UPDATES

പ്രളയത്തില്‍ പെട്ടവര്‍ക്കുള്ള കോണ്‍ഗ്രസ്സിന്റെ ആയിരം വീട് പദ്ധതി പാളുന്നു; ആദ്യ വീട് നല്‍കിയത് ഓഖി ബാധിതന്

കെപിസിസി പ്രഖ്യാപിച്ച ആയിരം ഭവനങ്ങളില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ദാനം നവംബര്‍ 19 ന് നടന്നിരുന്നു

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി(കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയേക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനം. കെപിസിസി പ്രഖ്യാപിച്ച ആയിരം ഭവനങ്ങളില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ദാനം നവംബര്‍ 19 ന് നടന്നിരുന്നു. എറണാകുളം കണ്ണമാലി സ്വദേശി പീറ്റര്‍ വാഴക്കൂട്ടത്തിലിനും കുടുംബത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താക്കോല്‍ നല്‍കിയാണ് കെപിസിസി പദ്ധതിയിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ വീട് കൈമാറിയത്. എന്നാല്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന പ്രഖ്യാപനത്തിലെ കള്ളക്കളിയാണ് കണ്ണമാലിയില്‍ കണ്ടതെന്നാണ് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അഴിമുഖത്തോട് പറഞ്ഞത്. കെപിസിസി പറയുന്നത് ഓള്‍ ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസ് എറണാകുളം ജില്ല കമ്മിറ്റിയും വേള്‍ഡ് മലയാളി കൗണ്‍സിലും തിരുകൊച്ചി പ്രോവിന്‍സും സംയുക്തമായി നിര്‍മിച്ച വീടാണ് നവംബര്‍ പത്തൊമ്പതിന് ആയിരം വീട് പദ്ധതിയിലെ ആദ്യ വീടായി കൈമാറിയതെന്നാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് താക്കോല്‍ കൈമാറിയ വീട് പ്രളയാനന്തരം നിര്‍മിച്ചതല്ലെന്നും ഓഖി ബാധിതമേഖലയായിരുന്നു കണ്ണമാലിയില്‍ ആ സമയത്ത് ഭാഗികമായി തകര്‍ന്ന വീട് എംപിയുടെ നേതൃത്വത്തില്‍ പുനര്‍നവീകരിച്ച് എടുത്തതാണെന്നുമാണ്‌ അഴിമുഖത്തോട് സംസാരിച്ച നേതാക്കള്‍ പറഞ്ഞത്.

പ്രളയം ഉണ്ടാകുന്നിതിനു മാസങ്ങള്‍ക്കു മുമ്പ് ഫെയ്‌സ്ബുക്ക് പേജില്‍ ഈ വീടിന്റെ പുനര്‍നിര്‍മാണത്തിന് തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ആ പോസ്റ്റിട്ട വ്യക്തി ഇപ്പോള്‍ ഈ വീടിന്റെ നിര്‍മാണത്തില്‍ പങ്കാളിയെന്നു പറയുന്നവരെയെല്ലാം പരാമര്‍ശിച്ചിട്ടുമുണ്ട്. അദ്ദേഹം നേതൃത്വം നല്‍കുന്ന ഒരു ഗൃഹനിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് ഈ വീടിന്റെയും പുനര്‍നിര്‍മാണം നടന്നത്. അതേ വീടാണ് ഇപ്പോള്‍ പ്രളയത്തിനു ശേഷം നിര്‍മിച്ചു നല്‍കിയെന്നു പറഞ്ഞ് കെപിസിസി കൈമാറിയിരിക്കുന്നത്; പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കോണ്‍ഗ്രസ് നേതാവ് അഴിമുഖത്തോട് പറയുന്നു.

ചെല്ലാനം, കണ്ണമാലി, തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി എന്നീ കടലോര പ്രദേശങ്ങളില്‍ പ്രളയം ബാധിച്ചിരുന്നില്ലെന്നും, പ്രളയബാധിതമല്ലാത്തൊരു പ്രദേശത്ത് തന്നെ എന്തിനാണ് കെപിസിസി ആയിരം വീട് പദ്ധതിയിലെ ആദ്യവീട് നിര്‍മിച്ച് കൈമാറിയതെന്നും എറണാകുളം ജില്ലയില്‍ നിന്നുതന്നെയുള്ള ഈ നേതാക്കള്‍ ചോദിക്കുന്നു. മാത്രമല്ല, ഇപ്പോള്‍ കൈമാറിയിരിക്കുന്ന വീട് തീര്‍ത്തും പുതിയതായി നിര്‍മിച്ച് നല്‍കിയതല്ലെന്നും ഇവര്‍ പറയുന്നു. ഓഖി സമയത്ത് ചെറിയ അപകടം പറ്റിയ വീടാണിത്. ഈ വീടിന്റെ തറയൊന്നും പൊളിക്കാതെ തന്നെ, റെഡ് ഓക്‌സൈഡ് പൂശിയ പഴയ തിണ്ണയും അതുപോലെ നിലനിര്‍ത്തി, മൂന്നോ നാലോ ഭിത്തികളും പൊളിക്കാതെ ആ ഭിത്തികളുടെ വശങ്ങളില്‍ ഹോളോ ബ്രിക്‌സ് കെട്ടിപ്പൊക്കി ആസ്ബറ്റോസ് ഷീറ്റും ഇട്ടാണ് ഇപ്പോള്‍ പുതിയ വീടെന്ന് പറഞ്ഞ് കൈമാറിയിരിക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്യാത്ത മേല്‍ക്കൂരയാണെന്നും മനസിലാക്കണം, വെറും ആസ്ബറ്റോസ് ഷീറ്റ്; കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിക്കുന്നു.

പ്രളയം സംഭവിച്ച്, അതിന്റെ ദുരിതം ഒഴിഞ്ഞു തുടങ്ങിയതിനു പിന്നാലെ സെപ്തംബര്‍ 12 ന് തറക്കല്ലിട്ട് നിര്‍മാണം തുടങ്ങിയ വീട് ദുരിതബാധിതര്‍ക്ക് കൈമാറാനായി 69 ദിവസം കഴിയുമ്പോഴും രാപ്പകല്‍ വ്യത്യാസമില്ലാതെ നിര്‍മാണം നടത്തി വരികയാണ്. ഒട്ടും സമയം പാഴാക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടും ഇത്രയും ദിവസങ്ങള്‍ തങ്ങള്‍ക്ക് വേണ്ടിവരുമ്പോള്‍ കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഇത്ര പെട്ടെന്ന് എങ്ങനെയാണ് ഒരു വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുകയെന്നാണ് ചോദ്യം. പുതിയ വീട് എന്നു പറയുമ്പോള്‍ പൂര്‍ണമായും പുതിയതായി നിര്‍മിച്ച വീട് ആയിരിക്കണമല്ലോ, നാശം സംഭവിച്ച വീടാണെങ്കില്‍ അത് മൊത്തം പൊളിച്ചു മാറ്റിയിട്ടായിരിക്കുമല്ലോ പുതിയത് നിര്‍മിക്കുന്നതും. ഇതങ്ങനെയാണോ? ഉണ്ടായിരുന്ന വീടിന് ചെറിയ പണികളൊക്കെ നടത്തിയല്ലേ കൈമാറായിരിക്കുന്നത്; എന്നാണ് ഒരു യുവ നേതാവ് പരിഹസിക്കുന്നത്. ന്യൂറോ പാനല്‍സ് പ്രകാരമുള്ള വീട് നിര്‍മാണമെങ്കില്‍ ഇരുപതോ ഇരുപത്തിയഞ്ചോ ദിവസങ്ങള്‍കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാം. അത്തരം ഫാബ്രിക്കേറ്റഡ് വീടുകള്‍ക്ക് അധികം ബേസ്‌മെന്റ് ഒന്നും കൊടുക്കാറില്ല. തറയ്ക്ക് അധികം ശേഷികൊടുക്കാതെ നിര്‍മിക്കുന്ന ഈ വീടുകളുടെ മേല്‍ക്കൂര സാധാരണ കോണ്‍ക്രീറ്റ് ഉപയോഗിക്കാത്തവയുമായിരിക്കും. അതേസമയം ക്വാളിറ്റിയുള്ള,കോണ്‍ക്രീറ്റ് ചെയ്ത പക്ക ട്രഡീഷണല്‍ വീടുകളാണ് നമ്മള്‍ 69 ദിവസത്തോളമെടുത്ത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കെപിസിസി പദ്ധതിയൊക്കെ പ്രഖ്യാപിച്ച ശേഷം എങ്ങനെ തുടങ്ങിയാലും ഈ സമയം കൊണ്ട് നമ്മള്‍ ഉണ്ടാക്കുന്നതുപോലൊരു വീട് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. പിന്നെ എങ്ങനെയാണവര്‍ക്ക് തങ്ങള്‍ പ്രളയശേഷം പുതിയതായി നിര്‍മിച്ചു നല്‍കിയ വീടാണിതെന്നു പറയാന്‍ കഴിയുക എന്നും അദ്ദേഹം ചോദിക്കുന്നു.

പ്രളയാനന്തര കേരളത്തില്‍ ആയിരം വീടുകള്‍ കെപിസിസി നിര്‍മിച്ചു നല്‍കുമെന്ന പ്രഖ്യാപനം സാഹസികമായ ഒന്നായിരുന്നുവെന്നാണ് ഈ നേതാക്കള്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. ആയിരം വീടുകള്‍ ഉണ്ടാക്കി നല്‍കുക എന്നത് എളുപ്പമായൊരു കാര്യമല്ല. കുറച്ച് നേതാക്കള്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. ആകെക്കൂടി കെപിസിസിയുടെ കൈയില്‍ ഈ വകയില്‍ കിട്ടിയിരിക്കുന്നത് ഒരു കോടി രൂപയാണ്. ഈ തുക വച്ച് ആയിരം വീടുകള്‍ നിര്‍മിക്കുക അസാധ്യമാണ്. ഒരു വീടിന് അഞ്ചുലക്ഷം എന്നാണ് അവര്‍ കണക്കാക്കിയിരിക്കുന്നത്. 430 സ്‌ക്വയര്‍ ഫീറ്റിലെങ്കിലും ഒരു നല്ല വീട് നിര്‍മിക്കണമെങ്കില്‍ കുറഞ്ഞത് ആറുലക്ഷം എങ്കിലും വേണം. ഇപ്പോഴാണ് ഇതിലെ മണ്ടത്തരം പലരും തിരിച്ചറിഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും യുവനേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം എറണാകുളത്ത് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, റോജി ജോണ്‍ എന്നീ യുവ എംഎല്‍എമാരെ യോഗത്തിന് വിളിച്ചിരുന്നു. ഈ യുവ എംഎല്‍എമാര്‍ തങ്ങളുടെ നിലയ്ക്ക് അതാത് മണ്ഡലത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നുണ്ട്. ഹൈബി ഈഡന്‍ അമ്പത് വീടുകള്‍ നിര്‍മിച്ചു കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാലാണ്. എന്നാല്‍ എംഎല്‍എമാര്‍ സ്വന്തം നിലയ്ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ കെപിസിസിയുടെ അകൗണ്ടില്‍ ചേര്‍ക്കാനാണ് ശ്രമം നടക്കുന്നത്. അതിനെതിരേ പ്രതിഷേധം ഉണ്ടെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കിട്ടുന്ന വിവരം. ചുരുക്കത്തില്‍ ആയിരം വീട് പദ്ധതിയില്‍ കൈപൊള്ളി നില്‍ക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്നും ആദ്യ വീട് കൈമാറ്റ ചടങ്ങ്‌ തന്നെ പാളിയതില്‍ നിന്നും മനസിലാകുന്നത് അതാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

പ്രളയത്തില്‍ നശിച്ച വീടുകളുടെ കണക്കെടുക്കാന്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍! റീബില്‍ഡ് സര്‍വേ ‘ആപ്പി’ലാക്കിയത് ഉദ്യോഗസ്ഥരെ; ഒരു ചേരനല്ലൂര്‍ ഉദാഹരണം

‘പ്രളയം കൊണ്ട് വാസയോഗ്യമല്ലാതായ വീടുകളൊന്നും ഇല്ലാത്ത ചേരാനല്ലൂരില്‍’ 11 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍