UPDATES

വാര്‍ത്തകള്‍

ആ കൊച്ചിന് ചതിവച്ചതല്ലേ, എത്ര കൊല്ലായി ഖദറിട്ട് നടക്കാന്‍ തുടങ്ങിയിട്ട്; ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് ചതിച്ചെന്നു വെള്ളാപ്പള്ളി

 വയനാട് സീറ്റായിരുന്നു ഷാനിമോള്‍ക്ക് കൊടുക്കേണ്ടിയിരുന്നതെന്നും വെള്ളാപ്പള്ളി

ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഷാനിമോള്‍ ഉസ്മാനെ ചതിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നു എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണ്ണിച്ചുകുളങ്ങരയിലെ വീട്ടില്‍ തന്നെ കാണാനെത്തിയ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി ഇന്നസെന്റിനൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പരാമര്‍ശം. ഷാനിമോള്‍ക്ക് ജയസാധ്യതയുള്ള വയനാട് സീറ്റ് ആയിരുന്നു കോണ്‍ഗ്രസ് നല്‍കേണ്ടിയിരുന്നതെന്നും ആലപ്പുഴ പോലെ തോല്‍ക്കുന്ന സീറ്റില്‍ കൊണ്ടുപോയി ഇട്ടത് ശരിയായില്ലെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. ആലപ്പു മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിനെതിരേയും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. ഷാനിമോളെ ചതിച്ചത് ഷുക്കൂര്‍ ആണെന്നാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുടെ ആക്ഷേപം.

തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളാണ് ഷാനിമോള്‍ എന്നും മഹളി കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവ് വരെയായ ഷാനിമോള്‍ക്ക് ഒരു നല്ല സീറ്റ് കൊടുക്കണമായിരുന്നുവെന്നും ആലപ്പുഴയില്‍ ഷാനിമോള്‍ നേര്‍ച്ചക്കോഴിയാണെന്നു ആരെങ്കിലും വ്യാഖാനിച്ചാല്‍ കുഴപ്പം പറയാന്‍ പറ്റില്ലെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. ഒരു കാട്ടില്‍ രണ്ടു പുലി വേണ്ടെന്നു ധരിച്ചിരിക്കുന്ന ചിലരാണ് ഷാനിമോളെ ചതിച്ചതെന്നു പറഞ്ഞാണ് ഷുക്കൂറിനെ വെള്ളാപ്പള്ളി കടന്നാക്രമിക്കുന്നത്. ഷാനിമോള്‍്‌ക്കെതിരേ കളിക്കുന്നത് ഷുക്കൂര്‍ ആണെന്നും വെള്ളാപ്പള്ളു കുറ്റപ്പെടുത്തുന്നു. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

നല്ലതല്ലേ ആ പെണ്ണ്. ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോള്‍ ഞാനുണ്ട്. ആ പെണ്ണിന്റെ മകളെ കെട്ടിക്കാന്‍ പോയപ്പോഴും ഞാനുണ്ട്. ആ പെണ്ണിന്റെ ഭര്‍ത്താവാരാണ്? ഉസ്മാന്‍. ഒരു പാവപ്പെട്ട വീട്ടിലെ, ഇറിഗേഷന്‍ വകുപ്പിലെ ഒരു ജീപ്പ് ഡ്രൈവറുടെ മകനാണ് ഉസ്മാന്‍. ഉസ്മാന്റെ മൂത്തവനാണ് ഇസ്മായില്‍. ഇസ്മായിലിനെ എന്റെ വളര്‍ത്തു പുത്രനെപ്പോലെ ഞാന്‍ കൊണ്ടു നടന്നതാണ്. ഉസ്മാന്റെ കല്യാണം വന്നപ്പോള്‍, എന്റെ കൈയില്‍ അന്ന് വലിയ കാറൊക്കെ ഉണ്ട്. കല്യാണം കഴിഞ്ഞ് ചെറുക്കനെയും പെണ്ണിനേയും കേറ്റി പട്ടണപ്രദക്ഷിണത്തിനോ മറ്റോ പോണമെന്നു പറഞ്ഞപ്പോള്‍ എന്റെ കാറാണ് കൊടുത്തത്.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവൊക്കെയായ ഒരു വനിതയാണ്. നല്ലൊരു സ്ഥനാര്‍ത്ഥിയാണ്. കയര്‍ത്തോ അപമര്യാദയായോ ആരോടും പെരുമാറിയിട്ടില്ല. പക്ഷേ, ആ കൊച്ചിനെക്കൊണ്ടു പോയി തോക്കണ സീറ്റില്‍ ഇട്ടത് ശരിയായില്ല. ജയിക്കണ സീറ്റായ വയനാട് കൊടുക്കേണ്ടതായിരുന്നു.

ആലപ്പുഴയെ സംബന്ധിച്ചിടത്തോളം ഒരു കാട്ടില്‍ രണ്ടു പുലിവേണ്ടെന്നാണ്. ഒരു പുലി അവിടെ കിടപ്പുണ്ട്. ഇനി വേറൊരു പുലി വേണ്ടെന്നു ചിലര്‍ മനസില്‍ ധരിച്ചുപോയാല്‍ എന്തു ചെയ്യും? ആലപ്പുഴ ഇത്തവണ കോണ്‍ഗ്രസിനെ സംബന്ധിച്ച് തോല്‍ക്കുന്ന സീറ്റാണ്. ആ കൊച്ചിനെ ഇത്തവണ ചതിവയ്ക്കുകയാണ് ചെയ്തത്. എത്ര കൊല്ലായി ഈ ഖദറുമിട്ട് നടക്കാന്‍ തുടങ്ങയിട്ട്. വനിത കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവ് വരെയായില്ലേ. അതിന് നല്ലൊരു സീറ്റ് കൊടുക്കേണ്ടതായിരുന്നില്ലേ. ആലപ്പുഴയില്‍ ആരു ജയിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഷാനിമോള്‍ ആലപ്പുഴയിലെ നേര്‍ച്ചക്കോഴി ആണെന്നു വ്യാഖ്യാനിക്കുന്നതില്‍ കുഴപ്പമില്ല. ഒരു കാട്ടില്‍ രണ്ട് പുലി വേണ്ടാന്നു ധരിച്ചിട്ടുണ്ട് ചിലരെല്ലാം. ഒരു പുലി ആരിഫ് അല്ല. ചാനല്‍ ചര്‍ച്ചയില്‍ വൈകുന്നേരം വരുന്നൊരു തൊഴിലാളിയുണ്ടല്ലാ…മുന്‍ ഡിസിസി പ്രസിഡന്റ്, ഇത് തന്നെ. ഈ കൊച്ചിന് എതിരായിട്ട് എന്തെല്ലം പറയണുണ്ട്. എന്തെല്ലാം അനാവശ്യമാണ് ആ കൊച്ചിനെ പറ്റി പറയണത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍