UPDATES

ജോസ് കെ മാണി ചെയര്‍മാന്‍ സ്ഥാനത്തേക്കോ? യോഗം അനധികൃതമെന്ന് പി ജെ ജോസഫ്

പിളര്‍പ്പൊഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമം

മറ്റൊരു പിളര്‍പ്പിലേക്ക് കേരള കോണ്‍ഗ്രസ് നീങ്ങുന്നതിനിടെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ ഇവരുടെ ഇടപെടലും ഫലം ഉണ്ടാക്കുന്നില്ലെന്നാണ് സൂചന. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവര്‍ കേരള കോണ്‍ഗ്രസ് നേതാക്കളായ പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും സംസാരിച്ചു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇരുനേതാക്കളും. ഇതോടെ അവസാന ഘട്ട ഒത്തുതീര്‍പ്പുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന കാര്യം ഉറപ്പായി.

ജോസ് കെ മാണി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചു ചേര്‍ത്തതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത പിളര്‍പ്പിലേക്ക് നയിക്കുമെന്ന് ഉറപ്പായത്. ഈ യോഗത്തില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് പി ജെ ജോസഫ് എം എല്‍എ മാര്‍ക്കും എം പിമാര്‍ക്കും മറ്റ് നേതാക്കള്‍ക്കും ജോസഫ് കത്തയച്ചിട്ടുണ്ട്. യോഗം അനധികൃതമെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ജോസഫ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചതെന്നാണ് ജോസ് കെ മാണി വിഭാഗം പറയുന്നത്. 127 അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു.

അതേസമയം മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് ഏത് പക്ഷത്തായിരിക്കുമെന്നത് സംബന്ധിച്ച അവ്യക്തതകള്‍ നിലനില്‍ക്കുന്നു. ഇന്നലെ ജോസഫ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിഎഫ് തോമസ് പങ്കെടുത്തിരുന്നില്ല. അതേസമയം കോട്ടയത്ത് ജോസ് കെ മാണി വിഭാഗം നടത്തിയ യോഗത്തിലും അദ്ദേഹം പങ്കെടുത്തില്ല.

സിഎഫ് തോമസിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജോസഫ് വിഭാഗം അവകാശപ്പെടുന്നത്. സമവായ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നുമാണ് സിഎഫ് തോമസ് പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് കോട്ടയം സിഎസ്‌ഐ ഹാളിലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ യോഗം. യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയാണെങ്കില്‍ പാര്‍ട്ടി പിളരും. ഇതോടെ കെഎം മാണിയുടെ അവസാനകാലത്ത് രൂപപ്പെട്ട ഭിന്നത മൂലം മറ്റൊരു പിളര്‍പ്പിലേക്ക് കേരള കോണ്‍ഗ്രസിനെ നയിക്കും.

കോട്ടയം ലോക്‌സഭ സീറ്റിലേക്ക് മല്‍സരിക്കാനുള്ള ജോസഫിന്റെ ശ്രമത്തെ ജോസ് കെ മാണി തടഞ്ഞതോടെയാണ് ഭിന്നത രൂക്ഷമായത്. കെഎം മാണിയുടെ നിര്യാണത്തോടെ പാര്‍ട്ടിയിലെ ചെയര്‍മാന്‍ പദവി തനിക്ക് വേണമെന്നായി ജോസ് കെ മാണി. ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ തന്നെ ആ പദവിയിലേക്ക് വരണമെന്ന് പാര്‍ട്ടി ഭരണഘടനയിലില്ലെന്നായിരുന്നു ഇതിന് ജോസഫിന്‍െ മറുപടി.

പാലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യുഡിഎഫിനും തലവേദനയാകും.
വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് പിജെ ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ച് കെ എം മാണിയുടെ പാര്‍ട്ടിയുമായി ലയിച്ചത്.

Explainer: ഒമാന്‍ കടലിടുക്കിലെ ടോർപ്പിഡോ ആക്രമണങ്ങൾ: യുദ്ധം ആഗ്രഹിക്കുന്നത് യുഎസ്സോ ഇറാനോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍