UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു?

അഴിമുഖം പ്രതിനിധി

പ്രതീക്ഷകള്‍ തെറ്റിയില്ല ഒടുവില്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നു. യുഡിഎഫില്‍ തങ്ങളെ പ്രത്യേക ഘടകകക്ഷിയാക്കണമെന്ന അഭ്യര്‍ത്ഥനയുമായി പിജെ ജോസഫ് മുഖ്യമന്ത്രിയെ ഇന്ന് സമീപിച്ചതോടെ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു. ഇന്ന് ഡല്‍ഹിയില്‍ നടന്ന റബ്ബര്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ കാര്യം ഇതോടെ ജോസഫും സംഘവും വ്യക്തമാക്കിയിരിക്കുന്നു. ഇനിയങ്ങോട്ട് കെ എം മാണിയുമായി സഖ്യമില്ല എന്ന തുറന്നു പറച്ചില്‍ തന്നെയാണിത്.തനിക്കൊപ്പം നില്‍ക്കുന്നവര്‍ ഗത്യന്തരമില്ലാതെ എല്‍ഡിഎഫിലേക്ക് നീങ്ങുന്ന അവസ്ഥയ്ക്ക് തടയിടാനാണ് ജോസഫിന്റെ ഈ നീക്കം.

മലയോര കര്‍ഷകരുടെ കാറല്‍ മാര്‍ക്‌സായ കെ എം മാണി പണ്ട് പറഞ്ഞു പോലെ വളരും തോറും പിളരാനും പിളരുംതോറും വളരാനും തന്നെയാണല്ലോ കേരള കോണ്‍ഗ്രസിന്റെ വിധി. തിരുവെഴുത്തുകള്‍ വെറുതെ ആകുന്നില്ലെന്നൊന്നും പറഞ്ഞു ആശ്വസിക്കേണ്ട സമയമാണിതെന്ന് കരുതുന്നത് തികഞ്ഞ വിഡ്ഢിത്തമാകും. നടക്കാന്‍ പോകുന്നത് യാദവ കുലത്തിന് സംഭവിച്ചതുപോലെ ഒന്നാകെയാല്‍ മലയോര മാര്‍ക്‌സിന്റെ തിരുവെഴുത്തുകള്‍ക്ക് ഇവിടെ പ്രസക്തിയില്ല.

ഏച്ചുകെട്ടിയാല്‍ മുഴച്ചു നില്‍ക്കും. മാണിയിലേക്ക് ആദ്യം പിസി ജോര്‍ജ്ജിന്റെ കേരള കോണ്‍ഗ്രസിന്റെ സെക്യുലറും പിന്നീട് പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ജെയും ലയിച്ചപ്പോള്‍ ഒരു തറവാട്ട് കാരണവരുടെ ഭാവവും മട്ടുമായിരുന്നു നമ്മുടെ മാണി സാറിന്. ധൂര്‍ത്ത് പുത്രന്‍മാര്‍ സ്വഭവനത്തിലേക്ക് തിരിച്ചു എത്തിയതിന്റെ ആഹ്ലാദാരവങ്ങള്‍ അധികനാള്‍ നീണ്ടു നിന്നില്ല. ബാലകൃഷ്ണപിള്ളയ്ക്കും ടിഎം ജേക്കബിനും തറവാട്ടിലേക്ക് ക്ഷണമുണ്ടായിരുന്നു. ഇടയ്‌ക്കൊന്ന് ആഞ്ഞു നോക്കിയെങ്കിലും അവര്‍ പിന്‍വാങ്ങുകയായിരുന്നു.

ബാര്‍ കോഴയ്ക്കും സോളാറിനും ഒക്കെ മുമ്പേ തുടങ്ങി തറവാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ഇടയിലെ തൊഴുത്തില്‍ കുത്തുകള്‍. സത്യത്തില്‍ ധൂര്‍ത്ത് പുത്രന്‍ തങ്ങള്‍ അല്ലെന്നും മാണി സാറിന്റെ പൊന്നോമന പുത്രന്‍ ജോസ് മോനാണെന്നും മടങ്ങിയെത്തിയവര്‍ അടക്കം പറഞ്ഞ് കാലം കഴിച്ചു കൂട്ടുകയായിരുന്നു. ഇതിന് ഇടയില്‍ ആദ്യം പുറത്തേക്ക് തെറിച്ചത് സാക്ഷാല്‍ പൂഞ്ഞാര്‍ പുലിതന്നെ. സ്വയം ഇറങ്ങിപ്പോന്നതാണെന്ന് ജോര്‍ജ്ജ് കുട്ടി പറയുന്നുണ്ടെങ്കിലും പുകച്ചു പുറത്ത് ചാടിച്ചതാണെന്നാണ് കേരള കോണ്‍ഗ്രസ് തറവാട്ടിലെ സംസാരം.

ജോര്‍ജ്ജ് കുട്ടി പോയതിനുശേഷം കുറച്ചു കാലമായി ഔസേപ്പച്ചനും മക്കളും ഇത്തിരി കഷ്ടത്തില്‍ തന്നെയായിരുന്നു തറവാട്ടില്‍ തങ്ങിയത്. ബാര്‍ കോഴയില്‍ എത്ര കിണഞ്ഞ് സഹായിച്ചിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കാരണവര്‍ മോശമായി പെരുമാറുന്നുവെന്നാണ് അവരുടെ പരാതി. കൊയ്ത്തുകാലം വരുമ്പോള്‍ അല്ലെങ്കിലും കാരണവര്‍ ഇങ്ങനെ തന്നെയായിരുന്നു. നെല്ല് മുഴുവന്‍ കാരണവര്‍ക്കും പതിരൊക്കെ മൂത്തപുത്രന്‍മാര്‍ക്കും. ചുരുക്കിപ്പറഞ്ഞാല്‍ പണ്ട് മത്സ്യം പങ്കുവച്ച കഥപോലെ തോന്നിപ്പിക്കും. ഉടലെനിക്ക് വേണം വാല്‍ നിനക്ക് തരില്ലെന്നത് പോലെ മുഴുവനും വെട്ടിവിഴുങ്ങാനുള്ള നീക്കത്തിലാണ് തറവാട്ടുകാരണവര്‍ എന്നാണ് ഔസേപ്പച്ചനും മക്കളും ആരോപിക്കുന്നത്.

ഡല്‍ഹിയില്‍ ജോസ് മോനും കാരണവും ചേര്‍ന്ന് റബ്ബര്‍ സമരം പൊടിപൊടിപ്പിക്കുന്നതിന് ഇടയിലാണ് സഹികെട്ടുപോയ ഔസേപ്പച്ചന്‍ തന്റെ ആ പഴയ ഹാര്‍മോണിയത്തില്‍ അപശ്രുതി മീട്ടിയിരിക്കുന്നത്. കുറച്ചുകാലമായി കാരണവര്‍ ബിജെപിയില്‍ ചേരുമെന്നും അല്ലെങ്കില്‍ അവര്‍ നേരിട്ടു ചേര്‍ക്കുമെന്നും ഒക്കെ കേള്‍ക്കുന്നുണ്ട്. അതിന് ഇടയിലാണ് പാല റബ്ബറിന്‍മേല്‍ തൊടുപുഴക്കാരന്‍ ഔസേപ്പച്ചന്‍ വക ഈ കടുംവെട്ട്. ഇനിയീ മരം മുറിക്കണമോ അതോ താനെ ഉണങ്ങുമോയെന്ന് കണ്ടറിയണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍