UPDATES

ട്രെന്‍ഡിങ്ങ്

പ്രളയ നഷ്ടപരിഹാരത്തിന് കാത്ത് നിന്ന വയോധിക കുഴഞ്ഞുവീണു; തകര്‍ന്ന വീടുകള്‍ സംബന്ധിച്ച അപ്പീലുകള്‍ മേയില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി

എറണാകുളം കളക്‌ട്രേറ്റിലെ പരാതി സെല്ലില്‍ എത്തിയ വായോധികയാണ് കുഴഞ്ഞുവീണത്.

പ്രളയദുരിതാശ്വാസം നീളുന്നുവെന്ന് പരാതി. പ്രളയത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരുടെ നഷ്ടപരിഹാരം നീളുന്നുവന്നും പട്ടികയിലുള്ളവര്‍ക്ക് പണം ലഭിച്ചില്ലെന്നുമാണ് പരാതി. ഇതിനിടയില്‍ എറണാകുളം കളക്‌ട്രേറ്റില്‍ പ്രളയ നഷ്ടപരിഹാരത്തിന് കാത്ത് നിന്ന് സ്ത്രീ കുഴഞ്ഞുവീണു. എറണാകുളം കളക്‌ട്രേറ്റിലെ പരാതി സെല്ലില്‍ എത്തിയ വയോധികയാണ് കുഴഞ്ഞുവീണത്. മാസങ്ങള്‍ നീണ്ടിട്ടും ആര്‍ക്കും പണം ലഭിച്ചിട്ടില്ലെന്ന് എംഎല്‍എ വി ഡി സതീശന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണങ്ങളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ഡോ. ആശാ തോമസ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ.വി. വേണു എന്നിവരും ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം, റിപ്പയര്‍ എന്നിവ സംബന്ധിച്ചു ലഭിച്ച അപ്പീലുകള്‍ മെയ് മാസം തന്നെ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും പുറമ്പോക്കില്‍ ഭൂമിയുണ്ടായിരുന്നവര്‍ക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടികളും മെയ് മാസം പൂര്‍ത്തിയാക്കണം. സമയബന്ധിതമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ജില്ലാതലത്തില്‍ മന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും. റോഡ് പുനര്‍നിര്‍മ്മാണവും റിപ്പയറിങ്ങും മഴയ്ക്കു മുമ്പ് പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ലോക ബാങ്കില്‍ നിന്ന് 3,596 കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ജുണ്‍ അവസാനം ചേരുന്ന ലോകബാങ്ക് ബോര്‍ഡ് യോഗത്തില്‍ വായ്പ അനുവദിച്ചുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70:30 അനുപാതത്തിലാണ് ലോകബാങ്ക് വായ്പ. 1,541 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമുണ്ടാകും. മൊത്തം 5,137 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ലഭ്യമാകും. 2019-20 സാമ്പത്തിക വര്‍ഷം ഇതില്‍ 1,541 കോടി രൂപയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.

മെയ് 11-നും 12-നും സംസ്ഥാനത്താകെ ശുചീകരണം

മെയ് 11, 12 തീയതികളില്‍ സംസ്ഥാനത്താകെ ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ഈ പരിപാടി. മെയ് 3, 4 തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും മറ്റു ജനപ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കും. വാര്‍ഡുതല ശൂചീകരണ സമിതികളെ സജീവമാക്കി മഴക്കാലത്തിനു മുമ്പ് ജനപങ്കാളിത്തത്തോടെ നാടും നഗരവും ശുചിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

യോഗത്തില്‍ മന്ത്രിമാരായ എ.സി. മൊയ്തീന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി. ഇ. ചന്ദ്രശേഖരന്‍, അഡ്വ. കെ. രാജു, സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു. ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 4 മുതല്‍ സംസ്ഥാനത്താകെ ശുചീകരണം നടന്നുവരികയാണ്. ഇതോടൊപ്പം നീര്‍ച്ചാലുകള്‍ വൃത്തിയാക്കണമെന്നും നദികളില്‍ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ അതു നീക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുതുതായി നിര്‍മ്മിച്ചതും വൃത്തിയാക്കിയതുമായ എല്ലാ കുളങ്ങളും സംരക്ഷിക്കണം. റോഡിന്റെ വശങ്ങളില്‍ മാലിന്യം തള്ളുന്ന പ്രവണത പല സ്ഥലങ്ങളിലും കാണുന്നുണ്ട്. അതു കര്‍ശനമായി തടയുകയും ഉള്ള മാലിന്യം നീക്കുകയും വേണം. കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകളുടെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍