UPDATES

കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയോഗം നാളെ; കെ എം മാണി പുറത്തേക്ക്?

അഴിമുഖം പ്രതിനിധി

കോഴവിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗം നാളെ ചേരുന്നു. കെ എം മാണിക്ക് പിന്തുണ നല്‍കുന്നതിനാണ് യോഗം ചേരുന്നതെന്ന് പറയുന്നുണ്ടെങ്കിലും മാണി രാജിവയ്ക്കുമോ എന്ന കാര്യത്തില്‍ അഭ്യൂഹം തുടരുകയാണ്. നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ മാണിയുടെ നില വളരെ പരുങ്ങലിലാണ് എന്നതാണ് വാസ്തവം.

മാണി രാജിവയ്ക്കണമെന്ന വികാരം ഒരു വിഭാഗത്തിനുള്ളില്‍ ശക്തമാണ്. ചീഫ് വിപ്പ് പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന ഈ ഗ്രൂപ്പില്‍ ആരാദ്യം ഇക്കാര്യം മാണിയോട് പറയും എന്നതില്‍ മാത്രമാണ് തര്‍ക്കമുള്ളത്. മാത്രമല്ല, ഈ പ്രശ്‌നം നിലവില്‍ കേരള കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഏറെ ക്ഷീണമുണ്ടാക്കിയെന്നും ഇവര്‍ വിലയിരുത്തുന്നു.

കൂടെ നില്‍ക്കുന്നുവെന്ന് കാണിക്കുന്നുണ്ടെങ്കിലും പഴയ ജോസഫ് വിഭാഗത്തിനും മാണിയുടെ കാര്യത്തില്‍ ശക്തമായ നീരസമുണ്ട്. നേരത്തെ പി ജെ ജോസഫിനെതിരെയും ഷെവലിയാര്‍ കുരുവിളയ്‌ക്കെതിരെയും ഇത്തരത്തില്‍ ആരോപണമുണ്ടായപ്പോള്‍ ഇരുവരും രാജിവച്ച് മാറിനിന്നവരാണ്. അതുകൊണ്ട് തന്നെ ആ മാതൃക മാണിയും പിന്തുടരണമെന്നാണ് ഇവരുടെ ആവശ്യം.

മാണി രാജിവച്ചാല്‍ അടുത്ത മന്ത്രി ആര് എന്നകാര്യത്തിലും പാര്‍ട്ടിക്കുള്ളില്‍ പിടിവലി മുറുകയാണ്.മാണി രാജിവയ്ക്കുമ്പോള്‍ സ്വാഭാവികമായും ജോസ് കെ മാണിയെ മന്ത്രിസ്ഥാനത്തെത്തിക്കും എന്നുചില അഭ്യൂഹങ്ങളുണ്ട്. ഇതിനെതിരെ പി സി ജോര്‍ജ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മാണിയുടെ കൂട്ടത്തില്‍ തന്നെയുള്ള തോമസ് ഉണ്ണിയാടന്‍, റോഷി അഗസ്റ്റ്യന്‍ , ജയരാജ് എന്നിവര്‍ക്കും ജോസ് കെ മാണിയെ മന്ത്രിയാക്കുന്നതിനോട് എതിര്‍പ്പുണ്ട്. വര്‍ഷങ്ങളായി എം എല്‍ എ ആയിരിക്കുന്ന തോമസ് ഉണ്ണിയാടന് മന്ത്രി സ്ഥാനം ലഭിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ മാണി രാജിവയ്ക്കണം എന്നുതന്നെയാണ് ഇവരുടെയും ഉള്ളിലിരുപ്പ്.

സീനിയോറിറ്റി അനുസരിച്ചാണെങ്കില്‍, മാണി മാറിയാല്‍ മന്ത്രിസ്ഥാനം ലഭിക്കേണ്ടത് സി എഫ് തോമസിനാണ്. ഈ മന്ത്രിസഭയില്‍ സി എഫിന് മന്ത്രിസ്ഥാനം ലഭിക്കണമെങ്കില്‍, അത് മാണി മാറിയാല്‍ മാത്രമെ സാധ്യമാകൂ. സ്ഥിതി ഇത്രയും വഷളായ സ്ഥിതിക്ക് മാണി മന്ത്രിസ്ഥാനം രാജിവച്ചൊഴിയണമെന്നാണ് സി എഫിന്റെയും നിലപാട്.

നിലവില്‍ ജോയ് എബ്രാഹാം എം പിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മാത്രമാണ് കെ എം മാണിക്കൊപ്പമുള്ളത്. പാര്‍ട്ടിക്കുള്ളില്‍ മാണിക്ക് എന്തെങ്കിലും തുറന്നു സംസാരിക്കാന്‍ പറ്റുന്നതും ജോയ് എബ്രഹാമിനോട് മാത്രമാണെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ചുരുക്കത്തില്‍ മാണി രാജിവച്ചെങ്കില്‍ മാത്രമെ പാര്‍ട്ടി ഇന്നത്തെ അവസ്ഥയില്‍ നിന്നു രക്ഷപ്പെടൂ എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ഭൂരിഭാഗം അംഗങ്ങളും. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇന്നോളം ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ അരങ്ങേറുന്നത്. സ്വന്തം മണ്ഡലമായ പാലായില്‍ നിന്നുപോലും മാണിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നത് ആദ്യമായാണ്.ഒപ്പം ചരിത്രത്തിലാദ്യമായി മാണി തന്റെ മണ്ഡലത്തിലെ ഒരു പരിപാടി റദ്ദാക്കി വീട്ടിലിരിക്കേണ്ടിയും വന്നു. ഇതെല്ലാം കൊണ്ടുതന്നെ മാണി രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഈ ആവശ്യം നാളത്തെ ഉന്നതാധികാര സമിതിയോഗത്തില്‍ ആരെങ്കിലും മുന്നോട്ടുവച്ചാല്‍ അതിന് പൂര്‍ണ പിന്തുണ ലഭിക്കാനും അത് മാണിയുടെ രാജിയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍