UPDATES

28 വര്‍ഷം അടിമവേല ചെയ്ത ആദിവാസി യുവതിയെ പൊതുജനശ്രദ്ധയിലെത്തിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി; കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം

ശിവയുടെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന വനിതാ കമ്മീഷന്‍, പരാതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട് കല്ലായിയില്‍ വ്യാപാര വ്യവസായി സമിതി നേതാവിന്റെ വീട്ടില്‍ ഇരുപത്തിയെട്ടു വര്‍ഷക്കാലം അടിമവേല ചെയ്ത ആദിവാസി യുവതിയെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. അട്ടപ്പാടി സ്വദേശിയായ ശിവയെ പതിനൊന്നാം വയസ്സു മുതല്‍ വേതനമില്ലാതെ വീട്ടുജോലി ചെയ്യിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങളും സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു എന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധമുയരുകയും ചെയ്തതോടെ, ലേബര്‍ ഓഫീസറും ട്രൈബല്‍ ഓഫീസറുമടക്കമുള്ളവരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. കമ്മീഷന്റെ കണ്ടെത്തലുകള്‍ പരിഗണിച്ച്, ഇത്രനാളും വേതനമില്ലാതെ ജോലി ചെയ്യിച്ചതിനു പകരമായി 8.86 ലക്ഷം രൂപ ശിവയ്ക്ക് നല്‍കാനും തിരിച്ചറിയല്‍ രേഖകള്‍ എത്രയും പെട്ടന്ന് തയ്യാറാക്കാനും ഉത്തരവായിരുന്നു. എന്നാല്‍, വിഷയം പൊതുജനശ്രദ്ധയിലെത്തിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശിവയിപ്പോള്‍. (അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്: 28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം)

തനിക്കെതിരെ ശിവ നേരിട്ടു നല്‍കിയ പരാതി വനിതാ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത വിവരം ചില മാധ്യമസുഹൃത്തുക്കളില്‍ നിന്നാണ് അറിഞ്ഞതെന്നും, മറ്റു ചിലര്‍ക്കെതിരെയും പരാതികളുണ്ടെന്നും വിഷയം ആദ്യം ഉയര്‍ത്തിക്കൊണ്ടുവന്ന സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ പറയുന്നു. ശിവ ജോലി ചെയ്തിരുന്ന വീടിനടുത്തുള്ള ബന്ധുവീട്ടില്‍ ഹോംനഴ്സായി ജോലിക്കെത്തിയ ഗീതയാണ് ശിവയുടെ കഥ ആദ്യം തിരിച്ചറിയുന്നത്. തന്നോട് ശിവ എല്ലാ ബുദ്ധിമുട്ടുകളും വെളിപ്പെടുത്തിയതാണെന്നും, കിടക്കാന്‍ പോലും നല്ല സ്ഥലമില്ലായിരുന്നെന്നും ഗീത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശിവയെ പുറത്തു കൊണ്ടുവരാനുള്ള മാര്‍ഗ്ഗമന്വേഷിച്ചാണ് ഗീത സുഹൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ ജോയിയെ ബന്ധപ്പെടുന്നത്. വിവരമറിഞ്ഞ ജോയ് ഇക്കാര്യം മുജീബ് റഹ്മാന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ആദിവാസി യുവതി പതിറ്റാണ്ടുകളായി ചെയ്തുപോരുന്ന അടിമവേലയുടെ കഥ പുറംലോകമറിയുന്നത്. മുജീബ് റഹ്മാനൊപ്പം ജോയ്ക്കും ഗീതയ്ക്കുമെതിരായി ശിവ പരാതി കൊടുത്തിട്ടുണ്ടെന്നാണ് അറിവ്.

വിവരമറിഞ്ഞ് ശിവ ജോലി ചെയ്യുന്ന കല്ലായിയിലെ ഗീതാനിലയം എന്ന വീട്ടില്‍ അന്വേഷിക്കാന്‍ ചെന്ന നവോത്ഥാന കേരളം സ്ത്രീ കൂട്ടായ്മ അംഗങ്ങളായ ബിന്ദു അമ്മിണി, അമ്മിണി വയനാട് എന്നിവര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശങ്ങളുണ്ടെന്നും സൂചനയുണ്ട്. തങ്ങള്‍ ചെന്നപ്പോള്‍ ശിവയ്ക്ക് വീട്ടിലൊരു മുറി സ്വന്തമായി ഉണ്ടായിരുന്നെന്നും, എന്നാല്‍ അത് കഴിഞ്ഞ ദിവസം ലഭിച്ചതാണെന്ന് ശിവ പറഞ്ഞിരുന്നതായും അമ്മിണി വെളിപ്പെടുത്തിയിരുന്നു. ശിവയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ആദ്യ ഘട്ടം മുതല്‍ക്കുതന്നെ വലിയ ചര്‍ച്ചയായിരുന്നു. തനിക്ക് ഗീതാനിലയത്തില്‍ വലിയ മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരുന്നുണ്ടെന്ന് പലരോടും വെളിപ്പെടുത്തിയിട്ടുള്ള ശിവ, മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോടും വനിതാ കമ്മീഷന്‍ അംഗങ്ങളോടും പറഞ്ഞത് തീര്‍ത്തും വിപരീതമായ കാര്യങ്ങളായിരുന്നു. ജോലി ചെയ്യിക്കുന്നവരുടെ മുന്നില്‍ വച്ച് മൊഴിയെടുത്താല്‍ ശിവയ്ക്ക് തുറന്നു സംസാരിക്കാന്‍ സാധിക്കില്ലെന്നും അവിടെ നിന്നും മാറ്റി, മതിയായ കൗണ്‍സലിംഗ് നല്‍കിയ ശേഷം മൊഴിയെടുക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍, തങ്ങള്‍ക്കെതിരായി ശിവ സ്വമേധയാ പരാതി കൊടുത്തിരിക്കാനിടയില്ലെന്നും, വീട്ടുടമസ്ഥനായ ഗിരീഷ് അടക്കമുള്ളവര്‍ നിര്‍ബന്ധപൂര്‍വം ചെയ്യിച്ചതാകാനാണ് സാധ്യതയെന്നും മുജീബ് പറയുന്നു.

‘വനിതാ കമ്മീഷനിലെ സ്വാധീനം വച്ച് അവര്‍ ഞങ്ങളെ അടിക്കാന്‍ ഒരു ആയുധം കണ്ടെത്തിയതാണ്. പക്ഷേ അത് അവര്‍ക്കു തന്നെ ഒരു തിരിച്ചടിയായി വരും. ഹോംനഴ്‌സ് ഗീതയെക്കുറിച്ചൊക്കെ വേണ്ടാത്ത പല കാര്യങ്ങളും നേരത്തേ തന്നെ ഈ വീട്ടുകാര്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. പല കള്ളപ്പരാതികളും കൊടുത്തിട്ടുണ്ടെന്ന് മാധ്യമസുഹൃത്തുക്കള്‍ വഴിയാണ് അറിയാന്‍ കഴിഞ്ഞത്. നേരിട്ട് അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ല. ശിവയെ മതംമാറ്റി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നെല്ലാമാണ് പരാതി. ശിവയുടെ വിഷമങ്ങള്‍ കേട്ട ശേഷം ജോയ് എന്നയാളുമായി ഗീത ശിവയെക്കൊണ്ട് സംസാരിപ്പിച്ചിരുന്നു. ജോയ് വഴിയാണ് ഞാന്‍ വിവരങ്ങളറിയുന്നതും ഇതില്‍ ഇടപെടുന്നതും. രക്ഷപ്പെടാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍, കണ്ടിഷ്ടപ്പെട്ടാല്‍ വിവാഹം കഴിക്കണമെങ്കില്‍ അതു ചെയ്യാം എന്ന് അന്ന് ജോയ് പറഞ്ഞിരുന്നു. അതു ചൂണ്ടിക്കാണിച്ചാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നെല്ലാം പറയുന്നത്. സംസാരത്തിനിടെ തീര്‍ത്തും സാധാരണമായി പറഞ്ഞ ഒരു കാര്യമാണ്. ഇവര്‍ ചെയ്ത കുറ്റത്തോളം വരുമോ ഈ പരാമര്‍ശം? ശിവയുടെ പേര് പുറത്തു പറഞ്ഞുവെന്നാണ് മറ്റൊരു പരാതി. ആദ്യ ഘട്ടത്തില്‍ ഞങ്ങളാരും ശിവയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. കലക്ടറുടെ റിപ്പോര്‍ട്ടിലാണ് ശിവയുടെ പേരുള്ളത്. ഇത്തരം വാദങ്ങളൊന്നും നിലനില്‍ക്കാന്‍ പോകുന്നില്ല. ഞങ്ങളെ ചിലപ്പോള്‍ കുറച്ചു നടത്തിക്കാന്‍ പറ്റിയേക്കും. അല്ലാതെ മറ്റു ഗുണമൊന്നും അവര്‍ക്ക് ഇതുകൊണ്ട് ഉണ്ടാകില്ല. വനിതാ കമ്മീഷനില്‍ ഇവര്‍ക്ക് അടുത്ത ബന്ധുക്കളുണ്ട്. അമ്പലവയലില്‍ യുവതീയുവാക്കളെ മര്‍ദ്ദിച്ച വിഷയത്തില്‍ വയനാട്ടില്‍ വന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചത്. എതിര്‍ ചേരിയില്‍ കോണ്‍ഗ്രസുകാരനായിരുന്നല്ലോ. അമ്പലവയലിലെ പ്രശനത്തിന്റെ ഗൗരവം കുറച്ചു കാണുകയല്ല, പക്ഷേ ഇക്കാര്യത്തിലും അത്രയും ശ്രദ്ധ കാണിക്കേണ്ടതല്ലേ?’

വേതനമില്ലാതെ ജോലി ചെയ്യിച്ചതിനു നഷ്ടപരിഹാരമായി 8.86 ലക്ഷം രൂപ ശിവയ്ക്ക് കൈമാറാനാണ് ജില്ലാ ലേബര്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാതിരുന്ന ശിവയ്ക്ക് എത്രയും പെട്ടന്ന് അധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, നാളിതുവരെയായിട്ടും ഈ രണ്ടു കാര്യങ്ങളും പൂര്‍ണമായും നടപ്പിലായിട്ടില്ല എന്നതാണ് വാസ്തവം. 19.06.2019ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ജില്ലാ കലക്ടര്‍ ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചു ദിവസങ്ങള്‍ക്കകം ഇക്കാര്യം നടപ്പിലാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും അതിനൊപ്പമുണ്ടായിരുന്നു. എന്നാല്‍, ഉത്തരവിറങ്ങി നാല്‍പ്പതു ദിവസത്തിലേറെയായിട്ടും തുക കൈമാറുകയോ രേഖകള്‍ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. 8.86 ലക്ഷം രൂപ എന്നത് പതിനൊന്നു വര്‍ഷത്തെ ഇടതടവില്ലാത്ത ജോലിയ്ക്ക് തീരെച്ചെറിയ തുകയാണെന്നും പുനഃപരിശോധന വേണമെന്നും അമ്മിണി വയനാട് അടക്കമുള്ളവര്‍ വാദിച്ചിരുന്നു. എന്നാല്‍, മിനിമം വേതനം കണക്കാക്കി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള തുകയാണിതെന്നായിരുന്നു ലേബര്‍ ഓഫീസറുടെ പ്രതികരണം. ഈ തുക പോലും ശിവയ്ക്ക് ലഭ്യമായിട്ടില്ല. സ്വന്തമായി തിരിച്ചറിയല്‍ രേഖകളില്ലാത്ത ശിവയ്ക്ക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനുള്ള തടസ്സമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. തിരിച്ചറിയല്‍ രേഖകളുടെ കാര്യമാകട്ടെ, നടപടികള്‍ നടക്കുന്നുണ്ട് എന്ന സ്ഥിരം പല്ലവിയില്‍ കുരുങ്ങിക്കിടക്കുകയാണുതാനും. ഇക്കാര്യത്തോട് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. താര പ്രതികരിക്കുന്നതിങ്ങനെ ‘അവര്‍ക്കു ലഭിക്കാനുള്ള തുക ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തു കഴിഞ്ഞുവെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ആ സ്ത്രീയ്ക്ക് തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ മറ്റൊരു അക്കൗണ്ടിലാണ് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നതെന്നു മാത്രം. അവര്‍ക്ക് അക്കൗണ്ട് ശരിയാകുന്നതനുസരിച്ച് തുക അങ്ങോട്ടു മാറ്റും. ഐഡി കാര്‍ഡിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അതിന് അതിന്റേതായ സമയം എടുക്കും. മേല്‍വിലാസം ഉള്ള ഒരാള്‍ക്ക് രേഖകള്‍ തയ്യാറാക്കുന്ന പോലെ എളുപ്പമല്ല ഇത്.’

ശിവയെ മോചിപ്പിച്ചുകൊണ്ട് എന്ന പേരില്‍ ഇറങ്ങിയ ഉത്തരവില്‍, ഗിരീഷിന്റെ വീട്ടില്‍ നിന്നും ശിവയെ മാറ്റണം എന്ന നിര്‍ദ്ദേശമില്ലാതിരുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. പരോക്ഷമായി അടിമവേലയില്‍ത്തന്നെ ശിവയെ തളച്ചിടുന്നതാണ് ഉത്തരവെന്നായിരുന്നു ആരോപണം. തങ്ങള്‍ തിരികെ വീട്ടിലേക്ക് വിളിച്ചിട്ടും വരാന്‍ ശിവ മനസ്സുകാണിക്കാത്തത് വീട്ടുടമസ്ഥന്റെ ഇടപെടല്‍ മൂലമാണെന്ന് ശിവയുടെ വീട്ടുകാരും ആരോപിച്ചിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിഷയം ചര്‍ച്ചയാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ ശിവ തന്നെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചുവെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഒരിക്കലും അതു ശിവയുടെ അഭിപ്രായമായിരിക്കില്ലെന്ന് അമ്മിണിയും ജോയിയും പറയുന്നുണ്ട്. ഗീതയുടെ ഫോണ്‍ വഴി ഒരിക്കല്‍ ശിവ ജോയിയുമായി സംസാരിച്ചിരുന്നു. ശിവ ഫോണില്‍ സംസാരിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്ന് ജോയ് പറയുന്നു.

‘മുജീബ് റഹ്മാനോട് ഇക്കാര്യം പറഞ്ഞത് ഞാനാണ്. ഗീതയുമായാണ് എനിക്ക് പരിചയം. ഗീതയാണ് വിഷയം ആദ്യം എന്നോട് പറയുന്നത്. ശിവയുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അന്ന് ആ കുട്ടി എന്നോട് പറഞ്ഞത് വീട്ടില്‍ ബുദ്ധിമുട്ടാണെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നും തന്നെയാണ്. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. ജില്ലാ കലക്ടറും ലേബര്‍ ഓഫീസറും ഇടപെട്ട് ഇത് കണ്ടെത്തുകയും ചെയ്തതാണല്ലോ. എട്ടു ലക്ഷത്തോളം രൂപ കൊടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. അതൊന്നും ഇതുവരെ നടന്നിട്ടില്ല. ഉദ്യോഗസ്ഥര്‍ ഒത്തു കളിക്കുകയാണോ എന്നും സംശയമുണ്ട്. ഈ വിഷയം എങ്ങനെയും പുറത്തെത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അതു നടക്കുന്ന വരെ പരിശ്രമിച്ചിട്ടുമുണ്ട്. ശിവയെ ചോദ്യം ചെയ്യുമ്പോള്‍ വീട്ടില്‍ നിന്നും പുറത്തുകൊണ്ടുവന്ന് ചെയ്യാനെങ്കിലും ശ്രമിക്കണമായിരുന്നു. ആ വീടും വീട്ടുകാരുമല്ലാതെ മറ്റുള്ളവരോട് ഇടപഴകാന്‍ ശിവയ്ക്ക് സാധിക്കണമെന്നില്ല. അവര്‍ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളേ ശിവയ്ക്കറിയൂ. നീതിനിഷേധമാണ് നടന്നിരിക്കുന്നത് എന്ന് നിരീക്ഷിച്ച കലക്ടര്‍ തന്നെ അതേ വീട്ടില്‍ തുടരാന്‍ ശിവയ്ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്. പൊലീസായാലും ഉദ്യോഗസ്ഥരായാലും ഇവര്‍ക്കൊപ്പം തന്നെയാണ്. ജില്ലാ പൊലീസ് മേധാവി പോലും അത്തരം നിലപാടാണെടുത്തത്.

മൂന്നു കല്യാണം കഴിച്ചയാള്‍ ശിവയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന് അവര്‍ പറയുന്നത് എന്നെക്കുറിച്ചു തന്നെയാണ്. വിവാഹം കഴിച്ചോളാമെന്നു ഞാന്‍ പറഞ്ഞിട്ടൊന്നുമില്ല. മരിക്കാനാണ് തോന്നുന്നത് എന്ന് ഫോണിലൂടെ പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം കൂടെയുണ്ട് എന്നു പറഞ്ഞ് ധൈര്യം കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നോട് ഗീതയുടെ ഫോണില്‍ സംസാരിക്കുന്നത് വീട്ടുകാര്‍ കണ്ടുപിടിച്ചതാണ് ഈ പ്രശ്‌നത്തിന്റെ ആരംഭം. അവര്‍ പരാതി കൊടുത്തത് സത്യത്തില്‍ നല്ല കാര്യമായാണ് എനിക്കു തോന്നുന്നത്. അന്വേഷണം വരട്ടെ. എന്നിട്ട് എന്റെയോ ഗീതയുടെയോ മുഖത്തു നോക്കി ആ കുട്ടി പറയട്ടെ, ബുദ്ധിമുട്ടുകളെക്കുറിച്ചൊന്നും തുറന്നു സംസാരിച്ചിട്ടില്ലെന്ന്. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ല എന്നു സ്ഥാപിക്കാന്‍ ഈ വീട്ടുകാര്‍ക്ക് സാധിക്കില്ല. ഞങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനും വിഷയം ഒന്നുകൂടി ശക്തമാക്കി നിര്‍ത്താനും കിട്ടിയ അവസരമായേ ഇതിനെ കാണുന്നുള്ളൂ. മാധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം മറന്ന മട്ടാണ്. പരാതിയുടെ മേല്‍ അന്വേഷണം വരട്ടെ എന്നു തന്നെയാണ് പറയാനുള്ളത്. സത്യം നമ്മുടെ ഭാഗത്തുള്ളിടത്തോളം ഭയപ്പെടേണ്ടതില്ലല്ലോ.’

അതേസമയം, ശിവയുടെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന വനിതാ കമ്മീഷന്‍, പരാതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പരാതി ആരെക്കുറിച്ചാണെന്നോ പരാതിയുടെ ഉള്ളടക്കമെന്താണെന്നോ ഇപ്പോള്‍ തുറന്നു പറയാന്‍ സാധിക്കില്ലെന്നും, ജോലി ചെയ്യുന്ന വീട്ടിലുള്ളവര്‍ക്കെതിരെയല്ല എന്നു മാത്രം സ്ഥിരീകരിക്കാമെന്നും കമ്മീഷന്‍ അംഗം അഡ്വ. താര പറയുന്നു. ‘പരാതി ലഭിച്ചിട്ടുണ്ട്. അവര്‍ തന്നെ നേരിട്ടു തന്നതാണ്. കമ്മീഷന്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ആര്‍ക്കെതിരെയാണ് എന്നു വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധ്യമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ നില്‍ക്കുന്ന സ്ത്രീ തന്ന പരാതിയാണ്. അവരുടെ ഐഡന്റിറ്റി പോലും വെളിപ്പെടുത്താന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. അങ്ങനെയുള്ളപ്പോള്‍ പരാതിയുടെ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ തടസ്സങ്ങളുണ്ട്. ഇപ്പോള്‍ നില്‍ക്കുന്ന വീട്ടുകാരുമായി ബന്ധപ്പെട്ട പരാതിയല്ല. ആ വീട്ടില്‍ നിന്നും മാറിത്താമസിക്കാന്‍ അവര്‍ യാതൊരു കാരണവശാലും ഇഷ്ടപ്പെടുന്നില്ല. അവര്‍ അവിടെ സുരക്ഷിതയാണ്. സ്വന്തം വീട്ടുകാര്‍ ഫോണ്‍ വഴിയും മറ്റും ബന്ധപ്പെട്ടപ്പോള്‍ തിരികെ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്നു പറയുന്നതും വെറുതെയാണ്. അട്ടപ്പാടിയിലേക്കു പോകാന്‍ അവര്‍ക്ക് യാതൊരാഗ്രഹവുമില്ല. ഇത്രകാലവും അവിടെ നിന്നും ആരും അന്വേഷിച്ചുവന്നില്ലല്ലോ. ഇനി അങ്ങോട്ടു പോയാല്‍ അവര്‍ക്കെന്തെങ്കിലും അപകടം സംഭവിക്കുമെന്ന ഭയം കൂടി പരാതിയിലുണ്ട്. പറ്റിയ ബന്ധം വന്നാല്‍ വിവാഹം കഴിച്ച്, അങ്ങനെ വീട്ടില്‍ നിന്നും മാറാനല്ലാതെ മറ്റൊരു സാഹചര്യത്തില്‍ പുറത്തേക്കു പോകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ശമ്പളം കൊടുക്കുന്നതും സുരക്ഷിതയായി സംരക്ഷിക്കുന്നതും വെവ്വേറെ കാര്യങ്ങളാണ്. ചെയ്യുന്ന ജോലിക്ക് ഒരു രൂപ പോലും ശമ്പളം കൊടുക്കാത്തയിടങ്ങള്‍ കേരളത്തില്‍ ഇപ്പോഴും എത്രയോ ഉണ്ട്. അതുപോലെ ഇവിടെയും ശമ്പളം കൊടുത്തിരുന്നില്ല എന്നത് സത്യമാണ്. അതുകൊണ്ടാണല്ലോ മിനിമം വേതനം നിശ്ചയിച്ച് ലക്ഷക്കണക്കിനു രൂപ കൊടുക്കാന്‍ ഉത്തരവായത്. സ്വന്തം കുടുംബം പോലെയാണ് അവര്‍ അവിടെ കഴിഞ്ഞിരുന്നത്. അതിന്റേതായ വൈകാരികമായ അടുപ്പം അവര്‍ക്ക് ആ വീട്ടുകാരോടുണ്ട്.’

വിഷയം പുറത്തുവന്ന ഘട്ടം മുതല്‍ക്കു തന്നെ വനിതാ കമ്മീഷന്‍ എടുത്ത നിലപാട് ശിവ വീട്ടില്‍ സുരക്ഷിതയാണ് എന്നു തന്നെയായിരുന്നു. കമ്മീഷനിലെ ഉന്നത ബന്ധങ്ങളുപയോഗിച്ച് ഗിരീഷും ബന്ധുക്കളും സ്വാധീനം ചെലുത്തുന്നുണ്ടെന്ന ആരോപണവും അന്നുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍, ശിവ നേരിട്ട് ഒരു പരാതി ഉന്നയിച്ചതോടെ അന്വേഷണം വീണ്ടും അട്ടമറിക്കപ്പെടുകയാണെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ പക്ഷം. തങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വിഷയം ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ അപൂര്‍ണമായ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പോലും യഥാസമയത്ത് നടപ്പില്‍ വരുത്താന്‍ സാധിക്കാതിരിക്കേ, തങ്ങള്‍ക്കെതിരെ പരാതി കൂടി ഉന്നയിച്ചിരിക്കുന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നതിന്റെ ലക്ഷണമാണെന്ന് മുജീബും ജോയിയും അമ്മിണിയും പറയുന്നു.

Read More: 28 വര്‍ഷത്തിനു ശേഷം ആദിവാസി യുവതി ശിവാളിന് മോചനം, പക്ഷേ അടിമപ്പണി ചെയ്യിച്ചയാളുടെ വീട്ടില്‍ തന്നെ തുടരാനുള്ള ഉത്തരവ് അട്ടിമറിയെന്ന് ആരോപണം

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍