UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റബര്‍ പാലിലൊട്ടാതെ കേരള കോണ്‍ഗ്രസ്-ബിജെപി ബാന്ധവം

Avatar

അഴിമുഖം പ്രതിനിധി

മലയോര നസ്രാണി കര്‍ഷകരുടെ കല്‍പ വൃക്ഷമാണ് റബ്ബര്‍. അങ്ങ് ലാറ്റിനമേരിക്കയില്‍ നിന്നും വലിച്ചാല്‍ നീളുന്നതും വലി വിട്ടാല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതുമായ പാല്‍ (കറ) നല്‍കാന്‍ കഴിവുള്ള ഈ അപൂര്‍വ വൃക്ഷത്തെ സായ്പന്മാരാണ് കേരളത്തില്‍ എത്തിച്ചത്. എന്നാലത് ഇപ്പോള്‍ കോട്ടയം നസ്രാണികളുടെ മാത്രമല്ല. കേരളമെങ്ങും വ്യാപിച്ച സന്തതി പരമ്പരകളുടേയും കല്‍പ വൃക്ഷമാണ്. പണവും യശസ്സും ഒരേ പോലെ നല്‍കി അനുഗ്രഹിക്കുന്ന റബ്ബറിനോട് കോട്ടയം നസ്രാണി മാത്രമല്ല ആ കൃഷിയില്‍ ഇടപെട്ടിട്ടുള്ള മറ്റുള്ളവരും കാണിക്കുന്ന കൂറും ബഹുമാനവും ഒന്നു വേറെ തന്നെയാണ്. കോട്ടയത്തിന് അക്ഷര നഗരിയെന്ന പേര് ലഭിക്കുന്നതിന് മുമ്പു തന്നെ ലാറ്റക്‌സ് അഥവാ റബര്‍ പാലിന്റെ നഗരം എന്ന പേര് കിട്ടിയതും റബര്‍ മുഖാന്തരമാണ്.

ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവര്‍ ഉണ്ടാകും. പേരിലും ചിലതൊക്കെ ഒളിഞ്ഞിരിക്കുന്നുവെന്ന് വില്ല്യം ഷേക്‌സ്പിയറിനെ പോലെ ഗവേഷണം നടത്തിയവരാണ് കോട്ടയം നസ്രാണികള്‍. അതുകൊണ്ട് തന്നെ അക്ഷരം നഗരിയെന്ന പ്രയോഗത്തേക്കാള്‍ റബ്ബര്‍ പാലിന് നഗരം എന്നതിനെ അവര്‍ നെഞ്ചേറ്റുന്നു.

എന്തൊക്കെ പറഞ്ഞാലും കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഈ ചെയ്ത്ത് വല്ലാത്തൊരു കടുംവെട്ടായിപ്പോയി. രായ്ക്കുരായ്മാനം അവര്‍ നല്‍കിയ ഉറപ്പൊക്കെ മാറ്റി പറഞ്ഞുവെന്നാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസുകാര്‍ പറയുന്നത്. പറയുന്നത് റബ്ബറിനെ കുറിച്ചാകുമ്പോള്‍ അതേ കുറിച്ച് പറയാനുള്ള കുത്തക അവകാശം അവരുടേതാണെന്നാണ് അവരുടെ ധാരണ.

പ്രശ്‌നം അതീവ ഗുരുതരമാണ്. പോരെങ്കില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐഎം റബ്ബറിന്റേയും കേരള കോണ്‍ഗ്രസിന്റേയും തട്ടകമായ കോട്ടയം ജില്ലയില്‍ ഒരു റബ്ബര്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുന്നു. ജോസ് കെ മാണിയുടെ നിരാഹാര സത്യാഗ്രഹം പാതി വഴിയില്‍ മുറിഞ്ഞു പോയി. ദില്ലിയില്‍ എന്തൊക്കയൊ നടക്കുമെന്ന് പറഞ്ഞ് ഒരു ഒറ്റപ്പോക്കായിരുന്നു. ഇന്നലെ ദില്ലിയില്‍ പത്രസമ്മേളനം വിളിച്ച് വാണിജ്യ മന്ത്രി സീതാരാമന്‍ റബ്ബര്‍ വിലയിടിവിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഏതാണ്ടൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മാണി പുത്രന്റെ പ്രസ്താവന. കേട്ടത് കേട്ട പാതി വിഴുങ്ങിയത് കൊണ്ടാണോ എന്നറിയില്ല ചില മുന്‍നിര മലയാള പത്രങ്ങള്‍ റബ്ബറില്‍ തീരുമാനം എന്നൊക്കെ എഴുതി വച്ചു. ഇത് വായിച്ച റബ്ബര്‍ കര്‍ഷകരൊക്കെ പുളകിതര്‍ ആയിരിക്കണം. മാണി സാര്‍ വീണു കിടന്നാലെന്താ പുത്രന്‍ കര്‍ഷക സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്ത് സാമന്ത ചക്രവര്‍ത്തിമാരുമായി ഏറെ നീക്കു പോക്കുകള്‍ നടത്തുന്നുവല്ലോ എന്നൊക്കെ ചില കേരള കോണ്‍ഗ്രസുകാര്‍ എങ്കിലും പറഞ്ഞിരിക്കണം. ചിന്തിച്ച് ചിന്തിച്ച് പലരും ആഹ്ലാദ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്രമന്ത്രി അവരുടെ റബ്ബര്‍ സ്വപ്‌നങ്ങള്‍ക്കുമേല്‍ ഒരു തീമഴയായി പെയ്തിറങ്ങിയത്.

റബ്ബര്‍ വിലയിടിവ് പ്രശ്‌നവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി തന്നെ കണ്ട് നിവേദനം നല്‍കിയിരുന്നുവെന്നും ആവുന്നത് ചെയ്യാമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു കളഞ്ഞു. പോരെ പൂരം. രാവിലെ എഴുന്നേറ്റ് മുന്‍നിര പത്രങ്ങള്‍ വായിച്ച് സ്വപ്‌നം കണ്ടിരുന്ന റബ്ബര്‍ കര്‍ഷകന്റെ നെഞ്ചില്‍ വീണ ഇടിത്തീയായി കേന്ദ്ര മന്ത്രിയുടെ വിശദീകരണം.

എല്ലാം ശുഭമെന്ന് കരുതിയ കോട്ടയത്തു തുടങ്ങിയ നിരാഹാരം പാതി വഴിയില്‍ ഉപേക്ഷിച്ച് ജോസ് മാണി ദില്ലിക്ക് വച്ചു പിടിച്ചു. അപ്പോഴൊന്നും കരുതിയിരിക്കില്ല ഈ ദല്‍ഹിക്കു വിളിപ്പിക്കലിന് പിന്നില്‍ ചില രാഷ്ട്രീയ ഗൂഢാലോചനകളുണ്ടെന്ന്. ഒരു പാലം ഇടുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ ഉണ്ടാകുമെന്ന് ബിജെപിക്കറിയുന്നത്ര ജോസ് മാണിക്ക് അറിയുമോ എന്നറിയില്ല. എങ്കിലും ഒരു കാര്യം പറയാന്‍ ജോസും മറന്നില്ല. തന്റെ പിതാവ് കെ എം മാണിയെ അമിത് ഷാ കാണുന്നതില്‍ കുഴപ്പം ഒന്നുമില്ലെന്ന് ഇന്നലെ തന്നെ പറഞ്ഞിരുന്നു. കെ എം മാണിക്കും ഇക്കാര്യത്തില്‍ വിരോധമൊന്നുമില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ പള്ളിയെ പേടിക്കുന്ന ചില കേരള കോണ്‍ഗ്രസ് നേതാക്കളാണ് മാണി അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് പാരയായത്. ഈ പാര തന്നെയാകണം ഇപ്പോള്‍ റബ്ബറിന്റെ കാര്യത്തില്‍ ഒരു മാറി ചിന്ത എന്ന ആശങ്ക ചില കേരള കോണ്‍ഗ്രസുകാര്‍ക്ക് എങ്കിലും ഇല്ലാതില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍