ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ ആദ്യം തീരുമാനം ആകട്ടെ, എന്നിട്ടാകാം സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യം എന്ന നിലപാടാണ് കോണ്‍ഗ്രസില്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി മത്സരിച്ചേ മതിയാകൂ എന്നു വാശി പിടിക്കുന്ന കെപിസിസി; കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഉമ്മന്‍ ചാണ്ടിയില്‍ തട്ടിയാണോ തടഞ്ഞു നില്‍ക്കുന്നത്!. ഏകദേശം എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി ഉണ്ടോ ഇല്ലയോ എന്നതില്‍ ഒരു തീരുമാനം വന്നിട്ടേ ഔദ്യോഗിക പ്രഖ്യാപനം വരൂ എന്നാണ് അറിയുന്നത്. ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു വേണ്ടി കണ്ടുവച്ചിരിക്കുന്നത് പത്തനംതിട്ട, ഇടുക്കി സീറ്റുകളാണ്. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തണം. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ ആദ്യം തീരുമാനം ആകട്ടെ, എന്നിട്ടാകാം സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യം എന്ന നിലപാടാണ് കോണ്‍ഗ്രസില്‍.
എന്തായാലും ഉമ്മന്‍ ചാണ്ടിയെ ഹൈ കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ശക്തമായ സമ്മര്‍ദ്ദം മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കുമേല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഉമ്മന്‍ ചാണ്ടി സമ്മതം പറയുകയാണെങ്കില്‍ ഇന്നു വൈകിട്ടോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുകയും ചെയ്യും. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് ഉരുക്കങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇന്നലെ അങ്ങോട്ട് പോയ ഉമ്മന്‍ ചാണ്ടി അവിടെ നിന്നും ഡല്‍ഹിയില്‍ എത്തുമെന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്നും അയക്കുന്ന പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൂടി ഉള്‍പ്പെടുത്തി ഹൈ കമാന്‍ഡിനു മുന്നില്‍ എത്തിക്കുമ്പോള്‍, ഉമ്മന്‍ ചാണ്ടിയോടു കൂടി ചര്‍ച്ച് ചെയ്ത് ഇക്കാര്യത്തില്‍ ഇന്നു തന്നെ ഒരു തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധിയായിരിക്കും അവസാന തീരുമാനം പറയുക. മത്സരിക്കണമെന്ന കാര്യത്തില്‍ രാഹുല്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അദ്ദേഹം അത് അംഗീകരിക്കുകയും ആ പേര് കൂടി ചേര്‍ത്ത് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
മത്സരിക്കാന്‍ ഇല്ലെന്നു പറയുമ്പോഴും കേരളത്തില്‍ യുഡിഎഫിന്റെ വിജയത്തിന് ഒരു തുറപ്പുഗുലാനായി ഉമ്മന്‍ ചാണ്ടി ഉപയോഗപ്പെടുമെന്നാണ് കെപിസിസിയുടെ കണക്കുകൂട്ടല്‍. മത്സരിക്കുന്ന മണ്ഡലത്തില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സാന്നിധ്യം മറ്റു മണ്ഡലങ്ങളിലും വിജയസാധ്യത നിര്‍ണയിക്കുമെന്നും കേരളത്തിലെ പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നുണ്ട്. ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഇടതുപക്ഷം രംഗത്ത് ഇറക്കിയിരിക്കുന്നതെന്നതിനാല്‍ കോണ്‍ഗ്രസും അതിനൊത്തവരെ തന്നെ കൊണ്ടുവരേണ്ടതുണ്ടെന്നു കേരള നേതൃത്വത്തിനു മനസിലായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ പോലൊരു നേതാവിന്റെ നേതൃത്വത്തില്‍ മത്സരത്തിനിറങ്ങിയാല്‍ അഭിപ്രായ സര്‍വേകളില്‍ പറയുന്ന നമ്പര്‍ പാര്‍ട്ടിക്ക് സ്വന്തമാക്കാമെന്നും നേതാക്കള്‍ കരുതുന്നു.
പത്തനംതിട്ടയും ഇടുക്കിയും ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാന്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ ചെറിയൊരു തര്‍ക്കം അതിലുമുണ്ട്. പത്തനംതിട്ട യുഡിഎഫ് സിറ്റിംഗ് സീറ്റാണ്. മാത്രമല്ല, ഉമ്മന്‍ ചാണ്ടിയെപോലൊരാള്‍ ആണ് വരുന്നതെങ്കില്‍ ഒരു സംശയവും കൂടാതെ ഇത്തവണയും മണ്ഡലം തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്നു ഒരു വിഭാഗം പറയുമ്പോള്‍, ഇടതുപക്ഷം ജോയ്‌സ് ജോര്‍ജ് എന്ന സ്വതന്ത്രനിലൂടെ പിടിച്ചെടുത്ത ഇടുക്കി തിരിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ഇറക്കണമെന്നാണ് മറ്റൊരാവശ്യം. ഉമ്മന്‍ ചാണ്ടിയല്ലാതെയൊരാള്‍ക്ക് ഇടുക്കിയില്‍ വിജയിക്കുക സംശയമാണെന്നും കോണ്‍ഗ്രസിനകത്ത് അടക്കം പറച്ചിലുണ്ട്. എന്നാല്‍ ഇടുക്കിയില്‍ നന്നായി വിയര്‍ത്തേ ഉമ്മന്‍ ചാണ്ടിക്കും വിജയിക്കാന്‍ കഴിയുകയുള്ളുവെന്നതിനാല്‍ അദ്ദേഹത്തിന് അവിടം കൊടുക്കാതെ സിറ്റിംഗ് സീറ്റായ പത്തനംതിട്ടയില്‍ തന്നെ നിര്‍ത്തണമെന്നാണ് ഇതിനുള്ള എതിര്‍വാദം. ഏതായാലും ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പല പേരുകളും മണ്ഡലങ്ങളില്‍ നിന്നും മാറാന്‍ സാധ്യതയുണ്ട്.