UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫയലിലുള്ളത് നാടിന്റെ ജീവിതം: പിണറായി ഉദ്യോഗസ്ഥരോട്

അഴിമുഖം പ്രതിനിധി

ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഫയലില്‍ കുടുംബത്തിന്റേയും വ്യക്തിയുടേയും നാടിന്റേയും ജീവിതമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതന്ന കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവര്‍ തുടര്‍ന്നു ജീവിക്കണമോയെന്ന് പോലും തീരുമാനിക്കപ്പെടുന്നത്. അത്രയും പ്രാധാന്യമുള്ളതാണ് ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ക്ക്. അതിനാല്‍ ആ ഫയലില്‍ ജീവിതം ഉണ്ടെന്ന കരുതല്‍ ഉണ്ടാകേണ്ടതുണ്ട്.

ജീവനക്കാരുടെ എല്ലാ സംഘടനകളും സമൂഹത്തോടു പ്രതിബദ്ധതയുള്ളവരാണ്. അത് ജീവനക്കാര്‍ ജോലിയിലും കാണിക്കണം. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കുവേണ്ടി എന്നതല്ല, ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനുവേണ്ടി എന്നതാണ് ശരി. സാധാരണക്കാര്‍ ഉണ്ടെങ്കിലേ തങ്ങളുള്ളൂവെന്ന ചിന്ത ജീവനക്കാര്‍ക്കുണ്ടാകണം. ഫയലുകള്‍ അനാവശ്യമായി താമസിപ്പിച്ചാല്‍ മറുപടി പറയേണ്ടി വരും. ഓഫീസിലെത്തിയശേഷം മുങ്ങുന്നതിനെതിരേയും മുഖ്യമന്ത്രി ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു.

ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കർത്തവ്യങ്ങളാണ് ഗവർമെന്റ് കൈകാര്യം ചെയ്യുന്നത്. അതിന്റെ നിർവഹണ ചുമതലയിൽ സർക്കാർ ജീവനക്കാരാണ്. സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തു അത്തരം വിഷയങ്ങളാണ് ഇന്ന് സംസാരിച്ചത്. 

ഫയലുകളിൽ അനാവശ്യമായി വരുത്തുന്ന അവസ്ഥ ഉണ്ടാകരുത്. ഫയലുകള്‍ അകാരണമായി വൈകിപ്പിക്കുന്നവർ ജനങ്ങളെ ദ്രോഹിക്കുകയാണ്. അത് അനുവദിക്കാൻ കഴിയില്ല. 
ജീവനക്കാര്‍ക്ക് മുന്നില്‍ ചിലപ്പോള്‍ ഫയലുകളുടെ കൂമ്പാരമുണ്ടാകും. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന ബോധ്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഫയലില്‍ എഴുതുന്ന കുറിപ്പായിരിക്കും അതുമായി ബന്ധപ്പെട്ട ചിലരുടെ കാര്യത്തിലെങ്കിലും അവര്‍ ജീവിക്കണോ എന്ന് പോലും തീരുമാനിക്കുന്ന ഘടകം. ആ ഓര്‍മ്മ ഓരോ ജീവനക്കാരനുമുണ്ടാകണം. 

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കൊളോണിയല്‍ ഫയല്‍ നോട്ട രീതിയാണ് ഇന്നും ഏറെക്കുറെ നിലനില്‍ക്കുന്നത്. ജനങ്ങളുടെ ആവശ്യം എങ്ങിനെ തടയാന്‍ കഴിയും എന്നതാണ് കൊളോണിയല്‍ സംവിധാനത്തിലെ നെഗറ്റീവ് ഫയല്‍ നോട്ടം. ഇത് മാറ്റി പോസിറ്റീവ് ഫയല്‍ നോട്ട സംവിധാനത്തിലൂടെ ജനങ്ങളെ എങ്ങിനെ സഹായിക്കാന്‍ കഴിയുമെന്നായിരിക്കണം ജീവനക്കാര്‍ സ്വീകരിക്കേണ്ടുന്ന പൊതുനയം. 

എല്ലാ സര്‍വീസ് സംഘടനകളും പ്രവര്‍ത്തിക്കുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയോടെയാണ്. ചില വീക്ഷണകോണുകളില്‍ വ്യത്യാസമുണ്ടെന്ന് മാത്രം. ഇത്തരം സംഘടനകളില്‍ അംഗങ്ങളായ ജീവനക്കാരുടെ ഈ സാമൂഹ്യപ്രതിബദ്ധത ജോലിയിലും പ്രതിഫലിക്കണം.

അഴിമതി കാണിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുവിധ സംരക്ഷണവും ഉണ്ടാകില്ല. അഴിമതി വച്ചു പൊറുപ്പിക്കില്ല. അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ല. 
സമൂഹത്തെയാകെ ബാധിച്ച അലസത ജീവനക്കാരെയും ബാധിച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കണം. സര്ക്കാരും ജീവനക്കാരും ജനങ്ങൾക്ക് വേണ്ടിയാണ്. 

ജനസേവകരായി, സൌഹൃദ മനോഭാവത്തോടെ, കര്മ്മ നിരതരായി പ്രവര്ത്തിക്കുന്ന ജീവനക്കാരുടെ നാട് എന്ന നിലയിൽ കേരളത്തിന്റെ മാതൃകയ്ക്ക് തിളക്കം നല്കാനുള്ളതാകും സർക്കാരിന്റെ ഇടപെടൽ.

അഴിമതി രഹിതവും സുതാര്യവുമായ നവകേരളത്തിന്റെ സൃഷ്ടിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇ ഗവേണന്‍സ് സംവിധാനം നടപ്പിലാക്കണം. ഐടി സംവിധാനം ഉപയോഗപ്പെടുത്തി ഭരണം കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി ജീവനക്കാരെ ഉപദേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍