UPDATES

12 മണ്ഡലങ്ങളില്‍ കോൺഗ്രസ് സ്ഥാനാർത്ഥികളായി; വയനാട്, വടകര, ആറ്റിങ്ങല്‍, ആലപ്പുഴ തര്‍ക്കം തുടരുന്നു

പതിനാറ് മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തില്‍ കോൺഗ്രസ്സ് മത്സരിക്കുന്ന 16 മണ്ഡലങ്ങളിലെ 12 എണ്ണത്തിലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനു ശേഷമാണ് പ്രഖ്യാപനം വന്നത്.

കാസർഗോഡ് – രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ – കെ സുധാകരൻ
കോഴിക്കോട് – എംകെ രാഘവൻ
പാലക്കാട് – വികെ ശ്രീകണ്ഠൻ
ആലത്തൂർ – രമ്യ ഹരിദാസ്
തൃശ്ശുർ – ടിഎൻ പ്രതാപൻ
ചാലക്കുടി – ബെന്നി ബഹനാൻ
എറണാകുളം – ഹൈബി ഈഡന്‍
ഇടുക്കി – ഡീന്‍ കുര്യാക്കോസ്
മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട – ആന്റോ ആന്റണി
തിരുവനന്തപുരം – ശശി തരൂർ

വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും സ്ഥാനാർത്ഥികളായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അറിയിച്ചത്. ഈ നാല് സീറ്റുകളിലേക്ക് അടുത്ത ദിവസത്തെ ചര്‍ച്ചയിലൂടെ തീരുമാനമാകുമെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാ സീറ്റുകളിലും കൈപ്പത്തി ചിഹ്നത്തിലായിരിക്കും മത്സരം. വയനാട് സീറ്റിനെച്ചൊല്ലിയുള്ള അതിരൂക്ഷമായ തർക്കം പരിഹരിക്കാൻ ഇതുവരെ സാധിച്ചില്ലെന്നാണ് അറിയുന്നത്. ഷാനിമോൾ ഉസ്മാൻ, ടി സിദ്ധീഖ്, കെപി അബ്ദുൾ മജീദി് എന്നിവരെ ഇവിടേക്ക് പരിഗണിക്കുന്നുണ്ട്. ആലപ്പുഴ, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് ഷാനിമോൾ ഉസ്മാന്റെ പേര് ഉയർന്നു കേട്ടിരുന്നു.

കെസി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി എന്നിവർ‌ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ വിവരം വന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വരാന്‍ വൈകുന്നതെന്നു വാര്‍ത്തകള്‍ വന്നിരുന്നു. കെപിസിസി ശക്തമായി തന്നെ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഹൈ കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതിന്‍പ്രകാരം ആന്ധ്രയില്‍ ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഹൈ കാമാന്‍ഡ് ഡല്‍ഹിയിലേക്ക് ഇന്നു വിളിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് അറിയുന്നു.

ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനു വേണ്ടി എ ഗ്രൂപ്പും ജോസഫ് വാഴയ്ക്കനു വേണ്ടി ഐ ഗ്രൂപ്പും ശക്തമായി രംഗത്തുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍