതിയാവുന്ന സ്ഥിരം കുറ്റവാളികളെ മാത്രമേ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാകൂ എന്ന് അഡ്വ.ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സില്‍ പരാതി കൊടുക്കുന്നതോ കോടതിയില്‍ കേസ് കൊടുക്കുന്നതോ ഇതുവരെ ക്രിമിനല്‍ കുറ്റമായിട്ടില്ല. അപ്പോള്‍ ഗുണ്ടാ ലിസ്റ്റില്‍ പെടുത്താനുള്ള സര്‍ക്കാര്‍ നയം നടപ്പാക്കാന്‍, അത്തരക്കാരെ കള്ളക്കേസില്‍ കുടുക്കുക മാത്രമാണ് പൊലീസിന് വഴി. ഇപ്പോള്‍ത്തന്നെ പലയിടത്തും പൊലീസ് കള്ളക്കേസ് എടുക്കുന്നത് ഈ നയം ആണെന്ന് സമ്മതിക്കുമോ? അധികാര ദുര്‍വിനിയോഗം നടത്തുമെന്ന് പരസ്യമായ കുറ്റസമ്മതമാണോ? നിയമം ലംഘിച്ചു കൊണ്ടുവരുന്ന വ്യവസായങ്ങളില്‍ പലതിനും എല്ലാ അംഗീകാരങ്ങളും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടും കോടതി ഇടപെട്ട് വ്യവസായം തടഞ്ഞ ഉദാഹരണങ്ങള്‍ ഉണ്ടല്ലോ. ജഡ്ജിമാരെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തുമോ? ആറന്മുള വിമാനത്താവളമടക്കം പല ഭൂമി കച്ചവട വ്യവസായങ്ങള്‍ക്കെതിരെയും പരാതികള്‍ കൊടുക്കുകയും കോടതിയില്‍ പോകുകയും സമരം നടത്തുകയും ചെയ്ത പാര്‍ട്ടിയാണ് CPIM. സന്തോഷ് മാധവന്റെ IT പദ്ധതി, 1000 കോടിയുടെ മെത്രാന്‍ കായല്‍ ടൂറിസം പദ്ധതി ഇതിനെല്ലാം എതിരെ പാര്‍ട്ടി രംഗത്തുണ്ടായിരുന്നു. ഇവരെയും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമോ എന്നും ഹരീഷ് ചോദിക്കുന്നു.

വ്യവസായികള്‍ ഇനി കേരളത്തിന്റെ അംബാസഡര്‍മാരാവാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. 1957ല്‍ വ്യവസായ വികസനത്തിനായി ബിര്‍ളയെ കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെയായിരുന്നു ഇന്ത്യയിലെ മറ്റ് പ്രദേശങ്ങള്‍ക്കും ലോകത്തിനും മുന്നില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍. എന്നാല്‍ പിണറായി വിജയന് അത്തരം അതിമോഹങ്ങളില്ലാത്തത് കൊണ്ടും ആവശ്യത്തിലധികം വിനയമുള്ളത് കൊണ്ടും ഗൗതം അദാനിയേയോ മുകേഷ് അംബാനിയേയോ രവി പിള്ളയേയോ യൂസഫ് അലിയേയോ ഒക്കെ കേരളത്തിന്റെ അംബാസഡര്‍മാരാക്കാനാണ് അദ്ദേഹം താല്‍പര്യപ്പെടുന്നത് എന്ന് തോന്നുന്നു. ഒരു സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ വരുന്നവര്‍ക്ക് യാതൊരു തടസവുമില്ലെന്നും കേരളവും ആ സംസ്ഥാനത്തെ മാതൃകയാക്കണമെന്നും പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു. ചില വക്രബുദ്ധികള്‍ക്ക് തോന്നിയത് ബിജെപി ഭരിക്കുന്ന ഗുജറാത്തിനെയാണ് സഖാവ് വിജയന്‍ ഉദ്ദേശിച്ചതെന്നാണ്. പക്ഷെ അദ്ദേഹം ആ തെറ്റിദ്ധാരണ പെട്ടെന്ന് തന്നെ നീക്കി. തമിഴ്‌നാടിനെക്കുറിച്ചാണ് താന്‍ പറഞ്ഞുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ഗുണ്ടാ നിയമത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടിനെ മാതൃകയാക്കാനാണ് അദ്ദേഹത്തിന്റെ പരിപാടി എന്നാണ് സൂചന. തമിഴ്‌നാട് ഇത് നേരത്തെ നടപ്പാക്കി കഴിഞ്ഞിരിക്കുന്നു. പെരിയാര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി വളര്‍മതിക്കെതിരെ പൊലീസ് ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തത് നെടുവാസല്‍ ജലവൈദ്യുത പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിനാണ്.

ചട്ടങ്ങള്‍ ലംഘിച്ചുള്ള വ്യവസായങ്ങള്‍ക്കെതിരെയും ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെയും പൊതുപ്രവര്‍ത്തകര്‍ പരാതിയുമായി വിജിലന്‍സിനേയോ കോടതിയേയോ സമീപിച്ചെന്ന് വരും. അത്തരക്കാരെയൊക്കെ വികസനം മുടക്കി ഗുണ്ടകളായി ലേബല്‍ ചെയ്യുന്നത് അധികാരത്തിന്റെ മത്ത് പിടിച്ചതിന്റെ ഭാഗമായാണ്. ആരാണ് ഇത്തരത്തില്‍ കേരളത്തില്‍ വ്യവസായികളെ ബ്ലാക് മെയില്‍ ചെയ്ത് കേരളത്തിന്‍റെ വികസനം മുടക്കാന്‍ ശ്രമിക്കുന്നത് എന്ന് തെളിവ് സഹിതം പറയാന്‍ പിണറായിക്ക് എന്തുകൊണ്ട് കഴിയുന്നില്ല? പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കുന്ന, ജനജീവിതത്തിന് ഉപദ്രവം ഉണ്ടാക്കാത്ത എത്ര പദ്ധതികള്‍ ഇത്തരത്തില്‍ ബ്ലാക്ക് മേയ്ലിംഗ് തട്ടിപ്പ് ലോബികളുടെ എതിര്‍പ്പ് മൂലം, കേരളത്തില്‍ മുടങ്ങിപ്പോയിട്ടുണ്ട്? ഇതെല്ലാം വ്യക്തമാകുകയല്ലേ വേണ്ടത്. അത്തരത്തില്‍ വ്യക്തത വരുത്താത്ത പക്ഷം കേള്‍ക്കുന്നവര്‍ക്ക് തോന്നുക ഇങ്ങനെയാണ് – വ്യവസായ പദ്ധതിക്കെതിരെ വിജിലന്‍സിനേയോ കോടതിയേയോ സമീപിക്കുന്നവരെ ഗുണ്ടകളായി കണക്കാക്കി നേരിടും എന്ന്.

ശക്തമായ പരിസ്ഥിതി മലിനീകരണം നടത്തിയും ചട്ടങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന എത്രയോ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ എത്രയെണ്ണത്തിന്റെ അംഗീകാരങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്? ജലാശലം മലിനമാക്കുന്നവര്‍ക്കതിരെ ശിക്ഷ കര്‍ശനമാക്കാന്‍ തീരുമാനമെടുത്ത പിണറായി സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കാമോ? ജനവാസ മേഖലയില്‍ നിന്ന് പാറമടകളുടെ ദൂരപരിധി 50 മീറ്ററാക്കി കുറച്ചുകൊണ്ടുള്ള വികസനമാണ് പിണറായി വിഭാവനം ചെയ്യുന്നത്. ഇത്തരം പാറമടകള്‍ക്കും ക്വാറി മാഫിയകള്‍ക്കും എതിരെ കോടതിയെ സമീപിക്കുന്നവര്‍ ഗുണ്ടകളാകുമോ. വൈപ്പിന്‍ ഐഒസി പ്ലാന്റിനെതിരായ സമരത്തില്‍ പങ്കെടുത്തവരൊക്കെ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഗുണ്ടകളും ഗൂഢാലോചനക്കാരുമായിരിക്കും. കീഴാറ്റൂരിലെ സമരത്തിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കും എന്നായിരുന്നു ദേശാഭിമാനിയുടെ റിപ്പോര്‍ട്ട്. ഈ നാട്ടില്‍ നടക്കുന്ന എല്ലാ സമരങ്ങളും, അതായത് മുഖ്യമന്ത്രിക്കോ സിപിഎം നേതൃത്വത്തിനോ താല്‍പര്യമില്ലാത്ത എല്ലാ സമരങ്ങളിലും തീവ്രവാദ ബന്ധം ആരോപിക്കുന്ന ഈ അശ്ലീലം പതിവായിട്ടുണ്ട്.

ഏതായാലും ഇത്തരം വികസന ചര്‍ച്ചകള്‍ മാധ്യമ സ്ഥാപനങ്ങളെ സംബന്ധിച്ച് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. എന്ത് ഗുണപരമായ മാറ്റമാണ് കേരളത്തിന്റെ വ്യവസായ, അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്ന ചോദ്യമുണ്ട്. ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രൊമോഷന്‍ പരിപാടി എന്നതിലുപരി എന്താണ് റൈസിംഗ് കേരള? ഭരണവര്‍ഗ, സ്വകാര്യമൂലധന, മാധ്യമ താല്‍പര്യങ്ങള്‍ വികസനത്തിന്റെ പേരില്‍ ഒരു കൂടിച്ചേരല്‍ സംഘടിപ്പിക്കുന്നു എന്ന് മാത്രം. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭരണപക്ഷത്തിന്‍റെ കുഴലൂത്തുകാരായി അധപതിക്കുകയും വസ്തുനിഷ്ഠ പ്രതിപക്ഷം എന്ന കടമ മറക്കുകയും ചെയ്യുന്ന സമയത്താണ് വികസന വിരോധികളെ കുറിച്ചുള്ള ഇത്തരം ഭരണവര്‍ഗ ചിന്തകളുമായി ഒരു മാധ്യമ സ്ഥാപനം വരുന്നത്. പല വികസന പദ്ധതികള്‍ക്കും ഒരു ശല്യമായ ദേശീയ ഹരിത ട്രൈബ്യൂണലെന്ന സംവിധാനത്തെ നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് പിണറായി വിജയന്റെ ഗുണ്ടാ നിയമ ചിന്ത. മോദിയുടെ നോട്ട് നിരോധനമടക്കമുള്ള പരിപാടികളേയും നിയോലിബറല്‍ സാമ്പത്തിക നയങ്ങളേയും ശക്തമായി അനുകൂലിക്കുന്ന മേരി ജോര്‍ജ്, “സഖാവ് പിണറായി വിജയനെ ഉറച്ച വിശ്വാസമുണ്ട്” എന്ന് പറഞ്ഞപ്പോള്‍ “നിങ്ങളെ പോലുള്ളവരുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്” എന്നായിരുന്നു പിണറായി വിജയന്റെ ചരിത്രപരമായ മറുപടി.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍