UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസില്‍ വയനാട് പിടിക്കാനുള്ള പോരാട്ടം തുടരുന്നു; ഉമ്മന്‍ ചാണ്ടി ഹാപ്പിയായാല്‍ പ്രശ്നം തീരും

കോണ്‍ഗ്രസ് പട്ടികയിലെ ബാക്കിയുള്ള നാലുപേരുടെയും കാര്യത്തില്‍ തീരുമാനായില്ല

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ബാക്കിയുള്ള നാലുപേരുടെയും പേരുകള്‍ ഇന്നു പുറത്തു വരില്ല. സീറ്റുകളുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാത്തതാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. ദേശീയ നേതൃത്വം വീണ്ടും ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അദേഹവുമായി സംസാരിച്ച് ഒത്തുതീര്‍പ്പില്‍ എത്തി നാളെ ബാക്കി നാല് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇതാണ് വ്യക്തമാക്കുന്നത്. പ്രശ്‌നങ്ങളെല്ലാം നാളെ തീരും എന്നാണ് മാധ്യമപ്രവര്‍ത്തകരോട് മുല്ലപ്പള്ളി പറയുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപന സമയത്ത് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം ഇല്ലാതിരുന്നതിനാലാണ് ചില സീറ്റുകളുടെ കാര്യം നീണ്ടു പോയതെന്നുമാണ് മുല്ലപ്പള്ളി പറയുന്നത്. ഇന്നു രാത്രിയോടെ ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തുമെന്നും പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് നാളെ തന്നെ സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസ് ഹൈകമാന്‍ഡും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തി കഴിഞ്ഞെന്നും മുല്ലപ്പള്ളി അറിയിക്കുന്നു.

വയനാട് സീറ്റിന്റെ കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നതെന്നാണ് അറിയുന്നത്. ടി സിദ്ദിഖിനെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന നിര്‍ബന്ധത്തിലാണ് ഉമ്മന്‍ ചാണ്ടി. ഈ ആവശ്യം മുല്ലപ്പള്ളിയേയും രമേശിനെയും ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നതുമാണ്. വയനാട് സീറ്റ് വിട്ടുകൊടുക്കണോയെന്ന് ഐ ഗ്രൂപ്പ്‌ തീരുമാനിച്ചിട്ടില്ലെന്നതാണ് മറുപടി നല്‍കാന്‍ വൈകുന്നതിനു കാരണവും. എന്നാല്‍ ഇവര്‍ ഇക്കാര്യത്തില്‍ മറുപടിയൊന്നും കൊടുത്തിരുന്നില്ല. രമേശും മുല്ലപ്പള്ളിയും ഈ വിഷയത്തില്‍ ഇ്ന്നലെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നാളെ ഡല്‍ഹിയില്‍ വച്ച് മൂന്നുപേരും വീണ്ടും ചര്‍ച്ച നടത്തുമെന്നും അതില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നുമാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. വയനാട് ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് ടി സിദ്ദീഖ് പറഞ്ഞിരിക്കുന്നത്. എന്നാലും വടകര കിട്ടിയാല്‍ അദ്ദേഹം അവിടെ നില്‍ക്കാന്‍ തയ്യാറാകും.

എന്നാല്‍ തന്റെ മണ്ഡലമായിരുന്ന വടകരയില്‍ വിദ്യ ബാലകൃഷ്ണന്റെ പേരാണ് മുല്ലപ്പള്ളി ഉന്നയിക്കുന്നത്. വിദ്യയെക്കുറിച്ച് ദേശീയ നേതൃത്വത്തിനും മതിപ്പാണ്. ഒരു സ്ത്രീ പ്രാതിനിധ്യം കൂടി അതിലൂടെ ഉറപ്പിക്കാമെന്നും മുല്ലപ്പള്ളി പറയുന്നു. അതേസമയം ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായ ഷാനിമോള്‍ ഉസ്മാന്‍ വയനാടിനു വേണ്ടി പരിശ്രമിക്കുന്നുണ്ട്. കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നും പിന്മാറിയപ്പോള്‍ പകരക്കാരായി തിരക്കിയവരില്‍ ഷാനിമോളും ഉണ്ടായിരുന്നു. തനിക്ക് വയനാട് മതി ആലപ്പുഴ വേണ്ട എന്നായിരുന്നു ഷാനിമോള്‍ പറഞ്ഞത്. പക്ഷേ, ഇപ്പോഴത്തെ അറിവില്‍ ഷാനിമോളുടെ പേരാണ് ആലപ്പുഴയില്‍ പറഞ്ഞു കേള്‍ക്കുന്നത്. പിന്നെയൊരു മാറ്റം പറയുന്നത്, ആറ്റിങ്ങലില്‍ ഏകദേശം ഉറപ്പിച്ചിരിക്കുന്ന അടൂര്‍ പ്രകാശിനെ ജാതിയടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഷാനിമോള്‍ക്ക് വയനാട് കിട്ടും. അപ്പോള്‍ സിദ്ദീഖിന് വയനാട് പോകും. സിദ്ദീഖിന് സീറ്റ് കൊടുത്തേ മതിയാകൂ എന്ന വാശിയില്‍ ഉമ്മന്‍ ചാണ്ടി നില്‍ക്കുന്നതിനാല്‍ വടകര നല്‍കി സിദ്ദീഖിനെയും ഒപ്പം ഉമ്മന്‍ ചാണ്ടിയേയും സന്തോഷിപ്പിക്കേണ്ടി വരും. അപ്പോള്‍ വിദ്യ ബാലകൃഷ്ണന്റെ പേര് വെട്ടും. എന്തായാലും നാളെ ഇതിലെല്ലാം ഒരു തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് നേതാക്കള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍