UPDATES

പ്രളയം 2019

‘എത്ര കിട്ടിയാലും മതിയാകില്ലെന്നവര്‍ പറയുമ്പോള്‍ എന്ത് വേണമെങ്കിലും ചെയ്യാന്‍ ആളുകളുണ്ടിവിടെ’; അവശ്യസാധനങ്ങള്‍ എത്തുന്നില്ലെന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിച്ച് എറണാകുളത്തെ കളക്ഷന്‍ സെന്ററുകള്‍

സംസ്ഥാനത്ത് 1551 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 65,548 കുടുംബങ്ങളില്‍പ്പെട്ട 2,27,331 ആളുകള്‍ ഈ ക്യാമ്പുകളിലുണ്ട്

പ്രളയബാധിതമായ വടക്കന്‍ ജില്ലകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തുന്നില്ലെന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കുകയാണ് എറണാകുളത്തെ കളക്ഷന്‍ സെന്ററുകള്‍. ജില്ല ഭരണകൂടത്തിന്റെ കീഴില്‍ കളക്ട്രേറ്റിലെ പ്ലാനിംഗ് ഹാള്‍ കേന്ദ്രീകരിച്ചുള്ള സംഭരണ കേന്ദ്രത്തിലും കുസാറ്റിലെ സംഭരണ കേന്ദ്രത്തിലും വയനാട്, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ജനങ്ങളുടെ ഭാഗത്തു നിന്നും കഴിഞ്ഞ വര്‍ഷത്തെപോലെ തന്നെയുള്ള പ്രതികരണമാണ് ഇത്തവണയും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് ജില്ല ഭരണകൂടവും കുസാറ്റ് അധികൃതരും പറയുന്നത്. ഇവ കൂടാതെ അന്‍പൊടു കൊച്ചിയുടെ നേതൃത്വത്തിലും വടക്കാന്‍ ജില്ലകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. തേവര എസ് എച് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്.

എറണാകുളത്ത് സ്ഥിതി ശാന്തമായി വരുന്നതോടെ പ്രാദേശികമായി ചെയ്തു വന്നിരുന്ന സാധന വിതരണങ്ങള്‍ കുറച്ച് പ്രളയബാധിത ജില്ലകളിലേക്ക് പരമാവധി വസ്തുക്കള്‍ എത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ജില്ലയില്‍ 133 ക്യാമ്പുകളാണ് നിലവില്‍ ഉള്ളത്. 6,849 കുടുംബങ്ങളിലായി 23,744 പേരാണ് വിവിധ ക്യാമ്പുകളില്‍ ഉള്ളത്. ഇതില്‍ 9,383 പുരുഷന്മാരാണ്. 10,275 സ്്ത്രീകളും 4,086 കുട്ടികളുമാണ്. മഴയ്ക്ക് ശമനം വന്നതും വെള്ളം ഇറങ്ങി തുടങ്ങിയതും സാഹചര്യങ്ങള്‍ അനുകൂലമാക്കിയതോടെ പലയിടങ്ങളിലേയും ക്യാമ്പുകള്‍ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടേിരിക്കുന്ന ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമായിട്ടുമുണ്ട്. ഒന്നുരണ്ട് ഇടത്തു നിന്നു മാത്രമാണ് അന്വേഷണം വന്നിട്ടുള്ളതെന്നും അങ്ങോട്ടേയ്ക്കുള്ള സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. എറണാകുളത്തെ സ്ഥിതി ശാന്തമായതിനാല്‍ ഇനി എല്ലാ ശ്രമങ്ങളും പ്രളയം തകര്‍ത്ത വടക്കന്‍ ജില്ലകളെ സഹായിക്കാനാകണമെന്നാണ് കുസാറ്റിലെ സംഭരണ കേന്ദ്രത്തിന്റെ ചമതലക്കാരില്‍ ഒരാളായ യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ. പി കെ ബേബി പറയുന്നത്.

മലബാര്‍ മേഖലയിലേക്കുള്ള സാധനങ്ങളുടെ ശേഖരണമാണ് കുസാറ്റില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രദേശിക വിതരണം ശനിയാഴ്ച്ച വൈകിട്ടോടെ അവസാനിപ്പിച്ചുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്നു വൈകിട്ടോടെ ഒരു ലോഡ് സാധനം മലബാറിലേക്ക് പോകും. നാളെ രാവിലെ മറ്റൊരു ലോഡും പോകും. ക്യാമ്പിലേക്ക് ധാരാളം സാധനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും വോളന്റിയര്‍ സേവനത്തിനായും നിരവധി പേര്‍ എത്തുന്നുണ്ടെന്നും ബേബി പറഞ്ഞു. ഇപ്പോള്‍ കിട്ടുന്നതുകൊണ്ട് മാത്രം വയനാട്ടിലേയും മലപ്പുറത്തേയും ക്യാമ്പുകളിലെ അവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്നതുകൊണ്ട് പരമാവധി സഹായമാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും ബേബി പറയുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ഭാഗങ്ങളില്‍ നിന്നും അവശ്യസാധനങ്ങളുടെ അന്വേഷണം വന്നുകൊണ്ടേയിരിക്കുകയാണ്. എത്ര സാധാനങ്ങള്‍ കിട്ടിയാലും തികയുന്നില്ലെന്ന അവസ്ഥയാണ് വടക്കന്‍ മേഖലയില്‍ ഇപ്പോള്‍ ഉള്ളത്. അതുകൊണ്ട് പരമാവധി സാധനങ്ങള്‍ സംഭരിച്ച് അങ്ങോട്ട് അയക്കാനുള്ള നടപടികളാണ് ചെയ്തുവരുന്നത്. ഒന്നുമില്ലാത്ത ആളുകളുടെ മുന്നിലേക്കാണ് സാധനങ്ങള്‍ എത്തുന്നത്. എത്ര കിട്ടിയാലും കുഴപ്പമില്ല, അവശ്യമുണ്ട് എന്നാണ് അവിടെ നിന്നും ബന്ധപ്പെടുന്നവര്‍ പറയുന്നത്. ഈ വിവരം പുറത്തേക്ക് വിട്ടതോടെ അഭൂതപൂര്‍വമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ധാരാളം സാധനങ്ങള്‍ വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഞങ്ങളെ സഹായിച്ചവരാണ്, അവര്‍ക്ക് തിരിച്ചു കൊടുക്കണം എന്നാണ് പലരും വന്നു പറയുന്നത്. വൈകാരികമായിട്ടാണ് ആളുകള്‍ പ്രതികരിക്കുന്നത്. എന്തു വേണമെങ്കിലും കൊണ്ടുവന്നു തരാന്‍ തയ്യാറായാണ് ആളുകള്‍ നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ചര്‍ച്ചകളൊന്നും കാര്യമാക്കേണ്ടതില്ല. ആളുകളുടെ സഹകരണം കണ്ടാല്‍ എല്ലാ സംശയങ്ങളും മാറും. അടുത്ത രണ്ടു ദിവസം കൊണ്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പരാതികളൊക്കെ മാറും; ബേബിയുടെ വാക്കുകള്‍.

അതേസമയം സാധനങ്ങള്‍ കൊണ്ടുവരുന്ന പലരും ചില പരാതികളും സംശയങ്ങളും ഉയര്‍ത്തുന്നുണ്ടെന്നും ബേബി പറയുന്നുണ്ട്. കഴിഞ്ഞ തവണ ഇതുപോലെ കൊടുത്ത സാധനങ്ങള്‍ ചില വ്യക്തികളുടെയും സംഘടനകളുടെയും കൈവശം എത്തുകയും അവരത് അവരുടെ പേരില്‍ കൈമാറുകയും ചെയ്തതായാണ് പരാതി. ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്നാണ് പേടി. ഇക്കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ടു തന്നെയാണ് ആളുകള്‍ സാധനങ്ങള്‍ തരുന്നത്. കുസാറ്റ് ഒരു ഗവണ്‍മെന്റ് സ്ഥാപനമായതുകൊണ്ട് ആ വിശ്വാസ്യതയുണ്ട്. ഇവിടെയായതുകൊണ്ടാണ് ഞങ്ങള്‍ തരുന്നതെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ നിന്നും സാധനങ്ങള്‍ കുസാറ്റിന്റെ വാഹനങ്ങളില്‍ നിന്നു തന്നെയാണ് കൊണ്ടു പോകുന്നത്. അതാത് സ്ഥലങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികളെയാണ് ഞങ്ങളീ സാധനങ്ങള്‍ ഏല്‍പ്പിക്കുന്നതും. വ്യക്തികളുടെയോ എന്‍ജിഒകളുടെയോ കൈവശം കൊടുക്കുന്നില്ല.

എറണാകുളം കളക്ട്രേറ്റിലെ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ വടക്കന്‍ ജില്ലകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. എറണാകുളത്ത് നിലവിലുള്ള ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു പുറമെയാണിത്. എറണാകുളത്ത് താലൂക്ക് അടിസ്ഥാനത്തില്‍ ക്യാമ്പ് ഓഫീസേഴ്‌സിനെ നിയമിച്ചാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് ക്യാമ്പ് ഓഫീസേഴ്‌സിന്റെ ചാര്‍ജ് നല്‍കിയിരിക്കുന്നത്. ഇവരുടെ കൈവശം കളക്ട്രേറ്റില്‍ ശേഖരിക്കുന്ന സാധനങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്.

കുസാറ്റും കളക്ട്രേറ്റും കൂടാതെ എറണാകുളത്തെ പ്രധാന സംഭരണ കേന്ദ്രം അന്‍പൊടു കൊച്ചിയാണ്. കഴിഞ്ഞ പ്രളയകാലത്തും അഭിമാനകരമായ രീതിയില്‍ സേവനം നടത്തിയ കൂട്ടായ്മയാണ് ജില്ല ഭരണകൂടത്തിന്റെ കീഴിലുള്ള അന്‍പൊടു കൊച്ചി. ഇത്തവണയും ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി അന്‍പൊടു കൊച്ചിയുണ്ട്. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ ശേഖരണമാണ് ‘അന്‍പൊടു കൊച്ചി’യുടെ നേതൃത്വത്തില്‍ തുടരുന്നത്. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് സെന്ററിലാണ് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ പ്രളയ ബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിനായാണ് അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതെന്നും ‘അന്‍പൊടു കൊച്ചി’ വ്യക്തമാക്കി. ഇതു കൂടാതെ ലുലു മാളുമായി കൈകോര്‍ത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അന്‍പൊടു കൊച്ചി നടത്തുന്നുണ്ട്. ദുരിതബാധിത മേഖലകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള ശേഖരണ കേന്ദ്രത്തില്‍ സാധനങ്ങള്‍ ഏല്‍പ്പിക്കാം. രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുമണി വരെ സംരഭരണ കേന്ദ്രം പ്രവര്‍ത്തിക്കും. ദുരിതബാധിതര്‍ക്കായി നേരിട്ട് സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് സഹായിക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ലുലു വെബ് സൈറ്റ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 1551 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 65,548 കുടുംബങ്ങളില്‍പ്പെട്ട 2,27,331 ആളുകള്‍ ഈ ക്യാമ്പുകളിലുണ്ട്. എല്ലാം നഷ്ടപ്പെട്ടയാളുകളാണ് വയനാട്, മലപ്പുറം, കോഴിക്കോട് ക്യാമ്പുകളില്‍ ഉള്ളത്. എന്തു കിട്ടിയാലും അതാ മനുഷ്യര്‍ക്ക് അത്യാവശ്യമാണ്. പുതപ്പ്, ബെഡ് ഷീറ്റ്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങള്‍, സനിട്ടറി നാപ്കിന്‍സ്, ടവല്‍, പായ, കുപ്പിവെള്ളം എന്നിവയാണ് പ്രധാനമായും സംഭരണ കേന്ദ്രങ്ങളിലേക്ക് ആവശ്യമുള്ളത്. കേടാകാത്തതും പാകം ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കളും നല്‍കാം. വ്യക്തിപരമായും സംഘടനകളുടെ നേതൃത്വത്തിലും സാധനങ്ങള്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍