UPDATES

ഷുഹൈബ് വധം; എംവിആര്‍ പറഞ്ഞ അതേ ‘സിപിഎം ശൈലി’ ന്യായീകരണം തന്നെ

പാര്‍ട്ടിയാണ് തീരുമാനിച്ചതെങ്കിലും പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്‌

കെ എ ആന്റണി

കെ എ ആന്റണി

മൗനം വിദ്ധ്വാന് ഭൂഷണമെന്നാണ് പ്രമാണം. പക്ഷെ മൗനം ഒരു ഭരണാധികാരിക്ക് എത്രകണ്ട് ഭൂഷണം (അതും സ്വന്തം ഭരണത്തിന്‍ കീഴില്‍ നടന്ന ഒരു പൈശാചിക കൊലപാതകത്തിന്റെ കാര്യത്തില്‍) എന്നതായിരുന്നു കണ്ണൂര്‍ മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രസക്തമായ ചോദ്യങ്ങളില്‍ ഒന്ന്. ഈ ചോദ്യം ആദ്യം ഉന്നയിച്ചത് നടനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജോയ് മാത്യു ആയിരുന്നു. ഒമര്‍ ലുലുവിന്റെ ‘ഒരു അഡാര്‍ ലവ്’ എന്ന സിനിമയിലെ കണ്ണിറുക്കി ഗാനത്തിനെതിരെ ഹൈദരാബാദിലെ ഏതോ ഒരു മനുഷ്യന്‍ പ്രവാചക നിന്ദ ആരോപിച്ചു ഫയല്‍ ചെയ്ത കേസിനെതിരെ ഫേസ് ബൂക്കിലൂടെ ഉടനടി പ്രതികരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് ഷുഹൈബിന്റെ കൊലപാതകത്തെക്കുറിച്ചു പ്രതികരിച്ചില്ല എന്നതായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം. ഇതേ ചോദ്യം മറ്റൊരു രൂപത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മൗനം ഭയപ്പെടുത്തുന്നുവെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. കഴിഞ്ഞ അഞ്ചു ദിവസവമായി കേരളം ചര്‍ച്ച ചെയ്തതും മുഖ്യമന്ത്രിയുടെ ഈ മൗനത്തെക്കുറിച്ചായിരുന്നു.

എന്തായാലും, ഒടുവില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞിരിക്കുന്നു. പത്രകുറിപ്പിലൂടെയാണെങ്കിലും ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ചിരിക്കുന്നു. ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടന്‍ തന്നെ കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാണ് പ്രതികളെന്നതോ എന്താണവരുടെ ബന്ധങ്ങളെന്നതോ അന്വേഷണത്തെ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ് മുന്നോട്ടു പോകും. കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യും. ഇപ്പോള്‍ ചിലര്‍ കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരെയും ഉടന്‍ പിടികൂടും’ എന്നാണു കൊലപാതകം നടന്ന് ആറാം ദിനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം. ഈ പ്രതികരണത്തിലെ അവസാന രണ്ടു വരികളൊഴിച്ചുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ പറായാവുന്നതേ ഉണ്ടായിരുന്നുള്ളു. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ വിവാദങ്ങളും അനാവശ്യ ചര്‍ച്ചകളും ഒഴിവാക്കാമായിരുന്നു. ഇതൊന്നും അറിയാത്തയാളല്ല പിണറായി വിജയനെന്ന കേരള മുഖ്യമന്ത്രി. എന്നിട്ടും കൊലപാതകത്തെ അപലപിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ട് ഇങ്ങനെയൊരു കാലവിളംബം സംഭവിച്ചു?

ഷുഹൈബിന്റെ കൊലപാതകത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലായെന്ന ചോദ്യത്തിന് സിപിഎം നേതാക്കള്‍ മുന്നോട്ടുവെച്ച മറു ചോദ്യം പാര്‍ട്ടി കൊലപാതകത്തെ തള്ളിപ്പറഞ്ഞില്ലേ പിന്നെന്തിനു മുഖ്യമന്ത്രി പ്രതികരിക്കണം എന്നതായിരുന്നു. പാര്‍ട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നതൊക്കെ ശരി തന്നെ. പക്ഷെ, മുഖ്യമന്ത്രി പാര്‍ട്ടിയോ അതിന്റെ ചട്ടുകമോ അല്ലെന്നു ഓര്‍ക്കണം. സ്വന്തം നാട്ടില്‍ നടന്ന ഒരു അനീതി കണ്ടില്ലെന്ന് ഒരു മുഖ്യമന്ത്രി നടിച്ചാല്‍ ആ അനീതിക്കെതിരേ പ്രതികരിക്കാന്‍ വിസമ്മതിച്ചാല്‍ ആ മൗനത്തെ കുറ്റകരം എന്ന് ജനം വിധിയെഴുതുക തന്നെ ചെയ്യും. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവിടെയാണ് മുഖ്യമന്ത്രിയുടെ വൈകിയെത്തിയ പ്രതികരണത്തിലെ ആത്മാര്‍ത്ഥ ചോദ്യം ചെയ്യപ്പെടുന്നതും.

ഷുഹൈബിന്റെ കൊലപാതകത്തെ അപലപിക്കുമ്പോഴും ആ കൊലപാതകത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഷുഹൈബിനെതിരേ അവര്‍ നിരത്തുന്ന ആരോപണങ്ങള്‍. ഷുഹൈബ് ഒമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും മട്ടന്നൂര്‍ പോലീസ്സ് അയാള്‍ക്കെതിരേ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത് നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് അയാള്‍ വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നുമാണെന്നാണ് സിപിഎം നേതാക്കളുടെ പുതിയ വാദം. ഇത് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് സിപിഎം തന്നെ വേട്ടയാടിയിരുന്ന കാലത്തു എം വി രാഘവന്‍  പറഞ്ഞ ഒരു കാര്യമാണ്. ‘ ആടിനെ ആദ്യം പട്ടിയാക്കുക. ആ പട്ടിയെ പിന്നെ പേപ്പട്ടിയാക്കുക. എന്നിട്ടതിനെ തല്ലിക്കൊല്ലുക. ഇതാണ് സിപിഎം ശൈലി’ എന്നാണ് എംവിആര്‍ നാടുനീളെ പ്രസംഗിച്ചു നടന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍