UPDATES

ട്രെന്‍ഡിങ്ങ്

കളക്ടര്‍ ജീവന്‍ ബാബു/അഭിമുഖം: ഇടുക്കി പഴയ ഇടുക്കിയാവാന്‍ സമയമെടുക്കും, നമുക്ക് തിരിച്ചു വന്നേ മതിയാവൂ

ഏകദേശം 289 ഉരുള്‍പൊട്ടലുകളും 1800 ഓളം മണ്ണിടിച്ചിലുകളുമാണ് ഇടുക്കിയില്‍ ഉണ്ടായത്.

കണ്ടതില്‍വച്ച് ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് കേരളം ഇരയായത്. സംസ്ഥാനമാകെ തകര്‍ന്നുപോയ ഈ ദുരന്തത്തില്‍ ഏറ്റവുമധികം നാശം നേരിട്ടത് ഇടുക്കി ജില്ലയിലാണ്. പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും എല്ലാം ചേര്‍ന്ന് ഈ മലയോര ജില്ലയെ പാടെ തകര്‍ത്തെറിയുകയായിരുന്നു. ഇടുക്കിയുടെ തിരിച്ചു വരവിനെക്കുറിച്ച് ആഴമേറിയ ആശങ്ക നിലനില്‍ക്കുമ്പോള്‍, പ്രളയകാലത്ത് ഇടുക്കി നേരിട്ട സാഹചര്യങ്ങളും പ്രളയാനന്തരം ജില്ല നേരിടുന്ന അവസ്ഥകളും ഇടുക്കിയുടെ ഭാവിയേയും കുറിച്ച് ജില്ല കളക്ടര്‍ ജീവന്‍ ബാബു കെ. ഐഎഎസ് അഴിമുഖത്തോട് സംസാരിക്കുന്നു.

കേരളം ആകെ നേരിട്ട പ്രളയദുരന്തം മറ്റിടങ്ങളില്‍ നിന്നും വേറിട്ടാണ് ഇടുക്കി ജില്ലയെ ബാധിച്ചത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ പ്രളയമായാണ് ദുരന്തം നാശം വിതച്ചതെങ്കില്‍ ഇടുക്കിയില്‍ അത് വന്‍ പ്രകൃതിദുരന്തമായാണ് സംഭവിച്ചത്. ഓഗസ്റ്റ് മാസം എട്ടാം തീയതി വൈകുന്നേരം തുടങ്ങി ഓഗസ്റ്റ് 17-ആം തീയതിവരെ നീണ്ടു നിന്ന ഒരു വലിയ കാലയളവിലായി വിവിധ പ്രദേശങ്ങളില്‍ സംഭവിച്ച ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ജില്ലയുടെ പൊതുവിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും തകരാറിലാക്കുകയും മിക്കവാറും എല്ലാ റോഡുകളും തകരുക വഴി ഗതാഗതമാര്‍ഗ്ഗങ്ങള്‍ അടയ്ക്കുകയും ചെയ്തു. എട്ടാം തീയതി രാത്രിയില്‍ പൈനാവ് പ്രദേശം, അടിമാലി പ്രദേശം, മൂന്നാറിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മണ്ണിടിച്ചിലുകള്‍ ഉണ്ടാവുകയും പല പ്രദേശങ്ങളും മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. എട്ട്, ഒമ്പത് തീയതികളിലായി ഏകദേശം പന്ത്രണ്ടോളം ആളുകള്‍ ജില്ലയില്‍ മരണമടയുകയും ചെയ്തു.

കേരളത്തില്‍ വൈദ്യുതോത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലയായ ഇടുക്കിയില്‍ വൈദ്യുതി ബോര്‍ഡിന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും നിരവധി ഡാമുകളാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ പ്രളയ ദുരന്തത്തെ കുറിച്ചുള്ള കേന്ദ്ര ജല കമ്മിഷന്റെ പഠന റിപ്പോര്‍ട്ടില്‍ ഇത്ര വലിയ പ്രളയത്തിലേക്ക് സംസ്ഥാനം പോകുന്നതിനു കാരണമായി മാറിയത് പീരുമേട് കേന്ദ്രമായി പെയ്ത മഴയാണെന്ന് കണ്ടെത്തിയിരുന്നു. പീരുമേട് കേന്ദ്രമായി ഏകദേശം 800 മില്ലിമീറ്റര്‍ മഴയാണ് ഓഗസ്റ്റ് 15-ആം തീയതി മുതല്‍ 17-ആം തീയതി വരെ പെയ്തത്. തെക്ക്- കിഴക്കന്‍ മണ്‍സൂണ്‍ തുടങ്ങുന്ന മേയ് 29 മുതല്‍ തന്നെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ടായിരുന്നു. ഏകദേശം അറുപത് ദിവസങ്ങള്‍ക്കു മുകളില്‍ തുടര്‍ച്ചയായി മഴ ഇടുക്കിയില്‍ പെയ്തതോടെ ജില്ലയിലെ വിവിധ ഡാമുകളില്‍ വെള്ളത്തിന്റെ നിരപ്പ് ഉയരുകയും പല ഡാമുകളിലേയും വെള്ളം എഫ് ആര്‍ എല്‍ (ഫുള്‍ റിസര്‍വ് ലെവല്‍) പോയിന്റിലേക്ക് എത്തിച്ചേരുകയും ഉണ്ടായി. ഇതോടെയാണ് 1881-നും 1992-നും ശേഷം ഇടുക്കി ഡാം 26 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തുറക്കാന്‍ തീരുമാനിച്ച് ഓഗസ്റ്റ് ഒമ്പതാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. അതിനു പിന്നാലെ ഇടുക്കിയിലെ പ്രധാനപ്പെട്ട എല്ലാ ഡാമുകളും (ഇവയില്‍ പലതും ചെറിയ ഡാമുകളും, പലപ്പോഴായി തുറക്കുന്നതുമാണ്. ഉദാഹരണം- മാട്ടുപ്പെട്ടി ഡാം, ഹെഡ് വര്‍ക്‌സ് ഡാം, മലങ്കര ഡാം, പൊന്മുടി ഡാം) ശക്തമായ മഴയുടെ പശ്ചാലത്തില്‍ തുറന്നു വയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. ഈ ഡാമുകളിലൂടെയെല്ലാം വെള്ളം അനസ്യൂതം ഒഴുകി പോയ്‌ക്കൊണ്ടിരുന്ന ഒരു ഘട്ടത്തിലൂടെയാണ് ജില്ലയ്ക്കു കടന്നുപോകേണ്ടി വന്നത്. ഓഗസ്റ്റ് ഒമ്പതാം തീയതി മുതല്‍ സെപ്തംബര്‍ ഏഴാം തീയതി വരെ ഇടുക്കി ഡാം തുറന്നു വയ്‌ക്കേണ്ടി വന്നു. ചരിത്രത്തില്‍ ആദ്യമായി ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറക്കുകയും ചെയ്തു.

"</p

ഓഗസ്റ്റ് മാസം 14, അര്‍ദ്ധരാത്രി രണ്ടര മണിയോടെ കേരളവും തമിഴ്‌നാടും ഔദ്യോഗിക തലത്തില്‍ ചര്‍ച്ച നടത്തി ഇരു സംസ്ഥാനങ്ങളും കൂടിച്ചേര്‍ന്ന് മുലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയും ഉണ്ടായി. ഇടുക്കിയും മുല്ലപ്പെരിയാറും ഒരുമിച്ച് തുറക്കുന്ന അവസ്ഥയാണ് സംഭവിച്ചത്. ഈ രണ്ടു ഡാമുകളില്‍ നിന്നും വെള്ളം ഒഴുകി പോകുന്ന കരകളിലായി ഒത്തിരിയേറെ മനുഷ്യര്‍ താമസിക്കുന്നുണ്ട്. രണ്ടു ഡാമുകളും തുറന്നു വിടുന്ന ഘട്ടം വന്നപ്പോള്‍, അതിനു മുന്നേ തന്നെ മുല്ലപ്പെരിയാറിന്റെയും ഇടുക്കിയുടെയും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ജില്ല ഭരണകൂടത്തിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തന്നെയാണ് എട്ട്, ഒമ്പത് തീയതികളില്‍ ഉണ്ടായതു പോലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വലിയ രീതിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഭവിക്കുന്നത്. കളക്‌ട്രേറ്റ് ഇരിക്കുന്നതിന്റെ രണ്ട് വശങ്ങളിലുമുള്ള പ്രദേശങ്ങളില്‍ നിരവധി മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും ഉണ്ടാവുകയും മൂന്നു ദിവസത്തോളം ജില്ല ആസ്ഥാനം തന്നെ മറ്റ് പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോവുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു.

Also Read: പൊട്ടിത്തകര്‍ന്ന ഇടുക്കി

തുടക്കത്തില്‍ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും ആ സമയത്തുണ്ടായ ഉരുള്‍പൊട്ടലുകളുടെയും മണ്ണിടിച്ചിലുകളുടെയും പശ്ചാത്തലത്തിലും ആയിരത്തോളം ജനങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നത്. എന്നാല്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും വ്യാപകമായതോടെ ഏകദേശം 33,800 പേരെ 211 ക്യാമ്പുകളിലായി മാറ്റേണ്ടി വരികയുണ്ടായി. ക്യാമ്പുകള്‍ തുറന്ന ഘട്ടത്തില്‍ പല പ്രദേശങ്ങളിലും റോഡുകള്‍ തകര്‍ന്ന് ഓരോയിടവും പൂര്‍ണമായി ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയായിരുന്നു. ക്യാമ്പുകള്‍ നടത്തിക്കൊണ്ടുപോകാന്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ മുന്നില്‍ വന്നെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന, പുറം സംസ്ഥാനങ്ങളില്‍ നിന്നും വന്ന സുമനസ്സുകളുടെ സഹായത്തോടെ ക്യാമ്പുകള്‍ എല്ലാം ഭംഗിയായി തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞു.

ഏകദേശം 289 ഉരുള്‍പൊട്ടലുകളും 1800 ഓളം മണ്ണിടിച്ചിലുകളുമാണ് ഇടുക്കിയില്‍ ഉണ്ടായത്. ഇതില്‍ ചില ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും വളരെ വലിയ രീതിയിലാണ് സംഭവിച്ചത്. വലിയ പ്രദേശങ്ങള്‍ ഇല്ലാതായി പോവുകയും കെട്ടിട സമുച്ചയങ്ങള്‍ തകര്‍ന്നു പോവുകയും നിരവധി വീടുകള്‍ മണ്ണിനടിയിലാവുകയും മനുഷ്യര്‍ മരിക്കുകയൊക്കെ ചെയ്തു. മുപ്പത്തിനാലോളം പേരാണ് ഉരുള്‍പൊട്ടലില്‍ ജില്ലയില്‍ മരിച്ചത്.

Also Read: അവര്‍ പഠിച്ചിട്ടില്ല; മൂന്നാറിനെ മുക്കിയ മുതിരപ്പുഴയാറിനെ വീണ്ടും മണ്ണിട്ട് മൂടുന്ന പ്രളയാനന്തര വികസനം

"</p

ഇത്രയും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ജില്ലയില്‍ നിന്നും പൊതുവായുള്ള വാര്‍ത്തകള്‍ പുറത്തേക്കു വരാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ നിന്നും ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലേക്ക് മാറിപ്പോയിരുന്നു ഇടുക്കി. കേരളത്തിലെ മറ്റ് പ്രദേശങ്ങളെല്ലാം തന്നെ വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴും ഇടുക്കിയില്‍ നിന്നും വളരെ കുറവ് വാര്‍ത്തകളായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്. ഇവിടുത്തെ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളൊക്കെ ഏതാണ്ട് പൂര്‍ണമായി നിശ്ചലമായിരുന്നു. വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനു പിന്നാലെ വൈദ്യുതബന്ധവും നിലച്ചു, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എല്ലാം പൂര്‍ണമായി നശിച്ച അവസ്ഥയായിരുന്നു. മൊബൈല്‍ ഫോണുകള്‍ നിശ്ചലമായി. ഇന്റര്‍നെറ്റ് കണക്ഷന്‍ തകരാറിലായതോടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വിവരം പങ്കുവയ്ക്കലും അസാധ്യമായി. ഓബി വാനുകള്‍ വഴി ഡേറ്റകള്‍ കൈമാറാന്‍ കഴിയാത്ത സാഹചര്യം തിരിച്ചടിയായതോടെ ചാനലുകള്‍ വഴി വാര്‍ത്തകള്‍ പുറത്തെത്തിക്കാനുള്ള മാര്‍ഗവും അടഞ്ഞു. ഇത്തരത്തിലെല്ലാം, ജില്ലയില്‍ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ ഭാഗികമായി പോലും പുറത്തെത്താതെ പൂര്‍ണമായൊരു ഒറ്റപ്പെടലിലേക്ക് ഇടുക്കി മാറുകയായിരുന്നു.

Also Read: കുടിയേറ്റ ഇടുക്കിയില്‍ നിന്ന് കയ്യേറ്റ ഇടുക്കിയിലേക്ക്; പ്രളയ ദുരന്തത്തിലേക്ക് ഒരു നാടിനെ എത്തിച്ച മനുഷ്യര്‍

ഉരുള്‍പൊട്ടലുകളുടെയും മണ്ണിടിച്ചിലുകളുടെയും ഫലമായി വന്‍തോതില്‍ മണ്ണും കല്ലും മൂടി റോഡുകള്‍ തകര്‍ന്നതോടെ തടസങ്ങള്‍ നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കിയാല്‍ മാത്രമെ ഒരവശ്യ വസ്തു പോലും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ, പൂര്‍ണമായിട്ടല്ലെങ്കിലും ഗതാഗതത്തിന് യോഗ്യമാകും വിധത്തില്‍ റോഡുകള്‍ ശരിയാക്കിയെടുക്കുന്ന പ്രവര്‍ത്തികളാണ് ആദ്യം തുടങ്ങി, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാമ്പുകളില്‍ ഉള്ളവരില്‍ സുരക്ഷിതമായ വീടുകളിലേക്ക് പോകാന്‍ കഴിയുന്നവരെ വീടുകളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ഏജന്‍സികളുടെയുമെല്ലാം സഹായ സഹകരണങ്ങളോടെ അടുത്ത ഘട്ടമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും ജില്ല ഭരണകൂടം ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും വലിയ ഉദ്യമങ്ങള്‍ക്ക് ജില്ല ഭരണകൂടത്തിന് ഒത്തിരിയേറെ വ്യക്തികളുടെയും വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും എല്ലാ വിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ സഹകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

"</p

നിലവില്‍ ജില്ല അതിന്റെ പഴയ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പൂര്‍ണമായി പഴയ ഇടുക്കിയായി മാറാന്‍ കൂടുതല്‍ സമയം എടുക്കേണ്ടതായുണ്ട്. ഇന്‍ഫ്രാസ്ട്രക്ചറുകള്‍, കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍, കെഎസ്ഇബി സബ് സ്റ്റേഷനുകള്‍, പവര്‍ ഹൗസുകള്‍ തുടങ്ങി പല വലിയ നഷ്ടങ്ങളും ഇടുക്കിക്ക് നേരിട്ടുണ്ട്. അതെല്ലാം തിരിച്ചുകൊണ്ടു വരിക എന്നത് വലിയൊരു ഭഗീരഥപ്രയത്‌നം തന്നെയാണ്. അതിനായി ഒത്തിരിയേറെ നല്ല മനസുകളുടെ പ്രവര്‍ത്തനവും സാങ്കേതിക പിന്തുണയും ഇടുക്കിക്ക് ആവശ്യമുണ്ട്.

പൊട്ടിത്തകര്‍ന്ന ഇടുക്കി

കുടിയേറ്റ ഇടുക്കിയില്‍ നിന്ന് കയ്യേറ്റ ഇടുക്കിയിലേക്ക്; പ്രളയ ദുരന്തത്തിലേക്ക് ഒരു നാടിനെ എത്തിച്ച മനുഷ്യര്‍

പ്രളയാനന്തരം മൂന്നാറിലേക്ക്; ഒരു മാധ്യമ പ്രവര്‍ത്തകന്‍ കണ്ട മൂന്നാര്‍ (വീഡിയോ)

അവര്‍ പഠിച്ചിട്ടില്ല; മൂന്നാറിനെ മുക്കിയ മുതിരപ്പുഴയാറിനെ വീണ്ടും മണ്ണിട്ട് മൂടുന്ന പ്രളയാനന്തര വികസനം

ഇതാണ് പ്രളയാനന്തര ഇടുക്കി; തകര്‍ന്ന ഗ്രാമങ്ങള്‍, ജീവിതം- ചിത്രങ്ങളിലൂടെ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍