UPDATES

ട്രെന്‍ഡിങ്ങ്

കെ.വി തോമസും ഹൈബി ഈഡനും തമ്മില്‍ എറണാകുളത്ത് ഇഞ്ചോടിഞ്ച്‌ പോരാട്ടം

ഹൈബി ഈഡന്‍ എംഎല്‍എയെ എറണാകുളത്ത് മത്സരിപ്പിക്കണമെന്ന ഏകദേശ ധാരണയാണ് ഇന്നലെ ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിലുണ്ടായത്

ഹൈബി ഈഡനും കെ വി തോമസും തമ്മില്‍ നിഴല്‍പ്പോര്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്ത് വരാനിരിക്കെ എറണാകുളം മണ്ഡലത്തില്‍ ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തന്റെ സീറ്റ് ഉറപ്പിച്ചയാളാണ് കെ വി തോമസ്. മണ്ഡലത്തില്‍ പോസ്റ്ററുകള്‍ ഒട്ടിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. സിറ്റിങ് എംപി മാര്‍ക്ക് സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസില്‍ ധാരണയുണ്ടായിരുന്നതായിരുന്നു കെ വി തോമസിന്റെ ആത്മവിശ്വാസം. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണെന്ന വിവിരമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിക്കുന്നത്.

ഹൈബി ഈഡന്‍ എംഎല്‍എയെ എറണാകുളത്ത് മത്സരിപ്പിക്കണമെന്ന ഏകദേശ ധാരണയാണ് ഇന്നലെ ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിലുണ്ടായത്. രാത്രി വൈകിയും കൂടിയ അനൗപചാരിക യോഗങ്ങളിലും ഹൈബിക്ക് വേണ്ടിയുള്ള ശബ്ദങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ കെ വി തോമസ് സീറ്റ് വിട്ടുനല്‍കില്ല എന്ന കടുംപിടുത്തത്തിലാണെന്നാണറിയുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ളവരെ കെ വി തോമസ് നേരില്‍ ചെന്നു കണ്ടതായാണ് വിവരം. സോണിയാഗാന്ധിയുമായി അടുത്ത ബന്ധമുള്ള കെ വി തോമസ് തനിക്കുള്ള സ്വാധീനമുപയോഗിച്ച് സീറ്റ് നിലനിര്‍ത്താനുള്ള ചരടുവലികള്‍ ശക്തമാക്കിയിരിക്കുകയാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിനുള്ളില്‍ നടത്തിയ സ്വകാര്യ സര്‍വേയില്‍ പി രാജീവിനെ പരാജയപ്പെടുത്താന്‍ ശേഷിയുള്ളയാള്‍ ഹൈബി ഈഡനാണെന്ന അഭിപ്രായമായിരുന്നു മുന്നിട്ടു നിന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നേതൃത്വം ഹൈബി ഈഡനായി സമ്മര്‍ദ്ദം ചെലുത്തുന്നത്. പി രാജീവിനെതിരെ കെ വി തോമസ് മത്സരിച്ചാല്‍ മണ്ഡലം എല്‍ഡിഎഫിന് പോവാനുള്ള സാധ്യതയുണ്ടെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. കെ വി തോമസ് കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും എല്‍ഡിഎഫിലേത് ദുര്‍ബല സ്ഥാനാര്‍ഥികളായിരുന്നു എന്നാണ് വിലയിരുത്തലുണ്ടായത്.

2009ല്‍ കെ വി തോമസ് ലോക്‌സഭയിലേക്ക് മത്സരിച്ചത് സിന്ധുജോയിയോടായിരുന്നു. എല്‍ഡിഎഫിന്റേത് ദുര്‍ബല സ്ഥാനാര്‍ഥിയാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. അനായാസ വിജയം ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും മത്സരഫലം വന്ന ദിവസം തോമസ് വെള്ളം കുടിച്ചു. അവസാന നിമിഷം വരെ ലീഡ് നില മാറിമറിഞ്ഞു. ഒടുവില്‍ 11,790 വോട്ടുകള്‍ക്ക് കെ വി തോമസ് ജയിച്ചു. 2014ല്‍ ക്രിസ്റ്റി ഫര്‍ണാണ്ടസിനോട് മത്സരിച്ചപ്പോള്‍ 87047 ആയി ഭൂരിപക്ഷമുയര്‍ത്തി. എന്നാല്‍ ക്രിസ്റ്റിയും എറണാകുളം മണ്ഡലത്തിലെ മറ്റൊരു ദുര്‍ബല സ്ഥാനാര്‍ഥിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇത്തവണ സിപിഎം മണ്ഡലം പിടിക്കുക എന്ന ഉദ്ദേശത്തോടെ ജനകീയനായ പി രാജീവിനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസിന് വെല്ലുവിളിയായിരിക്കുകയാണ്. രാജീവിനെ നേരിടാന്‍ ജനകീയനും യുവാക്കളെ ആകര്‍ഷിക്കാന്‍ ശേഷിയുമുള്ള ഹൈബി ഈഡനെ തന്നെ രംഗത്തിറക്കണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. ഹൈബിയും സീറ്റില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിവ്. എന്നാല്‍ അതിനായി സമ്മര്‍ദ്ദം ചെലുത്താനോ ഡല്‍ഹിയിലേക്ക് പോവാനോ ഹൈബി മുതിര്‍ന്നിട്ടില്ല എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഒട്ടേറെ ചര്‍ച്ചകള്‍ക്കൊടുവിലും കെ വി തോമസ് സീറ്റുപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്ന് ലഭ്യമാവുന്ന വിവരം. എന്നാല്‍ സിറ്റിങ് എംപി മാര്‍ മത്സരിക്കും എന്ന് പറഞ്ഞതേ തനിക്കറിയൂ അതില്‍ കൂടുതലൊന്നും ആരും തന്നോടൊന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം.

യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ വി തോമസ് കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പബ്ലിക്ക് അക്കൗണ്ട് കമ്മറ്റി ചെയര്‍മാനായി കോണ്ഡഗ്രസ് നോമിനേറ്റ് ചെയ്തത് കെ വി തോമസിനെയാണ്. ഇതും നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ യുവത്വവും പ്രളയ ശേഷം വീട് നിര്‍മ്മിച്ച് കൊടുക്കുന്നതിനായി അതിവേഗ മാസ്‌റ്‌റര്‍ പ്ലാനുണ്ടാക്കി ജനങ്ങളുടെ കയ്യടി നേടാനായതുള്‍പ്പെടെയുള്ള കാര്യങ്ങളുമാണ് ഹൈബിക്ക് സാധ്യത ഏറ്റുന്നത്. എറണാകുളം സീറ്റില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് നേതാക്കള്‍ പറയുന്നു. ഹൈബിയെ തുണക്കുന്ന തീരുമാനമാവും രാഹുല്‍ഗാന്ധിയും എടുക്കുക എന്ന പ്രതീക്ഷയാണ് നേതാക്കള്‍ പങ്കുവച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍