സുരക്ഷാ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം
കോഴിക്കോട്ട് തീരദേശമേഖലയില്‍ മത്സ്യത്തൊഴിലാളികളോട് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി. ബോട്ടില്‍ കെട്ടിയിട്ടുള്ള കൊടിയുടെ നിറം നോക്കി ഉദ്യോഗസ്ഥരില്‍ ചിലര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായാണ് പുതിയാപ്പ, വെള്ളയില്‍ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ പരാതിയുയര്‍ത്തുന്നത്. മതവിശ്വാസത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള കൊടികള്‍ കടലില്‍ പോകുന്ന വള്ളങ്ങളില്‍ കെട്ടിവയ്ക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സാധാരണമാണ്. ക്ഷേത്രങ്ങളില്‍ നിന്നുമുള്ള കാവി നിറത്തിലുള്ള കൊടികളും, പള്ളികളില്‍ നിന്നുള്ള പച്ചക്കൊടികളും ഇത്തരത്തില്‍ ബോട്ടുകളില്‍ കെട്ടിവയ്ക്കാറുണ്ട്. എന്നാല്‍, കുറച്ചുകാലമായി പച്ച നിറത്തിലുള്ള കൊടികള്‍ കെട്ടിയ വള്ളങ്ങള്‍ തെരഞ്ഞെത്തി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് പതിവു സംഭവമായിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. “ഇതെന്തു കൊടിയാണ്, പാക്കിസ്ഥാന്റെ കൊടിയാണോ” എന്നു ചോദിക്കുന്നത് വലിയ മനഃപ്രയാസത്തിന് ഇടയാക്കുന്നുണ്ടെന്നും, കൂടുതല്‍ പ്രശ്‌നങ്ങള്‍ വരുത്തിവയ്‌ക്കേണ്ടെന്നു ഭയന്നാണ് പരസ്യമായി പരാതിപ്പെടാന്‍ പലരും മടിക്കുന്നതെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.
“വിശ്വാസത്തിന്റെ ഭാഗമായി ബോട്ടുകളില്‍ സാധാരണ കൊടികള്‍ വയ്ക്കാറുണ്ട്. അത് എല്ലാ മതക്കാര്‍ക്കുമുണ്ട്. അതുപോലെത്തന്നെ പള്ളിയില്‍ നിന്നുള്ള കൊടികളും വയ്ക്കാറുണ്ട്. പച്ച നിറത്തിലുള്ള കൊടികള്‍ കണ്ടാല്‍ ചെറിയ ബോട്ടില്‍ അടുത്തെത്തി ഓരോന്നു ചോദിക്കും. ഇത് പാക്കിസ്ഥാന്റെ കൊടിയാണോ എന്നാണ് ആദ്യത്തെ ചോദ്യം. ആ ഒരു ചോദ്യം തന്നെ മനുഷ്യനെ മാനസികമായി വല്ലാതെ തളര്‍ത്തും. കുറച്ചുകാലമായി തുടരുന്ന പ്രശ്‌നമാണിത്. മലയാളി ഉദ്യോഗസ്ഥരല്ല ഇങ്ങനെ പെരുമാറുന്നത്. മലയാളികള്‍ക്കൊക്കെ അറിയാം ഇത് എന്തിനാണ് വയ്ക്കുന്നതെന്ന്. ഉത്തരേന്ത്യക്കാരായ കോസ്റ്റ് ഗാര്‍ഡുമാരാണ് ചോദ്യം ചെയ്യുന്നത്. ഈ ചോദിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്കൊപ്പം മലയാളികളും ഉണ്ടാകും. അവരാണെങ്കില്‍ തിരുത്താനും ശ്രമിക്കാറില്ല”, അനുഭവസ്ഥരില്‍ ചിലര്‍ പറയുന്നതിങ്ങനെ. പരാതി പരസ്യമായി അറിയിച്ചാല്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമോ എന്ന ഭയമുള്ളതിനാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ പോലും പലര്‍ക്കും വിമുഖതയുണ്ട്. കോസ്റ്റ് ഗാര്‍ഡുകളുടെ ഇത്തരം നടപടികള്‍ ചോദ്യം ചെയ്താല്‍ തൊഴിലിനെ ബാധിക്കുന്ന തരത്തിലുള്ള പ്രതികാര നടപടികള്‍ നേരിടേണ്ടവരുമോ എന്ന ആശങ്കയാണ് ഇവര്‍ക്ക്. കടം വാങ്ങിയും പലരേയും പങ്കു ചേര്‍ത്ത് മുതല്‍മുടക്കിയുമാണ് തങ്ങള്‍ വള്ളം കടലിലിറക്കുന്നതെന്നും, ഈ വിഷയത്തില്‍ കൂടുതലെന്തെങ്കിലും പ്രശ്‌നമുണ്ടാകുന്നത് തങ്ങള്‍ക്ക് വലിയ ബാധ്യത വരുത്തിവയ്ക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
“അമ്പതും അറുപതും ലക്ഷം മതിപ്പുള്ള വള്ളങ്ങളാണ് ഓരോന്നും. എത്രയോ പേരോട് പങ്കു മേടിച്ചാണ് ഇത്രയും തുക വിലയുള്ള ഓരോ വള്ളവും കടലിലിറക്കുന്നത്. ഓരോരുത്തരോടും രണ്ടും മൂന്നും ലക്ഷത്തിന് പങ്കുമേടിച്ച്, കിട്ടുന്ന ലാഭത്തില്‍ ഒരു ഓഹരി ഈ പങ്കുകാര്‍ക്ക് കൊടുത്താണ് വള്ളക്കാരെല്ലാം ജീവിക്കുന്നത്. ഇതിലെന്തെങ്കിലും നഷ്ടം വന്നാല്‍ ഒരാള്‍ മാത്രമല്ല പെടുന്നത്. നാലും അഞ്ചും വീടുകളുടെ ആധാരങ്ങള്‍ ബാങ്കില്‍ പണയം വച്ചാണ് ഓരോ വള്ളവും ഇറക്കുന്നത്. ഈ അഞ്ച് തിരിച്ചടവുകള്‍ മാത്രം മാസം ഒരു ലക്ഷത്തോളം വരും. എന്തെങ്കിലും പ്രശ്‌നമുണ്ടായി വള്ളം ഇറക്കാന്‍ പറ്റാതായാലോ എന്ന പേടി എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടും ആരും പ്രതികരിക്കാത്തത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ല, ചോദ്യം മാത്രമേയുള്ളൂ. പക്ഷേ പച്ചക്കൊടി വച്ചവരോടെല്ലാം ഈ ചോദ്യം ചോദിക്കുമ്പോള്‍, കേള്‍ക്കുന്ന ഞങ്ങള്‍ക്ക് വലിയ മന:പ്രയാസമാണ്. ഇവിടെ മാത്രമല്ല, എല്ലായിടത്തും ഈ പ്രശ്‌നമുണ്ട്. ആരും തുറന്നു പറയുന്നില്ലെന്നേയുള്ളൂ. സംഘടനാപരമായി ഇടപെടാന്‍ ശ്രമിച്ചാലും, വേണ്ട, വിട്ടുകള എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. പേടിച്ചിട്ടാണ്. ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടും കാര്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം”, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സിന്റെ ജില്ലാ സെക്രട്ടറി ഇര്‍ഫാന്‍ ഹബീബ് പറയുന്നു.
സുരക്ഷാ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. തീരദേശ മേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആവര്‍ത്തിച്ചുള്ള അന്വേഷണങ്ങളും ചോദ്യങ്ങളും പതിവായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്താലും, തങ്ങള്‍ക്ക് അത്യാവശ്യമായി ലഭിക്കേണ്ട സഹായങ്ങളും മറ്റും എത്തിക്കുന്നതില്‍ ഈ കാര്യക്ഷമത ഇല്ലാത്തതെന്താണെന്നാണ് മത്സ്യത്തൊഴിലാളികളുടെ ചോദ്യം. കോസ്റ്റ് ഗാര്‍ഡ് മാത്രമല്ല, കോസ്റ്റല്‍ പോലീസും ഫിഷറീസ് വകുപ്പും തങ്ങളോട് ഒരു പ്രത്യേക മനോഭാവത്തോടെയാണ് നാളിതുവരെ പെരുമാറിയിട്ടുള്ളതെന്നും ആ മനോഭാവത്തില്‍ മാറ്റം വരാതെ തങ്ങളുടെ ദുരിതങ്ങള്‍ തീരില്ലെന്നും ഇവര്‍ പറയുന്നു. നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് തടയാനോ, മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷ ഉറപ്പുവരുത്താനോ സാധിക്കാത്തവര്‍ രേഖകളില്‍ ചെറിയ തെറ്റു കണ്ടാല്‍പ്പോലും ഊതിപ്പെരുപ്പിക്കുന്നത് ഇതേ മനോഭാവം കൊണ്ടാണെന്ന് ഇര്‍ഫാന്‍ ഹബീബ് പറയുന്നു.
“ഇപ്പോള്‍ ബോട്ടിന്റെ സീസണ്‍ കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ഇവിടെ നിന്നും പോയ പകുതിയിലേറെ ബോട്ടുകളും നിരോധിത വല ഉപയോഗിച്ചാണ് മീന്‍ പിടിച്ചത്. പക്ഷേ അത് പരിശോധിക്കാന്‍ എന്ന പേരില്‍ എത്തുന്നത് ഒന്നോ രണ്ടോ ഉദ്യോഗസ്ഥരാണ്. മിനിമം ഒരു ലെയ്‌ലാന്റ് ലോറിയില്‍ കയറ്റാവുന്നത്ര സാധനങ്ങളാണ് ഒരു ബോട്ടിന്റെ അറയില്‍ കൊള്ളുക. അതിന്റെ ഏറ്റവും അടിയിലായിരിക്കും ഈ വലയുണ്ടാവുക. ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ വന്നാല്‍ അതെങ്ങനെ പരിശോധിച്ച് കണ്ടെത്താനാണ്? മീന്‍ പിടിക്കുമ്പോള്‍ അവിടെച്ചെന്നാണ് പരിശോധിക്കേണ്ടത്. എങ്കിലേ കൃത്യമായി കണ്ടെത്താന്‍ പറ്റുകയുള്ളൂ. വള്ളക്കാര്‍ പരാതി പറയുമ്പോള്‍ മാത്രമാണ് പരിശോധനകള്‍ നടക്കുക. ഒരു പ്രഹസനം എന്നേയുള്ളൂ ഇതൊക്കെ. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിലുമുണ്ട് വലിയ പാളിച്ചകള്‍. ഫിഷറീസിന്റെ ബോട്ടില്‍ പ്രധാനമായും മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ടാവുക. ദിവസ വേതനത്തിന് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണിവര്‍. കുറച്ചു കാലം മുന്‍പ് ബേപ്പൂര്‍ ചാലിയത്ത് രണ്ടു പേരെ കാണാതായിരുന്നു. ഇവിടെ നിന്നും ഞങ്ങള്‍ കുറച്ചു പേര്‍ വിവരമറിഞ്ഞ് പോയിരുന്നു. നന്നായി മുങ്ങാനറിയാവുന്നവരായതുകൊണ്ട് കടുക്ക പറിക്കുന്നവരില്‍ ചിലരെ വിളിച്ച് ഏര്‍പ്പാടും ചെയ്തു. അങ്ങനെ നില്‍ക്കുമ്പോഴാണ് മുങ്ങാന്‍ തയ്യാറായി നില്‍ക്കുന്നവരെ കൊണ്ടുപോകാന്‍ ബോട്ടില്ലെന്ന് അറിഞ്ഞത്. ഫിഷറീസിന്റെ ബോട്ടും ഉദ്യോഗസ്ഥരുമുണ്ട്. പക്ഷേ ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും ബോട്ട് ഓടിക്കാനുമറിയില്ല, നീന്താനുമറിയില്ല. ഇതാണ് ഫിഷറീസിന്റെ അവസ്ഥ. രേഖകളിലോ പേപ്പറിലോ മറ്റോ എന്തെങ്കിലും ചെറിയ പ്രശ്‌നം പറ്റിയിട്ടുണ്ടെങ്കില്‍, അതു ചോദ്യം ചെയ്യാന്‍ ഇഷ്ടം പോലെ ഉദ്യോഗസ്ഥരുണ്ടാകും. അതേസമയം, ഞങ്ങള്‍ക്കാവശ്യമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുതരാനാണെങ്കില്‍ ഒരാളെയും കാണില്ല. ഡിപ്പാര്‍ട്ടുമെന്റ് തന്നെ ഒരു പ്രഹസനമായി മാറുകയാണ്. അതിപ്പോള്‍ ഇന്ന ഗവണ്‍മെന്റ് എന്നൊന്നുമില്ല. എല്ലാം ഒരുപോലെത്തന്നെ. ഭരണകൂടം മാറുമ്പോഴും ഉദ്യോഗസ്ഥര്‍ മാറുന്നില്ലല്ലോ. ഇവര്‍ക്കും ഇവരുടെ മനോഭാവത്തിനും മാറ്റമില്ല. ചോദിക്കേണ്ടതും പറയേണ്ടതുമായ കാര്യങ്ങളല്ല ചോദിക്കുന്നത്. കടലിലേക്ക് പ്ലാസ്റ്റിക് കവര്‍ കൊണ്ടുപോകുന്നുണ്ടോ എന്നു വേണമെങ്കില്‍ നോക്കിക്കോട്ടെ. അതിനു പകരം പാക്കിസ്ഥാന്‍ പതാകയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കിക്കൂടേ?”, അദ്ദേഹം പറയുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണെങ്കില്‍, ഫിഷറീസ് വകുപ്പില്‍ നിന്നുമുണ്ടാകുന്നത് നിലനില്‍പ്പിനു തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലുള്ള നടപടികളാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ വ്യാപകമായ പരാതി. പ്രാദേശികമായി മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന സാധാരണക്കാരായ തൊഴിലാളികളെ മാത്രമായി ലക്ഷ്യം വച്ചുള്ള നടപടികളും, മത്സ്യബന്ധനമേഖലയില്‍ നിന്നുള്ളവരെല്ലാം ബലിയാടാകുന്ന നിലപാടുകളും ഇരു കൂട്ടരും എടുക്കുന്നുണ്ടെന്നാണ് സംഘടനാ നേതാക്കളുടെ നിരീക്ഷണം. “നൂറായിരം ബാധ്യതകളും കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ ജീവിക്കുന്നത്. കര്‍ഷകരേക്കാള്‍ കടക്കെണിയുള്ള ഒരു വിഭാഗമാണ് ഞങ്ങളുടേത്. വള്ളവും വലയും വാങ്ങാന്‍ ലോണെടുത്ത്, അവസാനം മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞ് കടത്തിലേക്കു പോയ ഇഷ്ടം പോലെ മത്സ്യത്തൊഴിലാളികളുണ്ട്. പക്ഷേ, ഇന്നല്ലെങ്കില്‍ പത്തു ദിവസം കഴിഞ്ഞായാലും കടലില്‍പ്പോയാല്‍ മീന്‍ കിട്ടാതിരിക്കില്ല എന്ന ചിന്തയും മനക്കരുത്തും ഉള്ളതുകൊണ്ടു മാത്രമാണ് ഞങ്ങളെല്ലാം നിലനിന്നു പോകുന്നത്. ആ ഒരു വിശ്വാസത്തിന്റെ പേരിലാണ് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്യാത്തത്. കഴിഞ്ഞ കുറച്ചു വര്‍ഷക്കാലമായി ഇടവിട്ട് ഇടവിട്ടല്ലാതെ ആര്‍ക്കും മത്സ്യം കിട്ടിയിട്ടുന്നില്ല എന്നതാണ് സത്യം. ഇത് മൊത്തം സമ്പദ്ഘടനയെ ബാധിക്കുന്നുണ്ട് എന്നതാണ് കാര്യം. മിഠായിത്തെരുവില്‍ കച്ചവടം കുറഞ്ഞാല്‍ കച്ചവടക്കാര്‍ ആദ്യം പറയുക കടലില്‍ മീന്‍ കുറവാണ് എന്നാണ്. അത്രയും ചേര്‍ന്നാണ് ഇതെല്ലാം ഇരിക്കുന്നത്. ഒരു മേഖല ക്ഷീണിച്ചാല്‍ ആ ക്ഷീണം എല്ലായിടത്തും കാണാനാകും.”
പല തവണയായി കോസ്റ്റു ഗാര്‍ഡുമാരുടെ ‘പാക്കിസ്ഥാന്‍’ പരാമര്‍ശത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെങ്കിലും, എല്ലായ്‌പ്പോഴും വിശ്വാസത്തിന്റെ ഭാഗമാണിതെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി പ്രശ്‌നമൊഴിവാക്കാനാണ് വള്ളക്കാര്‍ ശ്രമിക്കാറുള്ളത്. എത്ര പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും സംശയവുമായെത്തുന്ന ഉദ്യോഗസ്ഥരുണ്ടെന്നും ഇവര്‍ പറയുന്നു. ആദ്യത്തെ തവണകളില്‍ വെറും സംശയമായിക്കണ്ട് തള്ളിക്കളഞ്ഞെങ്കിലും, ആവര്‍ത്തിച്ചു തുടങ്ങിയതോടെ ഈ സംശയം നിഷ്‌കളങ്കമല്ല എന്ന തിരിച്ചറിവും ഇവര്‍ക്കുണ്ടായിട്ടുണ്ട്. എങ്കിലും, കുറേയധികം പ്രതിസന്ധികളും ബാധ്യതകളും താണ്ടിക്കൊണ്ട് ദൈനംദിന ജീവിതം തള്ളിനീക്കേണ്ടിവരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇനിയും പുതിയ പ്രശ്‌നങ്ങളില്‍ ചെന്നുപെടാന്‍ ഒട്ടും താത്‌പര്യമില്ല. ന്യായമായ ചോദ്യങ്ങള്‍ക്ക് എപ്പോഴും ഉത്തരം തരാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു.