UPDATES

പിഞ്ചുകുഞ്ഞിന്റെ പേരില്‍ വര്‍ഗീയപ്രചരണം നടത്തിയ ബിനില്‍ സോമസുന്ദരം ഹിന്ദു ഹെല്‍പ് ലൈന്‍ ഭാരവാഹി; ശബരിമലയിലും പ്രശ്നങ്ങളുണ്ടാക്കി

15 ദിവസം പ്രായമായ കുഞ്ഞിനെ ആംബുലന്‍സില്‍ മംഗലാപുറത്തു നിന്നും കൊച്ചിയിലേക്ക് കൊണ്ടുവന്നതിനു പിന്നില്‍ വര്‍ഗീയത ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

കേരളം കൈചേര്‍ത്തു പിടിച്ച് ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പരിശ്രമത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ച ബിനില്‍ സോമുന്ദരത്തിനെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് എറണാകുളം കടവൂര്‍ സ്വദേശിയായ ബിനിലിനെതിരേയുള്ള പ്രധാന കുറ്റം. ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തു നിന്നും കൊച്ചിയിലെത്തിയ 15 ദിവസം പ്രായമുള്ള കുട്ടിക്കെതിരെയായിരുന്നു ബിനിലിന്റെ വര്‍ഗീയ പരാമര്‍ശം. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തത് മുസ്ലിം സമുദായത്തില്‍പ്പെട്ടതായതുകൊണ്ടാണെന്നായിരുന്നു ബിനിലിന്റെ വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് ബിനില്‍ ഇട്ട ഫെയ്‌സ്ബുക്ക് വ്യാപകമായ പ്രതിഷേധത്തിന് കാരണമായതിനു പിന്നാലെയാണ് പോലീസ് കേസ് എടുത്തത്. നെടുങ്കണ്ടത്തു നിന്നാണ് ബിനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തന്റെ പോസ്റ്റ് വിവാദമായെന്നറിഞ്ഞതോടെ, താനല്ല ആ പോസ്റ്റ് ഇട്ടതെന്നും ആരോ തന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്ത് ഇട്ട പോസ്റ്റ് ആയിരുന്നുവെന്ന ന്യായീകരണവുമായി ബിനില്‍ വന്നിരുന്നു. എന്നാല്‍ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ സിഐ നവാസ് പറയുന്നത് ആ പോസ്റ്റ് ബിനില്‍ സ്വയം ഇട്ടതാണെന്നാണ്.

“തന്റെ ഫെയ്‌സ്ബുക്ക് മറ്റാരോ ഹാക്ക് ചെയ്താണ് എന്നു പ്രതി പറയുന്നത് വെറുതെയാണ്… സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ഫെയ്‌സബുക്കിലെ വിവരങ്ങള്‍ മുഴുവന്‍ പോലീസ് പരിശോധിച്ചതില്‍ ബിനില്‍ തന്നെയാണ ആ പോസ്റ്റ് ഇട്ടതെന്നു മനസിലായി. മൊബൈല്‍ ഫോണില്‍ കൂടി ഫെയ്‌സ്ബുക്കില്‍ കയിയാണ് പോസ്റ്റ് ഇട്ടത്. ഇതേ പോസ്റ്റ് ട്വിറ്ററിലും ഉണ്ട്. ഹാക്ക് ചെയ്തതാണെങ്കില്‍ ട്വിറ്ററും ഹാക്ക് ചെയ്യണമല്ലോ. പ്രസ്തുത പോസ്റ്റിനു ശേഷം പിറ്റേ ദിവസം മറ്റൊരു പോസ്റ്റും ബിനില്‍ ഇട്ടിരുന്നു. അതിലയാള്‍ എതാണ്ട് ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്; ‘ഇത്തരമൊരു പോസ്റ്റ് ഇട്ടതിന്റെ പേരില്‍ പലരും അപമാനിക്കുകയും ആക്ഷേപിക്കുകയുമാണ്. അവര്‍ക്കെല്ലാം എതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. തന്നെ ആക്ഷേപിക്കുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ അന്വേഷിക്കുന്നത് നല്ലതാണ്. മറ്റൊന്നുമല്ല, മംഗലാപുരത്ത് നിന്നും കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എത്ര ആംബുലന്‍സുകള്‍ ഇതുപോലെ കേരളത്തിലേക്ക് രോഗികളെയും കൊണ്ട് വന്നിട്ടുണ്ടെന്ന് അറിയാമോ? മംഗലാപുരത്തും കര്‍ണാടകത്തിലുമൊന്നും ഇതുപോലുള്ള ആശുപത്രികള്‍ ഇല്ലാഞ്ഞിട്ടാണ് കേരളത്തിലേക്ക് വരുന്നതെന്നാണോ നിങ്ങളുടെ വിശ്വാസം. ഇതിന്റെ പുറകിലുള്ള കള്ളക്കളികള്‍ എന്താണെന്നു കേരള പോലീസോ ഇന്റലിജന്‍സോ അന്വേഷിച്ചിട്ടുണ്ടോ? അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരിക’. ആദ്യം ഇട്ട പോസ്റ്റ് ബിനിലിന്റെ അകൗണ്ട് മറ്റാരോ ഹാക്ക് ചെയ്ത് ഇട്ടതാണെങ്കില്‍ ഈ പോസ്‌റ്റോ? രണ്ടു പോസ്റ്റുകളും തമ്മില്‍ ബന്ധം ഉണ്ടല്ലോ. മറ്റാരോ ചെയ്തതാണെങ്കില്‍ ഈ കാര്യങ്ങളെക്കുറിച്ചൊന്നും ബിനിലിന് അറിവുണ്ടാകില്ലല്ലോ”; പോലീസ് ചോദിക്കുന്നു.

ബിനിലിനെ കസ്റ്റഡിയില്‍ എടുത്തശേഷം, അയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് പോലീസ് തിരക്കിയിരുന്നു. കുട്ടിയെ മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് കൊണ്ടു വന്നതിനു പിന്നില്‍ കള്ളക്കളികള്‍ ഉണ്ടെന്നും പോലീസ് ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പറഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ബിനിലിന്റെ മറുപടി; 1500 കോടി രൂപയുടെ ഹവാല ഇടപപാട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും തനിക്ക് അതേക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നുമായിരുന്നു. ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതുകൊണ്ടു തന്നെ ബിനില്‍ തന്നെയാകണം പ്രസതുത പോസ്റ്റ് ഇട്ടതും. ഈ പോസ്റ്റിനെ ന്യായീകരിച്ചുകൊണ്ടാണ് രണ്ടാമത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്. അതിലാണയാള്‍ ഹവാല ഇടപാടിനെക്കുറിച്ചൊക്കെ പറയുന്നതും. ഇത്തരം ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടത് ബിനില്‍ സ്വയമാണോ അതോ ആരെങ്കിലും കൂടെയുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ബിനിലിന് 14 വയസുളളപ്പോള്‍ ഇയാളെയും അനിയനെയും അമ്മയേയും ഉപേക്ഷിച്ച് അച്ഛന്‍ പോയതാണ്. ബിനിലിനെക്കാള്‍ പത്തു വയസിന് ഇളയതാണ് അനിയന്‍. അമ്മയ്ക്ക് തയ്യല്‍ ജോലിയായിരുന്നു. ഹൃദയ വാല്‍വിന് തകരാര്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് പുട്ടപര്‍ത്തിയില്‍ കൊണ്ടുപോയി ബിനിലിന് ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ക്കെ നിരാശബാധിച്ചവനെ പോലെയാണ് നടന്നിരുന്നതെങ്കിലും പഠിക്കാന്‍ മിടുക്കനായിരുന്നു ബിനില്‍. ഏറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും പത്താംക്ലാസ് പരീക്ഷയില്‍ 494 മാര്‍ക്ക് വാങ്ങിയാണ് അയാള്‍ വിജയിച്ചത്. തയ്യല്‍ ജോലിയെടുത്ത് അമ്മയായിരുന്നു രണ്ടുമക്കളെയും വളര്‍ത്തിക്കൊണ്ടു വന്നത്. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലുള്ള സൂര്യ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിനിലിന് പ്രവേശനം കിട്ടി. സൂര്യ ഫൗണ്ടേഷന്‍ പാവപ്പെട്ട കുട്ടികള്‍ക്ക് അവരുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നല്‍കും. എത്ര വേണമെങ്കിലും പഠിപ്പിക്കും, എവിടെ വേണമെങ്കിലും വിട്ടു പഠിപ്പിക്കും. എന്നാല്‍ അവരുടെ പ്രവേശന പരീക്ഷ വിജയിക്കുക എന്നത് ശ്രമകരമാണ്. ബിനില്‍ ആ പരീക്ഷകളില്‍ വിജയിക്കുകയും പ്രവേശനം നേടുകയും ചെയ്തു. അവിടെ നിന്നും ചില കോഴ്‌സുകള്‍ പഠിച്ച ശേഷം തിരിച്ചു നാട്ടില്‍ വന്നു. നാട്ടിലെത്തിയശേഷം ജോലിക്കൊന്നും ശ്രമിക്കാതെ ഉഴപ്പുമായി നടക്കുകയാണ് ബിനില്‍ ചെയ്തത്. ഒരു സിപിഎം നേതാവിന്റെ കൂടെ കുറച്ചു നാള്‍ ഉണ്ടായിരുന്നു. അതിനുശേഷമാണ് സംഘപരിവാര്‍ ആഭിമുഖ്യത്തിലേക്ക് തിരിയുന്നത്. പിന്നീട് കര്‍ണാടകയില്‍ പോയി. കര്‍ണാടകത്തില്‍ സംഘത്തിന്റെ ഭാരവാഹിത്വം കിട്ടി. രണ്ടു മൂന്നുവര്‍ഷത്തോളം കര്‍ണാടകയില്‍ ആയിരുന്നു. പിന്നീട് കേരളത്തിലേക്ക് വന്നു. നിലവില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി.

Also Read: പിഞ്ചുകുഞ്ഞിന്റെ ജീവനുമായി ശരവേഗത്തില്‍ പാഞ്ഞ മണിക്കൂറുകള്‍; ഫേസ്ബുക്ക് ലൈവ് ചെയ്ത ബദറുദ്ദീനും ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സനും സംസാരിക്കുന്നു

2014 മുതല്‍ ബിനില്‍ വീട്ടില്‍ നിന്നും പുറത്താണ്. ബിനിലിന്റെ സ്വഭാവം സഹിക്കാന്‍ വയ്യാതെ സഹോദരന്‍ തന്നെയാണ് വീട്ടില്‍ ഇറക്കി വിടുന്നത്. വര്‍ഗീയത ഇയാളില്‍ മുന്‍പേര്‍ തന്നെയുണ്ടെന്നതിനു തെളിവായി സഹോദരന്‍ തന്നെ പോലീസിനോട് പറയുന്നൊരു സംഭവമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായ നാസര്‍ ബിനിലിന്റെ വീട്ടില്‍ വോട്ട് അഭ്യര്‍ത്ഥിച്ചെത്തി. ഈ സ്ഥാനാര്‍ത്ഥിയോട് തന്റെ വീട്ടില്‍ കയറരുതെന്ന് ബിനില്‍ പറഞ്ഞു. ഇത് സഹോദരന്‍ കേട്ടു. എന്തുകൊണ്ടാണ് വീട്ടില്‍ കയറരുതെന്നു പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ ബിനിലിന്റെ മറുപടി, അയാളൊരു മുസ്ലിം ആണെന്നായിരുന്നു. ഇതിന്റെ പേരില്‍ ബിനിലും സഹോദരനും തര്‍ക്കിച്ചു. ഇത് തന്റെയും കൂടി വീടാണെന്നും നാസര്‍ വന്നത് തന്നെക്കാണാനാണെന്നും അയാളോട് വീട്ടില്‍ കയറരുതെന്നു പറയാന്‍ അവകാാശമില്ലെന്നും പറഞ്ഞു സഹോദരന്‍ ബിനിലിനെ ശകാരിച്ചു. തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ കൈയേറ്റം ഉണ്ടാവുകയും ബിനിലിനെ അവിടെ നിന്നും ഇറക്കി വിടുകയും ചെയ്തു.

ജോലിക്കൊന്നും പോകാതെ നടന്നിരുന്ന ബിനിലിനെ സംരക്ഷിച്ചിരുന്നത് ഇതേ സഹോദരനും പ്രായമായ മാതാവും ചേര്‍ന്നായിരുന്നു. ഒരു ചെറിയ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു സഹോദരന്‍ ബിനിലിന്റെതുള്‍പ്പെടെ വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ബിനിലിന് രോഗം വന്നപ്പോഴും ചികിത്സിച്ചതും നോക്കിയതും സഹോദരനാണ്. മാസാമാസം അയ്യായിരത്തോളം രൂപയുടെ മരുന്നുകള്‍ ബിനിലിന് വേണ്ടിയിരുന്നത് വാങ്ങി നല്‍കിയതും സഹോദരനായിരുന്നു. എന്നാല്‍ മദ്യപിച്ച് വീട്ടില്‍ വരികയും ബഹളം വയ്ക്കുകയും ചെയ്യുന്ന ബിനില്‍ അമ്മയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതും വീട്ടില്‍ നിന്ന് ഇറക്കി വിടുന്നതിനു കാരണമായി. ആറു മാസങ്ങള്‍ക്കു മുമ്പ് ബിനില്‍ വീട്ടില്‍ വന്നിരുന്നു. താടിയും മുടിയുമൊക്കെ വളര്‍ത്തിയ നിലയിലായിരുന്നു അപ്പോള്‍. സഹോദരന്റെ സുഹൃത്തുക്കളാരോ ബിനിലിനെ മനസിലാകാതെ ഇതാരാണെന്നു തിരക്കിയപ്പോള്‍ തനിക്കും അറിയില്ലെന്നായിരുന്നു സഹോദരന്റെ മറുപടി.

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നെടുങ്കണ്ടത്ത് നിന്നാണ് ബിനിലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ ഇവിടെ ഒളിവില്‍ ഇരിക്കുകയായിരുന്നു എന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ സി ഐ നവാസ് പറയുന്നത് വീട്ടില്‍ നിന്നും ഇറക്കി വിട്ടിശേഷം നെടുങ്കണ്ടത്തായിരുന്നു ബിനിലിന്റെ താമസം എന്നാണ്.

Also Read: ആംബുലന്‍സിലെത്തിച്ചത് ‘ജിഹാദിയുടെ വിത്ത്’: കുഞ്ഞിനെ അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര പ്രവര്‍ത്തകനെതിരെ പരാതി

എന്നാല്‍ കഴിഞ്ഞ ആറുമാസമായിട്ട് ബിനിലിന്റെ പ്രവര്‍ത്തന മേഖലയും ഇയാള്‍ കേന്ദ്രീകരിച്ചിരുന്നതും മറ്റൊരിടത്തായിരുന്നുവെന്നു പോലീസ് പറയുന്നു; ശബരിമലയില്‍. ശബരിമല കര്‍മ സമിതിയുടെയും പ്രവര്‍ത്തകനാണ് ബിനില്‍. കര്‍മ സമിതിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലും ആ വര്‍ഗീയ പോസ്റ്റ് ഇയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ശബരിമലയില്‍ നടന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നില്‍ ബിനിലും ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ശബരിമലയില്‍ അക്രമണം നടത്തിയിട്ട് പോലീസിന്റെ പിടിയില്‍ നിന്നും പലപ്പോഴായി രക്ഷപ്പെട്ടു പോയവരുടെ കൂട്ടത്തില്‍ ഉള്ളയാളായിരുന്നു ബിനില്‍ എന്നും പോലീസ് പറയുന്നു.

ഈ പോസ്റ്റ് ഇടുന്നതിനു മുമ്പു വരെ താടിയും മീശയും വളര്‍ത്തിയിരുന്ന ബിനില്‍ അന്നു രാത്രി തന്നെ താടി വടിച്ചു. ഇതിനുശേഷം തന്റെ ഫോട്ടോ എടുത്ത് സംഘപരിവാര്‍ പ്രവര്‍ത്തകയും കൂട്ടുകാരിയുമായ ഒരു പെണ്‍കുട്ടിക്ക് അയച്ചു കൊടുത്തു. ഇപ്പോള്‍ തന്നെ കണ്ടാല്‍ തിരിച്ചറിയുമോ എന്നു മെസേജ് അയച്ചു ചോദിക്കുകയും ചെയ്തു.

ഇത്തരത്തിലൊരു പശ്ചാത്തലമുള്ള ബിനില്‍ സോമസുന്ദരം പെട്ടെന്നുണ്ടായ വികാരത്തിലോ മദ്യലഹരിയിലോ അല്ല അങ്ങനെയൊരു വര്‍ഗീയ പരാമര്‍ശം നടത്തിയതെന്നാണ് അയാളെക്കുറിച്ച് ലഭ്യമാകുന്ന വിവരങ്ങള്‍വച്ച് പോലീസിന് മനസിലാകുന്നത്. മതസ്പര്‍ദ്ധ, വര്‍ഗീയത എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നിവയ്ക്ക് ഐപിസി 153എ, 295(1), 505(2) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ കുറ്റങ്ങളാണ് ബിനിലിനെതിരേ ചുമത്തിയിരിക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍