UPDATES

ട്രെന്‍ഡിങ്ങ്

സിപിഐയെ ചുറ്റി ഉമ്മന്‍ ചാണ്ടി കെട്ടുന്ന മനക്കോട്ടകള്‍

സിപിഎമ്മിന്റെ സഹായമില്ലാതെ ഒരു സ്ഥലത്തും തെരഞ്ഞെടുപ്പ് ജയിക്കില്ലെന്ന ബോധ്യം ഏറ്റവും നന്നായുള്ളത് സിപിഐക്കു തന്നെയാണ്

ചില കാര്‍ന്നോന്മാര്‍ അങ്ങനെയാണ്. ഇനി പ്രത്യേകിച്ച് പണിയൊന്നുമില്ലെന്ന് ഉറപ്പായാല്‍ കുത്തിയിരുന്ന് ഗതകാല സ്മരണകള്‍ ഉറക്കെ വിളിച്ചുകൂവി മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ പാത്രമാകും. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം സ്വന്തം തോളില്‍ ഏറ്റുവാങ്ങിയ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കാതെ പിന്നിലേക്ക് മാറിയത് അന്നേ വാര്‍ത്തയായിരുന്നു. തനിക്കിനി ഇവിടെ കാര്യമായി യാതൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ ഈ പിന്മാറ്റത്തിന് കാരണമെന്നും അന്ന് ആക്ഷേപം ഉയര്‍ന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മനസ് വെറുതിയിരിക്കുകയാണെന്ന് കരുതിയവര്‍ക്ക് തെറ്റി. കോണ്‍ഗ്രസും സിപിഐയും ഒന്നിച്ചു നിന്നതിന്റെ ഭൂതകാല സ്മരണകള്‍ അയവിറക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. അതിലൂടെ യുഡിഎഫ് വിപുലീകരിക്കാമെന്നും അദ്ദേഹം മനക്കോട്ട കെട്ടുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും കേരള കോണ്‍ഗ്രസും ഒത്തുചേര്‍ന്നപ്പോള്‍ മുതല്‍ അദ്ദേഹം ഈ മനക്കോട്ടയ്ക്കുള്ള അടിത്തറയിട്ടുവെന്ന് വേണം കരുതാന്‍. അന്നത്തെ തെരഞ്ഞെടുപ്പില്‍ നിന്നും സിപിഐ അംഗം വിട്ടു നിന്നിരുന്നു. അതോടൊപ്പം മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മും സിപിഐയും രണ്ട് നിലപാടുകളെടുത്തതും അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നുവെന്ന് വേണം ഇന്നലത്തെ പ്രസ്താവനകളില്‍ നിന്നും മനസിലാക്കാന്‍. മാണി പോയെങ്കില്‍ പോകട്ടെ, സിപിഐയെ കിട്ടുമോയെന്ന് നോക്കാം എന്നതാണ് ഇപ്പോഴത്തെ ലൈന്‍.

സിപിഐ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ ഉമ്മന്‍ ചാണ്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അതാണ് സിപിഐയെ പ്രകീര്‍ത്തിച്ച് രംഗത്തിറങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സിപിഐ പറയുന്നതെല്ലാം ജനം ആഗ്രഹിക്കുന്നതാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിരീക്ഷണം. ‘സിപിഐയും കോണ്‍ഗ്രസും മുസ്ലിം ലീഗും ഒന്നിച്ചു നിന്നപ്പോള്‍ നല്ല നാളുകളായിരുന്നു. ആ കാലഘട്ടം ജനങ്ങളുടെ മനസിലുണ്ട്’. എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ ആര്‍ക്കായിരുന്നു ആ നല്ല നാളുകള്‍ എന്നുകൂടി അദ്ദേഹം വ്യക്തമാക്കണം. കാരണം, ഈ സഖ്യത്തിന്റെ കാലത്തായിരുന്നു അടിയന്തരാവസ്ഥയെന്നത് അദ്ദേഹം മറന്നതോണോ മറന്നെന്ന് നടിക്കുന്നതാണോയെന്ന് ഏതായാലും അറിയില്ല. അച്യുതമേനോന്‍ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയെന്ന് അംഗീകരിക്കുമ്പോഴും അടിയന്തരാവസ്ഥക്കാലത്തെ പോലീസ് നടപടികള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനേറ്റ മുറിവാണെന്ന് പറയാതെ വയ്യ. ആ മുറിവിന് കാരണക്കാരനായി ചരിത്രം ചൂണ്ടിക്കാട്ടുന്നതാകട്ടെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഗുരുവും പിന്നീട് അദ്ദേഹം തന്നെ കാലുവാരി അധികാരത്തില്‍ നിന്നും നിലത്തിട്ട കെ കരുണാകരനും. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യകാലത്ത് അച്യുതമേനോനെ നിശബ്ദനാക്കി കരുണാകരനാണ് ഇവിടെ ഭരിച്ചതെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. രാജനെയും ഈച്ചരവാര്യരെയുമൊന്നും കേരളം മറക്കാനുമിടയില്ല. അപ്പോള്‍ പിന്നെ ആ കാലം കോണ്‍ഗ്രസിന് മാത്രം നല്ലകാലം ആയിരുന്നെന്ന് പറയേണ്ടി വരും.

യുഡിഎഫില്‍ നിന്നും ഒരു പാര്‍ട്ടിയും വിട്ടുപോകില്ലെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രതീക്ഷ. കഴിഞ്ഞ സര്‍ക്കാരിന്റെ പരാജയം ഉറപ്പായപ്പോള്‍ തന്നെ ബാര്‍ കോഴക്കേസില്‍ ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ച് കെ എം മാണി യുഡിഎഫ് വിട്ടുപോയത് ആരും മറന്നിട്ടില്ല. മാണിയെ പുറത്താക്കിയതല്ല, അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിക്കുമ്പോള്‍ ആരും വിട്ടുപോകില്ലെന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ വിരോധാഭാസമാകുന്നു. കോട്ടയത്ത് സിപിഎമ്മും കേരള കോണ്‍ഗ്രസും പ്രാദേശിക ധാരണകള്‍ മറികടന്ന് സഖ്യമുണ്ടാക്കിയതോടെ മാണിയും സിപിഎമ്മും തങ്ങളുടെ നീക്കത്തിന്റെ ആദ്യപടി വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും എല്‍ഡിഎഫ് വിപുലീകരിക്കുമെന്നും മുന്നണി വിട്ടുപോയവര്‍ തിരികെ വരുമെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളെ പരിഹസിക്കുകയാണ് ഉമ്മന്‍ ചാണ്ടി. അധികാരത്തിലിരുന്ന യുഡിഎഫ് പിളര്‍ത്താന്‍ സിപിഎം ശ്രമിച്ചപ്പോഴെല്ലാം എല്‍ഡിഎഫിനാണ് നഷ്ടമുണ്ടായതെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്പി മാത്രമാണ് യുഡിഎഫിനൊപ്പം ചേര്‍ന്നത്. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ വീരേന്ദ്രകുമാറുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ നിലവില്‍ വീരേന്ദ്രകുമാറിന്റെ പല പ്രസ്താവനകളിലും ദേശീയതലത്തില്‍ തങ്ങള്‍ക്കുള്ള ഇടതുസഖ്യം സംസ്ഥാന തലത്തിലും തുടരാനുള്ള താല്‍പര്യം ഒളിഞ്ഞിരിക്കുന്നത് കാണാം. ആര്‍എസ്പിയും ദേശീയതലത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണ്. സംസ്ഥാനതലത്തില്‍ ആര്‍എസ്പിയുടെ ഒരു വിഭാഗം മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. വലതുസഖ്യത്തോടുള്ള എതിര്‍പ്പ് ഈ വളരെ ചെറിയ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയിട്ട് നാളുകളായി. പിന്നെ എന്ത് ആത്മവിശ്വാസത്തിലാണ് യുഡിഎഫ് വികസിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നതെന്ന് മനസിലാകുന്നില്ല.

അതേസമയം ഉമ്മന്‍ ചാണ്ടിയുടേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററും പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ രാജാജി മാത്യു തോമസിന്റെ വാക്കുകള്‍. യുഡിഎഫിനൊപ്പം ചേര്‍ന്നുള്ള രാഷ്ട്രീയ മാറ്റമൊന്നും സിപിഐയുടെ അജണ്ടയിലില്ലെന്നാണ് രാജാജി അഴിമുഖത്തോട് വ്യക്തമാക്കിയത്. “രാജ്യത്ത് സംഘപരിവാര്‍ അഴിച്ചുവിട്ടിരിക്കുന്ന ഭീകരാന്തരീക്ഷത്തിനെതിരെ ദേശീയതലത്തിലുള്ള ഒരു കോമണ്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതൊരിക്കലും തെരഞ്ഞെടുപ്പ് സഖ്യത്തിന് വേണ്ടിയുള്ളതല്ല. ഫാസിസത്തെ പ്രതിരോധിക്കാന്‍ വേണ്ടി മാത്രമുള്ള ധാരണയാണ് അത്. ഫാസിസത്തിനെതിരായ ജനാധിപത്യ മതേതര ശക്തികളുടെ ബദല്‍ ആണത്. ഇക്കാര്യം സിപിഐ നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസുമായി ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഐക്യമുണ്ടാക്കുന്നു എന്നല്ലെ”ന്നും രാജാജി വിശദീകരിക്കുന്നു.

സിപിഐ തങ്ങള്‍ക്കൊപ്പം ചേരുമെന്ന പ്രതീക്ഷയുടെ നല്ലനാളുകളാണ്‌ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. സിപിഐ-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുമ്പോഴെല്ലാം അതിന്റെ അസംഭാവ്യതയും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മുന്നണി രാഷ്ട്രീയം രൂപംകൊണ്ട ആദ്യകാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് കേരളത്തിലുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് രണ്ടായ കാലത്ത് സിപിഐയ്ക്ക് സിപിഎമ്മിന്റെ ആവശ്യമുണ്ടായിരുന്നില്ല. അതിനാലാണ് ആദ്യകാലത്ത് കോണ്‍ഗ്രസുമായി അവര്‍ സഖ്യമുണ്ടാക്കിയത്. എന്നാല്‍ ഇന്ന് അതല്ല സാഹചര്യം. വിരലില്‍ എണ്ണാവുന്ന ചില സ്ഥലങ്ങളിലൊഴിച്ചാല്‍ സിപിഎമ്മിന്റെ സഹായം കൂടാതെ സിപിഐയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ല. കോണ്‍ഗ്രസിന്റെ ഒപ്പം ചേരുന്നതോടെ നിലവില്‍ നേടുന്ന വിജയം പോലും ഇല്ലാതാകുമെന്നതില്‍ മറ്റാരേക്കാളും ഉറപ്പ് സിപിഐ നേതാക്കള്‍ക്കുണ്ട്. അതിനാല്‍ തന്നെ സമീപകാലത്തൊന്നും ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്ന ‘നല്ലനാളുകള്‍’ തിരിച്ചുവരില്ലെന്ന് ഉറപ്പ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍