UPDATES

“അത് ഞങ്ങളുടെ മകൾ കേട്ടിരുന്ന ശബ്ദമായിരുന്നു..” കണ്ടു കിട്ടുന്നവർ ഈ നമ്പറിലേക്ക് വിളിക്കണേ,പ്ലീസ്: 9847746711

ട്രയിനിലെ തിരക്കിനിടയിൽ നിന്ന് അജിതയ്ക്ക് നഷ്ടപ്പെട്ടത് പൊന്നും പണവുമൊന്നുമായിരുന്നില്ല

പാര്‍വതി

പാര്‍വതി

“ജന്മനാ കേൾവിശക്തിയില്ലാത്തവർക്കായി നടത്തുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്ത് രണ്ട് വര്‍ഷത്തോളമെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസം വീതം തുടരേണ്ടുന്ന സ്പീച്ച് തെറാപ്പിയ്ക്കായി പതിവുപോലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മോളെയും കൊണ്ട് പോയതാണ്. അന്ന് ഭാര്യ അജിത മാത്രമേ പോയിരുന്നുള്ളൂ. ചെന്നൈ എഗ്മോറിനിന്റെ ലേഡീസ് കമ്പാർട്മെന്റിൽ ആയിരുന്നു യാത്ര ചെയ്തത്. ട്രെയിനിൽ കാല് പോലും ഉറപ്പിച്ച് കുത്താൻ വയ്യാത്ത ഭയങ്കര തിരക്കായിരുന്നു. തിരക്കുകാരണം അവൾ ബാഗ് ട്രെയിനിൽ ഒരിടത്ത് തൂക്കിയിട്ടു. കയ്യിൽ മോളും ഉണ്ടായിരുന്നത് കൊണ്ടാണ്. തിരക്കൊഴിഞ്ഞപ്പോൾ ബാഗ് തുറന്നു നോക്കിയപ്പോഴാണ് ബാഗിനുള്ളിൽ നിന്ന് പെട്ടി മോഷണം പോയതായി അറിയുന്നത്. അവിടെ ആകെ തിരഞ്ഞ് നോക്കി. ശരീരവും മനസ്സും തളർന്നു പോകുന്ന അവസ്ഥ…”

“അഞ്ചര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ ആണ് പെട്ടിയിലുണ്ടായിരുന്നത്. പൈസയുടെ മൂല്യത്തേക്കാളൊക്കെ അധികമായി ആ പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത് ഞങ്ങളുടെ കുഞ്ഞ് കേട്ടിരുന്ന ശബ്ദമായിരുന്നു..”  നാലു ദിവസം മുൻപ് ട്രെയിനിൽ വെച്ചുണ്ടായ അനുഭവം വിവരിക്കുമ്പോൾ രാജേഷിന്റെ തൊണ്ട ഇടറുകയായിരുന്നു.

ട്രയിനിലെ തിരക്കിനിടയിൽ നിന്ന് അജിതയ്ക്ക് നഷ്ടപ്പെട്ടത് പൊന്നും പണവുമൊന്നുമായിരുന്നില്ല. ജന്മനാ കേൾവി ശക്തിയില്ലാതിരുന്ന അവരുടെ രണ്ടു വയസ്സുകാരി നിയശ്രീയ്ക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ ചെയ്ത ശേഷം ശബ്ദങ്ങൾ തിരിച്ചറിയാനായി ചെവിയിൽ ഘടിപ്പിക്കേണ്ടുന്ന കോക്ലിയാർ ഇമ്പ്ലന്റഷന് സ്പീച് പ്രോസസ്സറാണ് മോഷണം പോയത്. അതെ പെട്ടിയിൽ 45000  രൂപ വിലമതിക്കുന്ന മറ്റൊരു കേൾവി സഹായി കൂടിയുണ്ടായിരുന്നു. അതും നഷ്ടമായി.

ഞങ്ങളുടെ മകൾ എന്തെങ്കിലും ശബ്ദം കേട്ടിട്ട് ഇന്ന് അഞ്ചാം ദിവസമാകുന്നു. എഴുനേറ്റയുടൻ അവൾ ഞങ്ങളുടെ ശബ്ദം കേൾക്കാനായി ചെവിയിൽ വെക്കുന്ന കേൾവി ഉപകരണമാണ് തിരയുന്നത്. ഞങ്ങളുടെ ലാളനകളോ ആശ്വാസ വാക്കുകളോ കേൾക്കണമെങ്കിൽ കൂടി അവൾക്ക് ആ ഉപകരണം വേണം. എങ്കിലും കേൾക്കണമെങ്കിൽ പോലും ആ കേൾവി സഹായി വേണം. എന്ത് പറയണം എന്ന പോലും അറിയാത്ത ദുരവസ്ഥയിലാണ് രാജേഷ് അജിത ദമ്പതിമാർ.  ജന്മനാ കേൾവി ശക്തിയില്ലാതിരുന്ന നിയശ്രീ മോൾക്ക് മൂന്നു മാസം മുൻപാണ് ധാരാളം പൈസ മുടക്കി ചികിത്സ നടത്തി കേൾവിശക്തി കിട്ടിയത്. ലോകത്തെ കേട്ട് തുടങ്ങിയതോടെ അവൾ പതുക്കെ സംസാരിക്കാനും തുടങ്ങിയതാണ്.  ആ ആനന്ദമാണ് ഫെബ്രുവരി 2നു നടന്ന മോഷണത്തോടെ ഇല്ലതായത്.

കണ്ണൂർ പെരളശ്ശേരി കെപി രാജേഷിനെയും അജിതയുടെയും മകളാണ് നിയശ്രീ. ദിവസക്കൂലിക്കാരായ ഈ കുടുംബം വളരെ കഷ്ടപ്പെട്ടാണ് ചികിത്സ നടത്തിയത്. ഉപകരണം രണ്ടാമത് ഒരിക്കൽ കൂടി അഞ്ച് ലക്ഷം രൂപ കൊടുത്ത് വാങ്ങിക്കുന്ന കാര്യം ഈ കുടുംബത്തിന് ചിന്തിക്കാൻ പോലുമാകുന്നില്ല. “എന്തായാലും ഇത് മോഷ്ടിച്ചയാൾക്ക് ഇതുകൊണ്ട് കാര്യമായ പ്രയോജനം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ഇത് ഞങ്ങളുടെ  കുഞ്ഞ് കേൾക്കുന്ന ശബ്ദമാണ്. മറ്റ് വല്ലതും ആണെന്ന ധാരണയിലാകാം ചിലപ്പോൾ ഇത് മോഷ്ടിച്ചിട്ടുണ്ടാകുക. പ്രതീക്ഷിച്ച സാധനമല്ലെന്ന് മനസിലായതോടെ ഉപേക്ഷിച്ചു കാണുകയും ചെയ്യും. ഇത് ആരെങ്കിലും കണ്ടെത്തി തങ്ങളെ അന്വേഷിച്ച് ഉപകരണം വീട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്”.രാജേഷ് പറയുന്നു.

കണ്ടു കിട്ടുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 9847746711

പാര്‍വതി

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍