UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിയെ വീഴ്ത്തുക കോഴയോ കോണ്‍ഗ്രസോ?-ചെറിയാന്‍ ഫിലിപ്പ്

Avatar

ധനമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതിക്കേസ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്തുതരം പ്രതിസന്ധികളായിരിക്കും ഉണ്ടാക്കാന്‍ പോകുന്നത്. ഈ പ്രതിസന്ധി കോണ്‍ഗ്രസ് എങ്ങനെ മുതലെടുക്കും? മാണിയുടെ പതനം കേരള രാഷ്ട്രീയത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ ഇല്ലാതാക്കുമോ? കോണ്‍ഗ്രസ് അതിനായി ആഗ്രഹിക്കുന്നുണ്ടോ?- കേരളം ചര്‍ച്ച ചെയ്യുന്ന ഈ വിഷയങ്ങളോട് ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു. 

കേരള കോണ്‍ഗ്രസിന്റെ ആവിര്‍ഭാവം തന്നെ ഒരു പ്രതിസന്ധിയില്‍ നിന്നാണ്. പീച്ചിയിലേക്കുള്ള പി ടി ചാക്കോയുടെ യാത്രയും അതിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ ഉണ്ടായ ലൈംഗികാരോപണവും അദ്ദേഹത്തിന്റെ രാജിക്കും പിന്നീട് മരണത്തിനും കാരണമായി. ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ചേര്‍ന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. പാര്‍ട്ടി രൂപീകരണത്തിനുശേഷം നേതാക്കന്മാരായ കെ എം ജോര്‍ജും കെ എം മാണിയും തമ്മില്‍ഗ്രൂപ്പ് മത്സരം നടക്കുകയും തുടര്‍ന്ന് കെ എം ജോര്‍ജ് ഹൃദയം പൊട്ടി മരിക്കുകയായിരുന്നു. അന്ന് കേരള കോണ്‍ഗ്രസിലെ മറ്റൊരു പ്രബലനായിരുന്നു, സ്ഥാപക നേതാവായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ള. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് കെ എം മാണിയും ബാലകൃഷ്ണ പിള്ളയും തമ്മിലാണ് പോര്‍വിളി.

മാണി vs പിള്ള
കെ എം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചത് ബിജു രമേശ് ആണെങ്കിലും, അത് ബിജുവില്‍ നിന്ന് ബാലകൃഷ്ണ പിള്ളയില്‍ എത്തിനില്‍ക്കുകയാണ്. അവര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം ശരിയാണെന്ന് ബാലകൃഷ്ണ പിള്ള സമ്മതിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ആരോപണ കര്‍ത്താവ് ബാലകൃഷ്ണ പിള്ളയാണ്. ബിജു രമേശ് മാണിക്കെതിരെ ബാര്‍ കോഴയാണ് ആരോപിച്ചിരിക്കുന്നതെങ്കില്‍ അതില്‍ കൂടുതല്‍ ആരോപണങ്ങളാണ് ബാലകൃഷ്ണ പിള്ളയ്ക്കുള്ളത്. സ്വര്‍ണ്ണ വ്യാപാരികള്‍, ബേക്കറിക്കാര്‍, പെട്രോള്‍ പമ്പുകാര്‍,റൈസ് മില്ലുകാര്‍ എന്നിവരില്‍ നിന്നെല്ലാം മാണി കോഴ വാങ്ങിയിട്ടുണ്ടെന്നാണ് പിള്ള പറയുന്നത്. യുഡിഎഫിന്റെ ഘടകക്ഷി നേതാവായ ബാലകൃഷ്ണ പിള്ള ആ മുന്നണിയിലെ പ്രമുഖനായ നേതാവാണ്. അങ്ങനെയുള്ളൊരു നേതാവ് അതേ മുന്നണിയിലെ മറ്റൊരു പ്രമുഖനായ ഘടക കക്ഷി നേതാവിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഇതേവരെ ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഈ ആരോപണങ്ങള്‍ യുഡിഎഫില്‍ ഉണ്ടാക്കിയിരിക്കുന്നത്. കെ എം മാണി രാജിവയ്ക്കണമെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍, ബാലകൃഷ്ണ പിള്ളയെ പുറത്താക്കണമെന്നു മറ്റൊരു വിഭാഗവും ആവശ്യപ്പെടുകയാണ്. ഇവരിലാരെയാണ് നിലനിര്‍ത്തേണ്ടതെന്ന് 28 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. എന്ത് തീരുമാനമായാലും അത് യുഡിഎഫിനെയും കേരള കോണ്‍ഗ്രസിനെയും തകര്‍ച്ചയിലെത്തിക്കും. ബാലകൃഷ്ണ പിള്ളയെ പുറത്താക്കിയില്ലെങ്കില്‍ താനും മാണിയും ജോസഫും രാജിവയ്ക്കുമെന്ന് പി സി ജോര്‍ജ് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തായാലും കേരള കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള മത്സരം പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

മാണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നതുകൊണ്ട് ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ ഉറച്ച നിലപാട് എടുക്കാന്‍ യുഡിഎഫിന് കഴിയുമെന്ന് തോന്നുന്നില്ല. എന്‍എസ്എസിന്റെ പിന്തുണയും പിള്ളയ്ക്കുണ്ട്. ഘടക കക്ഷിയല്ലെങ്കില്‍ പോലും എന്‍എസ്എസിന് യുഡിഎഫില്‍ പ്രസക്തിയുണ്ട്.

കുറച്ചുനാളുകളായി ബാലകൃഷ്ണ പിള്ള യുഡിഎഫിനുള്ളില്‍ പുകഞ്ഞു നില്‍ക്കുകയാണ്. തന്നെ മുന്നണി അവഗണിക്കുന്നുവെന്നതാണ് പ്രധാന പരാതി. ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഗണേശനെ മന്ത്രിയാക്കാമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്ക് പാഴ്‌വാക്കായി. അതിന്റെ അരിശം അച്ഛനും മകനും നല്ലവണ്ണമുണ്ട്. മുന്നണിയില്‍ നിന്ന് പുറത്താക്കിയാല്‍ ഇതിനെല്ലാം പ്രതികാരം ചെയ്യാതെ അവര്‍ അടങ്ങില്ല. സോളാര്‍ കേസില്‍ സരിതയുടെ ആദ്യമൊഴി പുഴ്ത്തിവയ്ക്കുകയായിരുന്നു. ആദ്യമെഴുതിയ മൊഴി പിള്ളയുടെ കൈവശമുണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അദ്ദേഹമത് പുറത്തുവിട്ടാല്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ കോണ്‍ഗ്രസിലെ പലരും കുടുങ്ങും.

മാണി vs ഉമ്മന്‍ ചാണ്ടി
ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ മാത്രമാണ് ബിജു രമേശ് പറയുന്നത്. അതേസമയം കോണ്‍ഗ്രസുകാരായ പലരെയും താന്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അയാള്‍ സമ്മതിക്കുന്നുമുണ്ട്. ബാര്‍ അസോസിയേഷന്റെ പ്രതിനിധികള്‍ മൂന്നുമണിക്കൂറോളം നടത്തിയ യോഗത്തിന്റെ ശബ്ദരേഖയാണ് ബിജു രമേശ് പ്രധാന തെളിവാക്കിയിരിക്കുന്നത്. ഇതില്‍ 22 മിനിട്ട് നേരത്തെ ശബ്ദരേഖയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അത് തന്നെ എഡിറ്റ് ചെയ്തത്. എഡിറ്റ് ചെയ്ത ഭാഗത്താണ് കോണ്‍ഗ്രസ് മന്ത്രിമാരെക്കുറിച്ച് പരമാര്‍ശിക്കുന്നത്. മാണിക്കുമാത്രമല്ല, ഉമ്മന്‍ ചാണ്ടിക്കും കെ ബാബുവിനുമെല്ലാം കോഴ കൊടുത്തിട്ടുണ്ടാകണം. അതിനെ സംബന്ധിച്ച തെളിവുകള്‍ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയില്‍ കാണും. എന്നാല്‍ എന്തുകൊണ്ടാണ് അതു പുറത്തുവിടാന്‍ ബിജു രമേശ് തയ്യാറാകാത്തത്?. ബിജു രമേശ് ആദ്യം ഈ അഴിമതി ആരോപണം ഉന്നയിക്കുന്നത് മലയാള മനോരമ പത്രത്തിലൂടെയാണ്. അന്ന് പലരും പറഞ്ഞ സംശയം ഇതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്നാണ്. തെളിവൊന്നുമില്ലാത്ത ആക്ഷേപമാണെങ്കിലും എന്തായിരിക്കും അത്തരമൊരു അഭ്യൂഹത്തിന് കാരണം?

കെ എം മാണി കോണ്‍ഗ്രസില്‍ നിന്നിരുന്നെങ്കില്‍ ഇന്നദ്ദേഹം ആന്‍ണണിയെക്കാളും ഉമ്മന്‍ ചാണ്ടിയെക്കാളുമൊക്കെ സീനിയറായ കോണ്‍ഗ്രസ് നേതാവായി തീരുമായിരുന്നു. കേന്ദ്രമന്ത്രിയോ സംസ്ഥാന മുഖ്യമന്ത്രിയോ; ആരെങ്കിലുമൊക്കെ ആകുമായിരുന്നു. പക്ഷെ അദ്ദേഹം കേരള കോണ്‍ഗ്രസുകാരനായി, അതുകൊണ്ട് ധനമന്ത്രിയെന്ന പദവിക്കപ്പുറത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ മാണിയുടെ സീനിയോറിറ്റി പരിഗണിച്ച് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറഞ്ഞ് മാണിഗ്രൂപ്പ് വിലപേശലിന് തയ്യാറായാല്‍ അത് ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ട് ഉമ്മന്‍ ചാണ്ടി മാണിയെ കുടുക്കിയതാണെന്നാണ് പലരും സംശയം പറയുന്നത്. അതിനൊരു ഉപകരണമാണ് ബിജു രമേശ് എന്നവര്‍ പറയുന്നു. ബിജു രമേശിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. കെ എം മാണിയെ മാത്രം കുറ്റാരോപിതനാക്കിക്കൊണ്ട് കോണ്‍ഗ്രസ് മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാട് ബിജു രമേശ് എടുക്കുമ്പോള്‍, കോണ്‍ഗ്രസ് മന്ത്രിമാരെ സംരക്ഷിച്ചില്ലെങ്കില്‍ തനിക്ക് പരിരക്ഷ കിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദത്തിനേക്കാള്‍, അയാള്‍ ആര്‍ക്കോവേണ്ടി പക്ഷം പിടിക്കുന്നുവെന്ന സംശയത്തിനാണ് ബലം.

ഉമ്മന്‍ ചാണ്ടിയെന്ന ഏകാധിപതി
ഏകാധിപതിയെപ്പോലെ പെരുമാറുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. മറ്റുള്ളവരെ വെട്ടിവീഴ്ത്തിയാണ് അദ്ദേഹം മുന്നോട്ടുവന്നത്. ആദ്യം കെ കരുണാകരനെ അട്ടിമറിച്ചു. അതിനുശേഷം എ കെ ആന്റണിയെ പുകച്ചോടിച്ചു. തനിക്ക് പ്രതിയോഗിയാകുമെന്ന് കണ്ട വി എം സുധീരനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി, ഉപനേതാവായിരുന്നിട്ടു കൂടി ജി.കാര്‍ത്തികേയനെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍പോലും തയ്യാറായില്ല, ആഭ്യന്തര മന്ത്രിപദമോ ഉപമുഖ്യമന്ത്രി പദമോ രമേശ് ചെന്നിത്തലയ്ക്ക് നല്‍കണമെന്ന് ധാരണയുണ്ടായിട്ടും ഭരണം കിട്ടി മൂന്നരവര്‍ഷത്തോളം അതിനു തയ്യാറായില്ല. ഇങ്ങനെയൊക്കെ, തന്നെക്കാള്‍ സീനിയറായവരെയും ഒപ്പമുള്ളവരെയും വെട്ടിവീഴ്ത്തിയ പാരമ്പര്യമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്. ഏതു ഹീനമായ തന്ത്രം ഉപയോഗിച്ചും തന്റെ പ്രതിയോഗികളെ അദ്ദേഹം നിഗ്രഹിക്കും.

മറ്റൊരു തന്ത്രം ഡിവൈഡ് ആന്‍ഡ് റൂള്‍ ആണ്. ഇത് ഘടക കക്ഷികള്‍ക്കിടയിലാണ് പയറ്റുന്നത്. ഘടകകക്ഷികളെ മെരുക്കാന്‍ വേണ്ടി അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കും. കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കകത്ത്  ഇത് പലതരത്തില്‍ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. തന്റെ മകനെ തനിക്കെതിരെ തിരിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞതൊക്കെ ഉദ്ദാഹരണമായി എടുക്കാം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം മുന്നണി വിടുമെന്ന് ശ്രുതിയുണ്ടായപ്പോള്‍ പി സി ജോര്‍ജ് എന്ന ആയുധം ഉപയോഗിച്ച് മാണിക്കും ജോസഫിനുമിടയില്‍ ഭിന്നിപ്പുണ്ടാക്കി.

പരസ്പരം വിശ്വസിക്കാത്ത കേരള കോണ്‍ഗ്രസുകാര്‍
എല്‍ഡിഎഫില്‍ നിന്ന ജോസഫ് ഗ്രൂപ്പ് മാണിയോടൊപ്പം ലയിക്കാന്‍ തയ്യാറായത് ബിഷപ്പുമാരുടെ മധ്യസ്ഥതയിലാണ്. ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയെന്ന നിലയില്‍ കേരള കോണ്‍ഗ്രസിനെ ബിഷപ്പുമാരാണ് സംരക്ഷിച്ച് നിര്‍ത്തുന്നത്. ബിഷപ്പുമാരുടെ മധ്യസ്ഥതയില്‍ ഒന്നായെങ്കിലും ജോസഫിനും മാണിക്കുമിടയിലെ അഭിപ്രായവ്യത്യാസം ഇല്ലാതായിട്ടില്ല. ഇരുവര്‍ക്കും പരസ്പരവിശ്വാസമില്ല. മാണിയുടെയും ജോസഫിന്റെയും വക്താവായി നില്‍ക്കുന്നത് പി സി ജോര്‍ജ് ആണെങ്കിലും ജോര്‍ജിന് ഇരുവരെയും വിശ്വാസമില്ല, അവര്‍ക്ക് ജോര്‍ജിനെയും.

മാണി വീണാല്‍ കേരള കോണ്‍ഗ്രസും വീഴും
കേരള കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് കെ എം മാണിയെ കേന്ദ്രീകരിച്ചാണ്. മാണിക്ക് പതനം സംഭവിച്ചാല്‍ കേരള കോണ്‍ഗ്രസ് തകരും. അത്തരമൊരു തകര്‍ച്ച ഏറ്റവുമധികം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് ആണ്. അവര്‍ക്ക് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ആധിപത്യം സ്ഥാപിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസ് ഇല്ലാതാകണം. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് കണ്ടാല്‍ അവര്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കും. മാണിക്ക് പകരം മറ്റൊരു നേതാവിന് ആ ഗ്രൂപ്പിനെ നയിക്കാന്‍ കഴിയില്ല. അങ്ങനെയൊരാളായി മാണി കാണുന്നത് ജോസ് കെ മാണിയെയാണ്. ആ മകനുവേണ്ടിയാണ് പിടി ചാക്കോയുടെ മകനും കേരള കോണ്‍ഗ്രസിലെ സെക്കന്‍ഡ് ലീഡറുമായിരുന്ന പി സി തോമസിനെ ഒതുക്കിയതും പാര്‍ട്ടിക്ക് പുറത്ത് ചാടിച്ചതും. എന്നിട്ട് സ്വന്തം മകനെ അരിയിട്ട് വാഴിച്ചു. ഒരു എം പിയാകാനൊക്കെ കഴിയുമെങ്കിലും കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയെ നയിക്കാനുള്ള ത്രാണിയൊന്നും ജോസ് കെ മാണിക്കില്ല. കേരള കോണ്‍ഗ്രസ് വീണാല്‍ സുരക്ഷിതത്വം തേടി കോണ്‍ഗ്രസിലേക്ക് ചേക്കേറാനുള്ള ബുദ്ധി ചിലപ്പോള്‍ കാണിച്ചേക്കുമായിരിക്കും.

ചതി പറ്റിയ സുധീരന്‍
ഇത്രയൊക്ക ഈ നാട്ടില്‍ നടക്കുമ്പോഴും എന്തുപറ്റി സുധീരന്! ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലാണദ്ദേഹം. മദ്യവിരുദ്ധപ്രക്ഷോഭത്തില്‍ കാണിച്ച ആവേശം അഴിമതി വിരുദ്ധപ്രവര്‍ത്തനത്തിന് കാണിക്കാന്‍ കഴിയാതെ മൗനിയാകേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ മദ്യനയത്തില്‍ സുധീരനെ ഏറ്റവുമധികം പിരികയറ്റിയത് ക്രൈസ്തവ മതമേലധ്യക്ഷന്മാരായിരുന്നു. ബിഷപ്പുമാരുടെ പിന്തുണയായിരുന്നു മദ്യനയത്തില്‍ സുധീരനെക്കൊണ്ട് ഉറച്ച നിലപാടുകളെടുപ്പിച്ചത്. ജനപക്ഷയാത്രവരെ ഈ പിന്തുണ സുധീരന് കിട്ടുകയും ചെയ്തു. എന്നാല്‍ ബാര്‍ കോഴ വന്നപ്പോള്‍ സ്വാഭാവികമായും ബിഷപ്പുമാര്‍ക്ക് മാണിയെ സംരക്ഷിക്കേണ്ടി വന്നു. പോരാത്തതിന് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുമുണ്ടായി. അതോടെ സുധീരന്റെ മദ്യവിരുദ്ധപോരാട്ടം ഒതുങ്ങിപ്പോയി. ഇതിനിടയില്‍ വലിയൊരു അബദ്ധവും സുധീരന്‍ കാണിച്ചിരുന്നു; മാണി സാര്‍ ചാവറയച്ചനെക്കാള്‍ വലിയ വിശുദ്ധനാണെന്ന് ആദ്യമേ അങ്ങ് പ്രഖ്യാപിച്ചു കളഞ്ഞു. ഇതോടെ ഇപ്പോള്‍ മുറുകിയിരിക്കുന്ന അഴിമതിക്കേസില്‍ തന്റെതായൊരു നിലപാടിനും സുധീരന് അര്‍ഹതയില്ലാതായി. മദ്യവിരുദ്ധ സമരം പൊളിയുകയും അഴിമതി വിരുദ്ധസമരത്തിന് മുന്നില്‍ നില്‍ക്കാനാവാതെ വരികയും ചെയ്തിരിക്കുന്ന സുധീരന്‍ ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. പക്ഷെ ഈ കീഴടങ്ങല്‍ എക്കാലത്തേക്കുമാകില്ല, അവസരം കിട്ടിയാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്യും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍