UPDATES

ട്രെന്‍ഡിങ്ങ്

ജലമൂറ്റി മുടിച്ച പ്ലാച്ചിമടയില്‍ ഹൈടെക് മാംഗോ സിറ്റിയുമായി കൊക്ക കോള വീണ്ടും എത്തുന്നു

2017-ലാണ് വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കോക്ക കോള പ്ലാന്റ് അടച്ചുപൂട്ടിയത്

ജലമൂറ്റി മുടിച്ച മണ്ണില്‍ ഹൈടെക് മാംഗോ സിറ്റിയുമായി കൊക്ക കോള വീണ്ടും എത്തുന്നു. കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ഇനീഷ്യേറ്റീവ്‌സിന്റെ (സിഎസ്ആര്‍ഐ) ഭാഗമായ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിലുള്ള പ്ലാച്ചിമടയിലേക്ക് കൊക്കക്കോളയുടെ രണ്ടാം വരവ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വനിതാ സ്വയംതൊഴില്‍ പരിശീലനം തുടങ്ങിയ നിരവധി പദ്ധതികളടങ്ങുന്ന പാക്കേജാണ് കൊക്കക്കോള പ്രഖ്യാപിച്ചിരിക്കുന്നത്. അനുമതിക്കായി പെരുമാട്ടി പഞ്ചായത്തിലും സര്‍ക്കാരിന് നേരിട്ടും കമ്പനി പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് അുമതി നല്‍കാം എന്നാണ് പെരുമാട്ടി പഞ്ചായത്ത് നിലപാട്. സര്‍ക്കാര്‍ ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. കാര്‍ഷികമേഖലയിലെ സ്വകാര്യ ഭീമനായ ജെയ്ന്‍ കമ്പനിയുമായി ചേര്‍ന്നുള്ള പദ്ധതികള്‍ക്കാണ് കൊക്കക്കോള അനുമതി തേടിയിരിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിക്കാണ് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അനുമതി തേടിയിരിക്കുന്നത്. കൊക്കക്കോള പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന 34 ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് കമ്പനി മുന്നോട്ട് വക്കുന്നത്. ആരോഗ്യസംരക്ഷണ കേന്ദ്രം, കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍, വനിതാ ശാക്തീകരണത്തിനായി സ്വയംതൊഴില്‍ പരിശീലന പദ്ധതികള്‍, എട്ടുമുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ സെന്റര്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഒരു വര്‍ഷമാണ് ഒന്നാംഘട്ടം നടപ്പാക്കുന്നതിനുള്ള സമയപരിധിയായി കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാംഘട്ടത്തിലാണ് ജയ്ന്‍ ഫാം ഫ്രഷ് ലിമിറ്റഡ് കമ്പനി കടന്നുവരിക. അള്‍ട്രാ ഹൈ ഡെന്‍സിറ്റി പ്ലാന്റേഷന്‍ ടെക്‌നോളജിയും ഡ്രിപ്പ് ഇറിഗേഷനും നടപ്പാക്കി പല സംസ്ഥാനങ്ങളിലും വിജയിച്ച ജെയ്ന്‍ കമ്പനിയുടെ ‘ഉന്നതി’ എന്ന പദ്ധതി പ്ലാച്ചിമടയിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് നിലവില്‍ ഉന്നതി നടപ്പാക്കുന്നത്. മഹാരാഷ്ട്രയില്‍ കൊക്കക്കോള കമ്പനിയും ജെയ്‌നും ചേര്‍ന്നാണ് മറാത്തവാഡയിലും വിദര്‍ഭയിലും ഓറഞ്ച് കൃഷിയില്‍ അള്‍ട്രാ ഹൈഡെന്‍സിറ്റി പ്ലാന്റേഷന്‍ ടെക്‌നോളജി നടപ്പാക്കിയത്. കേരളത്തില്‍ എച്ച്‌സിസിബിയും ജെയ്‌നും ചേര്‍ന്ന് മാവ്, തെങ്ങ്, വാഴ കൃഷിയില്‍ ഇതേ സാങ്കേതിക വിദ്യാ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. തോട്ടാപുരി മാമ്പഴങ്ങള്‍ക്കാണ് പ്രാമുഖ്യം. നിലവില്‍ 10 മീറ്റര്‍ നീളത്തിലും വീതിയിലും ഇടവിട്ട് വയ്ക്കുന്ന മാവുകളും വാഴകളും 3×2 മീറ്റര്‍ വ്യത്യാസത്തില്‍ വച്ചുപിടിപ്പിച്ച് ഉത്പാദവും ലാഭവും വര്‍ധിപ്പിക്കാനാവുമെന്ന് കമ്പനി പദ്ധതി രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പ്ലാന്റും കുളങ്ങളും കിണറുകളും നില്‍ക്കുന്ന പ്രദേശമൊഴികെ 34 ഏക്കറില്‍ 25 മുതല്‍ 27 ഏക്കര്‍ വരെയുള്ള സ്ഥലം കൃഷിക്കായി ഉപയോഗിക്കാം എന്നാണ് കമ്പനിയുടെ ശുപാര്‍ശ. കര്‍ഷകര്‍ക്ക് പുതുതായി ചെയ്യുന്ന കൃഷിരീതി സംബന്ധിച്ച് പ്രത്യേകം പരിശീലനവും നല്‍കും. ഇതിന് പുറമെ നഴ്‌സറിയും തുടങ്ങും. ജെയ്ന്‍ കമ്പനി തന്നെയായിരിക്കും ഈ ഘട്ടത്തില്‍ പദ്ധതികള്‍ നടപ്പാക്കുക. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിക്കുള്ളില്‍ രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒന്നാംഘട്ടവും രണ്ടാം ഘട്ടവും വിജയിച്ചാല്‍ കാപ്പി, പൈനാപ്പിള്‍, സുഗന്ധ്യവ്യഞ്ജനങ്ങള്‍ എന്നിവയിലേക്കും ഉന്നതി വ്യാപിപ്പിക്കാനുള്ള കാര്യങ്ങള്‍ മൂന്നാംഘട്ടത്തില്‍ ചെയ്യും. ഇത്രയുമാണ് കമ്പനിയുടെ പ്രോജക്ട് പ്രൊപ്പോസല്‍. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പെരുമാട്ടി പഞ്ചായത്തിന് കോള കമ്പനി പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ജലാധിഷ്ഠിത പദ്ധതിയല്ലെങ്കില്‍ അനുമതി നല്‍കാം എന്ന നിലപാടിലാണ് പഞ്ചായത്ത് എത്തിച്ചേര്‍ന്നത്. പഞ്ചായത്തിന് പദ്ധതി നടത്തിപ്പില്‍ വ്യക്തമായ പ്രാതിനിധ്യം വേണമെന്ന് സര്‍ക്കാരിനോട് പെരുമാട്ടി പഞ്ചായത്ത് അധികൃതര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം കോള കമ്പനി നേരിട്ട് മുഖ്യമന്ത്രിക്കും അനുമതി ആവശ്യപ്പെട്ട് പദ്ധതി രേഖ നല്‍കിയതായാണ് അറിവ്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പഞ്ചായത്ത് പ്രവര്‍ത്തിക്കുമെന്ന് പെരുമാട്ടി പഞ്ചായത്ത് വൈസ്പ്രസിഡന്റും സാമൂഹ്യക്ഷേമസമിതി അംഗവുമായ സുരേഷ് പറയുന്നു: “കമ്പനി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതിരേഖയില്‍ അപകടകരമായ ഒന്നും തന്നെയില്ല. എന്നു മാത്രമല്ല ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് പറയുന്നുമുണ്ട്. അതിനാല്‍ പഞ്ചായത്തിന് പദ്ധതി അനുവദിക്കുന്നതില്‍ തടസ്സങ്ങളില്ല. എന്നാല്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.”

Also Read: കോക്ക കോള കേരളം വിടുന്നു; ജനകീയ സമരത്തിന്റെ വിജയം

അനുമതി ലഭിച്ചിട്ടില്ലെങ്കിലും കമ്പനി തങ്ങളുടെ സ്ഥലത്തുള്ള കാടുപിടിച്ച് കിടന്ന കുളങ്ങളും കിണറുകളും വൃത്തിയാക്കിയിരിക്കുകയാണ്. 2004 മാര്‍ച്ച് ഒമ്പതിന് പ്ലാന്റിന്റെ പ്രവര്‍ത്തനം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. പ്രതിഷേധം ശക്തി പ്രാപിച്ചതോടെ ആഗോള ഭീമന്‍മാരായ കൊക്കക്കോളയ്ക്ക് പ്ലാച്ചിമട പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിയും വന്നു. തങ്ങള്‍ക്ക് ഇനി പ്ലാച്ചിമടയില്‍ കമ്പനി നടത്താന്‍ താത്പര്യമില്ലെന്ന് കമ്പനി അധികൃതര്‍  സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ കോള കമ്പനി നാടുവിട്ടു എന്നാശ്വസിച്ചിരുന്ന ജനങ്ങളിലേക്കാണ് കമ്പനിയുടെ തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനം വന്നിരിക്കുന്നത്. കുടിവെള്ള സമൃദ്ധമായിരുന്ന പ്ലാച്ചിമടയെ തീരാവരള്‍ച്ചയിലേക്ക് തള്ളിവിട്ട് ജനങ്ങളുടെ ജീവനോപാധിയും ആരോഗ്യവും നശിപ്പിച്ച കമ്പനിയുടെ തിരിച്ചുവരവ് വലിയ ആശങ്കകളാണ് പ്രദേശവാസികളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

(ആഗോളഭീമന്റെ തിരിച്ചുവരവിനെ പ്ലാച്ചിമടക്കാര്‍ എങ്ങനെ കാണുന്നു? അടുത്ത ഭാഗത്തില്‍)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍