UPDATES

കേരളം

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം; അര്‍ഹതപ്പെട്ട അവസരം പിഎസ്‌സി അട്ടിമറിക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍

മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് നിയമനം കാത്തിരിക്കുന്ന സാന്നിട്ടറി ഇന്‍സ്പക്ടര്‍ കോഴ്‌സ് പഠിച്ചവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്‌

കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ആരോപണവുമായി ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍. തസ്തികയിലേക്കുള്ള നിയമനത്തില്‍ സാനിറ്ററി ഇന്‍സപെക്ടര്‍ കോഴ്‌സ് പഠിച്ചവര്‍ക്കൊപ്പം ഡിഎച്ച്എസ്‌സി കോഴ്‌സ് പഠിച്ചവരെയും ക്രമവിരുദ്ധമായി ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണു ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സിക്കെതിരേ പരാതിയുമായി എത്തിയിരിക്കുന്നത്. പിഎസ്‌സി വിജ്ഞാപന പ്രകാരമുള്ള യോഗ്യത ഡിഎച്ച്എസ്‌സി കോഴ്‌സ് പഠിച്ചവര്‍ക്ക് ഇല്ലെന്നാണ് ഇവരുടെ തെളിവുകള്‍ നിരത്തിയുള്ള വാദം.

സാനിറ്ററി ഇന്‍സപെക്ടര്‍ കോഴ്‌സ് യോഗ്യതയുള്ള കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനത്തിനുള്ള ലിസ്റ്റിലുള്ള രാജേശ്വരി ആര്‍.വി, പിഎസ്‌സിയുടെ ക്രമക്കേടിനെ കുറിച്ച് ഇങ്ങനെയാണ് വിശദീകരിക്കുന്നത്-

‘2014 അവസാനത്തോട് കൂടിയാണ് പിഎസ്‌സി കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനത്തിനുള്ള വിജ്ഞാപനം നടത്തിയത്. 2015 നവംബറില്‍ എഴുത്ത് പരീക്ഷയും നടത്തി. യോഗ്യതയില്ലാത്ത ഡിഎച്ച്എസ്‌സി കോഴ്‌സ് കഴിഞ്ഞവരും പരീക്ഷ എഴുതിയിരുന്നു. ഇത് സംബന്ധിച്ച് പിഎസ്‌സി സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ രേഖാ മൂലം അറിയിച്ചിരുന്നുവെങ്കിലും അധികൃതര്‍ അത് തള്ളിക്കളഞ്ഞ് നിയമനത്തിനുള്ള തുടര്‍ നടപടികളിലേക്ക് കടന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് അറിയാന്‍ അന്വേഷിച്ചപ്പോള്‍ പിഎസ്‌സിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സ്‌പെഷ്യല്‍ റൂളിലോ പിഎസ്‌സി ഗസ്സറ്റ് വിജ്ഞാപനത്തിലോ പ്രതിപാദിക്കാത്ത ഡിഎച്ച്എസ്‌സി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉയര്‍ന്ന യോഗ്യതയായി പരിഗണിക്കാമെന്ന കുറിപ്പിലാണ് ഞങ്ങളുടെ പരാതി തള്ളുകയും നിയമനത്തിനത്തിന്റെ തുടര്‍ നടപടികളില്‍ ഡിഎച്ച്എസ്‌സി കോഴ്‌സുകാരെ പരിഗണിച്ചതെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഞങ്ങള്‍ ഇതിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ ഇടപെടല്‍ മൂലം കോഴ്‌സുകളുടെ യോഗ്യത സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഹാജരാക്കാന്‍ പിഎസ്‌സിയോട് കോടതി ആവിശ്യപ്പെട്ടു.

പിഎസ്സിയുടെ കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനത്തിനുള്ള വിജ്ഞാപനം

ഇതേ തുടര്‍ന്ന് പിഎസ്‌സി, സര്‍ക്കാര്‍ നഗരകാര്യ വകുപ്പ് ഡയറക്ടറോട് ഡിഎച്ച്എസ്‌സി കോഴ്‌സിന്റെ യോഗ്യത സംബന്ധിച്ച് വ്യക്തത ആരാഞ്ഞു. അവിടെ നിന്നുള്ള മറുപടി ഡിഎച്ച്എസ്‌സി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നിലവില്‍ പിഎസ്‌സി പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ യോഗ്യതകളുടെ തത്തുല്ല്യമോ, ഉയര്‍ന്നതോ, ഉപരിപഠനമോ അല്ലെന്ന് വ്യക്തമാക്കി കൊടുത്തു. ഇതുകൊണ്ട്‌ തൃപ്തിയാകാതെ പിഎസ്‌സി, ആരോഗ്യ വകുപ്പ് ഡയറക്ടറോടും പിന്നീട് പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മസ് ഡിപ്പാര്‍ട്ട്‌മെന്റിനോടും ഇത്  സംബന്ധിച്ച മറുപടി ആരാഞ്ഞപ്പോള്‍ യോഗ്യതയില്ലെന്ന് തന്നെയാണു നഗരകാര്യ വകുപ്പ് ഡയറക്ടറേറ്റ്  നല്‍കിയത്.  സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്‌സി വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകളുടെ കൂടെ ഡിഎച്ച്എസ്‌സി കോഴ്‌സ് സര്‍ട്ടിഫിക്കറ്റും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്നും പിഎഡിആര്‍ വകുപ്പ് വ്യക്തത നല്‍കിയതാണ്. ഇത് സംബന്ധിച്ച് 16-05-2017 ന് തദ്ദേശ സ്വയം ഭരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

നിയമപരമായി യതൊരു പിന്‍ബലവുമില്ലാതെയാണ് സര്‍ക്കാരിനെ തെറ്റദ്ധിരിപ്പിക്കാനാണ് മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നത്. ഒരു തസ്തികയിലേക്ക് നിയമനം നടത്തുന്നത് ആ വകുപ്പില്‍ ഇത് സംബന്ധിച്ച്‌ ഉണ്ടാക്കിയ സ്‌പെഷ്യല്‍ റൂള്‍ പാലിച്ചാണ്. നിയമന പ്രക്രിയയുടെ ആദ്യഘട്ടമായ അസാധാരണ ഗസ്സറ്റ് വിജ്ഞാപനത്തില്‍ യോഗ്യതകള്‍ എന്തെല്ലാമെന്ന് കൃത്യമായി വ്യക്തമാക്കേണ്ടതാണ്‌. വിജ്ഞാപനം പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ യോഗ്യത സംബന്ധിച്ച് തീരുമാനം കൈകൊള്ളാന്‍ പിഎസ്‌സി-ക്ക് നിയമപരമായി അധികാരമില്ല. സ്‌പെഷ്യല്‍ റൂള്‍ സംബന്ധിച്ച് മാറ്റം വരുത്താന്‍ സര്‍ക്കാരിന് കഴിയും. പക്ഷെ അത് നിലവിലുള്ള വിജ്ഞാപനത്തിന് ബാധകമാക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഡിഎച്ച്എസ്‌സി കോഴ്‌സ് നടത്തുന്ന സ്വകാര്യ മാനേജ്‌മെന്റുകളുടെ നേതൃത്വത്തില്‍ കോഴ്‌സിന് സാന്നിട്ടറി ഇന്‍സ്‌പെക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ തുല്ല്യതയില്ലാത്തതിനാല്‍ നിയമനത്തില്‍ നടപടിയെടുക്കാത്തരിക്കാന്‍ സമരം നടത്തുകയാണ്. ഡിഎച്ച്എസ്‌സി കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ടുവന്നാണ് അവര്‍ സമരം നടത്തുന്നത്. ഈ മാനേജ്‌മെന്റും പിഎസ്‌സി ഉദ്യോഗസ്ഥരും തമ്മില്‍ നിയമനത്തില്‍ ക്രമക്കേടുകള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. സര്‍ക്കാര്‍ ഇതിനെ കുറിച്ച് അന്വേഷിച്ച് വേണ്ട നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.

ലിസ്റ്റിലുള്ളവരും യോഗ്യതയുള്ളവരുമായ ഞങ്ങളില്‍ പലരുടെയും പ്രായ പരിധി കഴിഞ്ഞതുകൊണ്ട് ഇനി പിഎസ്‌സി പരീക്ഷകള്‍ എഴുതാന്‍ സാധിക്കില്ല. പ്രായപരിധി കഴിയുന്നതിന് മുമ്പുള്ള ഈ പരീക്ഷ എഴുതി ലിസ്റ്റിലുള്ള ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നിയമനം അട്ടിമറിക്കരുതെന്ന് ആവിശ്യപ്പെടുന്നുള്ളൂ. ഡിഎച്ച്എസ്‌സി കോഴ്‌സ് മോശമാണെന്നോ, കോഴ്‌സ് റദ്ദാക്കാനോ അല്ല പറയുന്നത്. 2014-ല്‍ പിഎസ്‌സി ഈ തസ്തികക്കു വേണ്ടി നടത്തിയ വിജ്ഞാപനത്തില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഡിഎച്ച്എസ്‌സി കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് ഈ തസ്തികക്ക് യോഗ്യതയില്ല. പുതിയ ഒഴിവ് വരുമ്പോള്‍ സര്‍ക്കാര്‍ ചെയ്യണ്ടത് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ഡിഎച്ച്എസ്‌സി കോഴ്‌സിനും മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തുകയാണ്. ഞങ്ങള്‍ എഴുതി കഴിഞ്ഞ പരീക്ഷയ്ക്ക് ഡിഎച്ച്എസ്‌സി കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് നിയമപ്രകാരം യോഗ്യതയില്ല. അതിനായി സ്വകാര്യ മാനേജ്‌മെന്റ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് നടത്തുന്ന ഈ സമരത്തിന് യതൊരു ന്യായീകരണവുമില്ല.’

ആരോഗ്യ വകുപ്പ്  ഡയറക്ടറേറ്റ് ഡിഎച്ച്എസ്‌സി കോഴ്‌സിന് യോഗ്യതയില്ല എന്ന് അറിയിച്ച രേഖ

കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനത്തിനുള്ള ലിസ്റ്റിലുള്ള സജു മോഹന്‍ പറയുന്നത്- ‘മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികക്ക് ആവിശ്യമായ സാനിറ്ററി ഇന്‍സ്പക്ടര്‍ കോഴ്‌സാണ് ഞങ്ങള്‍ പഠിച്ചത്. ആ യോഗ്യതയ്ക്കുള്ളവര്‍ക്കായിരുന്നു പിഎസ്‌സി വിജ്ഞാപനം വിളിച്ചത്. 2014-ല്‍ ഈ തസ്തികയിലേക്ക് പിഎസ് സി വിജ്ഞാപനം വിളിച്ചത് 1972-ലെയും 1976-ലെയും ഗവണ്‍മെന്റ് ഓര്‍ഡര്‍ പ്രകാരമായിരുന്നു. വിജ്ഞാപനം വന്നപ്പോള്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് (ഡിഎച്ച്എസ്‌സി) പഠിച്ചവരും ഇതിന് അപേക്ഷ അയച്ചിരുന്നു. കേരളത്തില്‍ 16-ഓളം ഡിഎച്ച്എസ്‌സി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുള്ളതില്‍ രണ്ട് സ്ഥാപനം മാത്രമെ സര്‍ക്കാര്‍ നേരിട്ട് നടത്തുന്നുള്ളൂ, ബാക്കിയെല്ലാം സ്വാശ്രയ മാനേജ്‌മെന്റുകളാണ് നടത്തുന്നത്. പിഎസ്‌സി അവരുടെ അപേക്ഷ നിരസിക്കാതെ പരീക്ഷ എഴുതിക്കുകയും  ചെയ്തു. ഇതറിഞ്ഞപ്പോള്‍ ഞങ്ങള്‍ കുറച്ച് ഉദ്യോഗാര്‍ത്ഥികള്‍, 72ലെയും 76ലെയും ഗവണ്‍മെന്റ് ഓര്‍ഡര്‍ പ്രകാരം അവര്‍ക്ക് വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതയില്ലാതതിനാല്‍ ഈ തസ്തികയിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് പിഎസ്‌സിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ഷോര്‍ട്ട് ലിസ്റ്റ് ഇട്ടപ്പോള്‍ ഡിഎച്ച്എസ്‌സി യോഗ്യതക്കാരെയും ഉള്‍പ്പെടുത്തി. ഇത് സംബന്ധിച്ച് സിഎടി (സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍) പരാതി നല്‍കി.

സിഎടിയുടെ ഇടപെടല്‍ കാരണം, പിഎസ്‌സി മറുപടി നല്‍കിയത് ഒരു വ്യക്തതയ്ക്ക വേണ്ടി സര്‍ക്കാരിലേക്ക് ഡിഎച്ച്എസ്‌സി ഉയര്‍ന്ന യോഗ്യതയായി പരിഗണിക്കാന്‍ സാധിക്കുമോ എന്ന് അന്വേഷിച്ചിരിക്കുകയാണെന്നാണ്. തുടര്‍ന്ന് കോടതി പിഎസ്‌സിക്ക് സമയം അനുവദിക്കുകയും ഈ നിയമനം സംബന്ധിച്ചുള്ള തുടര്‍ നടപടികളെല്ലാം സ്റ്റേ ചെയ്യുകയും ചെയ്തു. പിഎസ്‌സി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനോട് ഉയര്‍ന്ന യോഗ്യതയായി പരിഗണിക്കാമോ എന്ന ചോദ്യത്തിന് ഉയര്‍ന്ന യോഗ്യതയല്ലെന്നും നിലവിലെ വിജ്ഞാപന പ്രകാരം ഇവരെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ്. തുടര്‍ന്ന് പിഎസ്‌സി, ഡിഎച്ച്എസ്‌സിയുടെ മാതൃസ്ഥാപനമായ ഹെല്‍ത്ത് ഡയറക്ടറേറ്റിലേക്ക് ചോദിച്ചപ്പോള്‍ നിലവില്‍ ഇവരെ പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് മറുപടി നല്‍കിയത്. പിഎസ്‌സി വീണ്ടും ഇത് സംബന്ധിച്ച് പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചപ്പോള്‍ ഈ കോഴ്‌സിന് വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുമായി തത്തുല്ല്യമോ ഉയര്‍ന്നതോ അല്ലെന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ ഈ കോഴ്‌സിലുള്ള ഉദ്യോഗാര്‍ഥികളുടെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇവരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കുകയാണ്.

പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡിഎച്ച്എസ്‌സി കോഴ്‌സിന് യോഗ്യതയില്ല എന്ന് അറിയിച്ച രേഖ

ഡിഎച്ച്എസ്‌സി കോഴ്‌സ് പഠിച്ചവര്‍ക്ക് ആരോഗ്യ വകുപ്പിലേക്കുള്ള പകര്‍ച്ച വ്യാധികള്‍ തടയുക, പ്രതിരോധ കുത്തിവെയ്പ്പ്, വാക്‌സിനേഷന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചാണ്. ഇവര്‍ പഠിക്കുന്ന കോഴ്‌സുകളില്‍ സാന്നിട്ടേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും പഠിക്കുന്നില്ല. ഞങ്ങള്‍ പഠിച്ച സാന്നിട്ടേഷന്‍ കോഴ്‌സ് നിര്‍ത്തലാക്കി, 2005-ലാണ് സര്‍ക്കാര്‍ ഡിഎച്ച്എസ്‌സി കോഴ്‌സ് കൊണ്ടു വരുന്നത്. ഞങ്ങള്‍ പഠിച്ച കോഴ്‌സും ഡിഎച്ച്എസ്‌സി കോഴ്‌സും തമ്മില്‍ സിലബസില്‍ പോലും ഒരുപ്പാട് മാറ്റങ്ങളുണ്ട്. ഞങ്ങള്‍ക്ക് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടവരാകുമ്പോള്‍ അവര്‍ ഇമ്മ്യൂണിസേഷന്‍ കാര്യങ്ങളാണ് കൈക്കാര്യം ചെയ്യേണ്ടത്. ഞങ്ങള്‍ സാന്നിട്ടേഷനും. 2008ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരോഗ്യ വകുപ്പിലേക്ക് ഞങ്ങള്‍ പഠിച്ച സാന്നിട്ടേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ അയ്ക്കാന്‍ കഴിയില്ല. പക്ഷെ ഡിഎച്ച്എസ്‌സി കോഴ്‌സ് പഠിച്ചവര്‍ക്ക് സാധിക്കും. ഞങ്ങള്‍ പറയുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നല്‍കാനാണ്. വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന യോഗ്യതയുളള ഞങ്ങളെ ഒഴിവാക്കുന്നതിനാണ് പരാതി പറയുന്നത്. അല്ലാതെ നിയമപരമല്ലാത്ത ഒരു കാര്യവും ആവിശ്യപ്പെടുന്നില്ല. ബന്ധപ്പെട്ട അധികാരികള്‍ കാര്യങ്ങള്‍
കൃത്യമായി അന്വേഷിച്ച് ന്യായമായ നടപടി എടുക്കണമെന്നാണ് സാന്നിട്ടറി ഇന്‍സ്‌പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേര്‍സിനും വേണ്ടിയും കൂടി പറയാനുള്ളത്.’

സാനിറ്ററി ഇന്‍സ്‌പെക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേര്‍സിന്റെയും ഡിഎച്ച്എസ്‌സി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേര്‍സിന്റെയും യോഗ്യത സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് കൃത്യമായി വിശദമാക്കി കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രണ്ട് സര്‍ട്ടിഫിക്കറ്റും നല്‍കിയത് സര്‍ക്കാര്‍ അംഗീകാരത്തോടെയാണ്. അതിനാല്‍ ഈ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കക്ക് പരിഹാരമുണ്ടാക്കണ്ടേത് സര്‍ക്കാര്‍ തന്നെയാണ്. മാത്രമല്ല കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് പുതുതായി രൂപം കൊണ്ട നഗര സഭകളിലും നിലവിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമാരുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ജൂണ്‍ ജൂലൈ മാസങ്ങള്‍ കേരളത്തില്‍ മഴക്കാലമായതുകൊണ്ട് ശുചീകര പ്രക്രിയകള്‍ വേണ്ട രീതിയില്‍ പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുണ്ട്. നഗര പ്രദേശങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് എടുത്തില്ലെങ്കില്‍ ഈ മഴക്കാലത്ത് രോഗ ദുരിതങ്ങളായിരിക്കും നഗരവാസികളെ കാത്തിരിക്കുക. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടമാരുടെ അഭാവം പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കും.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍