UPDATES

ട്രെന്‍ഡിങ്ങ്

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തിക; വിവാദം മുറുകുന്നു; മന:പൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഒരു വിഭാഗം

മഴക്കാലം തുടങ്ങിയതിനാല്‍ പകര്‍ച്ച വ്യാധികളും മറ്റും പടരാത്തിരിക്കുന്നതിനായി നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടത്തേണ്ട സാഹചര്യമാണുള്ളത്.

കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് തസ്തികയിലേക്കുള്ള നിയമനം കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. തസ്തികയിലേക്കുള്ള നിയമനത്തില്‍ സാനിറ്ററി ഇന്‍സപെക്ടര്‍ കോഴ്സ് പഠിച്ചവര്‍ക്കൊപ്പം ഡിഎച്ച്‌ഐ കോഴ്സ് പഠിച്ചവരെയും ക്രമവിരുദ്ധമായി ഉള്‍പ്പെടുത്തിയെന്നാരോപിച്ച് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ (സാനിറ്ററി ഇന്‍സപെക്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍) പിഎസ്സിക്കെതിരേ പരാതിയുമായി എത്തിയിരുന്നു. പിഎസ്സി വിജ്ഞാപന പ്രകാരമുള്ള യോഗ്യത ഡിഎച്ച്‌ഐ കോഴ്സ് പഠിച്ചവര്‍ക്ക് ഇല്ലെന്നാണ് ഇവരുടെ തെളിവുകള്‍ നിരത്തിയുള്ള വാദം. എന്നാല്‍ ഇവരുടെ വാദം തീര്‍ത്തും അസംബന്ധമാണെന്നാണ് ഡിഎച്ച്‌ഐ കോഴ്‌സ് പഠിച്ചവരും ഈ തസ്തികയില്‍ ലിസ്റ്റിലുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. തങ്ങളുടെ കൈയിലും അതിനുള്ള തെളിവുകളുണ്ടെന്ന് അവര്‍ വാദിക്കുന്നു. തസ്തികയിലെ നിയമന ലിസ്റ്റിലുള്ള ഡിഎച്ച്‌ഐ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് ഡിഎച്ച്‌ഐ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അഭ്യര്‍ത്ഥന മാനിച്ചും നിരാഹര സമരം, സമരമാക്കി ചുരുക്കി ഇപ്പോഴും സെക്രട്ടറിയേറ്റ് പടിക്കല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹോള്‍ഡേഴ്‌സ് ആന്‍ഡ് സ്റ്റൂഡന്റസ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചാണ് ഇവര്‍ സമരം നടത്തുന്നത്.

Also Read– ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം; അര്‍ഹതപ്പെട്ട അവസരം പിഎസ്‌സി അട്ടിമറിക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം സ്വദേശികളും നിയമന ലിസ്റ്റിലുള്ള ഡിഎച്ച്‌ഐസി സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ത്ഥിയുമായ അസ്ലാം എമ്മും, വിഷ്ണു എസും അഴിമുഖത്തോട് പറഞ്ഞത്- ‘കേരള സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസിന്റെ കീഴില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് കോഴ്‌സ് (ഡിഎച്ച്‌ഐസി) പൂര്‍ത്തിയാക്കിയവരാണ് ഞങ്ങള്‍. മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് തസ്തികയിലേക്കുള്ള ഷോര്‍ട്ട് ലിസ്റ്റിലുള്ളവരാണ്. ഇപ്പോള്‍ അതിന്റെ നിയമനം മരവിപ്പിച്ചിരിക്കുകയാണ്. സാനിറ്ററി ഇന്‍സപെക്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പഠിച്ചവര്‍ പറയുന്നത് ഞങ്ങള്‍ ഈ ജോലിക്ക് യോഗ്യതയില്ലാത്തവരാണെന്നും ലിസ്റ്റിലുള്ള ഞങ്ങളെ ഒഴിവാക്കണെന്നുമാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡിലേക്ക് മുമ്പ് വിജ്ഞാപനം വന്നുകൊണ്ടിരുന്നത് ഹെല്‍ത്ത് സര്‍വ്വീസിലേക്കും മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസിലേക്കും ഒരുമിച്ചായിരുന്നു. പരീക്ഷ എഴുതിയവരില്‍ നിന്നുള്ള ഒറ്റ ലിസ്റ്റില്‍ നിന്ന് രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലേക്കും ഉദ്യോഗാര്‍ത്ഥികളെ എടുക്കുകയായിരുന്നു പതിവ്.

2005-ല്‍ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ഈ ജോലിക്ക് നിലവിലെ കോഴ്‌സുകള്‍ അപര്യാപ്തമാണെന്ന് കാട്ടി പ്ലസ്-ടു സയന്‍സ് അടിസ്ഥാന യോഗ്യതയാക്കി രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് കൊണ്ടു വന്നു. 2008 -ഓടു കൂടി ആരോഗ്യ വകുപ്പിലേക്ക് ഈ കോഴ്‌സ് അമന്‍ഡ് ചെയ്തു. അന്ന് ഈ കോഴ്‌സ് അമന്‍ഡ് ചെയ്യുന്ന സമയത്ത് പ്രത്യേകം പറഞ്ഞിരുന്നു സമാന തസ്തികയില്‍ ഈ കോഴ്‌സ് അമന്‍ഡ് ചെയ്യണമെന്ന്. ഏതൊക്കെ മേഖലകളില്‍ ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് ജോലി ചെയ്യാമെന്നത് സംബന്ധിച്ച രേഖ ഞങ്ങളുടെ കൈയിലുണ്ട്. 2014 അവസാനത്തോട് കൂടിയാണ് പിഎസ്സി കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനത്തിനുള്ള വിജ്ഞാപനം നടത്തിയത്. 2015 നവംബറില്‍ എഴുത്ത് പരീക്ഷയും നടത്തി. എന്നാല്‍ സാനിറ്ററി ഇന്‍സപെക്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത് പിഎസ്സി ഗസ്സറ്റ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡത്തിനനുസരിച്ച് ഡിഎച്ച്‌ഐ കോഴ്സിന് യോഗ്യതയില്ലെന്നാണ്. കൂടാതെ ഞങ്ങള്‍ പഠിക്കുന്നത് ഇമ്മ്യൂണിസേഷന്‍ സംബന്ധിച്ച് മാത്രമാണെന്നും സാനിറ്ററി കാര്യങ്ങളെ സംബന്ധിച്ച് പഠിച്ചിരിക്കുന്നത് സാനിറ്റി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിച്ചവരാണെന്നും പറയുന്നു. അതിനാല്‍ ഡിഎച്ച്‌ഐസി ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കണമെന്നാണ്. ഇതിനായി അവര്‍ ആരോഗ്യ വകുപ്പിന്റെയും മറ്റും ക്രമരഹിതമായി ഡിഎച്ച്‌ഐ കോഴ്സിന് യോഗ്യതയില്ല എന്ന രേഖ ഉണ്ടാക്കി, അതിന്മേലാണ് വാദിക്കുന്നത്.

ഈ രേഖ വന്നതിന് ശേഷം ഞങ്ങളുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് സാനിറ്ററി കോഴ്‌സിനും ഡിഎച്ച്‌ഐ കോഴ്‌സിന്റെയും സിലബസുകള്‍ തമ്മില്‍ താരതമ്യം നടത്തുകയും അത് സംബന്ധിച്ച റിപ്പോര്‍ട്ട് തരുകയും ചെയ്തു. അതില്‍ വ്യക്തമാക്കുന്നത് ഡിഎച്ച്‌ഐ കോഴ്‌സ് ഉയര്‍ന്ന യോഗ്യതയുള്ളതാണെന്നാണ്. ഇമ്യൂണൈസേഷനും സാനിറ്ററിയും ഒക്കെ ഡിഎച്ച്‌ഐ കോഴ്‌സില്‍ പഠിക്കുന്നുണ്ട്. 2008-ല്‍ ഈ കോഴ്‌സ് ആരോഗ്യ വകുപ്പില്‍ അമന്‍ഡ് ചെയ്തപ്പോള്‍ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അമന്‍ഡ് ചെയ്തില്ല. പിഎസ്‌സി ഡിഎച്ച്‌ഐ കോഴ്‌സുകാരെ ഉയര്‍ന്ന യോഗ്യതയായിട്ട് കണ്ടിട്ടും വിജ്ഞാപനത്തില്‍ പറഞ്ഞിരുന്ന സമാന യോഗ്യതയുള്ളവരെയും പരിഗണിക്കാമെന്നുമുള്ളതുകൊണ്ടാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് സാനിറ്ററി കോഴ്‌സ് ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാരിനെയും, പിഎസ്‌സിയെയും, ഞങ്ങളെയും പ്രതിയാക്കി കേസ് കൊടുത്തത്. സര്‍ക്കാരിന്റെ വാദം കേട്ടിട്ട് അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യൂണല്‍, പിഎസ്‌സിക്ക് റാങ്ക് ലിസ്റ്റിട്ട് മുന്നോട്ട് പോകാമെന്ന് ഇടക്കാല ഉത്തരവിട്ടു.


(ഡിഎച്ച് കോഴ്‌സ് യോഗ്യതയുള്ളതാണെന്ന ആരോഗ്യ വകുപ്പിന്റെ പുതിയ രേഖ )

1972-ലെ സ്‌പെഷ്യല്‍ റൂളില്‍ ഡിഎച്ച്‌ഐ കോഴ്‌സിനെ പറ്റി പറിഞ്ഞിട്ടില്ലെന്നാണ് സാനിറ്ററി കോഴ്‌സുകാര്‍ ഉന്നയിക്കുന്നത്. 2014 തസ്തികയിലേക്ക് വിളിച്ച് വിജ്ഞാപനത്തിലേക്ക് വിളിച്ച ഒറ്റ കോഴ്‌സും സംസ്ഥാനത്ത് നിലവിലില്ല. ഞങ്ങളുടെ കോഴ്‌സ് പ്രത്യേകം പറയാതെ, സമാന യോഗ്യതയുള്ളവരെ ഈ തസ്തികയിലേക്ക് ഉള്‍പ്പെടുത്താമെന്ന റൂള്‍ പ്രകാരമാണ് ഞങ്ങളെ പിഎസ്‌സി പരിഗണിച്ചത്. ശരിക്കും ഞങ്ങള്‍ സമാന യോഗ്യതയേക്കാളും ഉയര്‍ന്ന യോഗ്യതയുള്ളവരാണ്. നിലവില്‍ ഈ ഡിഎച്ച്‌ഐ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് രണ്ടേ രണ്ട് തസ്തികയിലേക്കാണ് സര്‍ക്കാര്‍ ജോലി ലഭിക്കുക; ഒന്ന് ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, രണ്ട് മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. ഈ രണ്ട് തസ്തികയിലേക്കും പരിപൂര്‍ണമായ യോഗ്യതകളുള്ളവരാണ് ഡിഎച്ച്‌ഐ കോഴ്‌സ് ചെയ്തവര്‍.

ഞങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് പറഞ്ഞ് കാണിക്കുന്ന ആരോഗ്യ വകുപ്പിന്റെ രേഖ ക്രമക്കേട് നടത്തി ഉണ്ടാക്കിയതാണ്. ആ രേഖ തിരുത്തി ഡിഎച്ച് കോഴ്‌സ് യോഗ്യതയുള്ളതാണെന്നതിന്റെ പുതിയ രേഖ ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് ഞങ്ങള്‍ക്ക് യോഗ്യതയുണ്ടെന്നും യോഗ്യത തത്തുല്ല്യമല്ല, ഉയര്‍ന്നതാണെന്നും. കൂടാതെ യോഗ്യതയില്ലെന്ന് പറഞ്ഞ് വന്ന രേഖയെ കുറിച്ച് അന്വേഷിക്കാനും ധാരണയായിട്ടുണ്ട്. ഡിഎച്ച്‌ഐ കോഴ്‌സിനെതിരെ കൊണ്ടു വന്ന പല രേഖകളും ഇത്തരത്തില്‍ ക്രമരഹിതമായിട്ട് തയ്യാറാക്കിയതാണ്. ഇതിന് പിന്നില്‍ അഴിമതികളുടെ വലിയൊരു ഉദ്യോഗസ്ഥവൃന്ദം തന്നെയുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നുണ്ട്.

ഞങ്ങളുടേതിന് സമാനമായ പല കേസുകളും കോടതി വിധി വന്നിട്ടുള്ളത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകാരെ വിളിച്ച സര്‍ക്കാര്‍ ജോലിക്ക് ബിടെക് ബിരുദധാരികളെ പരിഗണിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി വരെ പോയ കേസ് ഞങ്ങളുടേതിന് സമാനമാണ്. ആ കേസില്‍ സുപ്രീം കോടതി വിധി വന്നത് സമാനമായ സിലബസാണ് പഠിക്കുന്നതെങ്കില്‍ അവരെ ഉള്‍പ്പെടുത്തണമെന്നാണ്. മറ്റൊരു കേസില്‍ കേരള ഹൈക്കോടതിയുടെ വിധിയും ഞങ്ങള്‍ക്ക് അനുകൂലമായിട്ടുള്ളതാണ്. 2001 ഓഗസ്റ്റ് 21-ലെ വിശ്വം വേഴ്‌സസ് പ്ലബിക് സര്‍വ്വീസ് കമ്മീഷന്‍ കേസില്‍ കോടതി പറഞ്ഞത് സര്‍ക്കാര്‍ നടത്തുന്ന കോഴ്‌സ് പഠിച്ചവരെ സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കണമെന്നാണ്. കൂടാതെ പതിനാലാം കേരള നിയമസഭയിലെ രണ്ടാം സമ്മേളനത്തില്‍ ഈ തസ്തകയിലേക്ക് ഞങ്ങളെ കൂടി പരിഗണിച്ചത്തിന്റെ കാരണം ചോദിച്ച ആര്‍ രാമചന്ദ്രന്‍ എംഎല്‍എയ്ക്ക് മുഖ്യമന്ത്രി പിണറയി വിജയന്‍ നല്‍കിയ ഉത്തരം ഡിഎച്ച്‌ഐ കോഴ്‌സ് ഉയര്‍ന്ന യോഗ്യതയായി പരിഗണിച്ചാണ് ഞങ്ങളെ പരിഗണിച്ചതെന്നാണ്. ഞങ്ങള്‍ പറയുന്നത് സാനിറ്ററി കോഴ്‌സ് പഠിച്ചവരെ ഒഴിവാക്കാനല്ല, അവരെപ്പോലെ അല്ലെങ്കില്‍ അവരെക്കാള്‍ കൂടുതല്‍ യോഗ്യതയുള്ള ഞങ്ങളെ ഒഴിവാക്കരുത് എന്നാണ്. ഇരുകൂട്ടരെയും പരിഗണിച്ച് ന്യായമായി ലിസ്റ്റിലുള്ളവരെ ജോലിക്കെടുക്കണം എന്നാണ് ഞങ്ങളുടെ ആവിശ്യം. അതിനായിട്ടാണ് ഞങ്ങള്‍ ഇവിടെ (സെക്രട്ടറിയേറ്റില്‍) സമരം നടത്തുന്നത്.’

(നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഉത്തരവും,  വിശ്വം വേഴ്‌സസ് പ്ലബിക് സര്‍വ്വീസ് കമ്മീഷന്‍ കേസ് വിധിയും)

കായകുളം സ്വദേശിയായ ലിസ്‌ന പറയുന്നത് ഇങ്ങനെയാണ്- ‘മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസിലേക്ക് ഞങ്ങളുടെ കോഴ്‌സ് അമന്‍ഡ്‌മെന്റ് നടത്താത്തതാണ് യോഗ്യതയില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കാന്‍ കാരണമായത്. സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ഉദ്യോഗാര്‍ത്ഥികളില്‍ ഏറിയ പങ്കും സപ്ലിമെന്റി ലിസ്റ്റിലുള്ളവരാണ്. ഈ ലിസ്റ്റില്‍ നിന്ന് ഞങ്ങളെ പുറത്താക്കുകയാണെങ്കില്‍ അവര്‍ക്ക് മെയിന്‍ ലിസ്റ്റില്‍ കയറി ജോലി കിട്ടാന്‍ സാധ്യതയുണ്ട്. അതിനാണ് അവര്‍ യോഗ്യതിയില്ലെന്ന് പറഞ്ഞ് ഞങ്ങളെ ലിസ്റ്റില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ഞങ്ങളുടെ കോഴ്‌സിന് യോഗ്യതയില്ല എന്ന റിപ്പോര്‍ട്ട് അഴിമതി കാട്ടി സമ്പാദിച്ചു, അതുകൊണ്ടാണ് അവര്‍ വാദിക്കുന്നത് ഞങ്ങള്‍ക്ക് യോഗ്യതയില്ല എന്ന്. അവര്‍ പറയുന്ന റിപ്പോര്‍ട്ടിന് രണ്ട് മാസം മുമ്പ് തന്നെ ആരോഗ്യ വകുപ്പ് ഡിഎച്ച്‌ഐ ഉയര്‍ന്ന യോഗ്യതയാണെന്ന് പറഞ്ഞതിന്റെ രേഖുണ്ട്. കൂടാതെ അഴിമതി കാട്ടി സമ്പാദിച്ച റിപ്പോര്‍ട്ട് റദ്ദ് ചെയ്ത് ആരോഗ്യ വകുപ്പ് ഞങ്ങളുടെ കോഴ്‌സിന് യോഗ്യതയുണ്ടെന്ന് പറയുന്ന രേഖയുമുണ്ട്.

ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കാട്ടിയാണ് ഞങ്ങള്‍ക്കെതിരെ ഇവര്‍ പല കാര്യങ്ങളും ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ സെക്രട്ടറിയേറ്റില്‍ സമരം നടത്തുകയാണ് കാസര്‍ഗോഡ് മുതലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇവിടെ സമരത്തിനുണ്ട്. സമരത്തിനായി വന്നവരില്‍ ആറുപേര്‍ക്കിപ്പോള്‍ ഡെങ്കിപ്പനിയാണ്, ഒരാള്‍ക്ക് ചിക്കന്‍പോക്‌സും. ഇതൊന്നും പോരാഞ്ഞ് സമരത്തിന് വന്നിരിക്കുന്ന പെണ്‍കുട്ടികളുടെ വീട്ടിലേക്ക് ആരോ ഫോണ്‍ വിളിച്ച് ഇവിടെ നടക്കുന്നത് എന്തോ അനാവശ്യമാണെന്ന തരത്തിലുള്ള കാര്യങ്ങളാണ് പറയുന്നത്. ഞങ്ങളൊക്കെ സമരത്തിനല്ല വന്നിരിക്കുന്നത് എന്ന രീതിയില്‍ വിളിച്ച് പറയുകയാണ്. ഞങ്ങള്‍ പറയുന്നത് ഇത്രയുള്ളൂ, ലിസ്റ്റിലുള്ള രണ്ട് കൂട്ടരെയും എടുക്കണം. അല്ലാതെ അവര്‍ പറയുന്നപോലെ ലിസ്റ്റിലുള്ളവരെ ഒഴിവാക്കണമെന്നല്ല. ഈക്കാര്യത്തില്‍ ഒരു തീരുമാനം ആകുന്നവരെ സമരം നടത്തനാണ് ഞങ്ങളുടെ തീരുമാനം.’

കൂത്താട്ടുകുളം സ്വദേശിയായ ഒരു ഡിഎച്ച്‌ഐ കോഴ്‌സ് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥി രോഷത്തോടെ പറയുന്നത്- ‘ദയവായി സര്‍ക്കാര്‍ ഒരു ഉപകാരം ചെയ്ത് തരണം, ഇത്തരം കോഴ്‌സുകള്‍ ഇനി തുടങ്ങരുത്. കഴിയുമെങ്കില്‍ ഈ കോഴ്‌സ് നിര്‍ത്തിക്കുക. കാരണം ഞങ്ങളില്‍ പലരും അമ്പത്തിനായിരം തൊട്ട് ഒരു ലക്ഷം വരെ ഫീസ് കൊടുത്താണ് ഈ കോഴ്‌സ് പഠിച്ചത്. പിന്നെ വിലപ്പെട്ട രണ്ട് കൊല്ലം ഇത് പഠിക്കാനായി പോയി. പഠനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റുമായി ജോലിക്ക് കയറാമെന്ന് വിചാരിച്ചപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ മാത്രമെ ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് ജോലിയുള്ളൂ. വീണ്ടും കഷ്ടപ്പെട്ട് പഠിച്ച് പിഎസ്സി പരീക്ഷ എഴുതി. ജോലി കിട്ടാറായപ്പോള്‍ പറയുന്നു യോഗ്യതയില്ലെന്ന്. ഇതിനായി സമരം നടത്തി, കേസ് നടത്തി ഇപ്പോള്‍ വര്‍ഷം എത്ര പോയി എന്ന് ഞങ്ങള്‍ക്ക് മാത്രം അറിയാം. എന്തിനാണ് സര്‍ക്കാര്‍ ഈ കോഴ്‌സ് നടത്തുന്നത്. പുതിയ കോഴ്‌സുകള്‍ തുടങ്ങുമ്പോള്‍ അത് പഠിക്കുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോയെന്നും അന്വേഷിക്കുന്നത് നല്ലതാണ്. കുറഞ്ഞ പക്ഷം ആ കോഴ്‌സിന് ഏതോക്കെ മേഖലകളില്‍ സര്‍ക്കാര്‍ തലത്തില്‍ ജോലി കിട്ടുമോയെന്ന് നോക്കണം. കൂടാതെ ആ മേഖലകളിലെ സാങ്കേതിക പ്രശ്‌നങ്ങളെങ്കിലും ഒഴിവാക്കുകയാണെങ്കില്‍ ഇനിയുള്ളവര്‍ക്കെങ്കിലും സമരത്തിനും കേസിനും പോകാതെ ജോലി കിട്ടാനും എടുക്കാനുമുള്ള സാഹചര്യമുണ്ടാകും. ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ കാര്യങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെ അലയേണ്ടി വരില്ലായിരുന്നു. ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് ആര്‍ക്കും ഇതില്‍ ഒരു ജോലി സാധ്യതയില്ല. പിന്നെ എന്തിനാണ് മുഴുവന്‍ ജില്ലയിലും ഈ കോഴ്‌സ് പഠിപ്പിക്കാനായി സെന്ററുകള്‍ തുറന്നത്. വര്‍ഷാവര്‍ഷം എത്രായിരം കുട്ടികളാണ് ഈ കോഴ്‌സ് കഴിഞ്ഞ് ഇറങ്ങുന്നത്. ഇവരൊക്കെ വേറെ ജോലിക്ക് പേകേണ്ട അവസ്ഥയാണ്. നന്നായിട്ട് പഠിച്ചിട്ടും എല്ലാ യോഗ്യതയുണ്ടായിട്ടും പഠിച്ച കോഴ്‌സിന് ജോലിക്ക് കയറാന്‍ കേസു പറയാനും കൊടി പിടിക്കേണ്ട അവസ്ഥയും ആര്‍ക്കും വരരുത്.’

മഴക്കാലം തുടങ്ങിയതിനാല്‍ പകര്‍ച്ച വ്യാധികളും മറ്റും പടരാത്തിരിക്കുന്നതിനായി നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടത്തേണ്ട സാഹചര്യമാണുള്ളത്. നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയാണ് വിവാദത്തില്‍ കിടക്കുന്നത്. അതുകൊണ്ട് ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തസ്തികയിലേക്ക് അടിയന്തരമായി നിയമനം നടത്തിയില്ലെങ്കില്‍ നഗരങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് ജന ജീവിതം കൂടുതല്‍ ദു:സഹമാകുവാന്‍ സാധ്യതയുണ്ട്.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍